ആഗോള കാപ്പി വിപണി ചെറിയ ഇടവേളയ്‌ക്കു ശേഷം വീണ്ടും ചൂടുപിടിക്കുന്നു. ഒരു വശത്ത് ലഭ്യത കുറയുമെന്ന ആശങ്ക തല ഉയർത്തുമ്പോൾ മറുവശം കയറ്റുമതി ഉയർത്താൻ മത്സരിക്കുന്നത് വിപണിയിലെ വീറും വാശിയും ശക്തമാക്കി. അനുകൂല കാലാവസ്ഥയിൽ ബ്രസീലിൽ കാപ്പി വിളവെടുപ്പ് ഊർജിതമായതിനൊപ്പം പുതിയ ചരക്ക് ഷിപ്പ്‌മെന്റിന് കാണിച്ച തിടുക്കം വിപണിക്ക് താങ്ങ് പകർന്നു.
ബ്രസീലിൽ കാപ്പി വില വാരാവസാനം അൽപം താഴ്ന്നു. ജൂലൈയിൽ ഗ്രീൻ കോഫി കയറ്റുമതി 22 ശതമാനം ഉയർന്ന വിവരമാണ് വിലയെ സ്വാധീനിച്ചത്. റോബസ്റ്റ കാപ്പി കയറ്റുമതി കഴിഞ്ഞ മാസം മൂന്നിരട്ടി വർധിച്ചതും രാജ്യാന്തര വിപണിയിൽ ചാഞ്ചാട്ടങ്ങൾ സൃഷ്‌ടിച്ചു.
ബ്രസീലിയൻ വരണ്ട കാലാവസ്ഥ കാപ്പി വിളവെടുപ്പ് ത്വരിതപ്പെടുത്തി. ഏതാണ്ട് എല്ലാ മേഖലയിലും ലഭ്യത ഉയർന്നത് വിലയെ ബാധിച്ചു. ബ്രസീൽ കാപ്പി കയറ്റുമതി സഹകരണ സ്ഥാപനമായ കോസുപിയുടെ (Cooxupe), വിലയിരുത്തലിൽ ഓഗസ്‌റ്റ് ആദ്യ വാരത്തിൽ വിളവെടുപ്പ് 75 ശതമാനം പൂർത്തിയായി.
ബ്രസീലിൽ നിന്നും ശുഭകരമായ വാർത്തകളാണ് പുറത്തുവരുന്നതെങ്കിൽ ഉൽപാദകരംഗത്തെ വൻശക്തിയായ കൊളംബിയയുടെ കയറ്റുമതി കഴിഞ്ഞ മാസം 17 ശതമാനം ഇടിഞ്ഞതായി കൊളംബിയൻ കോഫി ഗ്രോവേഴ്‌സ് ഫെഡറേഷൻ. അറബിക്ക കാപ്പിക്കുരു ഉൽപാദനത്തിലെ കുറവ് രാജ്യാന്തര വില ഉയരാൻ അവസരം ഒരുക്കും.
കാപ്പി ഉൽപാദനത്തിൽ വിയറ്റ്നാമിനും കാലിടറി. ജൂലൈയിൽ കയറ്റുമതി 22.6 ശതമാനം കുറഞ്ഞ് 1.8 ലക്ഷം ടണ്ണായി. ജനുവരി- ജൂലൈയിൽ കയറ്റുമതി 2022നെ അപേക്ഷിച്ച് ഇടിഞ്ഞത് ആഗോള വിപണി വർഷാവസാന മാസങ്ങളിൽ ചൂടുപിടിപ്പിക്കാം. വിയറ്റ്‌നാമിൽ ഉൽപാദനം ഏഴു ശതമാനം കുറയുമെന്ന കസ്‌റ്റംസ് ജനറൽ വിഭാഗത്തിന്റെ വിലയിരുത്തലും വിലക്കയറ്റത്തിലേക്ക് വിരൽ ചൂണ്ടുന്നു. ഒക്ടോബർ മുതൽ ജൂൺ കാലയളവിൽ ആഗോള കാപ്പി കയറ്റുമതിയിൽ ആറു ശതമാനം കുറഞ്ഞതായി അന്താരാഷ്‌ട്ര കോഫി ഓർഗനൈസേഷൻ.
കാലാവസ്ഥ വ്യതിയാനം നമ്മുടെ കാപ്പി ഉൽപാദനത്തെയും സ്വാധീനിച്ചു, ജനുവരി അവസാനത്തിലെ മഴയെ ആസ്‌പദമാക്കിയാണ് കാപ്പി പുഷ്‌പിക്കുന്നത്. കൂർഗ്ഗിലെയും ഹസ്സനിലെയും തോട്ടങ്ങളിൽ കാപ്പിക്കുരു മൂപ്പ് എത്തുന്നു. മുൻ വർഷങ്ങളിൽ ഈ മേഖലയിലെ തോട്ടങ്ങളിൽ നേരിട്ട് വിലയിരുത്തിയപ്പോൾ വ്യക്തമായതിൽ നിന്നും വിത്യസ്തമായി ഇക്കുറി മനസിലാക്കാൻ പറ്റിയത് പകൽ താപനിലയിലെ വർധന മൂലം ഇലകളിൽ വരൾച്ചയുടെ സ്വാധീനം കണ്ടുതുടങ്ങി. മഴയുടെ അഭാവം കാപ്പിക്കുരുക്കളുടെ മുഴുപ്പിനെയും ചെറിയതോതിൽ ബാധിച്ചു. അടുത്ത മാസം അറബിക്കയുടെ വിളവെടുപ്പ് തുടങ്ങാനാകുമെന്നാണ് കർഷകരുടെ ഇപ്പോഴത്തെ വിലയിരുത്തൽ. സാധാരണ നവംബർ-ഡിസംബറിലെ തണുപ്പിനിടയിലാണ് വിളവെടുപ്പ് ഊർജിതമാവുക. റോബസ്‌റ്റ ഉൽപാദനവും കുറയാനാണ് സാധ്യത.
ജൂൺ‐ജൂലൈയിൽ വേണ്ടത്ര മഴ ലഭിക്കാഞ്ഞതും കർഷകരെ സമ്മർദ്ദത്തിലാക്കി. ഈ കാലയളവിൽ 38 ശതമാനമാണ് മഴകുറവ്. കേരളത്തിൽ കാപ്പിത്തോട്ടങ്ങളും വരൾച്ചയിലാണ്. കാലവർഷത്തിന്റെ ആദ്യ പകുതിയിൽ വയനാട്ടിൽ മഴ കുറവ് 48 ശതമാനവും ഇടുക്കിയിൽ 52 ശതമാനവുമാണ്. നമ്മുടെ ഉൽപാദകരിൽ ചെറിയ ഒരു ശതമാനം മാത്രമേ സ്പ്രിംഗ്ളർ ജലസേചനം നടത്തുന്നുള്ളു. എന്നാൽ വരൾച്ചയിൽ വെള്ളത്തിന്റെ കുറവ് അവരെയും പ്രതിസന്ധിലാക്കി.
ഏലക്ക
ഏലം വിലയിൽ കഴിഞ്ഞവാരം ദൃശ്യമായ കുതിച്ചുചാട്ടം കർഷകരെ ആവേശം കൊള്ളിച്ചു. ലേല കേന്ദ്രങ്ങളിൽനിന്നും ചരക്ക് സംഭരിക്കാൻ കേരളത്തിലെ മധ്യവർത്തികളും മറ്റ് ഇടപാടുകാരും മത്സരിച്ചത് ശരാശരി ഇനങ്ങളെ മൂന്ന് വർഷത്തെ ഏറ്റവും മികച്ച തലത്തിലേക്ക് കൈപിടിച്ച് ഉയർത്തി. ലേല കേന്ദ്രങ്ങളിലെത്തുന്ന ഏലക്ക കൊത്തിപ്പെറുക്കാൻ ഇടപാടുകാർ കാഴ്‌ചവയ്ക്കുന്ന ആവേശം ഉൽപാദകരുടെ ആത്‌മവിശ്വാസം ഇരട്ടിപ്പിച്ച് കൊണ്ട് ശരാശരി ഇനങ്ങൾ കിലോ 2250 രൂപ വരെ ഉയർന്നു. അതേ സമയം ഇതിന്റെ വില ഒരു വർഷത്തിനിടയിൽ 716 രൂപയിലേക്ക് ഇടിഞ്ഞ ശേഷമുള്ള തിരിച്ചു വരവാണ് ഉൽപന്നം കാഴ്‌ചവയ്ക്കുന്നത്. കഴിഞ്ഞ സീസണിൽ ബമ്പർ വിളവായിരുന്നതും നിരക്ക് കുത്തനെ ഇടിയാൻ കാരണമായി. എന്നാൽ പ്രതികൂല കാലാവസ്ഥയിൽ ഇക്കുറി ഉൽപാദനത്തിൽ 30 മുതൽ 35 ശതമാനം വരെ ചില ഭാഗങ്ങളിൽ കുറയുമെന്ന സൂചനയാണ് കർഷകരിൽ നിന്നും ലഭ്യമാവുന്നത്.
മേയ്-ജൂൺ കാലയളവിലെ വരണ്ട കാലാവസ്ഥ മൂലം ഏലചെടികൾ പുഷ്‌പിക്കാൻ കാലതാമസം നേരിട്ടു. നിലവിൽ ആദ്യ റൗണ്ട് വിളവെടുപ്പാണ് പുരോഗമിക്കുന്നത്. അനുകൂല സാഹചര്യം ലഭ്യമായാൽ തൊണ്ണൂറ് ദിവസങ്ങളിൽ വിളവെടുപ്പ് നടത്താനാവും. ഉൽപാദനത്തിലെ ശോഷിപ്പ് തുടർന്നാൽ ഉത്തരേന്ത്യയിൽ നിന്നുള്ള ഉത്സവകാല ഡിമാൻഡ് ശക്തമാകുന്ന സെപ്‌റ്റംബർ-ഒക്‌ടോബറിൽ നിരക്ക് മൂവായിരത്തിലേക്ക് പ്രവേശിക്കുമെന്ന നിഗനമത്തിലാണ് വലിയോരു വിഭാഗം കർഷകർ.
English summary: Commodity Markets Review August 14