കുരുമുളക് അടുത്ത കുതിപ്പിന് തയാറെടുപ്പിൽ! ഇറക്കുമതി ലോബിയുടെ താളത്തിനൊത്ത് വിപണി ചാഞ്ചാടുമോ?
Mail This Article
നാളികേരോൽപ്പന്നങ്ങൾ നിലയില്ലാ കയത്തിലേക്ക് പതിച്ചതോടെ ഉൽപാദകർ നക്ഷത്രമെണ്ണാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. തേങ്ങവില ഇന്ന് ഉയരും നാളെ ഉയരുമെന്ന കാത്തിരിപ്പിനു മാസങ്ങളുടെ പഴക്കമുണ്ടെന്നതല്ലാതെ വിലനിലവാരം ഒരുചുവടുപോലും മുന്നോട്ട് നീങ്ങിയില്ലെന്നത് യാഥാർഥ്യം.
പിന്നിട്ട മൂന്നു സീസണുകളിലും മെച്ചപ്പെട്ട വില ഉറപ്പ് വരുത്താനായില്ലെന്ന് മാത്രമല്ല, കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവിലയുടെ അയലത്തു പോലും കൊപ്രയ്‌ക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ലെന്നതിൽ നിന്നും വ്യക്തം സംസ്ഥാനത്തെ നാളികേര കർഷകർ അഭിമുഖീകരിക്കുന്ന പ്രതിസന്ധി. കാർഷികച്ചെലവുകളുടെ അടിസ്ഥാനത്തിലാണ് ഓരോ ഉൽപ്പന്നത്തിനും താങ്ങുവില നിശ്‌ചയിക്കുന്നത്. എന്നാൽ, ഈ വില കാർഷിക മേഖലയ്‌ക്ക് പൂർണമായി ഉറപ്പുവരുത്താനാവില്ലെന്ന് പിന്നിട്ട പത്തു വർഷങ്ങളിലെ കൊപ്ര വിപണിയുടെ ചരിത്രം മാത്രം പരിശോധിച്ചാൽ മതിയാവും.
അര നൂറ്റാണ്ട് മുൻപ് കേന്ദ്ര കാർഷിക മന്ത്രാലയത്തിനു കീഴിൽ രൂപീകരിച്ച ഏജൻസിയാണ് രാജ്യത്തെ കാർഷിക വിളകളുടെ താങ്ങു വില നിശ്ചയിക്കുന്നത്. കമ്മീഷൻ ഫോർ ആഗ്രികൾച്ചറൽ കോസ്‌റ്റ് ആൻഡ് പ്രൈസസിന്റെ (സിഎസിപി) കണക്കുകൾ പ്രകാരം കേരളത്തിൽ ഒരു നാളികേരം ഉൽപാദിപ്പിക്കാൻ പത്തു രൂപയോളം ചെലവ് വരും. കർഷകർക്ക് ഏകദേശം 15 രൂപ ചെലവ് വരുന്നതായാണ് അവരുടെ അനുഭവം.
രാജ്യത്ത് ഏതാണ്ട് 23 വിളകൾക്ക് താങ്ങുവില ശുപാർശ ചെയുന്നുണ്ട്. കർഷകർക്ക് താങ്ങുവില ഉറപ്പുവരുത്തുകയെന്ന ലക്ഷ്യതോടെ ഇതിനായി കോടിക്കണക്കിന് രൂപയുടെ ഫണ്ടും നീക്കിവയ്ക്കുന്നു. എന്നാൽ, കേരളം പോലുള്ള ഒരു ചെറു സംസ്ഥാനത്തിലെ കർഷകർക്കു പോലും ഇതിന്റെ പ്രയോജനം എത്തുന്നില്ലെന്നതാണ് യാഥാർഥ്യം.
കൊപ്രയ്‌ക്ക് ക്വിന്റലിന് 10,860 രൂപ താങ്ങുവിലയുണ്ടെങ്കിലും അതിന്റെ മാധുര്യം കർഷകരിലേക്ക് എത്താറില്ല. നിലവിൽ പച്ചത്തേങ്ങ കിലോ 34 രൂപയ്‌ക്ക് നാഫെഡിനു വേണ്ടി സംഭരണം തുടങ്ങിയെങ്കിലും ഇത് ഇഴഞ്ഞ് നീങ്ങുകയാണ്. ആറു ജില്ലകളിലെ കർഷകർക്ക് മാത്രമേ തൽക്കാലം ഇതിന്റെ പ്രയോജനം ലഭ്യമാകൂ.
വെജിറ്റബിൾ ആൻഡ് ഫ്യൂട്ട് പ്രമോഷൻ കൗൺസിലിനാണ് സംഭരണ ചുമതലയെങ്കിലും സംഭരിക്കുന്ന തേങ്ങ കൊപ്രയാക്കാൻ ഡ്രയർ സൗകര്യം ഈ ഏജൻസിക്ക് ഇല്ലാത്തതും മുന്നേറ്റത്തിനു തടസമാകും. ഇതിനായി പുതിയ മാർഗ്ഗങ്ങൾ സർക്കാർ ആരായുന്നു. എന്നാൽ, തേങ്ങ ശേഖരിക്കുന്ന മറ്റു മൂന്ന് ജില്ലകളിലെ നാളികേര കർഷകർക്ക് ആശ്വാസം പകരാൻ നാളികേര വികസന കോർപ്പറേഷനെയാണ് ചുമതലപ്പെടുത്തുന്നത്. കേരളത്തിൽ നാളികേര സീസൺ ഇതിനകം തന്നെ അവസാനിച്ചു. അപ്പോൾ സർക്കാർ നടത്തുന്ന നീക്കങ്ങൾ ഈ വർഷം കർഷകർക്ക് പ്രയോജനം ചെയ്യില്ല.
വിപണിയിലേക്കു തിരിഞ്ഞാൽ വിദേശ ഭക്ഷ്യയെണ്ണകളുടെ ആധിപത്യം മൂലം വെളിച്ചെണ്ണയ്‌ക്ക് തല ഉയർത്തി നിൽക്കാനുള്ള സാഹചര്യം പോലുമില്ല. സസ്യയെണ്ണ ഇറക്കുമതി ഓഗസ്‌റ്റിൽ 35 ശതമാനം വർധിച്ചത് ആഭ്യന്തര എണ്ണക്കുരുക്കളുടെ പതനത്തിന് വഴിതെളിച്ചു. ശുദ്ധീകരിച്ചതും അല്ലാത്തതുമായ എണ്ണകളുടെ ഇറക്കുമതി ഓഗസ്‌റ്റിൽ അവസാനിച്ച പത്തു മാസങ്ങളിൽ 141.21 ലക്ഷം ടണ്ണിലെത്തി.
വ്യവസായികളുടെ നീക്കം കണക്കിലെടുത്താൽ ഇക്കുറി സർവകാല റെക്കോർഡ് ഇറക്കുമതിക്കുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു നിൽക്കുന്നു. 2016-17 കാലയളവിലെ 151 ലക്ഷം ടണ്ണിന്റെ ഇറക്കുമതിയാണ് നിലവിലെ റെക്കോർഡ്. ഇത് 165 ലക്ഷത്തിലേക്ക് കുതിക്കുമെന്നാണ് ഈ രംഗത്തുള്ളവരുടെ വിലയിരുത്തൽ.
പാം ഓയിലും സൂര്യകാന്തി, സോയാ എണ്ണകളുടെയും പ്രവാഹത്തിനു മുന്നിൽ വെളിച്ചെണ്ണയ്‌ക്ക് അധികനാൾ പിടിച്ചു നിൽക്കാനാവില്ല. തമിഴ്‌നാട് വിപണിയായ കാങ്കയത്ത് വെളിച്ചെണ്ണ 11,000 രൂപയെ ചുറ്റിപ്പറ്റിയാണ് നിലകൊള്ളുന്നത്. ഇറക്കുമതി എണ്ണകളുടെ കുത്തൊഴുക്ക് കണക്കിലെടുത്താൽ 10,000 ലെ നിർണായക താങ്ങ് നിലനിർത്താൻ വെളിച്ചെണ്ണ അൽപ്പം വിയർപ്പ് ഒഴുക്കേണ്ടിവരുമെന്ന് സാരം. വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതിക്ക് കടിഞ്ഞാണിട്ടില്ലെങ്കിൽ നാളികേരക്കൃഷിയെ മാത്രം ഉപജീവനമാർഗ്ഗമായി കണ്ട് അധിക നാൾ പിടിച്ചു നിൽക്കാൻ നമ്മുടെ ഉൽപാദകർക്കാവില്ല.
കുരുമുളക്
കുരുമുളക് വിപണി ഓഗസ്‌റ്റിലെ വൻ കുതിച്ചുചാട്ടത്തിനു ശേഷം സെപ്‌റ്റംബർ ആദ്യ പകുതിയിൽ നിശ്ചലമായി നിലകൊണ്ടത് അടുത്ത കുതിപ്പിന് തയ്യാറെടുപ്പാണോ? അതോ ഇറക്കുമതി ലോബിയുടെ താളത്തിനൊത്ത് വിപണി ചാഞ്ചാടുമോ? ജൂലൈയിൽ കൃത്യം ഒരു മാസം മുളകുവില സ്‌റ്റെഡിയായി നിലകൊണ്ടു, അന്ന് ഇതിനെ വിലയിടിവിനുള്ള സൂചനയായി വിലയിരുത്താൻ വ്യാപാര രംഗത്തത്തെ പ്രമുഖർ കാർഷിക മേഖലകളിൽ കുപ്രചരണങ്ങൾ അഴിച്ചുവിട്ടെങ്കിലും വിൽപ്പന നടത്താൻ പത്തായങ്ങളിൽ മുളകുമണി ഇല്ലാത്ത കർഷകർ പ്രതികരിച്ചില്ല.
എന്നാൽ ഓഗസ്റ്റിൽ വാങ്ങലുകരെ മാത്രമല്ല, വിൽപ്പനക്കാരായ കർഷകരെ പോലും ഞെട്ടിച്ച് കിലോ നൂറ് രൂപയിലധികം ഉൽപ്പന്നം ഒറ്റക്കുതിപ്പിൽ കൈപ്പിടിയിൽ ഒതുക്കി. ഇതിനിടെ രാജ്യാന്തര വിപണിയിൽ മലബാർ മുളക് വില ടണ്ണിന് 6500 ഡോളറിൽ നിന്നും 8000ന് മുകളിലേക്ക് ചുവടുവച്ചു.
പല ഉൽപാദകരാജ്യങ്ങളും ഇന്ത്യൻ വിലയുടെ പകുതി നിരക്കിൽ ചരക്ക് കൈമാറുന്നുണ്ട്. വിലയിലെ വൻ അന്തരം എങ്ങനെ അവസരമാക്കി മാറ്റാനാകുമെന്ന കണക്കുകൂട്ടൽ വ്യവസായ ലോബി തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ, ഉയർന്ന ഇറക്കുമതി തീരുവകൾ പലപ്പോഴും അവരെ പിന്നോക്കം വലിക്കുന്നു.
രാജ്യത്തെ സുഗന്ധവ്യഞ്‌ജന കയറ്റുമതി 400 കോടിയിൽനിന്നും 1000 കോടിയിലെത്തിക്കാനുള്ള പദ്ധതികൾക്ക് വാണിജ്യമന്ത്രാലയം തുടക്കം കുറിച്ചു. എന്നാൽ സുഗന്ധരാജാവിന് കയറ്റുമതി രംഗത്ത് ഇരിപ്പിടം പോലും നഷ്‌ടപ്പെട്ട അവസ്ഥ തുടങ്ങിയിട്ട് വർഷങ്ങളായെന്ന വിവരം ബന്ധപ്പെട്ടവർ മറന്നു. ഇതിനിടയിൽ കുരുമുളക് കയറ്റുമതിയിൽ ലോക വിപണിയിലെ ആധിപത്യം നഷ്‌ടപ്പെട്ടു.
കാലവർഷം അടുത്ത വാരത്തോടെ രാജ്യത്തു നിന്നും പടിയിറങ്ങും. ഇക്കുറി മഴയുടെ അളവിലുണ്ടായ കുറവ് സുഗന്ധവ്യഞ്‌ജനങ്ങളുടെ മൊത്തം ഉൽപാദനത്തെ ബാധിക്കും. മിഥുനം‐കർക്കിടക മാസങ്ങളെ അപേക്ഷിച്ച് ചിങ്ങം രണ്ടാം പകുതിയിൽ അൽപ്പം മഴ ലഭ്യമായെങ്കിലും തൊട്ട് മുൻമാസങ്ങളിലെ കുറവ് നികത്താൻ കാലവർഷത്തിനായില്ല.
ഇനി എല്ലാ പ്രതീക്ഷകളും തുലാവർഷത്തിന്റെ വരവിലാണ്. ആവശ്യാനുസരണം മഴ ലഭ്യമായാൽ പിരിമുറുക്കത്തിന് അൽപ്പം അയവുവരുമെങ്കിലും ഉൽപാദനം സംബന്ധിച്ച് വ്യക്തമായ വിലയിരുത്തലിന് സമയമായിട്ടില്ലെന്ന നിലപാടിലാണ് കാർഷിക മേഖല. കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഉൽപാദനത്തിൽ കുറവ് സംഭവിച്ചതിനാൽ കർഷകരുടെ പക്കൽ കരുതൽ ശേഖരം നാമമാത്രം. തുലാവർഷം കനത്താൽ പ്രതീക്ഷകൾ കർഷകർക്ക് നഷ്‌ടമാകും. കൊടികളിൽ ശേഷിക്കുന്ന തിരികൾ അടർന്നു വീഴാനുള്ള സാധ്യതകളെ അവർ ആശങ്കയോടെ വീക്ഷിക്കുന്നു.
English summary: Commodity Markets Review September 18