പോക്കറ്റ് മണിക്കുവേണ്ടി കൃഷി തുടങ്ങി; ഉൽപന്നങ്ങൾ മൂല്യവർധന നടത്തി മികച്ച വരുമാനം നേടി എംബിഎ വിദ്യാർഥി

Mail This Article
‘ജീവിതം സെറ്റ് ആക്കണമെങ്കിൽ ഏതെങ്കിലും വിദേശ രാജ്യത്ത് പോയേ പറ്റൂ’– നമ്മുടെ നാട്ടിലെ ചെറുപ്പക്കാർക്കിടയിലെ ക്ലീഷേ ഡയലോഗാണിത്. എന്നാൽ ഈ കൂട്ടത്തിൽപ്പെടുന്ന ഒരാളല്ല പാലക്കാട് ആലത്തൂർ സ്വദേശിയായ ലിപിൻ കേരളീയം എന്ന ചെറുപ്പക്കാരൻ. പാലക്കാടൻ മണ്ണിൽ നൂറുമേനി വിളയിക്കുന്ന ഈ യുവകർഷകൻ, ‘ഹെൽത്ത് നെസ്റ്റ്’ എന്ന വിജയ സംരംഭത്തിന്റെ നേതൃസ്ഥാനവും വഹിക്കുന്നു. തീർന്നില്ല ഒരു എംബിഎ വിദ്യാർഥി കൂടിയാണ് ഈ യുവ കാർഷികസംരംഭകൻ.
കൃഷിയിലേക്കുള്ള വരവിനെക്കുറിച്ച് ലിപിനോട് ചോദിച്ചാൽ ഒരു ഉത്തരമേയുള്ളൂ 'പോക്കറ്റ് മണി കിട്ടാൻ കൃഷി തുടങ്ങി'. അങ്ങനെ പോക്കറ്റ് മണി കിട്ടിത്തുടങ്ങിയപ്പോൾ കൃഷിയോടുള്ള ആവേശവും കൂടിയെന്ന് ലിപിൻ. പിന്നെ പഠനത്തിന്റെ ഇടവേളകളെല്ലാം കൃഷിക്കായി മാറ്റിവച്ചു. കൃഷിയിൽ കൂടുതൽ സജീവമാകാൻ തീരുമാനിച്ചപ്പോൾ ചെറിയ എതിർപ്പുകൾ വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും ലിപിന്റെ ആശകളെ കെടുത്തിയില്ല. കൃഷി കൂടുതൽ വിപുലമാക്കുക തന്നെ ചെയ്തു. ഒപ്പം അടുത്തുള്ള കർഷകരെയും തന്റെ കൃഷിയുടെ ഭാഗമാക്കി മാറ്റി.
പക്ഷേ, അധ്വാനിച്ചുണ്ടാക്കിയ കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ നല്ല വില ലഭ്യമാകാതെ വന്നപ്പോഴാണ് ഒരു കാർഷിക സംരംഭം തുടങ്ങാമെന്ന് ചിന്തിക്കുന്നത്. അങ്ങനെയാണ് ഹെൽത്ത് നെസ്റ്റ് എന്ന പേരിൽ തന്റെ കൃഷിയിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലേക്ക് എത്തിക്കുന്നത്. കൃഷിയിടത്തിലെ ഓരോ ഉൽപന്നങ്ങൾക്കും അവയുടെ തനിമ നഷ്ടപ്പെടാതെതന്നെ ഒരു കൂട്ടം ഉൽപന്നങ്ങൾ ഇന്ന് ഹെൽത്ത് നെസ്റ്റ് എന്ന ബ്രാൻഡിന്റെ കീഴിൽ വിപണിയിൽ ലഭ്യമാണ്. സുഗന്ധവ്യഞ്ജനങ്ങൾ, ചെറുധാന്യങ്ങൾ, വിവിധതരം അരികൾ (ഞവര, രക്തശാലി, കറുപ്പ് കവുന്നി), മസാലപ്പൊടികൾ, തേൻ, മരച്ചക്കിലാട്ടിയ എള്ളെണ്ണ, വെളിച്ചെണ്ണ തുടങ്ങി വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ലിപിൻ ഇപ്പോൾ വിപണിയിൽ എത്തിക്കുന്നു.

ഗുണമേന്മയ്ക്ക് ഏറെ പ്രാധാന്യം നൽകുന്നതുകൊണ്ടു തന്നെ തന്റെ മേൽനോട്ടത്തിലുള്ള കൃഷിയിടത്തിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ മാത്രമേ ഹെൽത്ത് നെസ്റ്റിന്റെ കീഴിൽ ആവശ്യക്കാരിലേക്ക് എത്തുന്നുള്ളൂവെന്ന് ലിപിൻ. സ്വന്തം സ്ഥലം കൂടാതെ സമീപപ്രദേശങ്ങളിൽ തരിശു കിടക്കുന്ന ഭൂമി പാട്ടത്തിനെടുത്തുമാണ് കൃഷി. വിപണിക്കു വേണ്ടത് മാത്രം ഉൽപാദിപ്പിക്കുക എന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വിൽപനയ്ക്ക് ബുദ്ധിമുട്ടില്ല. ഒരു വിളയിൽ നിന്നുള്ള ലാഭം മാത്രം ലക്ഷ്യം വയ്ക്കാതെ വിപണി സാധ്യതയുള്ള വിളകൾ കണ്ടെത്തുകയും അതിൽനിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളിലൂടെ ലാഭം നേടുന്നതാണ് തന്റെ വിജയ രഹസ്യമെന്നും ലിപിൻ പറയുന്നു.
ലിപിനൊപ്പം ഒട്ടേറെ കർഷകരും ഹെൽത്ത് നെസ്റ്റ് എന്ന ഈ സംരംഭത്തിന്റെ ഭാഗമാകുന്നുണ്ട്. അവരുടെയും വിഭവങ്ങൾ ഇതേ പേരിൽ വിപണിയിലേക്ക് എത്തിക്കുന്നു. മണ്ണിന് ഒട്ടും ദോഷകരമല്ലാത്ത രീതിയിലുള്ള വളങ്ങളും ജൈവ കീടനാശിനികളുമാണ് കൃഷിക്കായി ഉപയോഗപ്പെടുത്തുന്നത്. ദൈനംദിന ആവശ്യങ്ങൾക്കുള്ള മഞ്ഞൾപ്പൊടി തന്നെയാണ് പ്രധാന ഉൽപന്നം. വരുമാനത്തിൽ മുൻപിലുള്ളതും ഇതുതന്നെ.
ഉൽപാദനക്ഷമത കൂടിയ കുർക്കുമിൻ അളവ് കൂടുതലായ പ്രതിഭ ഇനം മഞ്ഞളാണ് ഉപയോഗിക്കുന്നത്. മേയ് മാസം കൃഷി ആരംഭിച്ചു ഡിസംബറോടെ മഞ്ഞളിന്റെ വിളവെടുപ്പ് നടത്തുന്നു. കർഷകർക്ക് വിത്തും വളവും നൽകി വിളവെടുപ്പ് പൂർത്തിയാക്കുന്ന കാലയളവിൽ മാർക്കറ്റിൽ ലഭ്യമാകുന്ന അതേ തുകയ്ക്ക് മഞ്ഞൾ തിരികെ എടുക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒട്ടേറെ പേർ ഇപ്പോൾ മഞ്ഞൾക്കൃഷി ചെയ്യാൻ മുന്നോട്ട് വരുന്നുണ്ടെന്നു ലിപിൻ. രോഗങ്ങളെ ചെറുക്കാൻ വെള്ളക്കെട്ട് സാധ്യതയില്ലാത്ത പ്രദേശമാണ് മഞ്ഞൾ കൃഷിക്ക് പ്രയോജനപ്പെടുത്തുന്നത്. സംസ്കരണ വ്യവസായത്തിന് മഞ്ഞളിൽ പ്രതിഭ ഇനമാണ് മികച്ചതെന്ന് ഇവിടത്തെ കർഷകർ ചൂണ്ടിക്കാട്ടി.
വിളവെടുത്ത മഞ്ഞൾ പച്ചയ്ക്ക് വിൽക്കുന്നതിനേക്കാൾ ലാഭം പരമ്പരാഗത രീതിയിൽ ആവിയിൽ പുഴുങ്ങി ഉണക്കി പൊടിയാക്കി വിപണിയിലേക്ക് എത്തിക്കുന്നതാണെന്നാണ് ലിപിന്റെ അഭിപ്രായം. മഞ്ഞൾ കൃഷിയിൽ ലിപിൻ നേരിടുന്ന പ്രധാന പ്രശ്നം പന്നി ശല്യമാണ്. വേലി കെട്ടിയിരിക്കുന്നതിനാൽ ഒരു പരിധിവരെ പന്നിശല്യം നിയന്ത്രണത്തിലായിട്ടുണ്ട്.
മഞ്ഞൾപ്പൊടി പോലെതന്നെ ആവശ്യക്കാരേറെയുള്ള ഉൽപന്നമാണ് കസ്തൂരി മഞ്ഞൾപ്പൊടി. സൗന്ദര്യവർധക വസ്തു എന്ന രീതിയിൽ ഉപയോഗപ്പെടുത്തുന്ന കസ്തൂരിമഞ്ഞളും സാധാരണ മഞ്ഞൾ പോലെതന്നെയാണ് സംസ്കരിച്ചെടുക്കുന്നത്. കസ്തൂരി മഞ്ഞളിന് പകരം മഞ്ഞക്കൂവയുടെ പൊടിയാണ് പലപ്പോഴും വിപണിയിൽ ലഭ്യമാകുന്നത്. അതുകൊണ്ടുതന്നെ കസ്തൂരി മഞ്ഞൾ കൃഷി ചെയ്യുന്നവർക്ക് ചെറിയൊരു പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് ഈ യുവകർഷകൻ ചൂണ്ടിക്കാട്ടുന്നു.
വിളവെടുക്കുന്ന മഞ്ഞൾ ശരിയായി രീതിയിൽ വിത്തുപചാരം നടത്തി അടുത്ത കൃഷിക്കായി ഇവിടെ ഉപയോഗപ്പെടുത്തുന്നുണ്ട്. വിത്തുകൾ ആവശ്യക്കാർക്ക് കുറിയർ വഴിയും എത്തിച്ചു നൽകുന്നു. മഞ്ഞൾപ്പൊടി കൂടാതെ നിഴലിൽ ഉണക്കിപ്പൊടിച്ചെടുക്കുന്ന കൂവപ്പൊടിയും ഹെൽത്തി നെസ്റ്റ് വിഭവങ്ങളിൽ ഏറ്റവും പേരുകേട്ടതാണ്. ഇതുകൂടാതെ തവിട് കളയാതെ അരിക്കും ആവശ്യക്കാരേറെ. രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന രക്തശാലി പോലുള്ള പരമ്പരാഗത ഇനങ്ങൾക്ക് ഇപ്പോൾ വിപണിയിൽ ഡിമാൻഡുണ്ട്. അരി കൂടാതെ വിഷവിമുക്തമായി എല്ലാ തരത്തിലുള്ള പച്ചക്കറികളും ലിപിൻ വിളയിക്കുന്നു. ഉൽപാദനം കൂടിയ ഹൈബ്രിഡ് വിത്തിനങ്ങളാണ് കൃഷിക്കായി ഉപയോഗിക്കുന്നത്.

വാണിജ്യ കൃഷി ചെയ്യുന്നതിനാൽ മണ്ണ് പരിശോധന നടത്തിയാണ് കൃഷി. ഇത്തരത്തിൽ മണ്ണിന്റെ പോഷലഭ്യത തിരിച്ചറിഞ്ഞ് വളപ്രയോഗം നടത്തിയാൽ മാത്രമേ ആദായം ഉറപ്പിക്കാനാകുവെന്നാണ് ഈ യുവാവിന്റെ പക്ഷം. ചാണകം, മണ്ണിര കംപോസ്റ്റ്, കോഴിക്കാഷ്ഠം തുടങ്ങി വളങ്ങളാണ് കൂടുതലായും കൃഷിയിടത്തിൽ ഉപയോഗിക്കുന്നത്. ഒപ്പം ഫിറമോൺ കെണികളും നീല - മഞ്ഞ കെണികളും ഉപയോഗിച്ച് തീർത്തും വിഷരഹിതമായാണ് പച്ചക്കറി വിപണിയിലേക്ക് എത്തിക്കുന്നത്. പച്ചക്കറി കൃഷി നഷ്ടമെന്ന അഭിപ്രായം ലിപിനില്ല. പരമാവധി ഉൽപാദനക്ഷമത നേടാനുള്ള മാർഗങ്ങൾ തിരിച്ചറിയുകയും വിപണിയിൽ ആവശ്യക്കാരുള്ള ഇനങ്ങൾ കണ്ടെത്തുകയും ചെയ്താൽ കൃഷിയിൽ നഷ്ടം ഉണ്ടാവില്ലെന്ന് ലിപിൻ ഉറപ്പിക്കുന്നു. ഒപ്പം പച്ചക്കറികൾ മികച്ച രീതിയിൽ പരിപാലിക്കുകയും ബാഹ്യ ലക്ഷണങ്ങളിലൂടെ ചെടിയുടെ പോഷക ലഭ്യതകുറവ് തിരിച്ചറിയാനും സാധിച്ചാൽ പച്ചക്കറി കൃഷിയിൽ ആദായം ഉറപ്പിക്കാം. പച്ചക്കറി കൂടാതെ ഓണക്കാലത്ത് വാണിജ്യപരമായി പൂക്കൃഷിയും ലിപിൻ ചെയ്യുന്നുണ്ട്.
ഹെൽത്ത് നെസ്റ്റ് വിഭവങ്ങൾക്ക് വിപണി കണ്ടെത്താൻ കൂടുതലായും സമൂഹമാധ്യമങ്ങളെയാണ് ലിപിൻ ആശ്രയിക്കുന്നത്. ലിപിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയും കമ്പനിയുടെ അക്കൗണ്ടിലൂടെയും ഉൽപന്നങ്ങൾ വിറ്റഴിക്കുന്നു. വാങ്ങുന്നവർ നൽകുന്ന പ്രചാരവും മാർക്കറ്റിങ്ങിന് ഏറെ സഹായകമാകുന്നുണ്ട്.
തന്റെ ഈ കൊച്ചു സംരംഭം ഒട്ടേറെ കർഷകർക്ക് കൈത്താങ്ങായി മാറിയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഈ യുവ കാർഷിക സംരംഭകൻ. ഒപ്പം ഒട്ടേറെ യുവ സംരംഭകരും ലിപിന്റെ ആശയത്തെ മാതൃകയാക്കി മുന്നോട്ട് വരുന്നുണ്ട്. കൃഷിയും ബിസിനസും വിപുലപ്പെടുത്താനും ഒട്ടേറെ കർഷകരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനുമുള്ള ശ്രമത്തിലാണ് ഈ യുവകർഷകൻ.
ഫോൺ: 94476 74544
English summary: Started farming for pocket money; The MBA student earned good income from value added products