കൊറോണയുടെ ആഘാതം അന്ന് മൂടിവച്ചു, ഇന്ന് സമ്പദ്‌ഘടനയിൽ വിള്ളൽ: രാജ്യാന്തര റബർ മാർക്കറ്റിന് ചൈനീസ് പിൻതുണയില്ല
Mail This Article
ഭക്ഷ്യയെണ്ണ വിപണി വൻ മത്സരത്തിന് തയാറെടുക്കുന്നു. രാജ്യം ഉത്സവ സീസണിന് ഒരുങ്ങുന്നതിനാൽ പാചകയെണ്ണകൾക്ക് പതിവിലും ഡിമാൻഡ് അനുഭവപ്പെടുമെന്നതിനാൽ വ്യവസായകൾ ഇറക്കുമതി വർധിപ്പിക്കാനുള്ള നീക്കത്തിലാണ്. ക്രിസ്‌മസ് - പുതുവത്സര വേള വരെയുള്ള ആവശ്യങ്ങൾ മുന്നിൽ കണ്ടുള്ള ചുവടുവയ്പ്പിലാണ് അവർ. ഇന്ത്യയിലെ സ്ഥിതി മനസിലാക്കി പരമാവധി പാം ഓയിൽ ഷിപ്പ്‌മെന്റ് നടത്താൻ കയറ്റുമതി രാജ്യങ്ങൾ കച്ചകെട്ടി രംഗത്തുണ്ട്.
ആഗോള പാം ഓയിൽ വിപണിയുടെ ചുക്കാൻ നിയന്ത്രിക്കുന്ന മലേഷ്യയും ഇന്തോനേഷ്യയും കയറ്റുമതി ഓർഡറുകൾക്ക് കൈപ്പിടിയിൽ ഒതുക്കാൻ മത്സരിച്ചത് രാജ്യാന്തര തലത്തിൽ താഴ്‌ന്ന നിരക്കിലെ ക്വട്ടേഷനുകൾക്ക് അവസരം ഒരുക്കി. മാസാരംഭം ടണ്ണിന് 4040 റിംഗിറ്റ് മലേഷ്യൻ മാർക്കറ്റിൽ ഇടപാടുകൾ നടന്ന പാം ഓയിൽ ചുരുങ്ങിയ ദിവസങ്ങളിൽ 3755 വരെ താഴ്‌ന്നു. അതായത് ടണ്ണിന് 808 ഡോളർ. ഇറക്കുമതി രാജ്യങ്ങളെ ആകർഷിക്കാൻ നടത്തുന്ന നീക്കങ്ങളിൽ ആകൃഷ്‌ടരാവുന്നതിൽ മുന്നിൽ ഇന്ത്യൻ വ്യവസായികൾ തന്നെ. സാമ്പത്തിക പ്രതിസന്ധി മൂലം ചൈനയിൽ നിന്നുള്ള ആവശ്യം ചുരുങ്ങിയത് പാം ഓയിൽ കയറ്റുമതി രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കിയെങ്കിലും ഇന്ത്യൻ സാന്നിധ്യം അവർക്ക് ആശ്വാസം പകരും.
മുന്നിലുള്ള മൂന്ന് മാസങ്ങളിലെ കയറ്റുമതിക്കാണ് മലേഷ്യയ്‌ക്ക് ഒപ്പം ഇന്തോനേഷ്യയും ശ്രമിക്കുന്നത്. സുര്യകാന്തിയെണ്ണ ലഭ്യത രാജ്യാന്തര വിപണിയിൽ കുറഞ്ഞതിനാൽ പാം ഓയിലിന് ആവശ്യം ഉയരാം. സൂര്യകാന്തിയെണ്ണ കയറ്റുമതിയിൽ മുൻപന്തിയിലായിരുന്നു യുക്രെയിൻ - റഷ്യ സംഘർഷാവസ്ഥ മൂലം ഇരു രാജ്യങ്ങളിലും കൃഷി പ്രതീക്ഷയ്‌ക്കൊത്ത് വളർന്നില്ല.
ഇതിനിടെ യുക്രെയിൻ കപ്പലുകൾ കരിങ്കടൽ വഴി ചരക്കുനീക്കുന്നതിന് റഷ്യ തടസമുണ്ടാക്കിയത് സൂര്യകാന്തി എണ്ണ വില അവിടെ ഇടിയാൻ കാരണമായി. അവർ ഇന്ത്യൻ കയറ്റുമതികളിൽ നിന്നും ഇതിനിടെ പിൻമാറി. അതേസമയം പ്രതീക്ഷിച്ച ഷിപ്പ്‌മെന്റുകൾ ജൂലൈ 17നു ശേഷം മുടങ്ങിയത് ഇന്ത്യൻ വിപണിയിൽ സൂര്യകാന്തിയെണ്ണ ചൂടുപിടിക്കാൻ ഇടയാക്കി.
അന്താരാഷ്‌ട്ര വിപണിയിൽ സൂര്യകാന്തിയെണ്ണ വില ടണ്ണിന് 900 ഡോളറിലാണ്. ജൂലൈയിൽ വില 815 ഡോളറായിരുന്നു. സോയാബീൻ എണ്ണയ്‌ക്കും ഉത്തരേന്ത്യയിൽ ആവശ്യക്കാരുണ്ടെങ്കിലും ലഭ്യതക്കുറവ് ഇറക്കുമതിക്ക് തിരിച്ചടിയായി. വരണ്ട കാലാവസ്ഥയിൽ അമേരിക്കയിൽ സോയാ ബീൻസ് ഉൽപാദനത്തിൽ സംഭവിച്ച കുറവ് എണ്ണവില ടണ്ണിന് 1353 ഡോളറിലേക്ക് ഉയർത്തി.
ഇവിടെ കൊച്ചുകേരളത്തിൽ വെളിച്ചെണ്ണ ലഭ്യത ഉയർന്ന് നിൽക്കുകയാണ്. അതേസമയം ഓണ വേളയിൽ ഒരു രൂപ പോലും ഉയർത്തി സ്‌റ്റോക്ക് വിൽപ്പന നടത്താൻ മില്ലുകാർക്കായില്ല. വൻകിട ചെറുകിട വ്യവസായികളുടെ കൈവശം വെളിച്ചെണ്ണ നീക്കിയിരിപ്പ് ഉയരുന്നത് നാളികേര മേഖലയ്‌ക്ക് കടുത്ത ഭീഷണിയാണ്.
ഇതിനിടയിൽ കർഷകരിൽ നിന്നും പച്ചത്തേങ്ങ സംഭരിച്ച് കൊപ്രയാക്കി നാഫെഡിന് കൈമാറാൻ നടപടികൾ പൂർത്തിയാക്കിയെങ്കിലും അതിന്റെ പ്രയോജനം കർഷകരിലേക്ക് എത്താൻ കാലതാമസം നേരിടും. വില കുറഞ്ഞ ഇറക്കുമതി എണ്ണകളുമായി മത്സരിക്കാൻ പറ്റിയ അവസ്ഥയിലല്ല വെളിച്ചെണ്ണ. സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ റേഷൻ വ്യാപാര സ്ഥാപനങ്ങൾ വഴി വിതരണത്തിന് നീക്കം നടത്തിയാൽ വിപണിക്ക് പുതുജീവൻ കൈവരിക്കാനാവും. ഒപ്പം സ്‌തംഭനാവസ്ഥയിൽ നീങ്ങുന്ന മില്ലുകളുടെ പ്രവർത്തനങ്ങളിലും ഉണർവിന് അവസരം ഒരുങ്ങും.
കൃത്യം ഒരു മാസമായി കൊച്ചിയിൽ വെളിച്ചെണ്ണ 12,500 രൂപയിൽ സ്‌റ്റെഡിയാണ്. കൊപ്ര ഉൽപാദകർക്ക് ഭേദപ്പെട്ട വിലയ്‌ക്ക് അവരുടെ ഉൽപ്പന്നം വിറ്റുമാറണമെങ്കിൽ അതിൽ നിന്നുള്ള ഉപോൽപ്പന്നമായ വെളിച്ചെണ്ണയ്‌ക്ക് വിപണി കണ്ടെത്തേണ്ട ബാധ്യതയിൽ നിന്നും സംസ്ഥാന സർക്കാരിന് ഒഴിഞ്ഞു നിൽക്കാനാവില്ല. ഒന്നും രണ്ടുമല്ല, 35 ലക്ഷം കർഷകരാണ് കേരളത്തിൽ നാളികേരത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്.
റബർ
റബർ ടാപ്പിങ് സീസൺ പുരോഗമിക്കുന്നു. വരണ്ട കാലാവസ്ഥയ്‌ക്ക് അവധി നൽകി മഴമേഘങ്ങൾ വീണ്ടും കേരളത്തിനു മുകളിൽ കൂട ചൂടിയതോടെ കാർഷിക മേഖല റബർ വെട്ടിന് ഉത്സാഹിച്ചു. അനുകൂല കാലാവസ്ഥയിൽ റബർ മരങ്ങളിൽ നിന്നുള്ള യീൽഡും ഉയർന്നു. വരുന്ന മൂന്നു മാസകാലയളവിൽ ഉൽപാദകർ തോട്ടങ്ങളിൽ കൂടുതൽ സജീവമാകുന്നതിനാൽ ഡിസംബർ വരെയുള്ള കാലയളവിൽ ഉൽപാദകകേന്ദ്രങ്ങളിൽ ചരക്കു ലഭ്യത ഉയരും. ജനുവരി വരെ ഷീറ്റ്, ലാറ്റക്‌സ് ലഭ്യത വർധിക്കുമെന്നത് വ്യവസായ മേഖലയിൽ നിന്നും വീക്ഷിക്കുമ്പോൾ അവരുടെ പ്രവർത്തനങ്ങൾ കൂടുതൽ സുഖമാകും. ഉത്തരേന്ത്യൻ ചെറുകിട റബറധിഷ്‌ഠിത വ്യവസായികൾ അഞ്ചാം ഗ്രേഡ് റബറിൽ കാണിക്കുന്ന താൽപര്യം വിൽപ്പനതോത് മെച്ചപ്പെടുത്താം.
രാജ്യാന്തര മാർക്കറ്റിന് ചൈനീസ് പിൻതുണ വേണ്ടത്ര ലഭിക്കുന്നില്ല. ഓട്ടോമൊബൈൽ മേഖലയിൽ മരവിപ്പ് ദൃശ്യമല്ലെങ്കിലും വ്യവസായിക മാന്ദ്യം വിട്ടുമാറാത്തതിനാൽ ബീജിങ് ആസ്ഥാനമായ ടയർ വ്യവസായികൾ റബർ ഇറക്കുമതിക്ക് നേരെ മുഖം തിരിക്കുകയാണ്, മുൻപ് കാണിച്ചിരുന്ന ഉത്സാഹം ഇപ്പോൾ അവർ പുറത്ത് പ്രകടിപ്പിക്കുന്നില്ല. കൊറോണ സൃഷ്‌ടിച്ച ആഘാതത്തിന്റെ വ്യാപ്‌തി പുറംലോകത്തിന് മുന്നിൽ മൂടിവച്ചപ്പോൾ അവർ കണക്കുകൂട്ടിയില്ല, കോവിഡിന്റെ പ്രത്യാഘാതം ചൈനീസ് സമ്പദ്‌ഘടനയിൽ ഇത്രമാത്രം വിള്ളലുളവാക്കുമെന്ന്.
പണപ്പെരുപ്പത്തിന്റെ നേർ വിപരീതമായ പണചുരുക്കത്തെ ചൈന അഭിമുഖീകരിക്കുകയാണ്. അതായത് ഉൽപ്പന്ന – സേവന വില ക്രമാതീതമായി ഇടിയുന്ന അവസ്ഥ. ചൈനീസ് കേന്ദ്ര ബാങ്ക് കരുതൽ ശേഖരത്തിലേക്ക് സ്വർണം വാങ്ങാൻ ഇറങ്ങിയത് കണക്കിലെടുത്താൽ പ്രതിസന്ധി തുടരുന്നതായി വിലയിരുത്താം.
ചൈനയിലെ സ്ഥിതി വിലയിരുത്തിയാൽ റബറിൽ ഒരു കുതിച്ചുചാട്ടം ഉടനെ പ്രതീക്ഷിക്കാനാവില്ല. റബർ അവധി വ്യാപാരത്തിൽ ഊഹക്കച്ചവടക്കാരിൽ നിന്നുള്ള വിൽപ്പന സമ്മർദ്ദവും ഏഷ്യൻ മാർക്കറ്റുകളുടെ മുന്നേറ്റത്തിന് തടസമാകുന്നു. ബാങ്കോക്കിൽ റബറിന് നേരിട്ട തളർച്ച മലേഷ്യയിലും റബറിനെ ശ്വാസം മുട്ടിക്കുകയാണ്.
English summary: Commodity Markets Review September 11