മീൻ ഉണക്കാൻ 5 ഡ്രയറുകൾ: സിഐഎഫ്‌ടി വികസിപ്പിച്ചെടുത്ത സൗരോർജ ഡ്രയറുകള്‍ പരിചയപ്പെടാം

HIGHLIGHTS
  • പ്രതിവർഷം കേരളത്തിൽ കയറ്റുമതിക്കും പ്രാദേശിക ഉപയോഗത്തിനുമായി അര ലക്ഷം മെട്രിക് ടൺ മത്സ്യം ഉണക്കുകയും സംസ്കരിക്കുകയും ചെയ്യുന്നുണ്ട്. തുറസ്സായ സ്ഥലങ്ങളിൽ നേരിട്ടു സൂര്യപ്രകാശത്തിൽ ഉണക്കുന്ന രീതിയാണ് പ്രചാരത്തിലുള്ളത്. ഇതിന് ഒട്ടേറെ പരിമിതികളും ദോഷങ്ങളുമുണ്ട്. ഈ രീതിയിൽ മഴക്കാലത്തു മത്സ്യം ഉണക്കുന്നത് പ്രായോഗികമല്ല. പൊടിപടലങ്ങൾ, സൂക്ഷ്മാണുക്കൾ, കീടങ്ങൾ, പക്ഷിമൃഗാദികൾ എന്നിവയുടെ ശല്യവും മറ്റു മാലിന്യങ്ങളും കാരണം ഉണക്കമത്സ്യത്തിന്റെ ഗുണനിലവാരം കുറയും. ഈ രീതിയിൽ ഉണക്കാൻ കൂടുതൽ സമയവും വേണ്ടിവരും.
dryed-fish
Fish preservation by drying. Image credit: 168season/iStockPhoto
SHARE

പ്രതിവർഷം കേരളത്തിൽ കയറ്റുമതിക്കും പ്രാദേശിക ഉപയോഗത്തിനുമായി അര ലക്ഷം മെട്രിക് ടൺ മത്സ്യം ഉണക്കുകയും സംസ്കരിക്കുകയും ചെയ്യുന്നുണ്ട്. തുറസ്സായ സ്ഥലങ്ങളിൽ നേരിട്ടു സൂര്യപ്രകാശത്തിൽ  ഉണക്കുന്ന രീതിയാണ് പ്രചാരത്തിലുള്ളത്. ഇതിന് ഒട്ടേറെ പരിമിതികളും ദോഷങ്ങളുമുണ്ട്. ഈ രീതിയിൽ മഴക്കാലത്തു മത്സ്യം ഉണക്കുന്നത് പ്രായോഗികമല്ല. പൊടിപടലങ്ങൾ, സൂക്ഷ്മാണുക്കൾ, കീടങ്ങൾ, പക്ഷിമൃഗാദികൾ എന്നിവയുടെ ശല്യവും മറ്റു മാലിന്യങ്ങളും കാരണം ഉണക്കമത്സ്യത്തിന്റെ ഗുണനിലവാരം കുറയും. ഈ രീതിയിൽ ഉണക്കാൻ കൂടുതൽ സമയവും വേണ്ടിവരും. 

കൊച്ചിയിൽ പ്രവർത്തിക്കുന്ന സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി) വികസിപ്പിച്ചെടുത്ത സൗരോർജ  ഡ്രയറുകളില്‍ ഈ പ്രശ്നങ്ങളൊന്നുമില്ലാതെ ശുചിയായ രീതിയിൽ ഗുണമേന്മയുള്ള ഉണക്കമത്സ്യം തയാറാക്കാം. സാധാരണയായി മത്സ്യം കേടുകൂടാതെ ഉണക്കാനാവശ്യമായ താപനില 50 ഡിഗ്രിക്കും 60 ഡിഗ്രിക്കും ഇടയിലാണ്. ഈ പരിധിക്കുള്ളിൽ ഊഷ്മാവ് ഒരേപോലെ നിലനിർത്താനും നിയന്ത്രിക്കാനും സാധിക്കുമെന്നതാണ് സിഐഎഫ്ടി ഡ്രയറിന്റെ മേന്മ. കുറഞ്ഞ ചെലവിൽ, ഊർജക്ഷമതയുള്ളതും പരിസ്ഥിതിക്കു ദോഷം ചെയ്യാത്തതുമായ സോളർ ടണൽ ഡ്രയർ, സോളർ ഇലക്ട്രിക് ഡ്രയർ, ബയോമാസ് ഡ്രയർ എന്നിവയാണ് ഇവിടെ വികസിപ്പിച്ചെടുത്തിട്ടുള്ളത്. പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ, മറ്റു കാർഷിക ഉൽപന്നങ്ങൾ എന്നിവ ഉണക്കാനും ഈ ഡ്രയറുകൾ യോജ്യമാണ്. സൂര്യപ്രകാശ ലഭ്യത കുറഞ്ഞ സമയങ്ങളിൽ ഉണക്കുന്നതിനായി ഡ്രയറുകളിൽ വൈദ്യുത താപീകരണ ഉപകരണമുണ്ട്. സൂര്യപ്രകാശത്തെ പരമാവധി കാര്യക്ഷമമായി ശേഖരിച്ച് ഉപയോഗിക്കാനുള്ള സാങ്കേതികവിദ്യയാണ് ഇതിലുള്ളത്.

solar-dryer-1
സോളർ ടണൽ ഡ്രയർ

സോളർ ടണൽ ഡ്രയർ

ഏകദേശം 50 കിലോ മത്സ്യം സോളർ ടണൽ ഡ്രയറിൽ ഉണക്കാനാകും. 12 ചതുരശ്ര അടി വിസ്തീർണമുള്ള തറയും സൂര്യപ്രകാശവും വായുസഞ്ചാരവുമുള്ള സ്ഥലവുമാണ് സോളർ ടണൽ ഡ്രയർ നിർമിക്കാൻ ആവശ്യം. ടണൽ ഡ്രയറിന്റെ റൂഫ് കവറിനായി സുതാര്യമായ യുവി സ്റ്റെബിലൈസ്ഡ് പോളിത്തീൻ ഷീറ്റ് ഉപയോഗിക്കുന്നു. സൗരോർജത്തിൽനിന്നുള്ള ചൂട് ആഗിരണം ചെയ്യുന്നതിനായി തറയിൽ കറുത്ത അബ്സോർബർ ഷീറ്റ് ഉപയോഗിക്കണം.

solar-dryer-2
സോളർ ഡ്രയറിന്റെ ഉൾവശം

CPVC, GI പൈപ്പ് ഉപയോഗിച്ചാണ് ടണൽ ഡ്രയറിന്റെ ചട്ടം നിർമിച്ചിട്ടുള്ളത്. വായു പ്രവേശിക്കുന്നതിനും ഈർപ്പം നീക്കം ചെയ്യുന്നതിനുമായി 0.5 എച്ച്പിയുടെ 3 വെന്റിലേറ്റർ ഫാനുകളുണ്ട്. ഉണക്കാനുള്ള മത്സ്യം വയ്ക്കുന്നതിനായി സോളർ ടണൽ ഡ്രയറിൽ തട്ടുകളുണ്ട്. ഈ ഡ്രയർ പ്രവർത്തിക്കുന്നതിനായി ബാഹ്യ ഊർജ സ്രോതസ്സ് / വൈദ്യുതി ആവശ്യമില്ലാത്തതിനാൽ ഇത് എവിടെയും പ്രവർത്തിപ്പിക്കാം. ഡ്രയറിന്റെ റൂഫ് ടോപ്പിൽ ഘടിപ്പിച്ച സോളർ പിവി പാനൽ ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്ന വൈദ്യുതികൊണ്ടാണ് ഫാനുകൾ പ്രവർത്തിച്ചുവരുന്നത്. നടത്തിപ്പുചെലവ് ഇല്ലാത്തതുകൊണ്ടുതന്നെ സാധാരണക്കാർക്ക് ഉതകുന്നതാണ് സോളർ ടണൽ ഡ്രയർ. നല്ല വെയിലുള്ള ദിവസങ്ങളിൽ ഏതാണ്ട് 14 – 16 മണിക്കൂർകൊണ്ട് മത്സ്യം ഉണക്കിയെടുക്കാം. 2 ലക്ഷം രൂപയാണ് വില.

solar-electrc-dryer
സോളർ–ഇലക്‌ട്രിക് ‍ഡ്രയർ

സോളർ – ഇലക്ട്രിക് ഡ്രയർ

സൗരോർജം കുറവുള്ള സാഹചര്യങ്ങളിൽ വൈദ്യുതി ഉപയോഗിച്ച് മത്സ്യം ഉണക്കാനാവശ്യമായ ചൂട് നിലനിർത്തുന്ന രീതിയാണ് ഇത്തരം ഡ്രയറുകളിലുള്ളത്. ഈ ഡ്രയറിൽ പ്രധാനമായുമുള്ളത് സോളർ കളക്ടർ, മത്സ്യം വയ്ക്കുന്നതിനുള്ള തട്ടുകൾ, ഡ്രൈയിങ് ചേമ്പർ, ഈർപ്പം നീക്കം ചെയ്യുന്നതിനുള്ള വെന്റിലേറ്റർ ഫാനുകൾ എന്നിവയാണ്. വെയിലുള്ള സമയത്തു സോളർ കളക്ടർ വഴി സൗരോർജം ഉപയോഗിച്ചു മത്സ്യം ഉണക്കാം. വെയിൽ കുറവുള്ള സമയങ്ങളിൽ വൈദ്യുതികൊണ്ട് പ്രവർത്തിക്കുന്ന ഹീറ്ററുകൾ ഉപയോഗിച്ച് താപനില നിയന്ത്രിക്കുകയും ചെയ്യാം. 6–8 മണിക്കൂറിനുള്ളിൽ മത്സ്യങ്ങൾ ഉണങ്ങിക്കിട്ടുന്ന ഈ ഡ്രയറിന്റെ ശേഷി 20 കിലോവരെയാണ്. ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന സോളർ – ഇലക്ട്രിക് ഡ്രയറുകളില്‍  മറ്റു കാർഷികോൽപന്നങ്ങളും ഉണക്കാം. 40 കിലോ ശേഷിയുള്ള സമാനമായ ഡ്രയറിന്റെ വില മൂന്നര ലക്ഷം രൂപയാണ്. ഗാർഹികാവശ്യങ്ങൾക്ക് ചെറുകിട രീതിയിൽ ഉണക്കമത്സ്യം ഉൽപാദിപ്പിക്കാന്‍ 10 കിലോ ശേഷിയുള്ള ഡ്രയറും സിഐഎഫ്ടി ഡിസൈൻ ചെയ്തിട്ടുണ്ട്. ഗുണഭോക്താക്കളുടെ ആവശ്യമനുസരിച്ചു വിവിധ ശേഷികളിൽ പ്രവർത്തിക്കുന്ന ഡ്രയറുകൾ ഡിസൈൻ ചെയ്ത് ഉണ്ടാക്കാം. 

solar-lpg-dryer
സോളർ–എൽപിജി ഡ്രയർ

സോളർ–എൽപിജി ഡ്രയർ

സൂര്യപ്രകാശ ലഭ്യത എന്നത് ക്രമരഹിതവും എല്ലാ കാലാവസ്ഥയിലും ഉറപ്പു വരുത്താനാകാത്തതുമായതു കൊണ്ട് സൗരോർജമുള്ള സമയങ്ങളിൽ വെള്ളം ചൂടാക്കി സൂക്ഷിക്കുകയും സൂര്യപ്രകാശം ഇല്ലാത്ത സമയങ്ങളിൽ ഈ ചൂടുവെള്ളം ഉപയോഗിച്ച് ഡ്രയറിലെ താപനില നിലനിർത്തുകയും ചെയ്യുന്ന സാങ്കേതികവിദ്യയാണ് സോളർ എൽപിജി ഡ്രയറിൽ. ചൂടുവെള്ളത്തിന്റെ താപനില കുറഞ്ഞു കഴിഞ്ഞാൽ പാചകവാതകം ഉപയോഗിച്ചു വെള്ളത്തിന്റെ താപനില നിലനിർത്താനുള്ള സജ്ജീകരണം ഇതിലുണ്ട്. ഈ ഡ്രയറിൽ ഉപയോഗിച്ചിരിക്കുന്നത് സോളർ–ഇലക്ട്രിക്കൽ ഡ്രയറിൽ നിന്നു വ്യത്യസ്തമായി സോളർ വാട്ടർ കളക്ടർസ് ആണ്. സൗരോർജം സോളർ വാട്ടർ – കളക്ടറിലെ ട്യൂബിലൂടെ ഒഴുകുന്ന വെള്ളത്തിനെ 80 ഡിഗ്രി സെൽഷ്യസ് വരെ ചൂടാക്കുന്നു. ചൂടായ വെള്ളം താപവിതരണ ക്രമീകരണത്തിലൂടെ (ഹീറ്റ്–എക്സ്ചേഞ്ചർ) ഒഴുകി ഡ്രയറിന്റെ ഉള്ളിൽ ഉണങ്ങാനാവശ്യമായ താപനില നിലനിർത്തുന്നു. എന്നാൽ സൂര്യപ്രകാശം കുറവുള്ളപ്പോള്‍ ഡ്രയറിനകത്ത് ആവശ്യമായ ഊഷ്മാവ് നിലനിർത്താൻ ഡ്രയറിനോട് അനുബന്ധിച്ചുള്ള പാചകവാതക സംവിധാനം പ്രവർത്തിപ്പിച്ച് വെള്ളം ചൂടാക്കുന്നു. ഈ സംവിധാനമുപയോഗിച്ചു മേഘാവൃതമോ മഴയുള്ളതോ ആയ സാഹചര്യങ്ങളിലും രാത്രികാലങ്ങളിലും മത്സ്യം ഉണക്കാം. 

60 കിലോയോളം മത്സ്യങ്ങൾ ഉണക്കാൻ ശേഷിയുള്ള ഡ്രയറിന്റെ വില ഏകദേശം അഞ്ചര ലക്ഷം രൂപയാണ്. സൂര്യപ്രകാശം വേണ്ടത്ര ലഭ്യമല്ലാത്ത സമയത്തു മാത്രമേ പാചകവാതക സംവിധാനം പ്രവർത്തിപ്പിക്കേണ്ടി വരുന്നുള്ളൂ. താപനില കുറയുന്നതനുസരിച്ചു പാചകവാതകം പ്രവർത്തിപ്പിക്കാനുള്ള ഓട്ടമാറ്റിക് സംവിധാനവും ഇതിലുണ്ട്.

biomas-dryer
ബയോമാസ് ഡ്രയർ

ബയോമാസ് ഡ്രയർ

പൂർണമായും ചെലവു കുറഞ്ഞ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഉപകരണം. വിറക്, ചകിരി, ചിരട്ട തുടങ്ങിയ ജൈവ മാലിന്യങ്ങൾ കത്തിച്ചാണ് മത്സ്യം ഉണക്കാനാവശ്യമായ താപനില ഡ്രയറിൽ നിയന്ത്രിച്ചു നിർത്തുന്നത്. ജൈവ വസ്തുക്കൾ കത്തിക്കുമ്പോഴുള്ള ചൂട് ഉപയോഗിച്ച് പരോക്ഷമായി വായു ചൂടാക്കുന്നു. ഈ വായു ഡ്രയറിലേക്കു കടത്തിവിട്ടു മത്സ്യം ഉണക്കുന്നു. ജൈവ വസ്തുക്കൾ സുലഭമായിടങ്ങളില്‍ ഇത്തരം ഡ്രയറുകൾ പ്രയോജനപ്രദമാണ്.

infrared-dryer
ഇൻഫ്രാറെഡ് ഡ്രയർ

ഇൻഫ്രാറെഡ് ഡ്രയർ

ഇൻഫ്രാറെഡ് കിരണങ്ങൾ ഉപയോഗിച്ച് മത്സ്യം ഉണക്കുന്ന സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചു വരുന്നത്. ഇൻഫ്രാറെഡ് കിരണങ്ങൾ താപോർജമായി പരിവർത്തനം ചെയ്യപ്പെടുകയും അങ്ങനെ മത്സ്യത്തിലുള്ള ഈർപ്പം കൂടുതൽ വേഗത്തിൽ ഒരേപോലെ നീക്കം ചെയ്യുകയും ചെയ്യുന്നു. ഈ ഡ്രയറിൽ ഇൻഫ്രാറെ ഡ് ലാമ്പുകൾ/സെറാമിക് ഹീറ്റേഴ്സ്, ഇലക്ട്രിക്കൽ കൺട്രോൾ യൂണിറ്റ്, വെന്റിലേറ്റർ ഫാൻ എന്നിവ ഘടിപ്പിച്ചിട്ടുണ്ട്. മറ്റു സോളർ ഡ്രയറുകളെ അപേക്ഷിച്ചു വളരെ കുറവ് സമയം മതി ഇതിൽ മത്സ്യം ഉണക്കിയെടുക്കാൻ.  2–3 മണിക്കൂർ നേരം കൊണ്ടുതന്നെ മത്സ്യം ഉണക്കിയെടുക്കാം. 

സിഐഎഫ്ടി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ആവശ്യക്കാരിൽ എത്തണമെന്ന ഉദ്ദേശ്യത്തോടെ അഗ്രി – ബിസിനസ് – ഇൻക്യുബേഷൻ യൂണിറ്റ് ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട്. കൂടാതെ, സിഫ്ട് ഡ്രയർ ഉപയോഗിച്ച് എങ്ങനെ ഗുണമേന്മയുള്ള ഉണക്കമത്സ്യം ഉൽപാദിപ്പിക്കാം എന്ന വിഷയത്തിൽ ആവശ്യക്കാർക്ക് പരിശീലനം നൽകാറുണ്ട്. ഇത്തരം സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക്  എല്ലാ ശാസ്ത്രീയ മാർഗനിർ ദേശങ്ങളും സഹായങ്ങളും നൽകുന്നുമുണ്ട്. 

വിവരങ്ങൾക്ക്: 

ഡയറക്ടർ, ഐസിഎആർ – സിഐഎഫ്‌ടി, മത്സ്യപുരി പിഒ., വില്ലിങ്ടൺ ഐലൻഡ്, കൊച്ചി – 682 029. 

ഫോൺ: 0484 – 2412412, 0484 – 2412409, 0484 – 2412300.

ഇ–മെയിൽ: ciftitmu@gmail.com, directorcift@gmail.com, neethu.kc11@gmail.com

English summary: Fish Dryers (Fish Drying Systems) 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS