കുരുമുളകു പടർന്ന മുരിക്ക് ഉണങ്ങി നശിച്ചു; താങ്ങുകാലായി 15 രൂപയുടെ മലവേപ്പ്; അധിക വരുമാനസാധ്യതയെന്ന് കർഷകൻ

HIGHLIGHTS
  • ആയിരവും അയ്യായിരവുമൊക്കെ മുടക്കി താങ്ങുകാലിടുന്ന കർഷകർക്കിടയിൽ 15 രൂപയുടെ താങ്ങുകാലുമായി വ്യത്യസ്തനാവുകയാണ് മുരിക്കാശേരി സ്വദേശി തങ്കച്ചൻ
black-pepper-thankachan
തങ്കച്ചൻ കൃഷിയിടത്തിൽ. ഫോട്ടോ∙ കർഷകശ്രീ
SHARE

ആയിരവും അയ്യായിരവുമൊക്കെ മുടക്കി താങ്ങുകാലിടുന്ന കർഷകർക്കിടയിൽ 15 രൂപയുടെ താങ്ങുകാലുമായി വ്യത്യസ്തനാവുകയാണ് മുരിക്കാശേരി സ്വദേശി തങ്കച്ചൻ. ആവശ്യാനുസരണം ഉയരം ക്രമീകരിക്കാവുന്നതും കൃഷി അവസാനിപ്പിക്കുമ്പോൾ വിറ്റ് വരുമാനമാക്കാവുന്നതുമായ മലവേപ്പാണ് തങ്കച്ചൻ ചേട്ടന്റെ കണ്ടെത്തൽ. കേവലം 15 രൂപയ്ക്കു മലവേപ്പ് തൈ വാങ്ങി (തൈവില അൽപം ഉയർന്നിട്ടുണ്ട്) കുരുമുളകിനൊപ്പം നട്ടാൽ രണ്ടും മത്സരിച്ചുയരുമെന്ന് തങ്കച്ചൻ പറയുന്നു. മറ്റു കർഷകരെപ്പോലെ മുരിക്കുകാലുകളിൽ മുളക് പടർത്തിയിരുന്നു ഇദ്ദേഹവും. എന്നാൽ കേടുമൂലവും മറ്റും അവ ഒടിഞ്ഞുനശിക്കുന്നത് പതിവായപ്പോഴാണ് ബദൽ സാധ്യത അന്വേഷിച്ചത്. 

ഏകദേശം 50 മലവേപ്പ് തൈകൾ വാങ്ങി നട്ടു. ആദ്യവർഷംതന്നെ 20–22 അടി വളർന്ന അവയിൽ പരീക്ഷണാർഥം കുരുമുളക് പടർത്തി. മുളകും മലവേപ്പുമായുള്ള ‘കെമിസ്ട്രി’ കൊള്ളമെന്നു തോന്നിയപ്പോൾ 1000 ചുവട് കുരുമുളകിനൊപ്പം  മലവേപ്പ് നട്ടു. ആദ്യത്തെ 6 മാസം കുരുമുളകു കെട്ടി നിര്‍ത്തുന്നതിന് കമുകിന്റെ വാരി വേണ്ടിവന്നു. അപ്പോഴേക്കും മലവേപ്പ് 10–12 അടി ഉയരത്തിൽ വളരുകയും മുളകുവള്ളികൾ കെട്ടിവയ്ക്കാവുന്ന വിധത്തിൽ വണ്ണം വയ്ക്കുകയും ചെയ്തു. തുടർന്ന് ഇരുവരും കെട്ടിപ്പിടിച്ചായി വളർച്ച. ഇപ്പോൾ 15 അടിയായി ഉയരക്രമീകരണം നടത്തിയ മലവേപ്പുമരങ്ങളിൽ കുരുമുളക് മികച്ച രീതിയിൽ വളർന്നു നിൽക്കുന്നു. ഒരു വർഷം മാത്രമായ തോട്ടമായതിനാൽ വരുമാനം ലഭിച്ചു തുടങ്ങിയിട്ടില്ല. എങ്കിലും, കോൺക്രീറ്റ് കാലിനായി മുടക്കേണ്ടി വരുമായിരുന്ന വലിയ തുക ലാഭിച്ചതുതന്നെ ഒന്നാം വർഷത്തെ വരുമാനമായി കണക്കാക്കുകയാണ് ഇദ്ദേഹം. 1000 രൂപ മുടക്കേണ്ട സ്ഥാനത്ത് 15 രൂപ മുടക്കിയപ്പോൾ ലാഭം 985 രൂപ!

Read also: ചെടിയല്ല ‘കുരുമുളകുമരം’: കുറ്റിക്കുരുമുളകിന്റെ മറ്റൊരു രൂപം; വളരുന്നത് ബക്കറ്റിൽ: ഇത് ആലപ്പുഴയിലെ ടെറസ് മോഡൽ

black-pepper-thankachan-2
മലവേപ്പിൽ കുരുമുളകു വളർത്തിയിരിക്കുന്നു. ഫോട്ടോ∙ കർഷകശ്രീ

മലവേപ്പിന്റെ വേഗത്തിലുള്ള വളർച്ച മൂലം കുരുമുളകിനു ചില പ്രശ്നങ്ങളുണ്ടാകാമെന്ന് തങ്കച്ചൻ. മരം വണ്ണം വയ്ക്കുമ്പോൾ ചേർത്തുകെട്ടിയ പ്ലാസ്റ്റിക് വള്ളി മുറുകി കുരുമുളകിന്റെ തണ്ടു മുറിയുന്നതൊരു പ്രശ്നം. ഇതൊഴിവാക്കാനായി തനതു പരിഹാരവും തങ്കച്ചൻ കണ്ടെത്തി. മരം വണ്ണം വയ്ക്കുന്നതിനുസരിച്ച് സ്വയം അയഞ്ഞുവരുന്ന വിധത്തിൽ വള്ളി ചുറ്റിക്കെട്ടുന്നു. ഇപ്രകാരം കെട്ടിടുമ്പോൾ മരത്തിന്റെ വളർച്ചയ്ക്കനുസരിച്ച് കെട്ടിന്റെ ചുറ്റളവും വർധിച്ചുകൊള്ളും. കാര്യമായ കേടുകളൊന്നും ഇതുവരെ മലവേപ്പിനെ ബാധിച്ചിട്ടില്ലെന്ന് തങ്കച്ചൻ ചൂണ്ടിക്കാട്ടി. മഴയുള്ളപ്പോൾ മൂന്നുമാസത്തിലൊരിക്കൽ തോട്ടിഅരിവാൾ ഉപയോഗിച്ച് ശിഖരങ്ങൾ മുറിച്ചുമാറ്റി തണൽ ക്രമീകരണം നടത്താറുണ്ട്. എന്നാൽ വേനലിൽ തണൽ വേണ്ടതിനാൽ ഇതൊഴിവാക്കാം. 3 വർഷം പ്രായമാകുമ്പോൾ മാത്രമേ മലവേപ്പിന്റെ ശിഖരങ്ങൾക്ക് ബലം വയ്ക്കൂ. അതുവരെ  അനായാസം മുറിച്ചുനീക്കാനാകും. ആദ്യം മുറിക്കുന്നതുവരെ ശിഖരങ്ങളില്ലാതെ നേരേ മുകളിലേക്കു വളരുമെന്നതാണ്  ഈ മരത്തെ കുരുമുളകുകൃഷിക്ക് കൂടുതൽ യോഗ്യമാക്കുന്നത്. കോൺക്രീറ്റ് കാലെന്നപോലെ വളർന്നുനിൽക്കുന്ന മലവേപ്പിൽ മുളക് പടർത്താൻ വളരെ എളുപ്പം. ഇലച്ചാർത്ത് നിയന്ത്രിച്ചാൽ മലവേപ്പ് അമിതമായ വളം വലിക്കുമെന്ന ഭീതി ഒഴിവാക്കാം.  മുരിക്കിനും പ്ലാവിനും ഇതേ പ്രശ്നമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

black-pepper-thankachan-1
കുതിരവാലി ഇനം കുരുമുളക്. ഫോട്ടോ∙ കർഷകശ്രീ

കുതിരവാലി എന്ന നാടൻ കുരുമുളകിനമാണ് തോട്ടത്തിലെ മറ്റൊരു സവിശേഷത. ഹൈറേഞ്ചിൽ പൊതുവേ കുറവായ ഈ ഇനം തൊടുപുഴയിൽനിന്നാണ് കൊണ്ടുവന്നത്. അതിവേഗം ഫലം നൽകുമെന്നതാണ് മെച്ചം. ആദ്യവർഷം തന്നെ കണ്ണികുത്തി തിരിയിടും. മാത്രമല്ല നിറയെ തിരി പിടിക്കുകയും ചെയ്യും. വിളവെടുക്കാന്‍ എളുപ്പം. നന്നായി വളർന്ന ഒരു കൊടിയിൽനിന്ന് ഒരു പിടിത്തത്തിൽതന്നെ ഒട്ടേറെ തിരികൾ പറിക്കാം. വിളവെടുപ്പ് അനായാസമാക്കാൻ ഇതുപകരിക്കും. മൂന്നാം വർഷംമുതൽ പരമാവധി വിളവു പ്രതീക്ഷിക്കാം.

Read also: ആകാശം മുട്ടുന്ന കൊടി, ആദായം നിറയുന്ന തോട്ടം: വിയറ്റ്നാമിനെ വെല്ലാൻ‌ പീറ്റർ മോഡൽ കൃഷി

black-pepper-thankachan-3
തങ്കച്ചൻ കൃഷിയിടത്തിൽ. ഫോട്ടോ∙ കർഷകശ്രീ

ആദ്യവർഷം മിതമായി ചുവട്ടിൽ ചാണകം ചേർക്കുമെങ്കിലും പിന്നീടു പൂർണമായി ഇലകളില്‍ തളിക്കുന്ന (ഫോളിയാർ) രാസവളങ്ങളാണ് പ്രയോഗിക്കുക.  ചെറുകൊടികൾക്ക് എല്ലാ മാസവും ഫോളിയാർ വളങ്ങൾ തളിക്കുന്നു. വലിയ കൊടികൾക്കും കായ് കുറവായി തോന്നിയാൽ  വളം നൽകും. 19:19:19, 13:27:27, എസ്ഒപി, കാത്സ്യം നൈട്രേറ്റ് എന്നിവയൊക്കെയാണ് പ്രധാനമായി നൽകുക. എല്ലാ വർഷവും ചാണകം നൽകുന്നത് നല്ലതാണെങ്കിലും അധ്വാനമേറിയ അത്തരം ജോലികൾക്ക് തൊഴിലാളികളെ കിട്ടാറില്ല. മാത്രമല്ല, ഫോളിയാർ വളങ്ങൾ മികച്ച ഫലം നൽകുന്നുമുണ്ട്. കൊടിച്ചുവട്ടിൽ പുതയിടുന്നതല്ലാതെ മറ്റൊരു ജോലിയും ആദ്യവർഷത്തിനുശേഷം ആവശ്യമില്ല.  

ഫോൺ: 9446868414

English summary: Black pepper and melia dubia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS