ADVERTISEMENT

വാഴക്കുലയില്ലാത്ത പഴക്കടയോ പച്ചക്കറിക്കടയോ കാണില്ല. അത്രത്തോളം നമ്മുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാണിന്ന് വാഴപ്പഴം. ഭക്ഷ്യവിഭവമായി മാത്രമല്ല,  ആചാര,  ആഘോഷവേളകളിൽ ഐശ്വര്യത്തിന്റെ പ്രതീകമായും കുലവാഴയലങ്കാരങ്ങൾ കാണാം. തമിഴ്നാടിന്റെ പൗരാണിക സംഘസാഹിത്യത്തിൽ ‘മുക്കനി’ എന്നു വിശേഷിപ്പിക്കുന്ന മൂന്നു പഴങ്ങൾ മാമ്പഴം, ചക്കപ്പഴം, വാഴപ്പഴം എന്നിവയാണ്. അത്രത്തോളം പഴമയുണ്ട് നമ്മുടെ ഭക്ഷ്യശീലത്തിൽ വാഴപ്പഴത്തിന്. അലക്സാണ്ടർ ചക്രവർത്തി നൂറ്റാണ്ടുകൾക്കു മുൻപ് ഭാരതം ആക്രമിച്ചപ്പോൾ വാഴപ്പഴത്തിന്റെ രുചിയിൽ ആകൃഷ്ടനായി, മടങ്ങുമ്പോൾ കൂടെ കൊണ്ടുപോയി എന്നും ചരിത്രം.

ഒട്ടേറെ ഇനങ്ങളുണ്ടെങ്കിലും നേന്ത്രൻ, പാളയംകോടൻ, ഞാലിപ്പൂവൻ, റോബസ്റ്റ, കപ്പവാഴ (ചെങ്കദളി), മൊന്തൻ, പടറ്റി, മട്ടി എന്നിവയാണ് കേരളത്തിൽ മുഖ്യമായും കൃഷിചെയ്യുന്നത്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത് നേന്ത്രനും പാളയംകോടനും ഞാലിപ്പൂവനുമാണ്. തെക്കൻ കേരളത്തിൽ പ്രചാരമുള്ള കപ്പപ്പഴം ‌വിപണനമൂല്യമേറിയ ഇനമാണ്. കുന്നനും പടറ്റിയും ഔഷധഗുണമുള്ള ഇനങ്ങള്‍. മട്ടിപ്പഴം തമിഴ്നാടിനോടു ചേർന്നുള്ള തെക്കൻ കേരളത്തിലാണ് കൂടുതലും കൃഷി.  

banana-1

ആരോഗ്യപ്പഴം

ഒട്ടേറെ ഔഷധ–ആരോഗ്യമേന്മകളുണ്ട് വാഴപ്പഴത്തിന്. ശരീരത്തിൽ കാത്സ്യം, പൊട്ടാസ്യം, സോഡിയം അനുപാതം ശരിയായി നിലനിർത്താൻ വാഴപ്പഴത്തിനു കഴിയും. വാഴപ്പഴം കഴിക്കുന്നത് മലബന്ധത്തിന് ആശ്വാസമാകുമെന്ന് മിക്കവർക്കും അറിയാം. എന്നാൽ, വയറിളക്കം കഴിഞ്ഞ് ശോധന പൂർവസ്ഥിതിയിലാകാൻ നേന്ത്രപ്പഴം കഴിക്കുന്നത് ഗുണകരമെന്ന് പലർക്കും അറിയില്ല. പഴങ്ങളിലുള്ള സെലുലോസ്, ഹെമിസെലുലോസ്, ഗ്ലൂകെൻ, പെക്റ്റിൻ, ഫ്രക്ട്ടോ ഒളിഗോസാകറൈഡ്സ് എന്നീ ഘടകങ്ങൾ വയറിനും കുടലിനും ഗുണകരമാണ്. ഏത്തക്കപ്പൊടി കുറുക്കി കഴിക്കുന്നത് അൾസര്‍ ശമിപ്പിക്കും.

ശരീരത്തിന് ദിവസേന ആവശ്യമായ പൊട്ടാസ്യത്തിന്റെ 23 ശതമാനം ഒരു പഴത്തിൽനിന്നു ലഭിക്കും. മാംസപേശികളുടെ പ്രവർത്തനത്തിനും രക്തസമ്മർദം കുറയ്ക്കാനും പക്ഷാഘാതം നിയന്ത്രിക്കാനും പൊട്ടാസ്യം പ്രധാനമാണ്.  ശരീരപുഷ്ടിക്ക്  അത്യന്താപേക്ഷിതമായ വൈറ്റമിൻ ബി 6ന്റെയും മികച്ച സ്രോതസ്സാണ് വാഴപ്പഴം. ശരീരത്തിനു ദിവസവും വേണ്ട 41 ശതമാനം ബി 6 ഒരു പഴത്തിൽനിന്നു കിട്ടും. മാനസിക പിരിമുറുക്കം കുറയ്ക്കാനും ബി 6 ന് കഴിവുണ്ട്.  ദിനംപ്രതി ആവശ്യമുള്ള വൈറ്റമിൻ സിയുടെ 15 ശതമാനം ഒരു പഴം കഴിച്ചാല്‍ ലഭിക്കും. വൈറ്റമിൻ സി രോഗ പ്രതിരോധശേഷി വർധിപ്പിക്കും.

വാഴപ്പഴത്തിൽ അന്നജം സൂക്രോസ്, ഫ്രക്ടോസ്, ഗ്ലൂക്കോസ് രൂപങ്ങളിലാണുള്ളത്. അതിനാല്‍ ക്ഷീണം അകറ്റാനും ഊർജം പകരാനും ഉചിതം. വ്യായാമം തുടങ്ങും മുൻപ് ഒരു പഴം കഴിക്കുന്നത് കൂടുതൽ ഊർജം നൽകും. പൊട്ടാസ്യം മാംസപേശികൾക്ക് കൂടുതൽ ശക്തിയും നൽകും. അമിനോ അമ്ലമായ ട്രിപ്റ്റോ‌ഫാൻ  അടങ്ങുന്നതിനാൽ പഴം കഴിക്കുന്നത് ഉറക്കമില്ലായ്മയ്ക്കു പരിഹാരമത്രെ. രാത്രി കിടക്കുന്നതിനു മുൻപ് ഒരു പഴം കഴിക്കാം. ഒരു ഇടത്തരം പഴത്തിൽനിന്ന് ഏതാണ്ട് 116 കിലോ കാലറി ഊർജം ലഭിക്കും. അതുകൊണ്ടുതന്നെ വയറു നിറയാനും പെട്ടെന്ന് വിശപ്പു മാറാനും പഴം നന്ന്. ഇതിലുള്ള നാരുകൾ കൊളസ്ട്രോൾ കുറയ്ക്കും. പൊട്ടാസ്യം, വൃക്കകളിൽ കാത്സ്യം അടിഞ്ഞു കൂടുന്നതു തടയും. അതുവഴി മൂത്രാശയക്കല്ലിനു സാധ്യത കുറയും.

കുഞ്ഞുങ്ങൾക്ക് കട്ടിയാഹാരം കൊടുത്തു തുടങ്ങുമ്പോൾ ഏറ്റവും മികച്ച വിഭവങ്ങളാണ് ഏത്തയ്ക്ക കുറുക്കിയതും വേവിച്ച ഏത്തപ്പഴവും. ഇവ വേഗം ദഹിക്കും. അതിലുള്ള കാത്സ്യം, പൊട്ടാസ്യം, സെലനിയം, ഇരുമ്പ്, വൈറ്റമിൻ ബി, സി, ഇ എന്നിവ കുഞ്ഞുങ്ങളെ ആരോഗ്യമുള്ളവരാക്കും. 

ഔഷധപ്പഴം

സൗന്ദര്യ സംരക്ഷകവുമാണ് വാഴപ്പഴം. ചർമകാന്തിക്കും  മുടിയുടെ ആരോഗ്യത്തിനും പഴം അരച്ചു പുരട്ടുന്ന പതിവുണ്ട്. പഴം അരച്ച് വ്രണങ്ങളിലും പൊള്ളലേറ്റ ഭാഗങ്ങളിലും പുരട്ടുന്നത് നീറ്റലും വേദനയും കുറയ്ക്കും. എന്നാൽ ചിലര്‍ക്ക്, വിശേഷിച്ച്  മൈഗ്രെയ്ൻ ഉള്ളവര്‍ക്കു പഴം കഴിക്കുന്നത് ശാരീരിക ബുദ്ധിമുട്ടുണ്ടാക്കുന്നതായി റിപ്പോർട്ടുണ്ട്. പഴം കൂടുതൽ കഴിക്കുന്നവരിൽ മാംസ്യത്തിന്റെ കുറവുണ്ടാകാം. 

വിലാസം: പ്രഫസർ (കമ്യൂണിറ്റി സയൻസ്), കാർഷിക കോളജ്, വെള്ളായണി.

English summary: Incredible Health Benefits Of Bananas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com