ഇഞ്ചി തിന്ന് കുരങ്ങ്, ചവിട്ടി മെതിച്ച് ആന, ഉഴുതുമറിച്ച് പന്നി; കാടിറങ്ങി വന്യജീവികൾ: ജീവിക്കാൻ വഴിമുട്ടി കർഷകർ

wild-elephant-attack
അട്ടപ്പാടി ഗൂളിക്കടവിൽ വാഴക്കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ച നിലയിൽ
SHARE

‘കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞു: വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം’. ഇന്നു രാവിലെ കേരളം ഞെട്ടലോടെയും വേദനയോടെയും കണ്ട വാർത്ത. സ്കൂൾ കുട്ടികളുമായി പോയ ഓട്ടോയിലാണ് കാട്ടുപന്നി ഇടിച്ചത്. പാലക്കാട് മംഗലം ഡാം കരിങ്കയം പള്ളിക്കു സമീപമായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്ന വനിതാ ഡ്രൈവർ വിജിഷയാണ് മരിച്ചത്. ഏതാനും നാളുകൾക്കു മുൻപ് കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരനായ കർഷകൻ മരിച്ച സ്ഥലത്തിനു സമീപമായിരുന്നു ഈ അപകടം. പാലക്കാട് കാട്ടുപന്നിയാണെങ്കിൽ മറയൂരിൽ വരയാടാണ് വില്ലൻ. കുരങ്ങ്, ആന, കടുവ, പുലി, കാട്ടി എന്നിങ്ങനെ മനുഷ്യജീവനു ഭീഷണിയാകുന്ന മൃഗങ്ങളുടെ എണ്ണം ഉയരുകയാണ്. ബത്തേരി ചുങ്കത്ത് തെരുവുനായ്ക്കൾ ഓടിച്ച മാൻ വാഹനത്തിരക്കേറിയ റോഡിലേക്ക് ചാടി രക്ഷപ്പെട്ടപ്പോൾ അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. കൃഷിയിടത്തിൽനിന്ന് റോഡിലേക്കു ചാടിയ പുള്ളിമാൻ റോഡിലൂടെ വന്ന ഓട്ടോയിൽ ഇടിച്ചശേഷമാണ് മറുവശത്തേക്ക് രക്ഷപ്പെട്ടത്. തക്ക സമയത്ത് ഡ്രൈവർക്ക് വാഹനം നിർത്താൻ കഴിഞ്ഞതിനാൽ അപകടം ഒഴിവായി. 

മാനന്തവാടി തൃശിലേരിയിൽ ആനയിറങ്ങി കൃഷി നശിപ്പിച്ചതിനെത്തുടർന്ന് വിഷമം പങ്കുവയ്ക്കുന്ന സുശീല ഷാജി എന്ന വീട്ടമ്മയുടെ വിഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.  ആറു പതിറ്റാണ്ടിലധികമായി താമസിച്ചുവന്നിരുന്ന സ്വന്തം സ്ഥലത്തിന് അര കിലോമീറ്റർ അകലെയാണ് വനം. എങ്കിൽകൂടി വന്യജീവികൾ കൂട്ടത്തോടെ കൃഷിയിടത്തിലേക്ക് ഇറങ്ങിത്തുടങ്ങിയിട്ട് അധികം കാലം ആയിട്ടില്ലെന്ന് സുശീലയുടെ ഭർത്താവ് ഷാജി പറയുന്നു. ആന, കുരങ്ങ് എന്നുതുടങ്ങി മിക്ക ജീവികളും കൃഷി നശിപ്പിക്കുന്നു. ഇഞ്ചി കൃഷിചെയ്ത സ്ഥലം ആന ഈ മാസം എട്ടിന് ചവിട്ടിയരച്ചു. കുരങ്ങുകളാവട്ടെ ഇഞ്ചി പിഴുത് നാമ്പ് തിന്നുന്നു. ചുരുക്കത്തിൽ ഒരു തരത്തിലും ജീവിക്കാൻ കഴിയാത്ത സ്ഥിതിയിലായി കാര്യങ്ങൾ.

സർക്കാർ കണക്കുപ്രകാരം 2011 മുതൽ 2021 വരെയുള്ള 10 വർഷം കേരളത്തിൽ പാമ്പു മുതൽ കാട്ടാന വരെയുള്ളവയുടെ ആക്രണത്തിൽ മരിച്ചത് 1299 പേരാണ്. അതിനുശേഷമുള്ള രണ്ടു വർഷം ആക്രമണം വൻതോതിൽ കൂടിയെങ്കിലും കണക്കു ലഭ്യമല്ല. വന്യമൃഗങ്ങൾ സംസ്ഥാനത്തെ കൃഷിയിടങ്ങളിൽ ഒരു വർഷം വരുത്തുന്ന നാശനഷ്ടത്തിന്റെ യഥാർഥ കണക്ക് നൂറുകോടി രൂപയെങ്കിലും വരുമെന്ന പഠന റിപ്പോർട്ടുമുണ്ട്. ഇതെല്ലാം കേവലം കണക്കുകൾ മാത്രമാണ് സർക്കാരിനൊപ്പം നാം ഓരോരുത്തരും കാണുന്നതെങ്കിൽ അതെത്ര കഷ്ടം. മനുഷ്യ–വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് മലയാള മനോരമയുടെ ഇന്നത്തെ മുഖപ്രസംഗം ശ്രദ്ധേയമാണ് (വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക).

ഒരു വിഭാഗം മനുഷ്യർ ജനിച്ച മണ്ണിൽ ജീവിക്കാൻ ഗതിയില്ലാതെ ബുദ്ധിമുട്ടുമ്പോൾ തെരുവു നായ്ക്കളുടെയും വന്യജീവികളുടെയും ക്ഷേമം അന്വേഷിക്കാൻ ഇറങ്ങുന്ന മറ്റൊരു വിഭാഗം ജനതയെയും കാണാതെ പോകരുത്. പതിറ്റാണ്ടുകളായി ജീവിക്കുന്ന സ്ഥലത്തുനിന്ന് കുടിയിറക്കാനും കർഷകരെ കയ്യേറ്റക്കാരായി മുദ്രകുത്തി സമൂഹത്തിൽ ഒറ്റപ്പെടുത്താനും ശ്രമിക്കുന്നവരുടെ എണ്ണം ഏറിവരികയാണ്. കേരളത്തിൽ കർഷകരില്ല എന്നു വാദിക്കുന്നവരുമേറെ. കൃഷി എന്നാൽ കേവലം പച്ചക്കറികൾ നട്ടുവളർത്തുന്നതു മാത്രമല്ലെന്നത് ഇക്കൂട്ടർ വിസ്മരിക്കുന്നു. മലയോരലങ്ങളിൽ വിളയുന്ന ഏലവും കാപ്പിയും ഗ്രാമ്പുവും തേയിലയുമെല്ലാം കാർഷികവിളകൾ തന്നെയാണ്. അത് കഴിച്ചല്ല കേരളത്തിലെ ജനങ്ങൾ ജീവിക്കുന്നതെന്ന് പറയുമ്പോൾ കേരളത്തിന്റെ ഇന്നത്തെ വളർച്ചയ്ക്ക് അടിത്തറയിട്ടത് മലയോര കർഷകസമൂഹമാണെന്ന് മറക്കരുത്. മലയോരങ്ങളിൽ വിളയിക്കുന്നവ കഴിച്ചല്ല കേരളത്തിലെ ജനങ്ങൾ ജീവിക്കുന്നതെന്നു പറയുമ്പോൾ മലയോരങ്ങളിൽ വിളയിക്കുന്നവ വിറ്റിട്ടാണ് അവിടുത്ത ജനത ജീവിക്കുന്നതെന്ന് മറക്കാൻ പാടില്ല. ഓരോ നാടിനും നാടിന്റെ കാലാവസ്ഥയ്ക്കും ഇണങ്ങുന്ന വിളകൾ അതാത് സ്ഥലങ്ങളിൽ കൃഷി ചെയ്യാൻ കർഷകർ ശ്രമിക്കുന്നുണ്ട്. ശ്രദ്ധിക്കുന്നുണ്ട്. അതിലൂടെ വരുമാനം നേടുകയും ചെയ്യുന്നു.

നാട്ടിൽപ്പോലും വന്യജീവികളുടെ ഉപദ്രവം മൂലം ജീവിക്കാൻ കഴിയാത്ത സ്ഥിതിയിലേക്കെത്തിയിരിക്കുന്നു. കോവിഡ് കാല പ്രശ്നങ്ങളും കടക്കെണിയും കൃഷിനാശവുംകൊണ്ടു പൊറുതിമുട്ടിയ മലയോര കർഷകർ, മൃഗങ്ങളുടെ ഭീഷണികൂടിയായതോടെ കൂടുതൽ തളർന്നുകഴിഞ്ഞു. മൃഗങ്ങൾക്കു സുരക്ഷ നൽകാൻ സംവിധാനങ്ങളും നിയമങ്ങളുമുണ്ടെങ്കിലും മനുഷ്യനെ സംരക്ഷിക്കാൻ നടപടികളില്ലെന്ന പരാതി ഉയർത്തുന്ന ഭീതി ചെറുതല്ല. ആ ഭീതിയിൽ നിന്നുകൊണ്ട് കർഷകർ പറയും, ‘ഞങ്ങളും മനുഷ്യരാണ്, ഞങ്ങൾക്കും ജീവിക്കണം.’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS