ADVERTISEMENT

‘നിലവിൽ ഉണ്ടക്കാപ്പിക്ക് കിലോ 140–145 രൂപ വിലയുണ്ട്; പരിപ്പിന് 245 രൂപയും. കാപ്പിക്കർഷകരെ സംബന്ധിച്ച് എക്കാലത്തെയും മികച്ച വിലയാണിത്. വർഷങ്ങളായി ഉണ്ടക്കാപ്പി കിലോയ്ക്ക് 45–50 രൂപ, പരിപ്പിന് 105–110 രൂപ നിലയിൽ വീണുകിടക്കുകയായിരുന്നു കാപ്പിവില. ഏറെക്കാലം മുൻപ് ഹ്രസ്വകാലത്തേക്ക് ഒരു കിലോ പരിപ്പിന് 115 രൂപയും ഉണ്ടക്കാപ്പിക്ക് 45 രൂപയും വില വന്നിട്ടുണ്ട്. എന്നാൽ, അതിനു ശേഷം വർഷങ്ങളായി കാപ്പിവില താഴെയാണ്. കഴിഞ്ഞ വർഷം മുതലാണ് വിലയിൽ മാറ്റം വന്നു തുടങ്ങിയത്. ഈ മാറ്റം പക്ഷേ നിലനിൽക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല’. വയനാട് പുൽപ്പള്ളിക്കടുത്ത് സുരഭി കവലയിലുള്ള ജൈവ കർഷകനും വയനാട് സ്പൈസ് വില്ലേജ് എന്ന സംരംഭത്തിന്റെ സ്ഥാപകനുമായ മാത്യു ഉണ്ണിപ്പിള്ളിൽ പറയുന്നു. 

വിലയിടിവും ഇടനിലക്കാരുടെ ചൂഷണവും കൃഷിയെ കടുത്ത നഷ്ടത്തിലെത്തിച്ചപ്പോഴാണ് മാത്യു വയനാട് സ്പൈസ് വില്ലേജ് എന്ന സംരംഭം തുടങ്ങിയത്. വിപണിയുടെ ചാഞ്ചാട്ടങ്ങളെ മറികടക്കാനുള്ള ഏക വഴി മൂല്യവർധനയാണെന്നു മാത്യു. കാപ്പി ഉൾപ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങൾ മൂല്യവർധന വരുത്തി കയറ്റുമതി ചെയ്യുന്ന സംരംഭമാണ് സ്പൈസ് വില്ലേജ്. മകൻ ആൽബിൻ എംബിഎ നേടിയതോടെ സംരംഭത്തിന്റെ ചുമതലയിൽ മകനെ എത്തിച്ച് കൃഷിയില്‍ കൂടുതൽ ശ്രദ്ധിക്കുകയാണ് മാത്യു.

ആഗോളവിപണിയിൽ ചരക്കെത്തുന്നതു കുറയുന്നതും ഡിമാൻഡ് ഓരോ ദിവസവും വർധിക്കുന്നതുമാണ് നിലവിൽ കാപ്പിക്കർഷകർക്ക് അനുകൂലമായതെന്ന് ആൽബിൻ. മുൻനിര കാപ്പി ഉൽപാദകരാജ്യമായ ബ്രസീലിൽ കഴിഞ്ഞ 2 വർഷവും മഞ്ഞുവീഴ്ച ഉൽപാദനത്തെ ബാധിച്ചു.  ആഗോളതലത്തിൽ അറബിക്ക ഇനം കാപ്പിക്കാണ് ഡിമാൻഡ് കൂടുതൽ. നമ്മുടെ ഉൽപാദനത്തിൽ നല്ല പങ്കും അതാണ്. അറബിക്കയുടെ വരവു കുറഞ്ഞതോടെ റോബസ്റ്റ ചേർത്ത് ‘ബ്ലെൻഡ്’ ചെയ്യുന്ന രീതി വർധിച്ചതാണ് നമ്മുടെ കാപ്പിവില ഉയർത്തിയ ഒരു ഘടകം. ആഗോളതലത്തിൽ ഉൽപാദനം കുറയുന്നതുകണ്ട് വൻകിട സ്റ്റോക്കിസ്റ്റുകൾ സംഭരണം ഉയർത്തിയതും വിലയെ സ്വാധീനിച്ചിട്ടുണ്ടെന്ന് ആൽബിൻ. ബ്രസീലിയൻ കാപ്പി വിപണിയിലേക്ക് ശക്തമായി മടങ്ങിവരുന്നതോടെ വില കുറഞ്ഞേക്കാമെന്നും ആൽബിൻ പറയുന്നു. അതേസമയം, സമീപകാലത്തു സംഭവിക്കുന്ന ‘കോഫി ബൂം’ –കാപ്പിയോട് ആളുകൾക്കിടയിൽ വർധിക്കുന്ന വലിയ താൽപര്യം– കാപ്പിവിപണിയെ സംരക്ഷിക്കാൻ സാധ്യതയുണ്ടെന്നും ആൽബിൻ. 

മാത്യു ഉണ്ണിപ്പള്ളിൽ. ഫോട്ടോ∙ കർഷകശ്രീ
മാത്യു ഉണ്ണിപ്പള്ളിൽ. ഫോട്ടോ∙ കർഷകശ്രീ

‌ജൈവ കാപ്പിക്ക് മികച്ച ഭാവി

കാലാവസ്ഥാമാറ്റം കാപ്പിക്കൃഷിയെ ബാധിക്കുന്നുണ്ടെന്ന് മാത്യു. കാപ്പി പൂവിടാനും കായ്കളാകാനും യഥാസമയം മുൻമഴയും പിൻമഴയും ലഭിക്കണം. മാർച്ച് ഒടുവിൽ പൂവിടാനൊരു നല്ല മഴ ലഭിക്കണം. ഒരാഴ്ച കഴിഞ്ഞ് പൂവ് കായായി മാറാനും മഴ വേണം. അതിപ്പോൾ സമയത്തിനു ലഭിക്കുന്നില്ല. മഴ കിട്ടാത്ത പക്ഷം നനയ്ക്കേണ്ടിവരും. സാധാരണ കൃഷിക്കാരെ സംബന്ധിച്ച് അതിനുള്ള ചെലവുകൂടി താങ്ങാൻ കഴിയില്ല. ഫലത്തിൽ കാലാവസ്ഥമാറ്റം വയനാട്ടിൽ കാപ്പി ഉൽപാദനത്തെ സാരമായി ബാധിക്കുന്നുവെന്ന് മാത്യു. ഒപ്പം ഇടനിലക്കാരുടെ ചൂഷണം കൂടിയായതോടെയാണ് സൊസൈറ്റി രൂപീകരിച്ച് കർഷകരിൽനി ന്ന് കാപ്പിക്കുരു ഉൾപ്പെടെ സുഗന്ധവിളകൾ നേരിട്ടു സംഭരിക്കുക എന്ന ആശയത്തിലേക്കു നീങ്ങിയത്. വയനാടിന്റെ പല ഭാഗങ്ങളിൽനിന്നുള്ള 600 കർഷകർ സംരംഭത്തിന്റെ ഭാഗമാണ്. വിപണിവിലയേക്കാൾ ഉയർന്ന തുക നൽകി ഇവരിൽനിന്നു കാപ്പി സംഭരിച്ചു തുടങ്ങിയതോടെ വില ഉയർത്താൻ ഇടനിലക്കാരും സന്നദ്ധരായെന്ന് മാത്യു. ഉണ്ടക്കാപ്പിയായി സംഭരിച്ച് യന്ത്രസഹായത്താൽ കല്ലു നീക്കി ഗ്രെയ്ഡിങ് മെഷീനിൽ 10 ഗ്രെയ്ഡുകളായി തിരിച്ചാണ് കാപ്പി സംസ്കരണം. ഉൽപന്നങ്ങൾ നേരിട്ടു കയറ്റുമതി ചെയ്യുന്നു. ഒപ്പം കയറ്റുമതിക്കാർക്കു കൊടുക്കുന്നുമുണ്ട്.

വയനാടൻ കാപ്പിക്ക് ആഗോളതലത്തിൽത്തന്നെ മൂല്യമുണ്ടെന്ന് ആൽബിൻ. ഒപ്പം, ജൈവകാപ്പിയുടെ വിപണിയും വലിയ തോതിൽ വളരുന്നുണ്ട്. ജൈവസാക്ഷ്യപത്രമുള്ള കൃഷിയിടമാണ് മാത്യുവിന്റേത്. ജൈവ സാക്ഷ്യപത്രമുള്ള കർഷകരിൽനിന്നാണ് കാപ്പിക്കുരു സംഭരിക്കുന്നതും. ജൈവരീതിയിലേക്കു മാറുമ്പോൾ ആദ്യ 2 വർഷത്തേക്ക് ഉൽപാദനം കുറഞ്ഞാലും പിന്നീട് സാധാരണ ഉൽപാദനത്തിലേക്കെത്തുമെന്ന് മാത്യു പറയുന്നു. സുഗന്ധവിളകളുടെ കാര്യത്തിൽ ജൈവകൃഷി കർഷകർക്കു കൂടുതൽ ഗുണം ചെയ്യുമെ ന്നും വിലയിടിവിനെ മറികടക്കാൻ ജൈവോൽപന്നവും മൂല്യവർധനയുമാണ് പരിഹാരമെന്നും മാത്യുവും ആൽബിനും പറയുന്നു.

ഫോൺ: 7902421203

English summary: Wayanad Spices Village Coffee Company

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT