ADVERTISEMENT

ഓണം ഇങ്ങ് എത്താറായി. മഴ മാറി മാനം തെളിഞ്ഞാൽ വരും നാളുകൾ ഓണക്കാഴ്ചകളുടേതാവും. പുത്തനുടുപ്പും, പൂക്കളങ്ങളും പച്ചക്കറിവിഭവങ്ങളും, പാൽപായസവും കൊണ്ട് നിറഭേദങ്ങളുടെ ഉത്സവം തീർക്കുന്ന നാളുകളായിരിക്കുമോ ഇക്കൊല്ലത്തെ ഓണം. തീർത്ത് പറയാൻ കഴിയില്ല, ഓണത്തിന് പച്ചക്കറിക്ക് പൊള്ളുംവിലയായിരിക്കും എന്ന് ഏതാണ്ട് ഉറപ്പായി. 500 രൂപയ്ക്കുള്ള പച്ചക്കറികൾ ഒരു ചെറിയ പ്ലാസ്റ്റിക് കവറിൽ കൊള്ളാനുള്ളതേ ഉള്ളൂ എന്നാണ് വാസ്തവം. സകലമാന ഇനങ്ങളും മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരണം. നമ്മുടെ സർക്കാർ സംവിധാനങ്ങളും കാർഷിക വകുപ്പും കൈക്കൊള്ളുന്ന തീരുമാനങ്ങളും നടപ്പിലാക്കുന്ന പദ്ധതികളും സുസ്ഥിര വികസനം ഈ മേഖലയിൽ ഉണ്ടാക്കുന്നില്ലെന്നുള്ളതാണ് വാസ്തവം. 

ഇസ്രയേലിൽ പോയി കൃഷി പഠിച്ചിട്ട് വന്നപ്പോഴാണ് മനസിലായത്, അവിടുള്ളത് വൻകിട കൃഷിരീതിയാണ്, കേരളത്തിലെ തുണ്ടു ഭൂമിയിലെ കൃഷിയിടത്തിൽ നമുക്ക് അതൊന്നും നടപ്പിലാക്കാൻ കഴിയില്ലെന്ന്. ഈ വിവരസാങ്കേതികവിദ്യയുടെ കാലത്ത് ഇക്കാര്യം മനസ്സിലാക്കാൻ ഇസ്രയേൽ വരെ പോകേണ്ടിയിരുന്നില്ല. കേരളത്തിലെ കർഷകൻ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾക്ക് വർഷം മുഴുവൻ ഒരേ വില ലഭിക്കണം. കൂടാതെ കർഷകർക്ക് ഉൽപാദനച്ചെലവ് കഴിഞ്ഞ് മാന്യമായ വരുമാനം ഉണ്ടാവണം. പ്രകൃതി ദുരന്തങ്ങൾ മൂലവും വന്യജീവികൾ മൂലവും ഉണ്ടാകുന്ന കാർഷിക നഷ്ടങ്ങൾക്ക് സമയബന്ധിതമായി നഷ്ടപരിഹാരം ലഭിക്കണം. ഇക്കാര്യങ്ങൾ നടപ്പിലാക്കിയാൽ മാത്രം മതി, കേരളത്തിലെ കർഷകർ കൃഷിയുമായി മുന്നോട്ട് പോകും. 

സർക്കാർ ഓഫീസുകളിൽ വിത്തും തൈയും നൽകി വിപുലമായ ഉദ്ഘാടനവും നടത്തി പ്രചാരവേല നടത്തിയാല്‍ കൃഷി വിപുലമാകുമോ? നിലവിലെ കർഷകർക്ക് വേണ്ടുന്ന സഹായവും പുതുതായി കൃഷിയിലേക്ക് വരുന്നവർക്ക് അർഹിക്കുന്ന പ്രാധാന്യവും നൽകുകയാണ് വേണ്ടത്. വിവിധ സർക്കാർ ഓഫീസുകൾ, അതുപോലുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് സൗജന്യമായി നൽകുന്ന വിത്തും തൈയും വളവും മറ്റു സംഘാടന ചെലവും എത്രവരുമെന്ന് കണക്കാക്കണം. അതിൽനിന്ന് എത്ര വിള ലഭിച്ചു എന്നും എത്ര വരുമാനം ലഭിച്ചു എന്നും കണക്കാക്കി പ്രസിദ്ധീകരിക്കണം. ആഘോഷപൂർവം വിതരണം ചെയ്യുന്ന ഇത്തരം നടീൽ വസ്തുക്കൾ കാടുമൂടി നശിച്ച് കിടക്കുന്ന കാഴ്ചകൾ നമുക്ക് കാണാൻ കഴിയും. രാവിലെ 10 മണിക്ക് ജോലിക്ക് വന്ന് 5 മണിക്ക് ജോലി കഴിഞ്ഞ് തിരികെ പോകുന്ന സർക്കാർ ഉദ്യോഗസ്ഥന് ഓഫിസിൽ കൃഷിചെയ്യാൻ എവിടാണ് സമയം? കൃഷി ചെയ്യാൻ സമയം ലഭിക്കണമെങ്കിൽ അദ്ദേഹത്തിന്റെ ഓഫിസ് ജോലി കൃത്യമായി ചെയ്യുന്നില്ലെന്ന് അര്‍ഥം. ഉദ്യോഗസ്ഥൻ ഉദ്യോഗസ്ഥന്റെ പണി ചെയ്യണം. കർഷകൻ കർഷകന്റെ പണി ചെയ്യണം. മുൻകാലങ്ങളില്‍ നടപ്പിലാക്കിയ ഇത്തരം പദ്ധതികൾ വിജയം കണ്ടിരുന്നെങ്കിൽ, ഇപ്പോൾ കേരളത്തിൽ പച്ചക്കറികൾക്ക് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരില്ലായിരുന്നല്ലോ?

കഷ്ടകാലത്തിലെ കാലി വളർത്തൽ

ഇന്ന് സ്വയംപര്യാപ്തമാകും, നാളെ സ്വയംപര്യാപ്തമാകും എന്നു കേൾക്കാൻ തുടങ്ങിയിട്ട് വർഷം കുറച്ചായി. എന്നാൽ പാൽ ഇതുവരെ സ്വയംപര്യാപ്തമായില്ല. അയൽ സംസ്ഥാനങ്ങളിൽനിന്നും ലോഡ് കണക്കിന് പാലാണ് ദിനംപ്രതി വരുന്നത്. ഓണക്കാലത്ത് ലോഡുകളുടെ എണ്ണം കൂടും. എന്തുകൊണ്ട് നാം സ്വയം പര്യാപ്തമാകുന്നില്ല? ഉത്തരം ഒന്നേയുള്ളൂ. നമുക്ക് ആവശ്യത്തിന് പശുക്കളില്ല. എന്തുകൊണ്ട് ആവശ്യത്തിന് പശുക്കളില്ല? വർധിച്ച തീറ്റച്ചെലവും ഉൽപാദന ചെലവും ഉരുക്കളുടെ ഉൽപാദനക്കുറവും കാരണം പശുവളർത്തൽ ലാഭകരമല്ല. 

ഈ പ്രശ്നത്തിന് പരിഹാരം കണ്ടാൽ ആരും പ്രയത്നിക്കാതെ തന്നെ കേരളത്തിൽ പാൽ സ്വയംപര്യാപ്തമാകും. 

പശു പ്രസവിച്ചുണ്ടാകുന്ന കന്നുകുട്ടികള്‍ വളർന്ന്, ഏകദേശം 28  മാസം കൊണ്ടാണ് പശുവായി തീരേണ്ടത്, ഈ 28 മാസ കാലയളവിലും കർഷകർ കൈയിൽ നിന്ന് കാശ് മുടക്കി കാലിത്തീറ്റ വാങ്ങി നൽകിയാണ് കന്നു കുട്ടികളെ വളർത്തുന്നത്. വർഷങ്ങളായി സർക്കാർ ഇത്തരം കന്നുകുട്ടികളെ തിരഞ്ഞെടുത്ത് സബ്സിഡി നിരക്കിൽ തീറ്റ നൽകി, ഇൻഷുറൻസും മറ്റ് മരുന്നുകളും നൽകി കർഷകരെ സഹായിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് കുറച്ചെങ്കിലും കർഷകർക്ക് ഇത്തരം കന്നുകുട്ടികളെ വളർത്താൻ കഴിഞ്ഞതും. പുതിയ പശുക്കളുണ്ടായതും. 

എന്നാൽ ഈ സാമ്പത്തിക വർഷം കന്നുകുട്ടി പരിപാലനം എന്ന ഈ പദ്ധതിക്ക് ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല. കൂടാതെ കേരളത്തിലെ ഒരു പഞ്ചായത്ത് പോലും ഈ പദ്ധതിക്കായി ഫണ്ട് വകയിരുത്തിയിട്ടില്ല. ഫലം എന്താകുമെന്ന് പ്രത്യേകം പറയേണ്ടല്ലോ? തീറ്റച്ചെലവ് താങ്ങാൻ കഴിയാതെ മികച്ചയിനം കന്നുകുട്ടികൾപ്പെടെയുള്ള കിടാക്കളെ കർഷകർ അറവുകാർക്കു നൽകും. നാളെ നല്ല പശുക്കളാകേണ്ടവയാണ് ഇന്നേ അറവുശാലയിലേക്ക് പോകുന്നത്. അതുവഴി വരും വർഷങ്ങളിൽ ഉൽപാദനം ഗണ്യമായി കുറയും. തുടർന്നുള്ള വർഷങ്ങളില്‍ പച്ചക്കറിയുടെ ഗതി പാലിനും വരുമെന്നർഥം. 

രോഗങ്ങളും, അപ്രതീക്ഷിത സാഹചര്യങ്ങളും മൂലം ഉൽപാദന നഷ്ടവും കാലികൾക്ക് മരണവും സംഭവിച്ചാൽ, കർഷകർക്ക് താങ്ങായി നിന്നത് കാലി ഇൻഷുറൻസായിരുന്നു. നിലവിൽ കന്നുകാലികൾക്ക് ഇൻഷുറൻസ് സംവിധാനം ലഭ്യമല്ല. കന്നുകാലികൾക്ക് പുതിയതരം രോഗങ്ങൾ അനുദിനം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, ഇൻഷുറൻസ് ഇല്ലാതെ പോകുന്നതുകൊണ്ട്, മരണം സംഭവിക്കുന്ന ഉരുക്കളുടെ ഉടമകള്‍ ഈ മേഖല വിട്ട് പോകുന്നുണ്ട്. ശാസ്ത്രീയ മൃഗപരിപാലന രീതികളെക്കുറിച്ചും സ്വയംപര്യാപ്തത സിദ്ധാന്തത്തെക്കുറിച്ചും വിപുലമായ സെമിനാറുകൾ നടത്തുന്നിന് പകരം, കർഷകരെ നേരിട്ട് ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടത്. അല്ലാത്തപക്ഷം പശുവിനെക്കാണാൻ കുടുംബസമേതം തമിഴ്നാട്ടിൽ ടൂർ പോകേണ്ടിവരും.

English summary: Cattle rearing and misguided farming practices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com