ജനുവരിക്കു മുന്നേ തടാകങ്ങൾ വറ്റിവരളും; പല വിളകളും കൃഷി നാശത്തെ അഭിമുഖീകരിക്കും: പോകുന്നത് വലിയ വിലക്കയറ്റത്തിലേക്ക്!!!

HIGHLIGHTS
  • 2024നെ വരൾച്ച വർഷമായി ഓസ്‌ട്രലിയ ഇതിനകം പ്രഖ്യാപിച്ചു. കാലാവസ്ഥ വ്യതിയാനങ്ങളെ വേണ്ടവിധം വിലയിരുത്തുന്നതിൽ അവർ കാണിച്ച സുഷ്‌കാന്തിയുടെ പകുതിയെങ്കിലും നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാവേണ്ട സമയം അതിക്രമിച്ചു. അമാന്തിച്ച്‌ നിന്നാൽ കേരളം കൂടുതൽ കടക്കെണിയിലേക്കു നീങ്ങുന്നതു കൂടി നാം കാണേണ്ടിവരും.
water
Watering from plastic watering can on the garden. Image credit: VSanandhakrishna/iStockPhoto
SHARE

നാം അറിയുന്നില്ല, ഭൂമി മലയാളം വരണ്ടു തുടങ്ങി. കാലവർഷത്തിന്റെ ആദ്യ പകുതിയിൽ  ലഭിക്കേണ്ട ദാഹജലം ഇക്കുറി മഴ ദൈവങ്ങളിൽ നിന്നും വേണ്ടവിധം കിട്ടാഞ്ഞത്‌ ഭൂമി ദേവിയെ പ്രതിസന്ധിയിലാക്കുന്നു. സ്ഥിതിഗതികൾ നിയന്ത്രത്തിനും അപ്പുറത്തേക്കു നീങ്ങുന്നത്‌ വിലയിരുത്താൻ ഭരണകൂടത്തിനും കഴിയാതെ പോകുന്നു. സുന്ധവ്യഞ്‌ജനങ്ങളുടെയും നാളികേരത്തിന്റെയും ഈറ്റില്ലമായ കേരഭൂമി വെന്തുരുന്ന ദിനങ്ങളാണ്‌ നമുക്ക്‌ മുന്നിലുള്ളത്‌. 

കാലവർഷത്തിൽ ലഭിക്കുന്ന മഴവെള്ളം സംഭരിച്ചാണ് മാർച്ച്‌ വരെ ആവശ്യമായ ജലം ഭൂമി ശേഖരിക്കുന്നത്‌. മൺസൂൺ ഇക്കുറി ചതിച്ചതിന്റെ പ്രത്യാഘാതം ശിഷ്യന്മാർ മാത്രമല്ല, ആശാനും അറിഞ്ഞിട്ടില്ല. കൃഷി വകുപ്പ്‌ ഉറക്കം വിട്ട്‌ ഉണർന്നാലേ വൻ വിപത്തിൽ നിന്നും നമ്മുടെ കാർഷിക മേഖലയെ കൈപിടിച്ച്‌ ഉയർത്താനാകൂ. ജനുവരിക്കു മുന്നേ ഇക്കുറി തടാകങ്ങൾ പലതും വറ്റിവരളും. 

ഡാമുകളിലെ സ്ഥിതി ഇതിനകം തന്നെ അത്ര തൃപ്‌തികരമല്ല. കനാലുകളിലെ ജലത്തെ ആശ്രയിച്ച്‌ കൃഷിയുമായി മുന്നോട്ട്‌ പോകുന്ന നമ്മുടെ വലിയോരു വിഭാഗം കർഷകരും സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടാമെന്ന സ്ഥിതിലേക്കാണ്‌. കാർഷിക വായ്‌പകളെ ആശ്രയിക്കുന്ന കർഷകർ കൂടുതൽ ജാഗ്രതയോടെ ഓരോ ചുവടും വച്ചില്ലെങ്കിൽ നിലനിൽപ്പുതന്നെ അപകടാവസ്ഥയിലാവും. വരണ്ട ഭൂമിയിൽ നിന്നും വിളവ് നമ്മുടെ കണക്കുകൂട്ടലിനൊത്ത്‌ ലഭിക്കില്ല. 

പല വിളകളും വരൾച്ചയിൽ കൃഷി നാശത്തെ അഭിമുഖീകരിക്കാം. എൽ-നിനോ പ്രതിഭാസത്തിന്റെ ആഘാതം മുന്നിൽ കണ്ട്‌ പ്രവർത്തിക്കാൻ നമുക്കായിട്ടില്ല. എന്നാൽ ഇനിയും വൈകിയിട്ടുമില്ല. യുദ്ധകാലാടിസ്ഥാനത്തിൽ കാർഷിക മേഖലയ്‌ക്ക്‌ വരുന്ന ഒൻപതു മാസങ്ങളിലെ ജലസ്രോതസ്‌ എത്തിക്കുന്നതിനുള്ള തീവ്രയജ്ഞങ്ങൾക്ക്‌ തുടക്കം കുറിച്ചാൽ ഭക്ഷ്യ വിഭവങ്ങളുടെ ഉൽപാദനം അൽപ്പമെങ്കിലും പിടിച്ചു നിർത്താനാകൂ.  

ഏലം

2024നെ വരൾച്ച വർഷമായി ഓസ്‌ട്രലിയ ഇതിനകം പ്രഖ്യാപിച്ചു. കാലാവസ്ഥ വ്യതിയാനങ്ങളെ വേണ്ടവിധം വിലയിരുത്തുന്നതിൽ അവർ കാണിച്ച സുഷ്‌കാന്തിയുടെ പകുതിയെങ്കിലും നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാവേണ്ട സമയം അതിക്രമിച്ചു. അമാന്തിച്ച്‌ നിന്നാൽ കേരളം കൂടുതൽ കടക്കെണിയിലേക്കു നീങ്ങുന്നതു കൂടി നാം കാണേണ്ടിവരും. 

സുഗന്ധവിളകളുടെ കാര്യം ഏറെ പ്രതിസന്ധിയിൽ അകപ്പെടാൻ സാധ്യതയുള്ളതിനാൽ കൃഷി വകുപ്പ്‌ ഈ മേഖലയിലെ പ്രതിസന്ധികൾ വേണ്ട വിധം വിലയിരുത്തേണ്ടതായുണ്ട്‌. കുരുമുളക്‌, ഏലം തുടങ്ങി ഒട്ടുമിക്കവയുടെയും ഉൽപാദനം അടുത്ത വർഷം കുത്തനെ കുറയാം. ജലസ്രോതസുള്ള മേഖലകളിൽ, അല്ലെങ്കിൽ നനയ്‌ക്ക്‌ മറ്റു സൗകര്യങ്ങൾ ഒരുക്കാൻ പറ്റുന്ന വൻകിട കർഷകർക്ക്‌ വരൾച്ചയ്ക്കിടയിലും അവരുടെ കൃഷിയിടങ്ങൾ ഒരു പരിധി വരെ സംരക്ഷിക്കാനാവും. 

എന്നാൽ നിത്യവൃത്തിക്കു പോലും പണം കണ്ടെത്താൻ ക്ലേശിക്കുന്ന ചെറുകിട കർഷകർ നക്ഷത്രമെണ്ണാനുള്ള സാഹചര്യം ഒഴിവാക്കേണ്ടത്‌ കേരളത്തിന്റെ ആവശ്യമായി കണ്ട്‌ ധന-കൃഷി വകുപ്പുകൾ അടിയന്തിര നീക്കങ്ങൾക്ക്‌ തയാറാവണം. പച്ചക്കറികൾക്കായി പണ്ടേ നാം തമിഴ്‌നാടിനെയാണ്‌ ആശ്രയിക്കുന്നത്‌. കേരളത്തിലെ ഡാമുകൾ വറ്റുന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങൾ നീങ്ങിയാൽ തക്കാളി മാത്രമല്ല, പലതും നാം 200 രൂപയ്‌ക്ക്‌ മുകളിൽ വാങ്ങാൻ നിർബന്ധിതരാവും. 

ഹൈറേഞ്ചിലെ തോട്ടങ്ങളിൽ ഏലക്ക വിളവെടുപ്പിന്റെ തിരക്കിലാണ്‌ ഉൽപാദകർ. വിളവെടുപ്പ്‌ പുരോഗമിക്കവേ ഏലക്ക ക്ഷാമം മുന്നിൽ കണ്ട്‌ കാർഷിക മേഖല ചരക്കിൽ അൽപം പിടിമുറുക്കിയാൽ സീസൺ ആരംഭത്തിലെ വിലയിടിവിനെ തടയാനാവും. പിന്നിട്ട രണ്ടാഴ്‌ചകളിൽ വിവിധ ലേല കേന്ദ്രങ്ങളിൽ വിൽപ്പനയ്‌ക്ക്‌ എത്തിയ ചരക്കിൽ 95 ശതമാനവും ഇടപാടുകാർ കൊത്തിപ്പെറുക്കിയതിൽ നിന്നും ഒന്ന്‌ വ്യക്തം, അവരും അക്ഷരാർഥത്തിൽ ഭീതിയിലാണ്‌. എന്നാൽ അത്‌ പുറത്ത്‌ പ്രകടിപ്പിക്കാതെ സംയമനം പാലിച്ച്‌ ഏലക്ക സംഭരിക്കുകയാണ്‌ പലരും. 

സംസ്ഥാനത്തെ പല ജില്ലകളിലും പകൽ താപനില പതിവിലും നാല്‌ ഡിഗ്രി വരെ ഉയർന്നു. ഓഗസ്‌റ്റ്‌ ആദ്യ പകുതിയിൽ മഴ സാധ്യതകൾക്ക്‌ മങ്ങലേറ്റു. അറബിക്കടലിൽ മഴമേഘങ്ങളുടെ സാന്നിധ്യം കുറഞ്ഞത്‌ കണക്കിലെടുത്താൽ തെക്കുപടിഞ്ഞാൻ കാലവർഷം ദുർബലാവസ്ഥയിൽ നീങ്ങുമെന്ന്‌ സാരം.  

ഇടുക്കി ജില്ലയിൽ മഴയുടെ അളവ്‌ 53 ശതമാനം കുറവ്‌ സംഭവിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വിവരത്തിനിടയിലും കൃഷി വകുപ്പ്‌ കർഷകർക്കായി യാതൊരു നീക്കവും നടത്തിയിട്ടില്ലെന്നത്‌ ഖേദകരം. പകൽ മാത്രമല്ല, രാത്രിയിലും ഉയർന്ന താപനില തുടരുന്നത്‌ ഏലം വിളവെടുപ്പ്‌ - ഉൽപാദന രംഗം മന്ദഗതിയിലാക്കാം. വാരാന്ത്യം മികച്ചയിനങ്ങൾ കിലോ 3000 രൂപയിലേക്കും ശരാശരി ഇനങ്ങൾ 1800ലേക്കും ചുവടുവച്ചു. 

ഇഞ്ചി/ചുക്ക്

ചുക്ക്‌ വിപണി ചൂടുപിടിച്ചതു കണ്ട്‌ കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും ഉൽപ്പന്നം സംഭരിക്കാൻ പരക്കം പായുന്നു. ചുക്ക്‌ വില ഈ വർഷം ഇതിനകം ഇരട്ടിയാണ്‌ വർധിച്ചത്‌. രൂക്ഷമായ ചരക്ക്‌ ക്ഷാമം  വിലക്കയറ്റത്തിന്‌ വേഗത പകർന്നു. ജനുവരിയിൽ  15,500-17,500 രൂപയിൽ കൊച്ചിയിൽ വിപണനം നടന്ന ചുക്ക്‌ നിലവിൽ 32,500-35,000  രൂപയിലെത്തി. 100 ശതമാനം വിലക്കയറ്റം ഈ വർഷം കാഴ്‌ചവച്ച നമ്മുടെ ആദ്യ ഉൽപ്പന്നവും ചുക്കാണ്‌. 

വിൽപ്പനയുടെ ബംബർ കാലം വരുന്നതേയുള്ളു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ശൈത്യകാലത്തിലേക്ക്‌ പ്രവേശിക്കുന്ന സെപ്‌റ്റംബർ -ഒക്‌ടോബറിലാണ്‌ ആവശ്യം വർധിക്കുക. ആ ഡിമാൻഡ് ഡിസംബറിലെ മഞ്ഞുകാലത്തും നിലനിൽക്കുമെന്നത്‌ ചുക്കിനെ അരലക്ഷത്തിനു  മുകളിൽ എത്തിച്ചാലും അദ്ഭുതപ്പെടാനില്ല.

ഇതിനിടയിൽ തണുപ്പ്‌ മുന്നിൽ കണ്ട്‌ പുതിയ കരാറുകൾക്ക്‌ പശ്‌ചിമേഷ്യൻ രാജ്യങ്ങൾ രംഗത്തുണ്ട്‌. അറബ്‌ രാജ്യങ്ങളുമായി ഇതിനകം തന്നെ പുതിയ കറാറുകളിൽ ഏർപ്പെട്ടതായാണ്‌ വിവരമെങ്കിലും ആഭ്യന്തര വിലക്കയറ്റം ഭയന്ന്‌ വിദേശ ഓർഡറുകൾ സംബന്ധിച്ച വിവരങ്ങൾ കയറ്റുമതി ലോബി പുറത്തുവിടുന്നില്ല. 

പച്ച ഇഞ്ചി വില സർവകാല റെക്കോർഡിലേക്ക്‌ നീങ്ങുന്നത്‌ കണ്ട്‌ ചുക്ക്‌ ഉൽപാദകർ പിന്നോക്കം വലിഞ്ഞു. അവരെ പിടിച്ചു നിർത്താനായില്ലെങ്കിൽ ചുക്കിനെ പിടിച്ചാൽ കിട്ടില്ലെന്ന ആശങ്കയിലാണ്‌ വൻകിട വാങ്ങലുകാർ. പിന്നിട്ട വാരത്തിൽ 3500 രൂപ ഉയർത്തിയാണ്‌ കയറ്റുമതിക്കാർ ചുക്ക്‌ ശേഖരിച്ചത്‌. ചുക്ക്‌ വിലക്കയറ്റം പച്ച ഇഞ്ചി സംസ്‌കരണത്തിലേക്ക്‌ ഉൽപാദകരെ ചെറിയ അളവിൽ ആകർഷിക്കുന്നുണ്ട്‌. കർണാടകത്തിലെ വിവിധ ഭാഗങ്ങളിൽ പച്ച ഇഞ്ചി സംസ്‌കരണ പ്രക്രിയ പുരോഗമിക്കുന്നു. 

English summary: Commodity Markets Review August 7

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS