നാളികേര കർഷകർക്കായി മുന്നിട്ടിറങ്ങി തമിഴ്നാട്: ലക്ഷ്യം ന്യായവില; സംഭരണ അളവ്‌ ഇരട്ടിപ്പിക്കണമെന്ന് തമിഴ്‌നാട്‌ മുഖ്യമന്ത്രി; കേരളത്തിന് എന്താണ് നേട്ടം?

HIGHLIGHTS
  • 2020നു ശേഷം നാളികേര മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക്‌ പരിഹാരം താങ്ങുവില നൽകി കർഷകരിൽ നിന്നും കൊപ്ര സംഭരികൽ മാത്രമാണെന്നു ബോധ്യമായ അവർ കയ്യും മെയ്യും മറന്ന്‌ ചരക്ക്‌ സംഭരിക്കുകയാണ്‌. പിന്നിട്ട രണ്ടു സീസണിൽ അവർ നടത്തിയ കൊപ്ര സംഭരണം കർഷക കുടുംബങ്ങൾക്കു വൻ ആശ്വാസം പകർന്നിരുന്നു
kopra
കൊപ്ര. Image credit: Hashif Chembakath/Shutterstock
SHARE

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കാർഷിക മേഖലയുടെ അടിത്തറ നാളികേര കൃഷിയാണെന്ന തിരിച്ചറിവ്‌ തമിഴ്‌നാട്ടിലെ ഉൽപാദകരെ സമ്പന്നരാക്കുന്നു. നാളികേര കർഷക കുടുംബങ്ങളുടെ സാമ്പത്തികനില ഭദ്രമാക്കാൻ അയൽ സംസ്ഥാനം നടത്തുന്ന ആത്മാർഥയോടെയുള്ള ഓരോ ചുവടുവയ്പ്പും നാം കണ്ട്‌ പഠിക്കേണ്ടിയിരിക്കുന്നു.

2020നു ശേഷം നാളികേര മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക്‌ പരിഹാരം താങ്ങുവില നൽകി കർഷകരിൽ നിന്നും കൊപ്ര സംഭരികൽ മാത്രമാണെന്നു ബോധ്യമായ അവർ കയ്യും മെയ്യും മറന്ന്‌ ചരക്ക്‌ സംഭരിക്കുകയാണ്‌. പിന്നിട്ട രണ്ടു സീസണിൽ അവർ നടത്തിയ കൊപ്ര സംഭരണം കർഷക കുടുംബങ്ങൾക്കു വൻ ആശ്വാസം പകർന്നിരുന്നു. 

ഇക്കുറി അരലക്ഷം ടൺ കൊപ്ര സംഭരണത്തിനാണ്‌ അവർ പതിവുപോലെ തുടക്കം കുറിച്ചത്‌. കേന്ദ്ര‐സംസ്ഥാന ഏജൻസികൾ ഇക്കാര്യത്തിൽ കാഴ്‌ച്ചവച്ച ഒത്തൊരുമ സംഭരണം വിജമാക്കിയെന്നല്ല സമ്പൂർണ വിജയത്തിലേക്ക്‌ എത്തിക്കുന്നതായി വേണം വിലയിരുത്താൻ. 90,000 ടൺ കൊപ്ര സംഭരിക്കാൻ അനുമതി നൽകണമെന്ന ആവശ്യവുമായാണ് അവർ പ്രധാനമന്ത്രിയെ സമീപിച്ചിരിക്കുന്നത്‌. 

ഉൽപാദനം ഉയർന്നതിനാൽ കർഷകർക്ക്‌ കൂടുതൽ ആശ്വാസം നൽകണമെങ്കിൽ സംഭരണ അളവ്‌ ഇരട്ടിപ്പിക്കണമെന്ന തമിഴ്‌നാട്‌ മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിന്‌ രണ്ടു ലക്ഷ്യമാണുള്ളത്‌. അവരുടെ ഉൽപാദകന്‌ ന്യായമായ വില ഉറപ്പ്‌ വരുത്തുക. തമിഴ്‌നാട്‌ വൻതോതിൽ ചരക്ക്‌ ശേഖരിച്ചാൽ മാത്രമേ കേരളത്തിലും നാളികേര വില ഉയർത്താൻ കഴിയൂവെന്ന അവരുടെ തിരിച്ചറിവ്‌ വിരൽചൂണ്ടുന്നത്‌ ദക്ഷിണേന്ത്യൻ ഉൽപാദകരുടെ ഉന്നമനമാണ്‌. കാങ്കയത്ത്‌ മാത്രമല്ല, കൊച്ചിയിലും വെളിച്ചെണ്ണയ്ക്ക്‌ വിലക്കയറ്റമുണ്ടായാലെ ഉൽപാദകന്‌ നിലനിൽപ്പുള്ളുവെന്ന്‌ വ്യക്തമായി മനസിലാക്കിയ അവർ കൂടുതൽ കൊപ്ര ശേഖരിക്കാനുള്ള തയാറെടുപ്പിലാണ്‌.  

ഓണം അടുത്ത സന്ദർഭത്തിൽ അയൽ സംസ്ഥാനത്ത്‌ നിന്നുള്ള ശക്തമായ നീക്കങ്ങൾ വിപണിക്ക്‌ അനുകൂലമായി മാറും. അവർ കൊപ്ര സംഭരിച്ച്‌ വിപണിയുടെ അടിത്തറയ്‌ക്ക്‌ ശക്തിപകരുമ്പോൾ ഓണവേളയിലെങ്കിലും കേരളം ഇതര പാചകയെണ്ണകളെ തഴഞ്ഞ്‌ വെളിച്ചെണ്ണയ്‌ക്ക്‌ ഊർജം പകരാൻ മനസ്‌ കാണിച്ചാൽ തീർക്കാനാവുന്ന പ്രശ്‌നങ്ങളെ നിലവിൽ നാളികേര മേഖലയ്‌ക്ക്‌ മുന്നിലുള്ളൂ.  

2022ൽ 45,000 ടൺ കൊപ്ര തമിഴ്‌നാട്‌ സംഭരിച്ചു. പിന്നിട്ട സീസണിൽ 250 ടൺ കൊപ്ര സംഭരിച്ച്‌ മാതൃക കാണിച്ച കേരളത്തിലെ കൃഷി വകുപ്പിൽ നിന്നും കൂടുതൽ നാം പ്രതീക്ഷിക്കുന്നതു പോലും തെറ്റാണ്‌. കോടിക്കണക്കിന്‌ നാളികേരം വിളയുന്ന കേരളത്തിൽ സർക്കാർ സംവിധാനം വഴി ഒരു വർഷക്കാലയളവിൽ കർഷകർക്കായി മൊത്തം ഉൽപാദനത്തിന്റെ നൂറിൽ ഒരംശം പോലും സംഭരിക്കാനായില്ലെന്നതിൽ നിന്നും നാം ഒത്തിരി പാഠങ്ങൾ ഉൾകൊള്ളേണ്ടതായുണ്ട്‌. 

നമുക്ക്‌ ഇവിടെ കൃഷി വിജയിപ്പിക്കാനാവില്ല. അധ്വാനിക്കാൻ കെൽപ്പുള്ള ചെറുകിട കർഷകർ വ്യവസായിക അടിസ്ഥാനത്തിൽ നാളികേര കൃഷിയിൽ ഇറങ്ങുക. ഇവിടെയല്ല, രാജ്യത്ത്‌ കാലാവസ്ഥ അനുയോജ്യമായ മറ്റു സംസ്ഥാനങ്ങളിൽ. മികച്ചയിനം കൊപ്ര മാത്രമല്ല, വെളിച്ചെണ്ണയും ഉൽപാദിപ്പിച്ച്‌ യൂറോപ്യൻ കയറ്റുമതിയിലുടെ കേരത്തിന്‌ പുതുജീവൻ പകരാൻ നമുക്കാവും. 

ചിങ്ങം അടുത്തു, ഓണം വരെ വെളിച്ചെണ്ണ ചൂടുപിടിച്ചു നിൽക്കാം. എന്നാൽ അതിനു ശേഷം വിപണിയും ഉൽപാദകരും ഒരിക്കൽ കൂടി ദുരന്തത്തെ അഭിമുഖീകരിക്കേണ്ട അവസ്ഥ ഒഴിവാക്കേണ്ടതായുണ്ട്‌. 90,000 ടൺ കൊപ്ര ഈ സീസണിൽ സംഭരിക്കാൻ കേന്ദ്രം തമിഴ്‌നാടിന്‌ അനുമതി നൽകിയാൽ മുന്നിലുള്ള മൂന്നു‐നാല്‌ മാസകാലയളവിൽ വിപണിക്ക്‌ തളർച്ചയെ പ്രതിരോധിക്കാനാവും. 

ഇതിനിടയിൽ തമിഴ്‌നാട്ടിൽ നാളികേരം ഓഫ്‌ സീസണിലേക്ക്‌ തിരിയുമെന്നത്‌ പച്ചത്തേങ്ങ, കൊപ്ര പ്രവാഹം കുറയാൻ അവസരം ഒരുക്കും. കാലചക്രം കന്നി–തുലാ മാസങ്ങൾ കഴിഞ്ഞ്‌ വൃശ്‌ചികത്തിലേക്ക്‌ ഇതിനിടയിൽ പ്രവേശിക്കും. വർഷാവസാനം ശബരിമല സീസൺ നാളികേര മേഖലയ്‌ക്ക്‌ നേട്ടം സമ്മാനിക്കാം.

ഈ വർഷം ആദ്യ അഞ്ചു മാസങ്ങളിൽ നിലനിന്ന ശക്തമായ വരൾച്ചയുടെ പ്രത്യാഘാതം വിലയിരുത്തിയാൽ 2024 ൽ നാളികേര ഉൽപാദനത്തിൽ കുറവ്‌ സംഭവിക്കാം. വരൾച്ചയും ആവിശാനുസരണം ജലസേചനത്തിനു നേരിട്ട തടസങ്ങളും കേരളം, തമിഴ്‌നാട്‌, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ ഒട്ടുമിക്ക നാളികേര തോട്ടങ്ങളിലും മച്ചിങ്ങ പൊഴിച്ചിലിന്‌ ഇടയാക്കി. ഓരോ കുലയിൽ നിന്നും പത്തിലധികം മച്ചിങ്ങ പതിവിലും കൂടുതലായി അടർന്നു വീണത്‌  കണക്കിലെടുത്താൽ ഓരോ ഹെക്‌ടറിലും അടുത്ത  സീസണിലെ ഉൽപാദനത്തിൽ വിളവ്‌ ഇരുപത്‌ ശതമാനം വരെ കുറയാനുള്ള സാധ്യത തള്ളികളയാനാവില്ല. എൽ- നിനോ പ്രതിഭാസം മൂലം കാലവർഷം രണ്ടാം പകുതി ദുർബലമായാൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകും. 

കുരുമുളക്

രാജ്യം ഉത്സവ സീസണിന്‌ ഒരുങ്ങുന്നതിന്‌ മുന്നോടിയുള്ളു സുഗന്ധവ്യഞ്‌ജന സംഭരണത്തിന്‌ വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലെ വൻകിട ഗോഡൗണുകൾ ഒരുങ്ങി. കാലവർഷത്തിലും ശൈത്യകാലത്തും ഉൽപ്പന്നങ്ങൾക്ക്‌ കേട്‌ സംഭവിക്കാത്ത വിധമുള്ള സംഭരണശാലകളാണ്‌ സ്റ്റോക്കിസ്റ്റുകൾ ഒരുക്കിയിട്ടുള്ളത്‌. അന്തരീക്ഷ താപനില താഴ്‌ന്നു തുടങ്ങിയതിനാൽ ശേഖരിക്കുന്ന ഉൽപ്പന്നങ്ങളിൽ ജലാംശത്തോത്‌ ഉയരുന്നത്‌ തടയാൻ കരുതലോടെയാണ്‌ അവർ ഗോഡൗണുകൾ സജ്ജമാക്കിയിട്ടുള്ളത്‌.  

ഉത്തരേന്ത്യയിലെ വൻകിട പൊടിനിർമാണ യൂണിറ്റുകൾ 24 മണികൂറും ശൈത്യകാലത്ത്‌ പ്രവർത്തിക്കും. ഉൽപന്നങ്ങൾ പൊടിക്കുമ്പോൾ സംഭവിക്കുന്ന നഷ്‌ടസാധ്യത തണുപ്പുകാലത്ത്‌ കുറവാണ്‌. വില ഇടിയുമെന്ന പ്രതീക്ഷയിൽ ഒരു മാസത്തിലേറെ കാത്തിരുന്നിട്ടും കുരുമുളക്‌ വിലയിൽ ഒരു രൂപ പോലും കുറയുന്നില്ലെന്ന്‌ വ്യക്തമായതോടെ വ്യവസായികൾ വിപണിയിൽ പിടിമുറുക്കി. രണ്ടാഴ്‌ചകൊണ്ട്‌ ക്വിന്റലിന്‌ 1200 രൂപയുടെ നേട്ടവുമായി അൺ ഗാർബിൾഡ്‌ 50,000 രൂപയായി ഉയർന്നു. 

ഇനിയാണ്‌ വിലക്കയറ്റത്തിന്‌ വേഗം ഇരട്ടിക്കാനുള്ള സമയം. മുഹറം ആഘോഷങ്ങൾക്ക്‌ പത്തു ദിവസം മാത്രമാണ്‌ ശേഷിക്കുന്നതെങ്കിൽ ഉത്തരേന്ത്യൻ ജനതയെ ആവേശം കൊള്ളിക്കുന്ന ഗണേഷാൽത്സവത്തിന്‌ ഒരു മാസം മുന്നിലുണ്ട്‌. വിനായക ചതുർഥി വേളയിലെ വിൽപ്പനയ്‌ക്ക്‌ ആവശ്യമായ ചരക്ക്‌ സംഭരണത്തിനുള്ള തിടുക്കത്തിലാണ്‌ വൻകിട പൊടിനിർമാണ യൂണിറ്റുകൾ. ശ്രീകൃഷണ ജയന്തിയും നബിദിനവും നവരാത്രി ഡിമാൻഡും കുരുമുളക്‌ വിൽപ്പന പൊടിപൊടിക്കുമെന്നാണ്‌ വിപണി വൃത്തങ്ങളുടെ വിലയിരുത്തൽ. ഉൽപാദകർ കൈവശമുള്ള ഓരോ കുരുമുളകുമണിയും കൃത്യ സമയങ്ങളിൽ മാത്രം വിപണിയിൽ ഇറക്കിയാൽ ആകർഷകമായ വില ഉറപ്പ്‌ വരുത്താനാവും. 

English summary: Commodity Markets Review July 18

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS