ഏറ്റവും ഉയർന്ന നിലവാരത്തിൽ കുരുമുളക്: ഇതൊരു തുടക്കം മാത്രമെന്ന് മുതിർന്ന കർഷകർ; വില ഇനിയും ഉയരാം
Mail This Article
കേരളത്തിലെയും കർണാടകത്തിലെയും കുരുമുളകു കർഷകരുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്ന പ്രകടനമാണ് ചുരുങ്ങിയ ദിവസങ്ങളിൽ ഉൽപന്നം വിപണിയിൽ കാഴ്‌ചവച്ചത്. പ്രതികൂല കാലാവസ്ഥയോട് മല്ലടിച്ച് കറുത്ത പൊന്ന് വിളയിക്കുന്ന കർഷകർ മുന്നിലുള്ള മാസങ്ങളിൽ കൃഷിയിൽ കൂടുതൽ ജാഗരൂകരാകേണ്ട സന്ദർഭമാണ്.
കുരുമുളക് വില ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലവാരം ദർശിച്ച ആവേശത്തിലാണ്. ചരക്ക് ക്ഷാമം തന്നെയാണ് വിപണിയുടെ അടിത്തറയ്‌ക്കു മാറ്റുകൂട്ടുന്നത്. ഉൽപന്ന വില 2023ലെ കൂടിയ വിലയായ 60,000 രൂപയിൽ എത്തിയ ദിവസം കൊച്ചി വിപണിയിൽ വരവ് 40 ടണ്ണായി ഉയർന്നു. എന്നാൽ ഉയർന്ന തലത്തിൽ എത്തിയ ശേഷം ഉൽപന്നവിലയിലുണ്ടായ സാങ്കേതിക തിരുത്തലിൽ മാർക്കറ്റിലേക്കുള്ള മുളകുവരവ് നേർ പകുതിയായി കുറയുകയും ചെയ്തു. അതായത് കേരളം പ്രതീക്ഷിക്കുന്ന വില വിപണി ഇനിയും ദർശിച്ചിട്ടില്ലെന്നു വേണം അനുമാനിക്കാൻ. ചരക്കുക്ഷാമം വിപണിയിൽ മാത്രമല്ല, കാർഷിക മേഖലയിലും തല ഉയർത്തുന്ന സാഹചര്യത്തിൽ ഉൽപാദകർ മുന്നിലുള്ള മാസങ്ങളിൽ തോട്ടങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തേണ്ടതായുണ്ട്. വിളവ് പരമാവധി ഉയർത്താനുള്ള ശ്രമങ്ങളാണ് ഇനി നടത്തേണ്ടത്.
ഓഗസ്‌റ്റിൽ മഴയുടെ അളവ് കുറയാൻ സാധ്യത. എൽ - നിനോ പ്രതിഭാസം മഴമേഘങ്ങളുടെ സഞ്ചരപഥത്തിൽ മാറ്റങ്ങൾ സൃഷ്‌ടിക്കാമെങ്കിലും വളപ്രയോഗങ്ങളുടെയും നനയുടെയും കാര്യത്തിൽ പതിവിലുമധികം ശ്രദ്ധകേന്ദ്രീകരിക്കാൻ കാർഷിക മേഖല തയാറായാൽ 2024ലെ നമ്മൾ ഒരോത്തരുടെയും വിളവ് മുൻ വർഷത്തെക്കാൾ മെച്ചപ്പെടുത്താനാകും. പിന്നിട്ട ഏഴു മാസങ്ങളിലായി വിപണി പടുത്തുയർത്തിയ അടിത്തറ അടുത്ത സീസണിൽ ഉയർന്ന വിലയ്‌ക്കുള്ള സാഹചര്യം ഒരുക്കാമെന്നതും പ്രതീക്ഷകൾക്ക് നിറം പകരും.
കഴിഞ്ഞ ദിവസങ്ങളിലെ വിലക്കയറ്റം വിപണിയിലെ കുതിപ്പിന്റെ ഒരു തുടക്കം മാത്രമായാണ് തല മുതിർന്ന പല കർഷകരുടെയും വിലയിരുത്തൽ. അവരുടെ കാഴ്‌ചപ്പാടിൽ വടക്കേന്ത്യയിൽനിന്നും ഓഗസ്റ്റ്‐ഒക്‌ടോബർ മാസങ്ങളിൽ കുരുമുളകിന് കൂടുതൽ ആവശ്യക്കാർ എത്തിയതായാണ് ചരിത്രം. ഇക്കുറിയും അതിൽ മാറ്റം സംഭവിക്കാൻ ഇടയില്ലെന്നും ഉറച്ച് വിശ്വസിക്കുന്നു. ആ നിലയ്‌ക്ക് മുന്നിലുള്ള രണ്ട് – മൂന്ന് മാസം മുളക് കൂടുതൽ മികവ് പ്രദർശിപ്പിക്കാം.
കേരളം മാത്രമല്ല, കൂർഗ്ഗ്, ചിക്കമംഗലുർ, ഹസ്സൻ മേഖലകളിലെ പല വൻകിട തോട്ടങ്ങളും മുളകുവില ഉയർന്ന അവസരങ്ങളിൽ അവരുടെ കരുതൽ ശേഖരത്തിൽ നിന്നും കാര്യമായി ചരക്ക് ഇറക്കിയില്ലെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ആ മേഖലയിലെ പല തോട്ടങ്ങളും സന്ദർശിച്ചതു വഴി മനസിലായത്. കാപ്പിയും കുരുമുളകും ഒരേ തോട്ടത്തിൽ കൃഷി ഇറക്കുന്നതിനാൽ ഉൽപാദനച്ചെലവുകൾ നന്നേ കുറവായിട്ടും അവരും ഉൽപാദനം ഉയർത്താനുള്ള കഠിന ശ്രമത്തിലാണ്.
കർണാകടത്തിലെ വൻകിട തോട്ടങ്ങൾ അവരുടെ വിളവിൽ വലിയോരു പങ്ക് അടുത്ത വർഷത്തെ ഉൽപാദനം സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കും വരെ കരുതൽ ശേഖരത്തിൽ നിലനിർത്തുന്നത് അഭികാമ്യമെന്ന നിലപാടിലാണ്. തുലാവർഷത്തിന്റെ കടന്നുവരവിനു ശേഷം മാത്രം 2024ലെ ഉൽപാദനം സംബന്ധിച്ച വ്യക്തതയ്‌ക്കായി കാത്തുനിൽക്കുകയാണവർ. നിലവിലെ കാലാവസ്ഥ വ്യതിയാനങ്ങൾ കണക്കിലെടുത്താൽ വരും മാസങ്ങളിൽ പതിവിൽ നിന്നും വിത്യസ്തമായി പകൽ താപനില ഉയരാനും വരണ്ട കാലാവസ്ഥയ്‌ക്കുള്ള സാധ്യതകളും അടുത്ത സീസണിലെ കുരുമുളക് ഉൽപാദനത്തെ ബാധിക്കുമോയെന്ന ആശങ്കയും കർഷകർക്കുണ്ട്.
തേയില
വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലെ തേയിലത്തോട്ടങ്ങളിൽ കൊളുന്തുനുള്ള് വ്യാപകമായതോടെ അവിടെ തേയിലയുടെ ലഭ്യത മുൻ മാസങ്ങളെ അപേക്ഷിച്ച് ഇരട്ടിച്ചത് വിലത്തകർച്ചയ്‌ക്ക് കാരണമായി. കൊളുന്തുനുള്ള് പുരോഗമിക്കുന്നതിനാൽ ബഹുരാഷ്‌ട്ര കമ്പനികളും തേയില പാക്കറ്റ് നിർമാതാക്കളും കയറ്റുമതിക്കാരും ലേലകേന്ദ്രങ്ങളിൽ പിന്നിട്ട ഏതാനും ആഴ്‌ചകളായി പഴയ വീറും വാശിയും ഒന്നും ചരക്ക് സംഭരണത്തിൽ പ്രകടിപ്പിക്കുന്നില്ല. വിപണിയോടുള്ള അവരുടെ തന്ത്രപരമായ സമീപനത്തിലൂടെ നിരക്ക് താഴ്‌ത്താനാകുമെന്ന കണക്കുകൂട്ടൽ ശരിവച്ചുകൊണ്ട് അവിടെ ലേലത്തിൽ വില ഇടിഞ്ഞു. എന്നാൽ അതിന്റെ പ്രതിഫലനം ദക്ഷിണേന്ത്യൻ തേയില വിലകളെയും ബാധിച്ചത് നമ്മുടെ ഉൽപാദകരുടെ ഉറക്കം ചായ കൂടിക്കാതെ തന്നെ ഇല്ലാതാക്കി. കൂനൂരിലെയും കൊച്ചിയിലെയും ലേല കേന്ദ്രങ്ങളിൽ ഉൽപ്പന്നത്തിന് അടിപതറുന്നു.
പ്രതികൂല കാലാവസ്ഥ തേയിലയുടെ ഗുണനിലവാരത്തെ ചെറിയ അളവിൽ ബാധിച്ചുവെന്നത് യാഥാർഥ്യമെങ്കിലും ഇല, പൊടി തേയിലകളുടെയും നിരക്ക് പല ആവർത്തി ഇടിഞ്ഞത് ചെറുകിട കർഷകരെ മുൾമുനയിലാക്കി. ഓണം അടുത്തതിനാൽ സിവിൽ സപ്ലൈസ് കോർപറേഷൻ തേയിലയിൽ താൽപര്യം കാണിക്കുന്നുണ്ട്. എന്നാൽ വൻകിട വാങ്ങലുകാരിൽ നിന്നും പ്രതീക്ഷയ്‌ക്കൊത്ത് ഡിമാൻഡ് ഉയരുന്നില്ലെന്നത് തിരിച്ചടിയായി.
കയറ്റുമതി മേഖലയിലും കാർമേഘം ഉരുണ്ടു കൂടുന്നത് ദക്ഷിണേന്ത്യൻ തേയിലുടെ വീര്യം കുറച്ചു. സിഐഎസ് രാജ്യങ്ങളിലേക്കും പശ്ചിമേഷ്യയിലേക്കുമുള്ള വാങ്ങലുകൾ അൽപം മന്ദഗതിയിലാണ് നീങ്ങുന്നത്. രാജ്യാന്തര വിപണിയിൽ മുഖ്യ ഉൽപാദകരാജ്യമായ കെനിയയുടെ സാന്നിധ്യം ശക്തമായതിനാൽ ആഫ്രിക്കയിൽ നിന്നും ഇറാനിൽ നിന്നുമുള്ള അന്വേഷണങ്ങളിൽ കുറവ് കണ്ട് തുടങ്ങി.
തേയില വൻ തോതിൽ ഇറക്കുമതി നടത്തുന്ന ഇറാൻ ജൂലൈ മധ്യം മുതൽ ശ്രീലങ്കയിലേക്ക് ശ്രദ്ധതിരിച്ചു. നേരത്തെ ഇറക്കുമതി നടത്തിയ ക്രൂഡ് ഓയിലിന് പകരം കൊളംമ്പോ തേയില കയറ്റുമതി നടത്തി ബാധ്യത കുറയ്ക്കാമെന്ന ഒത്തുതീർപ്പിന്റെ ഭാഗമായി അഞ്ചു വർഷത്തെ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. ഇറാനുമുള്ള ശ്രീലങ്കയുടെ ഈ ബാർട്ടർ സിസ്റ്റം തിരിച്ചടിയായത് കേരളത്തിലെയും തമിഴ്‌നാട്ടിലെയും തേയില വ്യവസായതിനാണ്.
കൊച്ചിയിൽ ഓർത്തഡോക്‌സ് ഇലത്തേയിലകൾക്ക് കഴിഞ്ഞ വാരത്തിലും കിലോയ് 3–5 രൂപ ഇടിഞ്ഞു. നിരക്ക് ഇത്തരത്തിൽ താഴാൻ തുടങ്ങിയാൽ വൻകിട തോട്ടങ്ങളെ ഇത് കാര്യമായി ബാധിക്കില്ലെങ്കിലും ഒന്നും രണ്ടും ഏക്കറിൽ തേയില കൃഷി ചെയ്യുന്ന ചെറുകിട കർഷകർ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടും. താഴ്‌ന്ന വിലയ്‌ക്ക് ചരക്ക് കൈമാറി കൂടുതൽ പ്രതിസന്ധിയിൽ അകപ്പെടുന്നത് ഒഴിവാക്കാൻ ലേലത്തിൽ നിന്നും ചരക്ക് പിൻവലിക്കുന്നവരുടെ എണ്ണത്തിൽ വർധന കണ്ടു തുടങ്ങി.
English summary: Commodity Markets Review July 31