ഓന്തിനെ കൊന്നാൽ മഴയില്ല! എല്ലാവരുടെയും മനസ്സില്‍ ഒരു ഭയം കനക്കുന്നുണ്ട്, ഭയക്കുന്നതുപോലൊന്നും ഭവിക്കാതിരിക്കട്ടെ
Mail This Article
പണ്ടു പണ്ട്, സാക്ഷാൽ ശക്തൻതമ്പുരാൻ കൊച്ചി രാജ്യം ഭരിച്ചിരുന്ന കാലം. ഇടവപ്പാതിയും മിഥുനപ്പാതിയും കഴിഞ്ഞിട്ടും നാട്ടിൽ ഒരു തുള്ളി മഴ പെയ്തില്ല!
നാട്ടിലെ വേദപണ്ഡിതരായ നമ്പൂതിരിമാരെ വിളിച്ച് തമ്പുരാൻ ക്രൈസിസ് ചർച്ച ചെയ്തു. അവരായിരുന്നല്ലോ ദൈവങ്ങളുടെ ഇടനിലക്കാർ. ജലജപം നടത്തിയാൽ പന്ത്രണ്ടു ദിവസത്തിനകം മഴ പെയ്യുമെന്നു പണ്ഡിതമതം. പക്ഷേ, ജപം ആരംഭിച്ചു ദിവസം പതിനൊന്നായിട്ടും വാട്ടർ അതോറിറ്റി കനിഞ്ഞില്ല. പന്ത്രണ്ടാം ദിവസം ഊരിപ്പിടിച്ച വാളുമായി ശക്തൻ നേരിട്ട് എഴുന്നെള്ളി. ഇരുപത്തിനാലു മണിക്കൂറിനകം മഴ പെയ്തില്ലെങ്കിൽ തമ്പുരാൻ എന്തും ചെയ്യും. വൈദികർ മനസ്സിരുത്തി, കണ്ണീരും കയ്യുമായി മന്ത്രം ചൊല്ലി വശം കെട്ടു. ചിലർ മുട്ടിൽനിന്നു പ്രാർഥിച്ചു. ഈശ്വരനു മനസ്സലിഞ്ഞെന്നു വേണം കരുതാൻ. വൈകു ന്നേരം ഇടി വെട്ടി മഴ പെയ്തത്രെ! കഴുത്തിനു മുകളിൽ തലയുമായി നമ്പൂരിമാർ രക്ഷപ്പെട്ടു.
നൂറാന തോട്ടിലൂടെ പോയി
തിരി മുറിയാതെ ഏഴു ദിവസം മഴ പെയ്യും കാലമാണ് മിഥുനത്തിലെ തിരുവാതിര ഞാറ്റുവേല. കുരുമുളകു തിരിയിടുന്ന കാലം. കുരുമുളകു കൊടി നടുന്നതും ഇക്കാലത്താണ്. ഇതിന് 98 മഴയും 98 വെയിലും എന്നാണ് കണക്ക്. തിരുവാതിര ഞാറ്റുവേലയിൽ ‘വിരലൊടിച്ചു കുത്തിയാലും പിടിക്കും’.
ഇടവം പാതി മുതൽ കന്നിപ്പാതിവരെ പെയ്യുന്നതാണ് ഇടവപ്പാതി എന്ന കാലവർഷം. ഏതു വിഭവം ഉണ്ടാക്കിയാലും ഈ സീസണിൽ നല്ല രുചിയായിരിക്കും പോൽ!
തുലാമഴയ്ക്ക് ഉച്ച കഴിഞ്ഞ് ഇടിവെട്ടു കേട്ടാൽ സൂക്ഷിക്കണം, രാത്രി വരെ തകർത്തു പെയ്യും. ആയില്യം ഞാറ്റുവേലയിൽ അപ്രതീക്ഷിതമായിട്ടാവും മഴ. അതുകൊണ്ട് ‘ആയില്യക്കള്ളൻ’ എന്നാണ് ഇരട്ടപ്പേര്. പൂയം ഞാറ്റുവേലയിൽ മഴ പെയ്താൽ പോത്തിന്റെ പുറത്തും പുല്ലു മുളയ്ക്കും! പിന്നെ, പറമ്പിലെ പുല്ലിന്റെ കാര്യം പറയേണ്ടല്ലോ! കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം വിളയും. തുലാപ്പത്ത് കഴിഞ്ഞാല്‍ പിലാപൊത്തിലും കിടക്കാം എന്നൊരു മെച്ചവുമുണ്ട്. മീനത്തില്‍ മഴ പെയ്താല്‍ മീനിനും ഇരയില്ലെന്നും ഓർമ വേണം. ദുക്റാന ദിനമായ തോറാനയ്ക്ക് മഴ തോരില്ലെന്നും നൂറാന തോട്ടിൽക്കൂടി ഒഴുകിപ്പോകുമെന്നും ഓർത്താൽ തടി രക്ഷിക്കാം!
നീർക്കോലി മഴ തരും
ആദ്യ മഴയിൽ പുൽനാമ്പുകളുടെ വേരുകളിലൂറുന്ന മഞ്ഞുവെള്ളം നാവിലിറ്റിക്കാനും കണ്ണിൽ പുരട്ടി തണുപ്പിക്കാനും തിരക്കു കൂട്ടുന്ന കുട്ടികളോടു മുത്തശ്ശി പറയും: ‘‘പുല്ലിനിടയിൽ ഓന്തും തവളയും കാണും. ഒന്നും ചെയ്യരുത്. അവർ മഴ വരാൻ പ്രാർഥിക്കുന്നവരാണ്!’’ സന്ധ്യയ്ക്കു പറന്നെത്തുന്ന ഈയാംപാറ്റകൾക്കു കറുത്ത നിറമെങ്കിൽ നല്ല മഴക്കാലമാണ് വരാൻ പോകുന്നതെന്ന് മുത്തശ്ശി ഉറപ്പിക്കും. കിണറ്റിൽ നീർക്കോലിയെ കണ്ടാലും മഴ വൈകില്ല!
‘ഠേ’ എന്നൊരു മലയാളി മുതല
തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന വിശ്രുത കഥയിലെ മുതല ‘ഠേ’ എന്നാണ് ഒരു പട്ടിയെ ഒരു നിമിഷംകൊണ്ട് ശാപ്പിട്ട ശേഷം ഒന്നുമറിയാത്ത മട്ടിൽ വെള്ളത്തിലൂടെ പോകുന്നത്. പണ്ട്, 1099 കര്‍ക്കടകം ഒന്നിനു തുടങ്ങിയ മഴയുടെ കെടുതികളാണ് ഈ കഥയ്ക്കു വിഷയമായത്. അതെ, ‘തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം’ തന്നെ.
മിഥുനം–കർക്കടകം കാലത്തെ മഴ ക്ഷിപ്രകോപിയായ അമ്മയെപ്പോലെയാണെന്ന് എം.ടി. ഖസാക്കിന്റെ ഇതിഹാസത്തിലെ വെളുത്ത മഴ ഒരു നിത്യ സത്യമായ പ്രകൃതിയാണ്. ടി.പത്മനാഭന്റെ ‘കാലവർഷം’ എന്നൊരു കഥാസമാഹാരമുണ്ട്. രാത്രിമഴ താൻ തന്നെയാണെന്ന് സുഗതകുമാരി പറയുമ്പോൾ കവിത മറ്റൊരു തലത്തിലേക്ക് ഉയരുന്നു. കറുകറെ കാർമുകില്‍ കൊമ്പനാനപ്പുറത്ത് എഴുന്നെള്ളുന്ന മൂർത്തിയാണ് കാവാലത്തിനു കർക്കടക മഴ.
2018–’19 ലെ വെള്ളപ്പൊക്കം
തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് നമുക്ക് കേട്ടും വായിച്ചുമുള്ള അറിവു മാത്രമേയുള്ളൂ. പക്ഷേ, 2018, 2019 വർഷങ്ങളിലെ പ്രളയം നമ്മൾ ശരിക്കും അനുഭവിച്ചറിഞ്ഞു. പ്രളയകാല അനുഭവങ്ങള്‍ വരും തലമുറകളോട് ഇനി നമുക്കും പറയാം. അതിന്റെ ദൃശ്യരേഖയായ ‘2018’എന്ന ചലച്ചിത്രം നമ്മള്‍ ആഘോഷിക്കുകയും ചെയ്തു. എങ്കിലും എല്ലാവരുടെയും മനസ്സില്‍ ഒരു ഭയം കനക്കുന്നുണ്ട്. ഭയക്കുന്നതുപോലൊന്നും ഭവിക്കാതിരിക്കട്ടെ. എങ്കിലും ജാഗ്രത കൈവിടേണ്ട.
(krpramodmenon@gmail.com, 9447809631)
Rain in Kerala