ശുദ്ധമായ പാൽ, അതും പശുവില്ലാതെ: ഇത് രഹസ്യങ്ങളില്ലാത്ത മായാജാലമെന്ന് ഇസ്രയേൽ കമ്പനി
Mail This Article
പശുവില്ലാതെ പാലും പാല്‍ ഉൽപന്നങ്ങളും നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രയേലില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ് ആയ ഇമേജിന്‍ ഡെയറി. പശു നമുക്കു പാല്‍ തരുന്നു എന്നു പറഞ്ഞു പഠിച്ച നമ്മളില്‍ ചിലരെങ്കിലും ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകും പശുവില്ലാതെ, കന്നുകാലികളൊന്നുമില്ലാതെ എങ്ങനെയാണപ്പാ പാലുണ്ടാവുക എന്ന്. പശുവിന്‍ പാലിന്റെ അതേ ഗുണവും രുചിയുമൊക്കെയുള്ള പുത്തന്‍ പാല്‍ നമുക്കു തരുന്നത് കൂണാണ്. കൂണില്‍ നിന്നുലഭിക്കുന്ന പാലുപയോഗിച്ച് നിര്‍മിക്കുന്ന ഉൽപന്നങ്ങള്‍ക്ക് രുചിയും ഗുണവും ഏറെയാണെന്നു മാത്രമല്ല ഉൽപദനച്ചെലവ് താരതമ്യേന കുറവുമാണ്.
ഹൈഫ ആസ്ഥാനമായുള്ള ഇമേജിന്‍ ഡെയറി പാലിലുള്ള പ്രോട്ടീനുകളുടെ സ്വതന്ത്ര ഡിഎന്‍എ കോഡുകള്‍ ഉപയോഗിച്ച് പുതിയ ഡിഎന്‍എ നിര്‍മിക്കുന്നു.‘വേ, കസീൻ എന്നിങ്ങനെ രണ്ടു പ്രധാന പ്രോട്ടീനുകളാണ് പാലിലുള്ളത്. എല്ലാ പാലുൽപന്നങ്ങളിലും ഈ പ്രോട്ടീനുകളുണ്ട്. പശുവില്‍ പാലിലെ പ്രോട്ടീനിന്റെ 80 ശതമാനം കസീനും ഇരുപതു ശതമാനം വേയുമാണ്’ഇമേജിന്‍ ഡെയറി സിഇഓയും സഹസ്ഥാപകനുമായ ഇയല്‍ ഏഫെര്‍ജന്‍ പറയുന്നു. ഇതു സംബന്ധിച്ച വിവരങ്ങള്‍ യുഎസ് സര്‍ക്കാരിന്റെ നാഷനല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഏഫെര്‍ജന്‍ ബയോകെമിക്കല്‍ എന്‍ജിനീയര്‍ കൂടിയാണ്.
പ്രിസിഷന്‍ ഫെര്‍മെന്റെഷന്‍ എന്ന പ്രക്രിയയുടെ സഹായത്തോടെ പാലിലെ പ്രധാന പ്രോട്ടീനുകള്‍ ഇമേജിന്‍ ഡെയറി അവരുടെ ലാബില്‍ വികസിപ്പിച്ചെടുക്കുകയായിരുന്നു. സൂക്ഷ്മജീവികളുടെ ഡിഎന്‍എയിലേക്ക് പുതിയ ജീനുകള്‍ കടത്തിവിട്ട് പ്രോട്ടീനുകളും മറ്റ് മിശ്രിതങ്ങളും തയാറാക്കുകയാണ് ഈ പ്രക്രിയയുടെ ലക്ഷ്യം. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ഭക്ഷ്യവ്യവസായ രംഗത്ത് ഈ രീതി നിലനില്‍ക്കുന്നുവെന്ന് ഏഫെര്‍ജന്‍ പറയുന്നു.
ഞങ്ങള്‍ പുതുതായി എന്തെങ്കിലും ചെയ്യുന്നു എന്ന് അവകാശപ്പെടുന്നില്ല. എന്നാല്‍, ഞങ്ങളതു ചെയ്യുന്ന രീതി തികച്ചും വ്യത്യസ്തമാണ്. ഫംഗസിന്റെ ഡിഎന്‍എയുടെ നിശ്ചിത സ്ഥാനത്ത് ഞങ്ങള്‍ പുതുതായി വികസിപ്പിച്ചെടുത്ത ഡിഎന്‍എ കൂട്ടിച്ചേര്‍ക്കുന്നു. ഇതാണ് കൂണിലെ പാല്‍ ഉൽപാദനത്തിന് കാരണമാകുന്നത്. ഫംഗസുകളുടെ അടിസ്ഥാനപരമായ പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ അപഹരിക്കുകയാണിവിടെ.
എന്തുകൊണ്ട് കൂണ്‍?
'കുറഞ്ഞ ചെലവില്‍ വേഗത്തില്‍ ചെയ്യാവുന്നതാണ് കൂണ്‍ കൃഷി. ഇത് ഓരോ 24 മണിക്കൂറിലും ഇരട്ടി വലുപ്പം വയ്ക്കുന്നുവെന്നു മാത്രമല്ല, മണ്ണിനു മുകളില്‍ കണ്ടുകഴിഞ്ഞാല്‍ നാലു ദിവസത്തിനുള്ളില്‍ വിളവെടുക്കാവുന്നതുമാണ്. വിളവെടുപ്പു കഴിഞ്ഞ കൂണുകള്‍ ആവശ്യത്തിനു പാല്‍ പ്രോട്ടീനുകള്‍ ഉൽപാദിപ്പിച്ചുകഴിഞ്ഞാല്‍ ഇമേജില്‍ ഡെയറി അതിലേക്ക് പ്ലാന്റ് ബേസ്ഡ് കാര്‍ബോഹൈഡ്രേറ്റുകള്‍, കൊഴുപ്പ് തുടങ്ങിയവ ചേര്‍ക്കുന്നു. ശേഷം ഇതുപയോഗിച്ച് പാല്‍, ചീസ്, ഐസ്‌ക്രീം മുതലായ പാലുൽപന്നങ്ങള്‍ നിര്‍മിക്കുന്നു' ഏഫര്‍ജന്‍ വിവരിക്കുന്നു. ഫ്‌ളാക്‌സ് സീഡുകള്‍, തേങ്ങ, ഹെംപ് സീഡ്, അവക്കാഡോ, ഒലീവ്, എള്ള്, നട്‌സ് മുതലായവയില്‍ പ്‌ളാന്റ് ബേസ്ഡ് ഫാറ്റ് ധാരാളമായി കാണപ്പെടുന്നു.
ടെല്‍ അവീവ് സര്‍വകലാശാലയിലെ കംപ്യൂട്ടേഷന്‍ സിസ്റ്റംസ് ആന്‍ഡ് സിന്തറ്റിക് ബയോളജി ലാബിന്റെ തലവനും ഇമേജിന്‍ ഡെയറിയുടെ സഹസ്ഥാപകനും സിഎസ്ഒയുമായ പ്രഫ. തമിര്‍ ടുള്ളര്‍ വികസിപ്പിച്ചെടുത്തതാണ് കമ്പനിയുടെ പ്രവര്‍ത്തന രീതികള്‍.
ആരോഗ്യം മുഖ്യം- മനുഷ്യന്റെയും ഭൂമിയുടെയും
കന്നുകാലികളില്‍ നിന്ന് ലഭിക്കുന്ന പാലിനേക്കാള്‍ മികച്ചതാണ് ഇമേജിന്‍ ഡെയറിയില്‍ തയാറാക്കുന്ന പാലെന്നു ഏഫെര്‍ജന്‍ അവകാശപ്പെടുന്നു. മൃഗങ്ങളെ വളര്‍ത്തി, അവയില്‍നിന്നു പാല്‍ ശേഖരിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും വൃത്തിയുള്ളതും ചെലവു കുറഞ്ഞതുമായ രീതിയാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്. ക്ഷീരോൽപാദന പ്രക്രിയ പ്രകൃതിവിഭവങ്ങളെ പരിധിക്കപ്പുറം ഉപയോഗപ്പെടുത്തുന്നു. വേള്‍ഡ് വൈള്‍ഡ്‌ലൈഫ് ഫണ്ടിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ 270 മില്ല്യണ്‍ പശുക്കളെ ക്ഷീരകൃഷിക്കായി ഉപയോഗിക്കുന്നു. ജനസംഖ്യ ഉയരുന്നതിനൊപ്പം പാലിന്റെ ആവശ്യകതയും വര്‍ധിക്കുന്നു. കുറഞ്ഞ അളവില്‍ പാല്‍ ഉപയോഗിച്ചിരുന്ന രാജ്യങ്ങള്‍പോലും പാലും പാലുൽപന്നങ്ങളും ഭക്ഷണത്തില്‍ അധികമായി ഉള്‍പ്പെടുത്തിത്തുടങ്ങി എന്നതും എടുത്തുപറയേണ്ടതുണ്ട്. ആവശ്യകതയിലുണ്ടാകുന്ന വളര്‍ച്ച ജലം, മണ്ണ് തുടങ്ങിയ പ്രകൃതി വിഭവങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് ഡബ്ല്യൂ ഡബ്ല്യൂ എഫ് മുന്നറിയിപ്പു നല്‍കുന്നു. കന്നുകാലികള്‍ക്ക് മേച്ചില്‍പ്പുറങ്ങള്‍ ഒരുക്കുന്നതിനായി വനപ്രദേശങ്ങള്‍ പലരും പ്രയോജനപ്പെടുത്തുന്നു. ഇത്തരം അവസ്ഥകള്‍ കണക്കിലെടുത്തു പരിശോധിക്കുമ്പോള്‍ തങ്ങളുടെ പ്രവര്‍ത്തനം എത്രമാത്രം പരിസ്ഥിതി സൗഹൃദമാണെന്നു മനസിലാകുമെന്നും ഏഫെര്‍ജന്‍ കൂട്ടിച്ചേര്‍ത്തു.
ഭൂമിയുടെ മാത്രമല്ല ഉപഭോക്താവിന്റെ ആരോഗ്യത്തിനും ഏറെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഇമേജിന്‍ ഡെയറി പ്രവര്‍ത്തിക്കുന്നത്. പാലിന്റെ എല്ലാ പോഷക ഗുണങ്ങളും നിലനിര്‍ത്തുന്നതിനൊപ്പം അതില്‍ നിന്ന് ലാക്‌റ്റോസ് നീക്കം ചെയ്യുന്നു. ഇമേജിന്‍ ഡെയറി ഉൽപന്നങ്ങളില്‍ കൊളസ്‌ട്രോള്‍, ഹോര്‍മോണുകള്‍, ആന്റി ബയോട്ടിക് തുടങ്ങിയവയുടെ ഒന്നും സാന്നിധ്യമില്ല എന്നുറപ്പിച്ചു പറയുകയാണ് ഏഫെര്‍ജന്‍. പശുക്കള്‍ ഈ പ്രക്രിയയില്‍ ഉള്‍പ്പെടുന്നില്ലാത്തതിനാല്‍ വീഗന്‍ ഭക്ഷണശൈലി പിൻതുടരുന്നവര്‍ക്കും ഇമേജിന്‍ ഡെയറിയുടെ ഉത്പന്നങ്ങള്‍ കഴിക്കാമെന്നും ഏഫെര്‍ജന്‍ പറയുന്നു.
ഹരിതഗൃഹ വാതകമായ മീഥേന്‍ പുറപ്പെടുവിക്കുന്നില്ല എന്നതും ഇമേജിന്‍ ഡെയറിയെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തരാക്കുന്നു.
വിപണി പിടിച്ചെടുക്കാനൊരുങ്ങി
ക്ഷീരകാര്‍ഷിക വിപണി പ്രതിവര്‍ഷം വലിയ തുകയുടെ വിറ്റു വരവാണ് നടത്തുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇതു വീണ്ടും കുതിച്ചുയരുമെന്നു പ്രതീക്ഷിക്കുന്നു. ഇതില്‍ മാറ്റം വരുത്തണമെന്ന് ഇമേജിന്‍ ഡെയറി ആഗ്രഹിക്കുന്നുവെന്ന് ഏഫെര്‍ജന്‍ പറയുന്നു.
ഞങ്ങള്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഉൽപാദനക്ഷമത ഉയര്‍ത്താന്‍ ഇതു ഞങ്ങളെ സഹായിച്ചു. ദിവസേന ഒരു ലീറ്റര്‍ പാല്‍ തരുന്ന പശുവിനെക്കുറിച്ചും 40 ലീറ്റര്‍ പാല്‍ നിര്‍മിക്കുന്ന വിദ്യയെക്കുറിച്ചും ചിന്തിച്ചു നോക്കൂ. ഇതാണ് ഞങ്ങളുടെ സങ്കേതികത സാധ്യമാക്കുന്നത്. ഇസ്രയേല്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ദി കിച്ചണ്‍ ഹബ്: ഇസ്രയേല്‍ ഇന്നൊവേഷന്‍ അതോറിറ്റിയില്‍ നിന്നാണ് പദ്ധതിക്കാവശ്യമായ ധനസഹായം ആദ്യം ലഭിച്ചത്. അടുത്തിടെ ദി ഡാനോണ്‍ ഗ്രൂപ്പില്‍ നിന്നും ഇമേജിന്‍ ഡെയറി നിക്ഷേപം സ്വീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ക്ഷീര കമ്പനികളിലൊന്നായ ഡാനോണ്‍ ഗ്രൂപ് ഇതരപാലിന്റെ നിര്‍മാതാക്കള്‍കൂടിയാണ്.
ഇതിനോടകം തന്നെ യോഗര്‍ട്ട്, പാല്‍, ഐസ്‌ക്രീം, ചീസ് തുടങ്ങിയ ഉൽപന്നങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ കമ്പനി വികസിപ്പിച്ചെടുത്തു കഴിഞ്ഞു. ഉൽപന്നങ്ങള്‍ക്ക് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് ഏജന്‍സിയുടെ ജെനറലി റെകഗ്നൈസ്ഡ് ആസ് സേഫ് അംഗീകാരം ലഭിച്ചു. ജിആര്‍എഎസ് അംഗീകാരമുണ്ടെങ്കില്‍ ഉൽപന്നങ്ങള്‍ അമേരിക്കന്‍ സ്റ്റോറുകളില്‍ വില്‍ക്കാവുന്നതാണ്.