ജൈവ സാക്ഷ്യപത്രം ലഭിച്ച കൃഷിയിടം; ഇനിയങ്ങോട്ട് മാറിച്ചിന്തിക്കുകയാണെന്ന് കർഷകൻ: ഇടുക്കിയിലെ കർഷകർക്ക് ഇപ്പോൾ ഇഷ്ടവിള ഏലം

HIGHLIGHTS
  • ശാസ്ത്രീയ വളപ്രയോഗം അവലംബിച്ചുള്ള കൃഷിയാണ് ഇപ്പോൾ കർഷകരുടേത്
cardamom-farmer-idukki
ജോസ് ജോസഫ് ഏലത്തോട്ടത്തിൽ. ഫോട്ടോ∙ കർഷകശ്രീ
SHARE

ഇടുക്കി ചെറുതോണിക്കടുത്ത് വാത്തിക്കുടി പഞ്ചായത്തിലുള്ള ചാലിൽ ജോസ് ജോസഫിന്റെ (കുട്ടപ്പൻ) എട്ടേക്കർ പുരയിടത്തിൽ അടുത്ത കാലം വരെയും മുഖ്യവിളകൾ കുരുമുളകും കാപ്പിയുമായിരുന്നു. എന്നാൽ ഇപ്പോള്‍ അവയിൽ നല്ല പങ്കും ഏലത്തിനു വഴിമാറിയിരിക്കുന്നു. ‘11 കൊല്ലം മുൻപ് ജൈവ സാക്ഷ്യപത്രം ലഭിച്ച കൃഷിയിടമാണിത്. അടുത്ത കാലം വരെയും ജൈവകൃഷിയായിരുന്നു. എന്നാൽ, ഇനിയങ്ങോട്ട് മാറ്റിച്ചിന്തിക്കുകയാണെ’ന്ന് ജോസ്. കാരണം, ഏലത്തിനു ലഭിക്കുന്ന മോഹവില തന്നെ. ഏലത്തിന്റെ കാര്യത്തിലാകട്ടെ, നിലവിലെ സാഹചര്യത്തിൽ ജൈവകൃഷി ഗുണകരവുമല്ല.  

ഈ വർഷം ഏലം പച്ചക്കായയ്ക്ക് കിലോ 350 മുതൽ 400 രൂപ വരെ വിലയെത്തി. 3 വർഷം വളർച്ചയെത്തിയ, നന്നായി പരിപാലിക്കുന്ന ചുവടിൽനിന്ന് വർഷം 6–7 കിലോ പച്ചക്കായ ലഭിക്കും. ഏക്കറിൽ 400–450 ചുവട് ഏലമുള്ള കൃഷിയിടത്തിൽനിന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ ലഭിക്കുക ചെറിയ വരുമാനമല്ലെന്ന് ജോസ്. ഏലത്തിന്റെ വിലയിൽ ഉടനെയൊരു തകർച്ചയൊന്നും കാണുന്നില്ലെന്നും ജോസ് പറയുന്നു. ആഗോള ഡിമാൻഡിന് അനുസരിച്ച് ഉൽപാദനം വർധിക്കുന്നില്ലെന്നാണ് വിപണിയിൽനിന്നുള്ള വിവരം.  

Read also: ആകാശം മുട്ടുന്ന കൊടി, ആദായം നിറയുന്ന തോട്ടം: വിയറ്റ്നാമിനെ വെല്ലാൻ‌ പീറ്റർ മോഡൽ കൃഷി

കാപ്പിയും കുരുമുളകും നിലവിൽ മികച്ച വിലനിലവാരത്തിലാണ് എന്നതു ശരിതന്നെ. എന്നാലത് വർഷങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷമെന്നു ജോസ്. കുടിയേറ്റത്തിനു മുൻപ് വാത്തിക്കുടി പ്രദേശം ഏലത്തോട്ടം തന്നെയായിരുന്നു. കുടിയേറ്റക്കർഷകർക്കു പരിചിതമായ വിള കുരുമുളകും കാപ്പിയുമായിരുന്നതിനാൽ ഏലം അന്നതിനു വഴിമാറി. കുരുമുളകിന്റെയും കാപ്പിയുടെയും നീണ്ട നാളത്തെ വിലയിടിവു വീ ണ്ടും ഇടുക്കിയിലെ കൃഷിക്കാരെ ഏലത്തിലെത്തിച്ചെന്ന് ജോസ്. എട്ടേക്കർ തോട്ടത്തിലെ കാപ്പി നീക്കി 6 ഏക്കറും ഏലമാക്കി മാറ്റി ജോസും. ഘട്ടം ഘട്ടമായി 3000 ഏലച്ചെടികളാണു കൃഷിയിറക്കിയിരിക്കുന്നത്. മുഖ്യയിനം ഞള്ളാനി തന്നെ. 

ഇടുക്കിയിൽ ഏലക്കൃഷിക്ക് ഈ വർഷം വൻ വളർച്ചയാണെന്നും ജോസ്. സമീപവർഷം വരെയും വിരലിലെണ്ണാവുന്ന കൃഷിക്കാരെ വാത്തിക്കുടി പഞ്ചായത്തിൽ ഏലം ചെയ്തിരുന്നുള്ളൂ. ഇന്ന് 90% കർഷകരും ഏലം നടുന്ന സ്ഥിതി. ഏലം മുന്നേറിയത് കുരുമുളകിനല്ല കാപ്പിക്കാണു ക്ഷീണമുണ്ടാക്കിയത്. കുരുമുളകുകൃഷി ഇടുക്കിയിൽ വീണ്ടും ശക്തമാകുന്നുണ്ടെന്നും ജോസ് പറയുന്നു.

cardamom-farmer-idukki-1
ഏലം. ഫോട്ടോ∙ കർഷകശ്രീ

ജൈവം വിട്ട്      

അമിതമായ രാസകീടനാശിനിപ്രയോഗമാണ് എന്നും ഇടുക്കിയിലെ ഏലത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നത്. വല്ലപ്പോഴും വന്ന് കാടുവെട്ടി, പച്ചിലയും ചാണകവും മാത്രം നൽകിയുള്ള, ഒട്ടും ശാസ്ത്രീയമല്ലാത്ത കൃഷിയായിരുന്നു ആദ്യകാലത്ത്. രാസവളങ്ങളും രാസകീടനാശിനികളും വാരിവിതറിയുള്ള കൃഷിയായിരുന്നു അടുത്ത ഘട്ടത്തിൽ. അളവില്ലാതെ രാസകീടനാശിനികൾ പ്രയോഗിച്ചിട്ടും രോഗ, കീടങ്ങളെ നിയന്ത്രിക്കാനാവാത്ത സ്ഥിതി. ഉൽപാദനവും കുറവ്. കൂട്ടത്തിൽ വിലയിടിവു കൂടിയായതോടെ പലർക്കും മനസ്സു മടുത്തിരുന്നു. എന്നാൽ, ഈ തിരിച്ചറിവിന്റെയെല്ലാം പിൻബലത്തോടെയാണ് ഇന്നു കൃഷി വളരുന്നത്.

Read also: ചെടിയല്ല ‘കുരുമുളകുമരം’: കുറ്റിക്കുരുമുളകിന്റെ മറ്റൊരു രൂപം; വളരുന്നത് ബക്കറ്റിൽ: ഇത് ആലപ്പുഴയിലെ ടെറസ് മോഡൽ

ശാസ്ത്രീയ വളപ്രയോഗം അവലംബിച്ചുള്ള കൃഷിയാണ് ഇപ്പോൾ കർഷകരുടേതെന്ന് ജോസ് പറയുന്നു. വാസ്തവത്തിൽ, രാസവളങ്ങളും രാസകീടനാശിനികളും തുടർച്ചയായി പ്രയോഗിച്ചുള്ള കൃഷിരീതിക്ക് ഭീമമായ ചെലവുണ്ട്. ഏലക്കൃഷിയുടെ ലാഭം മുഴുവൻ ചോർത്തിയിരുന്നതും  ഇതുതന്നെ. ജൈവമാർഗത്തിലേക്കു വരുമ്പോൾ ചെലവു ചുരുങ്ങും. ഏലത്തിൽ ജൈവകൃഷി നടപ്പില്ല എന്നു പറയാനാവില്ലെന്നു ജോസ്. നിലവിൽ  ഭൂരിപക്ഷം കർഷകരും ഏലത്തിനു നൽകുന്നത് ജൈവവളമാണ്. ചാണകപ്പൊടിയും കോഴിക്കാഷ്ഠവും തന്നെ മുഖ്യം. ജൈവവളംകൊണ്ടുമാത്രം മികച്ച ഉൽപാദനം നേടാനും കഴിയും. എന്നാൽ പ്രശ്നം ഉൽപാദനത്തിലല്ല, സസ്യസംരക്ഷണത്തിലാണ്. മിത്ര ബാക്ടീരിയകളും ജീവാണുവളങ്ങളും ഉപയോഗിച്ചു പ്രതിരോധത്തിനു ശ്രമിക്കുന്നുണ്ടെങ്കിലും ഫലവത്തല്ല. തണ്ടുതുരപ്പൻപോലുള്ള കീടങ്ങളും തട്ടമറിയൽപോലുള്ള പ്രശ്നങ്ങളുമൊക്കെ പ്രതിരോധിക്കാൻ രാസകീടനാശിനികൾ തന്നെ വേണ്ടി വരുമെന്നു ജോസ്. ഭാവിയിൽ ഒരുപക്ഷേ ഇവയെ ജൈവ കീടനാശിനികൾകൊണ്ടു പ്രതിരോധിക്കാൻ കഴിഞ്ഞേക്കാം. ഇതിനെക്കാളൊക്കെ ജൈവക്കൃഷി നേരിടുന്ന പ്രശ്നം, ജൈവോല്‍പന്ന വിപണിയുടെ അഭാവമാണ്. ജൈവ ഏലത്തിന് മുന്തിയ വില ലഭിക്കുന്ന സാഹചര്യം നിലവിലില്ല. വിപണി അനുകൂലമായാൽ ഒട്ടേറെ കർഷകർ ജൈവമാർഗത്തിലേക്കു മാറുമെന്നും ജോസ് പറയുന്നു.

ഫോൺ: 9447612297

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS