കാർഷിക മേഖലകളിൽ പുതിയ കൊക്കോ മൂത്ത് വിളയുന്നു, ഓണാഘോഷങ്ങൾ കഴിഞ്ഞ് വിളവെടുപ്പിന് തുടക്കം കുറിക്കാമെന്ന നിലപാടിലാണ് വലിയോരു വിഭാഗം കർഷകർ. മികച്ച വിലയാണ് കൊക്കോ കർഷകർക്ക് സമ്മാനിക്കുന്നത്, അതുകൊണ്ടു തന്നെ തോട്ടങ്ങളെ കൂടുതൽ പരിപാലിക്കാനും മരങ്ങളെ ഓമനിക്കാനും ഉൽപാദകർ അധിക സമയം കണ്ടെത്തുന്നു.
കൊക്കോ വില ഇനിയും ഉയരുമെന്ന ഉറച്ച വിശ്വാസം ഉൽപാദകരിൽ ഉടലെടുത്തതോടെ നിലവാരം ഉയർന്ന ചരക്കാണ് വലിയോരു പങ്ക് കർഷകരും വിൽപ്പനയ്‌ക്ക് ഇറക്കുന്നത്. പകൽ മികച്ച വെയിൽ ലഭിക്കുന്നത് മുൻ നിർത്തി വിളവെടുപ്പ് സെപ്‌റ്റംബറിലേക്ക് നീട്ടാൻ കർഷകർ ഉത്സാഹിക്കുന്നു. ഏറ്റവും ഉണക്കു കൂടിയ കൊക്കോ വിപണിയിൽ എത്തിച്ച് ഉയർന്ന വില സ്വന്തമാക്കാൻ ഇത് അവസരമൊരുക്കും.
പച്ചക്കൊക്കോ വില 45 രൂപയാണ്. ഉൽപന്നം ഉണക്കിയാൽ നിലവിൽ വില കിലോ 200‐210 വരെ ഉറപ്പ് വരുത്താനാകുന്നു. ഹൈറേഞ്ച് ചരക്കിന്റെ ഗുണമേന്മ ഉയർന്നതിനാൽ ചോക്ക്‌ലേറ്റ് വ്യവസായികൾ 225‐230 രൂപ വരെ കൊക്കോയ്‌ക്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് തിരിഞ്ഞാൽ കാംകോ കർഷകരിൽ നിന്നും 235 രൂപയ്‌ക്കാണ് ഉൽപ്പന്നം ശേഖരിക്കുന്നത്.
മികച്ച വില ഉറപ്പ് വരുത്താനാവുന്നതുകൊണ്ടു തന്നെ വൻകിട കമ്പനികൾ രംഗത്ത് താൽപര്യം കാണിക്കുന്നുണ്ട്. കാര്യമായ കീടബാധ ആക്രമണങ്ങളിൽനിന്നും തോട്ടങ്ങൾ വിട്ടു നിൽക്കുന്നതിനാൽ ഉൽപാദന നഷ്‌ടം കുറഞ്ഞതും വരുമാനം ഉയർത്താൻ അവസരം ഒരുക്കും. വരൾച്ചയുടെ ആക്കം കണക്കിലെടുത്താൽ അടുത്ത വർഷം കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും ഉൽപാദനം കുറയാനുള്ള സാധ്യത തല ഉയർത്താം.
1984 ൽ കേരളം കനത്ത വരൾച്ചയെ അഭിമുഖീകരിച്ച വേളയിൽ അന്ന് കൊക്കോ ഇവിടെ പുതിയ ഒരു വിളയായിരുന്നു. വരൾച്ചയുടെ ആഘാതം കൃഷിയെ കാര്യമായി ബാധിച്ചു. കുളങ്ങളിൽ നിന്നും വെള്ളം എത്തിച്ച് മരങ്ങളുടെ നിലനിൽപ്പ് ഉറപ്പ് വരുത്താൻ കർഷകർ കിണഞ്ഞു ശ്രമിച്ചു. ഇതിനിടയിൽ വ്യവസായികൾ സംഭരണത്തിൽ നിന്നും മെല്ലെ അകന്നതും പിന്നീട് വലിയോരു പങ്ക് കർഷകർ കൊക്കോയെ കൈവെടിഞ്ഞതും കേരള ചരിത്രം. നിലവിൽ അതിശക്തമായ ഒരു ചോക്ക്‌ലേറ്റ് വിപണി രാജ്യം പടുത്തുയർത്തി കൊക്കോ ഉൽപാദകൾക്ക് മുന്നിൽ ഒരു വസന്തകാലം തന്നെ സൃഷ്‌ടിച്ചു.
ഇതിനിടെ കാലാവസ്ഥ വ്യതിയാനത്തിൽ പശ്ചിമ ആഫ്രിക്കയിൽ കൊക്കോ ഉൽപാദനത്തിൽ വൻ ഇടിവ്. മുഖ്യ ഉൽപാദകരാജ്യങ്ങളിലെ പുതിയ സംഭവികാസങ്ങൾ വ്യവസായികളെ സമ്മർദ്ദത്തിലാക്കുന്നു. കൊക്കോ ഉൽപാദനത്തിൽ മുന്നിൽ ഐവറി കോസ്റ്റാണ്, തൊട്ട് പിന്നിൽ ഘാനയും നൈജീരിയയും കാമറൂണുമുണ്ടെങ്കിലും എല്ലാ മേഖലകളും എൽ‐നിനോ പ്രതിഭാസം മൂലം അനുഭവപ്പെട്ട കനത്ത മഴ തിരിച്ചടിയായി.
എൽ‐നിനോ മൂലം ഐവറി കോസ്റ്റിൽ ഉൽപാദനത്തിൽ വൻ ഇടിവ് സംഭവിക്കുമെന്ന് കർഷകരുടെ വിലയിരുത്തൽ. നിലവിൽ വില ഏത് തലം വരെ സഞ്ചരിക്കുമെന്നതിൽ അവർക്ക് വ്യക്തമായ ധാരണയില്ല. 2016ൽ ഇത്തരം ഒരു വരൾച്ചയെ അഭിമുഖീകരിച്ചപ്പോൾ കൊക്കോ രാജ്യാന്തര മാർക്കറ്റിൽ ഒരു വ്യാഴവട്ടത്തെ ഏറ്റവും ഉയർന്ന വില ദർശിച്ചിരുന്നു. എന്നാൽ ഇക്കുറി അതെല്ലാം മറികടക്കുന്ന പ്രകടനം കൊക്കോ പുറത്തെടുക്കാം.
ഘാനയിലേക്കു തിരിഞ്ഞാൽ ചരക്കു ക്ഷാമം അത്യന്തം രൂക്ഷമെന്ന് മനസിലാക്കി അവർ പുതിയ കരാറുകളിൽ നിന്നും പൂർണമായി വിട്ടു നിൽക്കുന്നു. അതേ, യഥാസമയം ചരക്ക് കൈമാറാനാവില്ലെന്ന അവസ്ഥ. എട്ടര ലക്ഷം ടൺ കൊക്കോ ഉൽപാദനം പ്രതീക്ഷിച്ചിച്ചെങ്കിലും സ്ഥിതി തീർത്തും പരുങ്ങലിൽ. ഉൽപാദനം 24 ശതമാനം ഇടിഞ്ഞ് ആറര ലക്ഷത്തിൽ ഒരുങ്ങുമെന്നാണ് സൂചന. നിലവിൽ ഘാനയും ഐവറി കോസ്റ്റും മുൻകൂർ കച്ചവടങ്ങളിൽ നിന്നും പിൻവലിഞ്ഞത് രാജ്യാന്തര മാർക്കറ്റിൽ അടുത്ത വർഷം കൊക്കോ വില സർവകാല റെക്കോർഡിലേക്ക് ഉയർത്താം.
അപ്രതീക്ഷിത മഴയിൽ കൊക്കോ കായ്കൾ കറുപ്പ് നിറമായി മാറുന്നതിനൊപ്പം ചീഞ്ഞഴുകുന്നത് ബ്ലാക്ക് പോഡ് രോഗം ആഫ്രിക്കൻ തോട്ടങ്ങളിൽ വ്യാപിക്കാൻ ഇടയാക്കി. ഉൽപാദനം കുറയാൻ മാത്രമല്ല, ഗുണനിലവാരത്തയും ഇത് കാര്യമായി ബാധിക്കും. കൊക്കോ ബീൻ ഉൽപാദനത്തിൽ മുന്നിട്ട് നിൽക്കുന്ന നൈജീരിയയുടെ കയറ്റുമതിയും താളം തെറ്റുന്നുണ്ട്.
3180 ഡോളറിൽ നീങ്ങുന്ന രാജ്യാന്തര വില സെപ്‌റ്റംബറിനകം 3400 ലെ പ്രതിരോധം മറികടന്നാൽ 2016ലെ ആവർത്തനം കണക്കെ കൊക്കോ സർവകാല റെക്കോർഡ് വിലയായ 3826നെ ലക്ഷ്യമാക്കുമെന്ന് ആഗോള തലത്തിലെ സ്ഥിതിഗതികൾ വിലയിരുത്തി ജൂൺ ആദ്യം കർഷകശ്രീ വ്യക്തമാക്കിയിരുന്നു. അന്നത്തെ ആ വിലയിരുത്തൽ ശരിവെച്ച് വില ഇതിനകം 3400 മറികടന്നുവെന്ന് മാത്രമല്ല, 3652 ഡോളർ വരെ കയറി. നിലവിൽ 3362-3113 ഡോളറിലെ താങ്ങ് നിലനിൽക്കുവോളം ആഗോള കൊക്കോ കർഷകർക്ക് ചോക്ക്‌ലേറ്റിന്റെ മാധുര്യം നുകരാനാവും.
വെളിച്ചെണ്ണ
ഇനി ഏഴ് നാൾ മാത്രം, അതേ, കേരളത്തിൽ വെളിച്ചെണ്ണ വിൽപ്പന ഏറ്റവും ഉയരുന്ന ദിനങ്ങളാണ് മുന്നിലുള്ളത്. തിരുവോണം വരെ വിൽപ്പന പൊടിപൊടിക്കാം, അത്തരം ഒരു വിശ്വാസത്തിലാണ് കൊപ്രയാട്ട് വ്യവസായികളും നാളികേര ഉൽപാദകരും. ഗ്രാമീണ മേഖല ഉയർന്ന പകൽച്ചൂടിൽ ഉണക്കിയ കൊപ്രയുമായി വിപണിയെ സമീപിക്കുന്നുണ്ട്. വ്യവസായികളുടെ ഭാഗത്തുനിന്നും കാര്യമായ പിൻതുണ ഏതാനും ദിവസങ്ങളായി ഉൽപാദകർക്ക് ലഭിക്കാത്തതിനാൽ തിരക്കിട്ടുള്ള വിൽപ്പനയിലേക്ക് തിരിയാൻ കാർഷിക മേഖല നിർബന്ധിതരാവുന്നു. വ്യവസായികൾ ലക്ഷ്യമിട്ടതും ഇത്തരം ഒരു സ്ഥിതിവിശേഷം വിപണിയിൽ സൃഷ്‌ടിക്കാനായിരുന്നു.
ഇതിനിടെ സ്റ്റോക്കുള്ള വെളിച്ചെണ്ണ വിൽപ്പന നടത്താൻ മില്ലുകാരും പരക്കം പായുന്നു. സ്‌പെഷൽ ഓഫറുകൾ വഴി ലീറ്ററിന് 113 രൂപ വരെ വില താഴ്‌ത്തി ഓണ വിപണി കൈപ്പിടിയിൽ ഒതുക്കാൻ ശ്രമം നടത്തി. ഇറക്കുമതി എണ്ണകളെ തഴയാനുള്ള മനസ് ഉത്സവവേളയിൽ കേരളം കാണിച്ചാൽ നാളികേര മേഖലയ്‌ക്ക് അത് ആശ്വാസംപകരും. തമിഴ്‌നാട് വെളിച്ചെണ്ണ ക്വിന്റലിന് 11,350ന് കൈമാറുമ്പോൾ കൊച്ചിയിൽ വില 12,500ലും കോഴിക്കോട് 13,750 രൂപയുമാണ്. മണികൂറുകൾ മാത്രം ദൂരമുള്ള വിപണികളിലെ വിലയിലുള്ള അന്തരം ചുരുക്കിയാൽ കേരളം പാം ഓയിലിനെയും സൂര്യകാന്തിയെണ്ണയെയും തഴഞ്ഞ് നമ്മുടെ അടുക്കളയിൽ വെളിച്ചെണ്ണയുടെ നറുമണം സൃഷ്ടിക്കാനാവും.
English summary: Commodity Markets Review August 21