ഒടുവിൽ ചൈന അങ്ങനൊരു തീരുമാനമെടുത്തു, മൂല്യമുള്ള മൃഗങ്ങളുടെ പട്ടികയിൽനിന്ന് കാട്ടുപന്നി പുറത്ത്. കഴിഞ്ഞ മാസമാണ് ചൈനയുടെ നാഷനൽ ഫോറസ്ട്രി ആൻഡ് ഗ്രാസ്‌ലാൻഡ് അഡ്മിനിസ്ട്രേഷൻ സംരക്ഷണം ആവശ്യമുള്ള വന്യജീവികളുടെ പരിഷ്കരിച്ച പട്ടിക പുറത്തിറക്കിയത്. കാട്ടുപന്നി പുറത്തായെങ്കിലും 700 ഇനം ജീവികൾ പുതുതായി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. അതായത് കൂടുതൽ ജീവികൾ ചൈനയുടെ നാഷനൽ പ്രൊട്ടക്ഷനിൽ ഇടം പിടിച്ചു, അപ്പോൾ കാട്ടുപന്നി? ആർക്കും വേട്ടയാടാവുന്ന ഇനമായി മാറി?
സംരക്ഷണവും സംഘർഷങ്ങളും
സംരക്ഷിക്കേണ്ട ജീവികളുടെ പട്ടികയായ ടെറസ്ട്രിയൽ വൈൽഡ്‌ലൈഫ് വിത്ത് ഇംപോർട്ടന്റ് ഇക്കോളജിക്കൽ, സയന്റിഫിക് ആൻഡ് സോഷ്യൽ വാല്യൂസിൽ കാട്ടുപന്നികളെ ചൈന ഉൾപ്പെടുത്തിയത് 2000ലാണ്. മനുഷ്യന്റെ കടന്നുകയറ്റം മൂലം ആവാസവ്യവസ്ഥയിലുണ്ടായ നാശം ഇവയുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായപ്പോഴായിരുന്നു ആ തീരുമാനം. അതായത്, ചില പ്രദേശങ്ങളിൽ കാട്ടുപന്നികൾ പൂർണമായും ഇല്ലാതാകുന്ന അവസ്ഥയിൽ എത്തിയിരുന്നു.
വർഷങ്ങൾ നീണ്ട സംരക്ഷണ പ്രവർത്തനങ്ങൾക്കൊണ്ടും വേട്ടയാടൽ നിയന്ത്രണങ്ങൾക്കൊണ്ടും കാട്ടുപന്നികൾക്ക് മെച്ചപ്പെട്ട സാഹചര്യങ്ങൾ ലഭിച്ചത് എണ്ണത്തിൽ വർധനയുണ്ടാക്കി. വർഷത്തിൽ ഒന്നോ രണ്ടോ തവണ പ്രജനനം നടത്തുന്നവരാണ് കാട്ടുപന്നികൾ. ഒറ്റപ്രസവത്തിൽ 3–12 കുഞ്ഞുങ്ങളുണ്ടാകും. പ്രകൃതിയിൽ ശക്തരായ ഇരപിടിയന്മാരായ ശത്രുക്കൾ ഇല്ലാത്തതുകൊണ്ടുതന്നെ എണ്ണം അതിവേഗം പെരുകി. എണ്ണം പെരുകിയതിനൊപ്പം വിളകളും കൃഷിയിടങ്ങളും നശിപ്പിക്കാൻ തുടങ്ങി. മാത്രമല്ല, മനുഷ്യരെ ആക്രമിക്കുന്നതും പതിവായി. മനുഷ്യൻ–കാട്ടുപന്നി സംഘർഷങ്ങളുടെ എണ്ണവും വർധിച്ചു.
കാട്ടുപന്നിയും അവയുടെ ശത്രുക്കളും
നിലവിൽ ചൈനയുടെ പല ഭാഗങ്ങളിലും കാട്ടുപന്നികളുടെ എണ്ണം ഉയർന്നതുകൊണ്ടുതന്നെ വംശനാശ ഭീഷണിയില്ല. ചൈനയുടെ 31 പ്രവിശ്യകളിൽ 28ലും കാട്ടുപന്നികളുടെ സാന്നിധ്യമുണ്ട്. ഇതിനൊപ്പം 26 റീജണുകളിലെ 850ലധികം കൗണ്ടികളിലും കാട്ടുപന്നികളുടെ ആക്രമണങ്ങളിൽ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. കാട്ടുപന്നികളുടെ പ്രധാന ശത്രുക്കളായ കടുവ, പുള്ളിപ്പുലി, കുറുക്കൻ എന്നിവയുടെ എണ്ണത്തിൽ വർധനയില്ല. അതുകൊണ്ടുതന്നെ കാട്ടുപന്നികളുടെ പെരുപ്പത്തിന് നിയന്ത്രണവുമില്ല.
സൗത്ത് ചൈന കടുവയാണ് ചൈനയിൽ കാണപ്പെടുന്ന ഒരു കടുവയിനം. 1990 മുതൽ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയിൽ ഇതുണ്ട്. ഇപ്പോൾ കാട്ടിൽ കാണപ്പെടാത്ത അവസ്ഥയിലുമെത്തി. സൈബീരിയൻ കടുവയുടെ എണ്ണം 2022ൽ 60ലെത്തി. ചുരുക്കത്തിൽ സസ്യഭുക്ക്, മിശ്രഭുക്ക് ഗണങ്ങളിൽപ്പെട്ട ജീവികളുടെ വംശവർധന അതിവേഗം നടക്കുകയും എണ്ണം ഉയരുകയും ചെയ്യുമ്പോൾ ഇരപിടിയന്മാരായ ജീവികളുടെ വംശവർധന വളരെ കുറവാണ്. അതുകൊണ്ടുതന്നെ നല്ലൊരു ആവാസവ്യവസ്ഥ രൂപപ്പെട്ടില്ലെങ്കിൽ ഏതെങ്കിലുമൊരു ജീവിയുടെ അനിയന്ത്രിത വളർച്ച പ്രകൃതിയുടെ സന്തുലിതാവസ്ഥതന്നെ ഇല്ലാതാക്കും.
ഇനി കാട്ടുപന്നികളെ കൊല്ലാം?
‘കാട്ടുപന്നിയെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് വേട്ടയാടൽ അല്ലെങ്കിൽ പ്രാദേശിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ മറ്റു പ്രതിരോധ നിയന്ത്രണ നടപടികൾക്ക് സഹായകമാകും, കൂടാതെ കാട്ടുപന്നികൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് കൂടുതൽ ഫലപ്രദമായ പരിഹാര നടപടികൾ സ്വീകരിക്കാൻ ഭരണകൂടത്തെ സഹായിക്കും’– ചൈനീസ് അക്കാദമി ഓഫ് ഫോറസ്ട്രിയിലെ ഗവേഷകനായ ജിൻ കുൻ പറഞ്ഞു. അതേസമയം, കാട്ടുപന്നികളുടെ എണ്ണത്തിൽ കാര്യമായ വർധനയില്ലാത്ത പ്രദേശങ്ങളിൽ പ്രവിശ്യാ തലത്തിലുള്ള സംരക്ഷണത്തിന് വിധേയമാക്കാനാണ് തീരുമാനം. അതുപോലെ അവയുടെ സ്വാഭാവിക വേട്ടക്കാരായ കടുവ, പുള്ളിപ്പുലി, കുറുക്കൻ എന്നിവ കൂടുതലുള്ള പ്രദേശങ്ങളിലും പ്രവിശ്യാ തലത്തിലുള്ള സംരക്ഷണമുണ്ടാകും. ചുരുക്കത്തിൽ പട്ടികയിൽനിന്ന് നീക്കം ചെയ്താലും കാട്ടുപന്നിയുടെ സംരക്ഷണം നിലനിൽക്കണം. അതുപോലെ അനുവദനീയമായ പ്രദേശങ്ങളിൽ അനുവദനീയമായ സമയത്ത് അനുവദനീയമായ ഉപകരണങ്ങളും രീതികളും ഉപയോഗിച്ച് വേട്ടയാടൽ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ നിർദേശം.
English summary: Removed from list of valuable wild animals, will wild boars be killed freely?