ഓണക്കാലത്ത് പണ്ട് വീടുകളിൽ എത്തിയിരുന്ന അദ്ഭുത രൂപങ്ങൾ ഓര്‍മയില്ലേ? ഒരു അമ്മൂമ്മയുടെ വേഷമായിരുന്നു ഏറ്റവും കൗതുകകരം. കാതിൽ വഴുതനങ്ങക്കമ്മൽ! ചകിരി കൊണ്ട് തലമുടി! കൈകളിൽ ചുണ്ടങ്ങകൾ കോർത്തെടുത്ത വളകൾ! പാളച്ചെരുപ്പ്!
"തേങ്ങാ മരം കായ്ക്കണമെങ്കിൽ കിഴവിത്തള്ളയ്ക്കൊരു തേങ്ങാ കൊടുപ്പിൻ"- എന്നു പാടിക്കൊണ്ട്, കുമ്മാട്ടിക്കളിയിലെ കഥാപാത്രമായിരുന്ന 'തള്ള'യുടെ വരവാണത്.
വടക്കൻ കേരളത്തിലെ ഓണപ്പൊട്ടന്റെ വേഷമാണെങ്കിൽ കുരുത്തോലയിലും വാഴപ്പോളയിലും ഒരുക്കിയതാണ്. ഓലത്തത്തകളും വാഴക്കൂമ്പു കൊണ്ടുണ്ടാക്കിയ കിളികളുമായി കുറവനും കുറത്തിയും. എള്ളും മലരുമെറിഞ്ഞു വീട്ടിലുള്ളവർക്ക് അനുഗ്രഹം ചൊരിയുന്ന ഈ ദമ്പതികൾ പുരുഷനും പ്രകൃതിയുമായ ശിവ-പാർവതിമാര്‍ എന്നു സങ്കല്‍പം. നമ്മുടെ ഹരിത –കാർഷിക സംസ്കൃതിയുടെ പ്രതീകങ്ങളായിരുന്നു, ഫലങ്ങളും പച്ചക്കറികളും പച്ചിലകളും പാളയും കുരുത്തോലയും ആടയാഭരണങ്ങളാക്കിയ ഈ മായാ മനുഷ്യർ.
കർക്കിടകം മുതൽ ഓണത്തെ വരവേൽക്കാനുള്ള തത്രപ്പാട് തുടങ്ങും. കർക്കിടക സംക്രാന്തിയിൽ ആദ്യം 'ചേട്ട' ഭഗവതിയെ പുറത്താക്കി ശുഭകരിയായ 'ശീവോതി'യെ സ്വീകരിക്കുന്ന ചടങ്ങു നടക്കും. അതു ശരിക്കും വാര്‍ഷിക മാലിന്യ നിർമാർജനം തന്നെയായിരുന്നു. വീടും പറമ്പും വൃത്തിയാക്കി ശീവോതിയെ വരവേറ്റാല്‍ പിന്നെ ഓണത്തിനായുള്ള കാത്തിരിപ്പാണ്.
ഓണത്തിന് എന്തു നിറം?
ഓണത്തിന്റെ വരവ് മുറ്റത്തു പൂത്തുമ്പികൾ വന്നാല്‍ പിന്നെ വൈകില്ല, വാനം ഓണക്കോടി ഉടുക്കുകയായി. പറമ്പിലെങ്ങും ഓണപ്പൂക്കൾ. തുമ്പപ്പൂ, മുക്കുറ്റിപ്പൂ, മത്തപ്പൂ, കുമ്പളപ്പൂ, ഒടിച്ചുകൂത്തിപ്പൂ, അലരിപ്പൂ, ചെമ്പരത്തിപ്പൂ, നിലപ്പന, കൃഷ്ണ ക്രാന്തി, കണ്ണാന്തളി, കായാമ്പൂ, കദളി, അരിപ്പൂ എന്നീ നാടൻ പൂവുകളാണ് ചിങ്ങ മലരുകൾ.
ഓണക്കാലത്തു മാത്രം പൂക്കുന്ന കാളപ്പൂവിനെ 'ഓണപ്പൂവ്' എന്നാണ് വിളിക്കുക. ഇതിനു മഞ്ഞ നിറമാണ്. അതു കൊണ്ടാവാം ഓണത്തിന്റെ നിറം മഞ്ഞയായത്. ഓണ വെയിലിനും ഓണത്തുമ്പികൾക്കും ഓണ മുണ്ടിനും മഞ്ഞ നിറമാണല്ലോ.
ചേനച്ചെത്തും ചെറുപയറും
ഓണപ്പായസത്തിന്റെ സ്വാദു പുരണ്ട ഉരുളികളും ചട്ടുകങ്ങളും ഉപ്പേരി കോരുന്ന കണ്ണാപ്പയും നിലവറയില്‍നിന്ന് അടുക്കളയിലേക്ക് പ്രവേശിക്കും. വെന്തു പാകമായ വെളിച്ചെണ്ണയുടെയും ഉപ്പേരികളുടെയും മണം എങ്ങും നിറയും. ചക്കയരക്കു തേച്ചുണ്ടാക്കുന്ന പന്തം തിരുവോണത്തലേന്ന് ഉച്ചയ്ക്കു മുന്‍പേ കത്തിച്ച് പടിപ്പുര വാതിലിനു മുമ്പിൽ കുത്തി നിർത്തും. ചെറിയ നാക്കിലയിൽ ചോറും കറികളും അടുത്തു വച്ചിട്ടുണ്ടാവും. കത്തുന്ന പന്തത്തിനു മുന്‍പിൽനിന്ന് കുട്ടികൾ കൈകൊട്ടി പാടും.
‘‘ഓണത്തപ്പാ കുടവയറാ നാളെ പോരും തിരുവോണം!
തിരുവോണക്കറിയെന്തെല്ലാം? ചേനച്ചെത്തും ചെറുപയറും!’’
ഓണത്തപ്പന് വഴി തെറ്റാതെ വരാനുള്ള അടയാളങ്ങളാണ് കത്തുന്ന പന്തവും ഈ വായ്ത്താരിയും.
മാളുകളിലെ ഓണം
എല്ലാം കിട്ടുന്ന മാളുകള്‍ ഉള്ളപ്പോള്‍ എന്തിനു കൃഷി? എന്തിനു വീട്ടില്‍ പാചകം? എന്നാണ് ഇന്നു പൊതുവേ മനോഭാവം. കൊല്ലവർഷം പിറക്കുന്ന ചിങ്ങം ഒന്ന് കര്‍ഷക ദിനമായി ഇന്നു നമ്മള്‍ ‘ആചരിക്കുന്നു’ണ്ട്. അപ്പോഴും പ്രകൃതിയുടേയും കൃഷിയുടെയും ആഘോഷമായാണ്, വിളവെടുപ്പുത്സവമായാണ് ഓണം പിറന്നതെന്നു നാം മറക്കുന്നു. നാഴിയിടങ്ങഴി മണ്ണില്‍ സ്വന്തമായി കൃഷിചെയ്ത് ഓണത്തിനെങ്കിലും വിഷം തീണ്ടാത്ത പഴം–പച്ചക്കറികള്‍കൊണ്ട് ഭക്ഷണമൊരുക്കി നമ്മുടെ മക്കള്‍ക്കു കൊടുക്കണമെന്ന് നമുക്കൊന്നു ചിന്തിച്ചാലോ?
English summary: Onam- Amazing rituals you must be aware of