ADVERTISEMENT

പതിനാറാമത്തെ വയസ്സിൽ റാണിയീച്ചയെ പിടികൂടി തക്കാളിപ്പെട്ടിയിലാക്കിയ ഏബ്രഹാമിന് അര നൂറ്റാണ്ടിനിപ്പുറവും തേനീച്ചയോടുള്ള കമ്പം കുറഞ്ഞിട്ടില്ല. പേഴുംപാറ വെള്ളാട്ടേത്ത് പി.ജെ.ഏബ്രഹാമിനു തേനീച്ച കൃഷിയാണ് ഉപജീവന മാർഗം. വീടിനടുത്തുള്ള കൃഷിത്തോട്ടത്തിലെ പൊത്തിൽ ചേക്കേറിയ കൂട്ടിൽനിന്നു തേനെടുത്തായിരുന്നു തുടക്കം. ഈച്ച വെറുതെ വിട്ടില്ല. ശരിക്കും കുത്തേറ്റു.

അവയെ പിടികൂടി തക്കാളിപ്പെട്ടിയിലാക്കിയെങ്കിലും അടുത്ത ദിവസം ഈച്ചകൾ പറന്നു പൊങ്ങാൻ തുടങ്ങി. വെള്ളം ചെപ്പി താഴെയിറക്കി റാണിയുടെ ചിറകു മുറിച്ചു തക്കാളിപ്പെട്ടിയിൽ വച്ചു. 15 കിലോഗ്രാം തേനാണു പെട്ടിയിൽനിന്ന് അടുത്ത വർഷം കിട്ടിയത്. ഈച്ചപ്പെട്ടി എന്തെന്നറിയാത്ത കാലത്തായിരുന്നു തുടക്കം. ചുവടു പിഴയ്ക്കില്ലെന്ന തിരിച്ചറിവിൽ മുന്നോട്ടു നീങ്ങി. 1973ൽ തുടക്കമിട്ട കൃഷിയിലൂടെ ഇന്നും ഏബ്രഹാം വരുമാനം നേടുന്നു.

കേരളത്തിൽ തേനീച്ച വളർത്തലിൽ പരിശീലനം ഉണ്ടായിരുന്നില്ല. തമിഴ്നാട്ടിലെ മാർത്താണ്ഡത്തു പോയി കൃഷി പഠിച്ചു. പിന്നീട് തേനീച്ച വളർത്തലിന്റെ പ്രചാരകനായി. ഖാദി ബോർഡിന്റെയും ഗാന്ധി സ്മാരകനിധിയുടെയും അംഗീകൃത പരിശീലകനായി. സമാന കൃഷിക്കാരെയും കൂട്ടി പ്രിയദർശിനി ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചു.

ഈ രംഗത്തെ ആദ്യ സംരംഭമായിരുന്നു അത്. 1985ൽ പുണെ സൊസൈറ്റി സെൻട്രൽ ബീ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പരിശീലനം നേടി. കേരളത്തിൽ ആദ്യമായി തേനീച്ചയെക്കുറിച്ചു പഠിക്കാൻ ‘കൂട്ടിലെ രഹസ്യങ്ങൾ’ എന്ന പുസ്തകം പുറത്തിറക്കി. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ തേനീച്ചക്കർഷകരെ സൃഷ്ടിക്കാൻ സൊസൈറ്റിക്കു കഴിഞ്ഞു.

1991ൽ തേനീച്ചപ്പെട്ടികളിൽ വൈറസ് രോഗം പ്രകടമായി തുടങ്ങിയിരുന്നു. 1992ൽ അതു സംസ്ഥാനത്തെല്ലാം വ്യാപിച്ചു. വൻ നഷ്ടമാണ് കർഷകർ നേരിട്ടത്. കുറെ പെട്ടികൾ സംരക്ഷിക്കാൻ സൊസൈറ്റിക്കു കഴിഞ്ഞു. ഇതിലൂടെയാണ് പിന്നീട് കേരളത്തിലും മാർത്താണ്ഡത്തും കൃഷി വ്യാപിപ്പിച്ചതെന്ന് ഏബ്രഹാം പറഞ്ഞു.

1994-95ൽ കേന്ദ്ര ഖാദി കമ്മിഷൻ ഇറ്റാലിയൻ തേനീച്ചകളെ കൊണ്ടുവന്നപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ വളർത്താൻ സാസൈറ്റിക്കും നൽകിയെങ്കിലും വിജയിച്ചില്ല. എന്നാൽ, ഏബ്രഹാമിന്റെ മട്ടുപ്പാവിൽ ഇറ്റാലിയൻ തേനീച്ച ഇപ്പോൾ വളരുന്നുണ്ട്.

ഇറ്റാലിയൻ ഈച്ചപ്പെട്ടിയിൽനിന്നു വർഷം 80 കിലോഗ്രാം തേൻ ലഭിക്കും. നാടൻ ഈച്ചകളിൽ ഉൽപാദനം 20 കിലോഗ്രാമാണ്. 300 പെട്ടി ഈച്ചകളെ ഏബ്രഹാം വളർത്തുന്നുണ്ട്. സീസൺ കാലത്ത് 1,000 പെട്ടികളായി അവ ഉയരും. പെട്ടിയടക്കം ഈച്ചയ്ക്ക് ഇപ്പോൾ 1,500 രൂപയാണു വില. കാലാവസ്ഥ വ്യതിയാനം മൂലം ഇത്തവണ തേൻ ഉൽപാദനം കൂടുതലായിരുന്നെന്ന് ഏബ്രഹാം പറഞ്ഞു.

കൂട്ടിലെ രഹസ്യങ്ങൾ പരസ്യമാക്കിയ ഏബ്രഹാമിന്റെ ഭാര്യ ലില്ലിക്കുട്ടിയും മക്കളായ ശരത്തും സ്നേഹയും അജിത്തും തേനീച്ച വളർത്തലിൽ ഒപ്പമുണ്ട്. ബ്രാൻഡഡ് പേരിൽ വീട്ടിൽ തന്നെയാണ് തേൻ വിൽക്കുന്നത്. തേൻ ഉപയോഗിച്ച് പുതിയ സംരംഭം തുടങ്ങാനുള്ള നീക്കത്തിലാണ് ഏബ്രഹാമും മകൻ ശരത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT