ADVERTISEMENT

‘കുരുമുളകിന് ഓരോ വർഷവും ഉപഭോഗം കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. 1992ൽ ഈ രംഗത്തു വന്നതു മുതലുള്ള അനുഭവം അതാണ്. എന്നാൽ ആ, നേട്ടം കർഷകർക്കു ലഭിക്കാതിരിക്കാൻ കാരണം അനിയന്ത്രിതമായ ഇറക്കുമതിയാണ്’. തൃശൂർ ജില്ലയിൽ ചാലക്കുടിക്കടുത്ത് കിൻഫ്ര വ്യവസായ പാർക്കിൽ സൂപ്പർ ഫുഡ് പ്രോഡക്ട്സ് എന്ന കുരുമുളക് മൂല്യവർധന സംരംഭം നടത്തുന്ന ജോയ് പെരേപ്പാടൻ പറയുന്നു.

നമ്മുടെ കുരുമുളകിന്റെ മുഖ്യ വിപണി ഉത്തരേന്ത്യയാണ്. അവിടെ നിന്നുള്ള വ്യാപാരികളാണ് കേരളത്തിലെ കുരുമുളകുവിപണി നിയന്ത്രിക്കുന്നതും. വിയറ്റ്നാം ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ വൻതോതിൽ ഉൽപാദനം കൂടിയിരുന്നു. ശ്രീലങ്കയും നേപ്പാളും വഴി അത് നമ്മുടെ വിപണിയിൽ എത്തുകയും ചെയ്തു. അതേസമയം കാലം തെറ്റിയുള്ള മഴ ഉൾപ്പെടെ കാലാവസ്ഥമാറ്റം ഈ വർഷം പല രാജ്യങ്ങളിലും കുരുമുളകുൽപാദനത്തെ ബാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. അത് ഇപ്പോഴത്ത വിപണിവിലയെ സ്വാധീനിച്ചിട്ടുണ്ടെന്ന് ജോയ്. 

സംസ്ഥാനത്ത് ജാതിക്കൃഷി വർധിച്ചതും ഉൽപാദനം കൂടിയതും കുരുമുളകുവിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. സാധാരണഗതിയിൽ ഓണം ഉൾപ്പെടെ ഉത്സവസീസണുകളിലെ ആവശ്യങ്ങൾക്കായി കർഷകർ കുരുമുളകിന്റെ കരുതൽ ശേഖരം വിറ്റഴിക്കാറുണ്ട്. ജാതിക്കയുടെ ഉൽപാദനം കൂടുകയും വില വർധിക്കുകയും ചെയ്തതോടെ കർഷകർ ജാതിക്ക വിറ്റഴിച്ച് കുരുമുളക് പിടിച്ചു വച്ചിരിക്കുകയാണ്. ഇതും നമ്മുടെ വിപണിയിൽ കുരുമുളകിനു ഡിമൻഡ് കൂട്ടിയിട്ടുണ്ട്.  

Read also: ആകാശം മുട്ടുന്ന കൊടി, ആദായം നിറയുന്ന തോട്ടം: വിയറ്റ്നാമിനെ വെല്ലാൻ‌ പീറ്റർ മോഡൽ കൃഷി 

വാസ്തവത്തിൽ ഇറക്കുമതി എത്ര വർധിച്ചാലും എക്കാലത്തും വിപണിയിൽ നമ്മുടെ കുരുമുളകിനു മൂല്യം കൂടുതലുണ്ടെന്ന് ജോയ് പറയുന്നു. വിയറ്റ്നാം, ശ്രീലങ്കൻ കുരുമുളകിനൊന്നും നമ്മുടെ കുരുമുളകിന്റെ സവിശേഷമായ ഗന്ധമോ മേന്മയോ ഇല്ല. വൻകിട ഭക്ഷ്യസംസ്കരണ സംരംഭകരെല്ലാം വ്യാപാരികൾക്ക് ഉയർന്ന വില നൽകി നമ്മുടെ കുരുമുളകുതന്നെയാണ് സംഭരിക്കാൻ താൽപര്യപ്പെടുന്നത്. മറിച്ച്, ഉത്തരേന്ത്യൻ വിപണിയിൽ പപ്പടനിർമാണം ഉൾപ്പെടെയുള്ള ചെറുകിട ഭക്ഷ്യസംസ്കരണ യൂണിറ്റുകളിലേക്ക് ഏതു കുരുമുളകു കിട്ടിയാലും മതി. കുറഞ്ഞ വിലയിൽ ഇറക്കുമതി നടക്കുന്നതിന്റെ കാരണമതാണ്. ഈ വരവു കുരുമുളകിനിടയിൽപ്പെട്ട് നമ്മുടെ കർഷകർക്കു സ്വന്തം കുരുമുളകിന്റെ മൂല്യത്തിന് അനുസൃതമായ വില ലഭിക്കാതെ പോകുന്നുവെന്ന് ജോയ്. 

ഫോൺ: 9447350701

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT