ADVERTISEMENT

ഭക്ഷ്യധാന്യക്കൂമ്പാരത്തിന്റെ മുകളിലിരിക്കുന്ന, ധാന്യങ്ങളുടെ ആഗോളവ്യാപാരത്തിൽ നിർണ്ണായക പങ്കു വഹിക്കുന്ന രാജ്യമായ വർത്തമാന ഇന്ത്യയ്ക്ക് ദയനീയമായ ഒരു ഭൂതകാലമുണ്ടായിരുന്നു. പട്ടിണിമരണവും ഭക്ഷ്യക്ഷാമവും ബ്രിട്ടീഷ് ഇന്ത്യയിൽ ഒരു പുതുമയായിരുന്നില്ല.1942-43 ലെ ബംഗാൾ ക്ഷാമത്തിൽ മാത്രം മരിച്ചുവീണത് 40 ലക്ഷത്തോളം മനുഷ്യരായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് പിറന്നുവീണതാകട്ടെ 40 കോടിയോളം അർധപട്ടിണിക്കാരായ പൗരന്മാരുമായിട്ടും. ഭക്ഷ്യധാന്യങ്ങൾക്കായി സമ്പന്നരാജ്യങ്ങളുടെ മുൻപിൽ കൈനീട്ടേണ്ട ഗതികേടുള്ള നാട്. ഭക്ഷണശേഖരവുമായി എത്തുന്ന അമേരിക്കൻ കപ്പലുകൾക്കായി കാത്തുനിൽക്കേണ്ട ദൈന്യത പേറുന്ന ഗവൺമെന്റ്. 1965ൽ പാക്കിസ്ഥാനുമായുള്ള യുദ്ധമാരംഭിച്ചതോടെ സ്ഥിതി അതീവ ദയനീയമായി. യുദ്ധം നിർത്താതെ ഗോതമ്പില്ലെന്ന് അമേരിക്കയുടെ ഭീഷണി. ആഴ്ചയിൽ ഒരു നേരം ഭക്ഷണമുപേക്ഷിച്ച് രാജ്യത്തെ സഹായിക്കാൻ ജനങ്ങളോട് പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രിയുടെ അഭ്യർഥന വരുന്നു. മാതൃകയായി തന്റെ കുടുംബത്തിൽ അത്താഴം ഒഴിവാക്കിയ രാജ്യത്തലവനായിരുന്നു അദ്ദേഹം. അവിടെനിന്ന് കോവിഡിനുപോലും പിടിച്ചുലയ്ക്കാൻ കഴിയാത്ത ഭക്ഷ്യധാന്യ ഉൽപാദന സ്വയംപര്യാപ്തതയിലേക്ക് ഇന്ത്യയെ എത്തിച്ചത് സുപ്രസിദ്ധമായ ഹരിത വിപ്ലവമായിരുന്നു. അതിന് ഇന്ത്യയിൽ നേതൃത്വം നൽകി വിപ്ലവത്തിന്റെ പിതൃസ്ഥാനം നേടിയെടുത്തത് ഡോ. എം.എസ്.സ്വാമിനാഥനായിരുന്നു. 

വിശന്ന ഇന്ത്യക്കാരുടെ മുൻപിൽ ദൈവം പ്രത്യക്ഷപ്പെട്ടത് സ്വാമിനാഥന്റെ രൂപത്തിലായിരുന്നു എന്നു പറയാം. 2023 സെപ്റ്റംബർ 28ന് നിത്യവിശ്രമത്തെ പുൽകുന്നതുവരെ അദ്ദേഹം പ്രവർത്തിച്ചത് കൃഷിക്കും കർഷകർക്കും വേണ്ടിയായിരുന്നു. 2004 നവംബർ 28ന് രൂപംകൊണ്ട ദേശീയ കർഷക കമ്മീഷന്റെ ചെയർമാനെന്ന നിലയിൽ രാജ്യത്തെ കർഷകരുടെ പ്രശ്നങ്ങൾ പഠിക്കുകയും പരിഹാരങ്ങൾ നിർദ്ദേശിക്കുന്ന പ്രസിദ്ധമായ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. കാർഷികോൽപന്നങ്ങളുടെ താങ്ങുവില ഉൽപാദനച്ചെലവിനേക്കാൾ ചുരുങ്ങിയത് 50 ശതമാനത്തിൽ കൂടുതലായിരിക്കണമെന്നതുൾപ്പെടെയുള്ള വിപ്ലവകരമായ നിർദ്ദേശങ്ങൾ കർഷകർക്കായി അദ്ദേഹം സമർപ്പിച്ചു. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ മിക്കതും കടലാസിലുറങ്ങുകയാണെങ്കിലും ഇന്ത്യയിലെ രണ്ടാം ഹരിതവിപ്ലവം കർഷകരുടെ ഉന്നതിയിലൂടെയേ സാധ്യമാകൂ എന്ന സ്വാമിനാഥന്റെ ആശയം സജീവമായി നിലനിൽക്കുക തന്നെ ചെയ്യും.

കാര്‍ഷികവിപ്ലവങ്ങൾ

ദാരിദ്ര്യം മനുഷ്യനെ വിപ്ലവകാരിയാക്കുന്നു. അതിജീവനത്തിനായുള്ള പരിശ്രമം ചരിത്രമായി  രേഖപ്പെടുത്തപ്പെടുന്നു. വേട്ടയാടിയും, ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ചും ജീവിച്ചിരുന്ന മനുഷ്യനെ സാംസ്‌കാരിക വളര്‍ച്ചയിലേക്കെത്തിച്ചതിന്റെ കാര്യവും കാരണവും കൃഷിയായിരുന്നു. എന്നാല്‍ ജനസംഖ്യയിലുണ്ടായ വര്‍ധന  കൃഷിക്കു വെല്ലുവിളിയായി. കൃഷിരീതികള്‍ പരിഷ്‌കരിക്കുക മാത്രമായിരുന്നു ആവശ്യത്തിന് അന്നമുണ്ടാക്കാനുള്ള വഴി. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വേഗത പ്രാപിച്ചപ്പോള്‍ അവ വിപ്ലവങ്ങളായി, ചരിത്രമായി. വേട്ടയാടി അലഞ്ഞുതിരിഞ്ഞു നടന്ന മനുഷ്യന്‍ കൃഷി ചെയ്യാനാരംഭിച്ചതിനെയാണ് ഒന്നാം കാര്‍ഷിക വിപ്ലവം  (നിയോലിത്തിക് വിപ്ലവം) എന്നു വിളിക്കുന്നത്. കന്നുകാലി വളര്‍ത്തലും ഇതോടൊപ്പം ആരംഭിച്ചു. രണ്ടാം കാര്‍ഷിക വിപ്ലവമാകട്ടെ വ്യാവസായിക വിപ്ലവത്തിന്റെ സന്തതിയായിരുന്നു.  17-18 നൂറ്റാണ്ടുകളില്‍ പുത്തന്‍ കൃഷിരീതികള്‍ ആവിഷ്‌കരിക്കപ്പെട്ടതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഹരിതവിപ്ലവം മൂന്നാം കാര്‍ഷിക വിപ്ലവമായിരുന്നു. 1923ല്‍നിന്ന് 1973ല്‍ എത്തുന്ന അന്‍പതു വര്‍ഷങ്ങള്‍ കൊണ്ട് ലോകജനസംഖ്യ ഇരട്ടിയായി. ലക്ഷക്കണക്കിന് ആളുകള്‍ പട്ടിണിയും, പോഷകക്കുറവും മൂലം മരിക്കുന്നത്. നിത്യക്കാഴ്ചയ്ക്കായി  മാറി. ഹരിതവിപ്ലവത്തെ അനിവാര്യമാക്കിയതായിരുന്നു. കാര്‍ഷികോൽപാദനം വർധിപ്പിക്കുന്നതിനായി 1940 മുതല്‍ 1970 വരെ ലോകമെമ്പാടുമായി നടന്ന കാര്‍ഷിക  ഗവേഷണ സാങ്കേതിക  മുന്നേറ്റത്തെ ഹരിതവിപ്ലവം (മൂന്നാം കാര്‍ഷിക വിപ്ലവം) എന്ന് ചരിത്രം അടയാളപ്പെടുത്തി. 

1940കളില്‍ മെക്‌സിക്കോയില്‍ നോര്‍മല്‍ ഏണസ്റ്റ് ബോര്‍ലോഗിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ഈ മുന്നേറ്റം  ലോകമെമ്പാടും വ്യാപിക്കുകയായിരുന്നു. ഫിലിപ്പീന്‍സ്, ഇന്ത്യ തുടങ്ങിയ  രാജ്യങ്ങള്‍  ഈ മാറ്റം ഏറ്റെടുക്കാന്‍ മുന്‍പില്‍ നിന്നു. 1950നെ അപേക്ഷിച്ചു നോക്കിയാല്‍ 1965ല്‍ 400 ശതമാനം വർധനയോടെ ലോകം ഭക്ഷ്യകാര്യത്തില്‍ സമ്പന്നമായി. 1943ല്‍ ബംഗാളില്‍ ഭക്ഷ്യക്ഷാമം (Bengal famine) മൂലം 40 ലക്ഷത്തോളം ആളുകള്‍ മരണമടഞ്ഞ അനുഭവമുള്ള ഇന്ത്യയുടെ പ്രതീക്ഷയായി ഹരിതവിപ്ലവം വിരുന്നു വന്നു. ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്തിരുന്ന മെക്‌സിക്കോ 1957-ല്‍ ഭക്ഷ്യ സ്വയംപര്യാപ്തമായി. നോര്‍മല്‍ ബോര്‍ലോഗ് കണ്ടുപിടിച്ച  സൊനോറ എന്ന ഗോതമ്പിന്റെ അത്യുല്‍പ്പാദനശേഷിയുള്ള വിത്താണ് വിപ്ലവത്തിന് അടിസ്ഥാനമായത്. പിന്നീട് അരി, ബജ്‌റ, ചോളം തുടങ്ങിയ ധാന്യവിളകളിലും വിപ്ലവകരമായ  മാറ്റങ്ങളുണ്ടായി. അത്യുല്‍പ്പാദനശേഷിയുള്ള  വിത്തിനങ്ങള്‍ക്കൊപ്പം കൃത്രിമ വളങ്ങള്‍, കീടനാശിനികള്‍, യന്ത്രസംവിധാനങ്ങള്‍ എന്നിവ കൃഷിക്ക് താങ്ങായി. വില്യം എസ്.ഗാഡ് (William S. Guaud) എന്ന അമേരിക്കക്കാരനാണ് ഹരിതവിപ്ലവം എന്ന വാക്ക് ആദ്യമായി  ഉപയോഗിച്ചത് യുണൈറ്റഡ്  സ്റ്റേറ്റ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍  ഡെവലപ്‌മെന്റ് (USAID) ഡയറക്ടറായിരുന്നു  അദ്ദേഹം.

വിപ്ലവത്തിന്റെ നാള്‍വഴികള്‍

1950 മുതല്‍ 1970 വരെയുള്ള  കാലഘട്ടത്തില്‍ മെക്‌സിക്കോയിലാണു ഹരിതവിപ്ലവത്തിന് നാന്ദി കുറിച്ചത്. ഐക്യരാഷ്ട്രസഭയുടെ  ഭക്ഷ്യ കാര്‍ഷിക സംഘടന(Food and Agriculture Organization - FAO)യുടെയും  റോക്ക്‌ഫെല്ലര്‍ ഫൗണ്ടേഷന്റെയും സഹായമായിരുന്നു ഇതിനു പിന്നില്‍. കാര്‍ഷിക ശാസ്ത്രജ്ഞനായ നോര്‍മല്‍ ബോര്‍ലോഗ് അത്യുല്‍പാദന, രോഗപ്രതിരോധശേഷികളുള്ള ഗോതമ്പിനങ്ങള്‍ സൃഷ്ടിച്ചെടുത്തു. 1968ല്‍ ഉയര്‍ന്ന ഉല്‍പ്പാദനശേഷിയുള്ള നെല്ല്, ഗോതമ്പ് വിത്തു വിതച്ച് നടത്തിയത് വന്‍ കുതിച്ചുചാട്ടമായിരുന്നു. കുറവ് ഊര്‍ജം ഉപയോഗിച്ച് വലുപ്പമുള്ള കതിരുകള്‍ നല്‍കാനും, ബാക്കി വരുന്ന ഊര്‍ജത്തെ ഉല്‍പാദനമാക്കി  മാറ്റാനും ഈ ഇനങ്ങള്‍ക്കു കഴിഞ്ഞു.  1960-ല്‍ ഫിലിപ്പീന്‍സിലെ മനിലയില്‍ രാജ്യാന്തര നെല്ല് ഗവേഷണ കേന്ദ്രം (International Rice Research Institute - IRRI) സ്ഥാപിക്കപ്പെട്ടു. ഇവിടെ 1966ല്‍ വികസിപ്പിച്ചെടുത്ത നെല്ലിനമാണ് IR 8.  തായ്‌വാനില്‍ തായ്ചുണ്ട് നേറ്റീവ്-1 എന്ന ഉല്‍പ്പാദനശേഷിയുള്ള നെല്ലിനം വികസിപ്പിച്ചു. കടുത്ത ഭക്ഷ്യക്ഷാമം നേരിട്ടു തുടങ്ങിയ ഇന്ത്യ 1961-ല്‍ ബോര്‍ലോഗിനെ  ഇന്ത്യയിലേക്കു  ക്ഷണിച്ചു. ഫിലിപ്പീന്‍സായിരുന്നു ഏഷ്യയിലെ ഹരിത വിപ്ലവ കേന്ദ്രമെങ്കില്‍ ഇന്ത്യയിലിതു പഞ്ചാബായിരുന്നു.  IR 8ന്റെ ഉപയോഗവും രാസവള, കീടനാശിനി പിന്തുണയും ചേര്‍ത്ത് ഇന്ത്യയില്‍ നെല്ലുല്‍പ്പാദനം വര്‍ധിപ്പിച്ചു.  ലെര്‍മ റോജോ 64 (Lerma Rojo 64), സൊണോറ 64 (Sonora 64), മെയോ 64 (Mayo 64) എന്നീ ഗോതമ്പിനങ്ങളുടെ  വരവോടെ ഗോതമ്പുല്‍പ്പാദനവും പലമടങ്ങായി.  മേല്‍പ്പറഞ്ഞ ഗോതമ്പിനങ്ങളുടെ  ചുവപ്പു  നിറം, സ്വീകാര്യത കുറഞ്ഞതായിരുന്നു. കല്യാണ്‍ സോന (Kalyan sona), സൊണാലിക (Sonalika) തുടങ്ങി  വെള്ള, ആംബര്‍ (amber) നിറങ്ങളുള്ള  വിത്തുകള്‍ സ്വീകാര്യവുമായിരുന്നു. 1980-ല്‍ നിന്ന് 2018-19 ല്‍ എത്തുമ്പോള്‍  ഗോതമ്പിന്റെ ഉൽപാദനം 11 ദശലക്ഷം ടണ്ണില്‍ നിന്ന് 97 ദശലക്ഷമായും നെല്ലിന്റേത് 36 ദശലക്ഷത്തില്‍ നിന്ന് 111 ദശലക്ഷം ടണ്ണായി ഇന്ത്യയില്‍ വര്‍ധിച്ചു എന്നത് ഓര്‍ക്കുക. ഇക്കാലയളവിനിടയില്‍  കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതിയില്‍ കുറവുണ്ടായിട്ടും ഉൽരാദനക്ഷമതയിലുണ്ടായ വർധന നമുക്ക് താങ്ങായി. 1967-77 കാലഘട്ടത്തിലുണ്ടായിരുന്ന ഭക്ഷ്യകമ്മി മറന്ന് ഭാരതം ലോകത്തെ പ്രമുഖ കാര്‍ഷിക രാജ്യമായി മാറി.

ഹരിതവിപ്ലവത്തില്‍ സംഭവിച്ചത്

അത്യുല്‍പ്പാദനശേഷിയുള്ള വിത്തിനങ്ങള്‍ ഉപയോഗിച്ചതിലൂടെ ഉൽപാദനക്ഷമതയില്‍ വര്‍ധനയുണ്ടായി. ഒപ്പം കൃഷി ചെയ്യപ്പെടുന്ന സ്ഥല വിസ്തൃതി വർധന രേഖപ്പെടുത്തി. നിലവിലുണ്ടായിരുന്ന കൃഷിഭൂമിയിലാകട്ടെ വര്‍ഷത്തില്‍ രണ്ടോ, മൂന്നോ തവണ കൃഷി ചെയ്യുന്ന രീതിയുണ്ടായി. ജലസേചനത്തിനായി ഡാമുകളും, കനാലുകളും നിര്‍മ്മിക്കപ്പെട്ടു. ഇന്ത്യന്‍ കൗണ്‍സില്‍  ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് (ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ - ICAR) നെല്ല്, ഗോതമ്പ്, ചോളം തുടങ്ങിയ ധാന്യങ്ങളുടെ ജനിതകമായി മെച്ചപ്പെടുത്തിയ ഉല്‍പ്പാദനക്ഷമതയുള്ള വിത്തിനങ്ങള്‍ വികസിപ്പിച്ചു. ഉദാഹരണത്തിന്  K-68 എന്ന ഗോതമ്പിനം ഏറെ പ്രസിദ്ധമായിരുന്നു. രാസവളങ്ങളുടെ പ്രയോഗം, ജലസേചനം, കീടനാശിനി ഉപയോഗം, കര്‍ഷകരെ സഹായിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, യന്ത്രവല്‍ക്കരണം എന്നിവ ഹരിതവിപ്ലവത്തിന്റെ ഭാഗമായി. ആവര്‍ത്തന കൃഷിയും, മണ്ണ് പരിശോധനയും, വിപണിയില്‍ വില ഉറപ്പാക്കുന്ന സംവിധാനവുമൊക്കെ വിപ്ലവത്തിന് സഹായകരമായി.

ഹരിതവിപ്ലവത്തിന്റെ പിതാവ്

ലോകമെമ്പാടുമുള്ള  പതിനായിരങ്ങളെ പട്ടിണിയില്‍ നിന്നു രക്ഷിച്ച നോര്‍മന്‍ ഏണസ്റ്റ് ബോര്‍ലോഗ്, 1914 മാര്‍ച്ച് 25-ന് അമേരിക്കയില്‍ ജനിച്ച ജീവശാസ്ത്രജ്ഞനും, മനുഷ്യാവകാശ വാദിയുമായിരുന്നു. പട്ടിണിയില്‍ നിന്നുള്ള  മോചനമാണ് സമാധാനത്തിലേക്കുള്ള  ആദ്യപടിയെന്ന് വിലയിരുത്തി, 1970-ല്‍  അദ്ദേഹത്തിന് നൊബേല്‍ പുരസ്‌കാരം നല്‍കപ്പെട്ടു. അത്യുല്‍പ്പാദനശേഷിയുള്ള അര്‍ധ കുള്ളന്‍ ഗോതമ്പിനങ്ങള്‍ വികസിപ്പിച്ചു എന്ന നേട്ടമാണ് അദ്ദേഹം  ലോകത്തിന്  നല്‍കിയത്. ഇന്ത്യന്‍ ഹരിതവിപ്ലവത്തിലും അദ്ദേഹം പങ്കുവഹിച്ചു. ഇന്ത്യന്‍ അഗ്രിക്കള്‍ച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  അദ്ദേഹത്തിന്റെ  വിത്തിനങ്ങള്‍ പരീക്ഷിച്ച് വിജയം കണ്ടു. ലഭ്യമായ  ഭൂമിയില്‍ ഉല്‍പ്പാദനം കൂട്ടിയാല്‍ കൃഷിക്കായി  കൂടുതല്‍ വനനശീകരണം വേണ്ടിവരില്ലെന്ന ബോര്‍ലോഗ് ഹൈപോതിസിസ് (Hypothesis) ശ്രദ്ധ നേടി. പത്മവിഭൂഷണന്‍ പുരസ്‌കാരം നല്‍കി ഭാരതം ആദരിച്ചു. ഹരിതവിപ്ലവത്തിന്റെ പിതാവ് (Father of Green Revolution) എന്ന് അറിയപ്പെടുന്നു. 2009 സെപ്റ്റംബര്‍ 12-ന് അന്തരിച്ചു.

ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ്

1925 ഓഗസ്റ്റ് 7ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ മങ്കൊമ്പിലാണ്  സ്വാമിനാഥന്‍ ജനിച്ചത്. ബോര്‍ലോഗിന്റെ ഗവേഷണങ്ങള്‍ക്ക് ഇന്ത്യന്‍ മുഖം നല്‍കിയ അദ്ദേഹം  നമ്മുടെ ഹരിതവിപ്ലവ പിതാവായി  അറിയപ്പെടുന്നു. ഇരുപതാംനൂറ്റാണ്ടിലെ  ഏഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളെ ടൈം മാഗസിന്‍ തിരഞ്ഞെടുത്തപ്പോള്‍ ഇന്ത്യയില്‍ നിന്ന് ഗാന്ധിജിക്കും ടാഗോറിനുമൊപ്പം അവസാനം ഇരുപതില്‍ ഉണ്ടായിരുന്ന ഇന്ത്യക്കാരനായി. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ആദ്യ ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിച്ചു. (1972-79). ദേശീയ കര്‍ഷക കമ്മീഷന്‍ ചെയര്‍മാനായിരിക്കെ സമര്‍പ്പിച്ച സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നും ചര്‍ച്ചചെയ്യപ്പെടുന്നു. വേള്‍ഡ് ഫുഡ് പ്രൈസ്, പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, മാഗ്‌സസെ പുരസ്‌ക്കാരങ്ങള്‍ നേടി. 1986-ല്‍ ബോര്‍ലോഗ് ഏര്‍പ്പെടുത്തിയ  ലോക ഭക്ഷ്യ സമ്മാനം ആദ്യം ലഭിച്ചത്  എം.എസ്.സ്വാമിനാഥനായിരുന്നു. ഈ പണംകൊണ്ടാണ് എം.എസ്.സ്വാമിനാഥന്‍. റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപിക്കപ്പെട്ടത്. ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് (Father of Indian Green Revolution) എന്ന്  വിളിക്കപ്പെട്ട ഡോ. സ്വാമിനാഥനും കാലയവനികയുടെ പിന്നിലേക്ക് വിടവാങ്ങുന്നു.

ഹരിതവിപ്ലവ നേട്ടങ്ങള്‍, കോട്ടങ്ങള്‍

നമ്മുടെ പരിസ്ഥിതിയില്‍ വലിയ മാറ്റങ്ങളാണ് ഹരിതവിപ്ലവം കൊണ്ടുവന്നതെന്ന് കരുതപ്പെടുന്നു. രാസവളങ്ങളില്‍, സൂക്ഷ്മ മൂലകങ്ങള്‍ (സിങ്ക്, കോപ്പര്‍, മാംഗനീസ്, മഗ്നീഷ്യം, ബോറോണ്‍) കൂടുതലുപയോഗിച്ചപ്പോള്‍ മണ്ണിന്റെ ഘടനയില്‍ മാറ്റം വന്നു. ജലസേചനത്തിന്റെ ഫലമായി ഫ്‌ളൂറൈഡ് ജലമലിനീകരണമുണ്ടായി. ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്നു. പയര്‍വര്‍ഗ്ഗങ്ങളും, നവധാന്യങ്ങളും ഫലഭൂയിഷ്ഠി നല്‍കിയ മണ്ണില്‍  ഏകധാന്യ കൃഷി വന്നതോടെ മണ്ണിന്റെ ഗുണം നഷ്ടപ്പെട്ടു. ജനിതക വൈവിധ്യം നഷ്ടപ്പെടുത്തിക്കൊണ്ട് പരമ്പരാഗത വിത്തുകള്‍ നഷ്ടമായി. രാസവളം, കീടനാശിനിയും മണ്ണിന്റെ സൂക്ഷ്മപരിസ്ഥിതി അപകടത്തിലാക്കി. ഇവ പല  ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കിയതായി കരുതപ്പെടുന്നു. വളര്‍ത്തു മൃഗങ്ങളുടെയും ചെറുകിട കര്‍ഷകരുടേയും സ്ഥാനം യന്ത്രവല്‍ക്കരണം നഷ്ടപ്പെടുത്തി. ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതില്‍ ഹരിതവിപ്ലവം  വന്‍വിജയമായിരുന്നെങ്കിലും  നിരവധി വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു. ജൈവവൈവിധ്യ നഷ്ടം, പരമ്പരാഗത വിത്തുകളുടെ വംശനാശം, മലിനമായ മണ്ണും, ജലവും, തകര്‍ന്ന മണ്ണ്, ജല ആവാസവ്യവസ്ഥകള്‍ എന്നിവയുടെ കാരണമായി ഹരിതവിപ്ലവം കണക്കാക്കപ്പെട്ടു. ഏകവിളകൃഷിയും, പുത്തന്‍ കീടങ്ങള്‍, കളകള്‍ എന്നിവയുടെ വരവുമൊക്കെ ഹരിതവിപ്ലവത്തിന്റെ ബാക്കിപത്രമായി എണ്ണപ്പെട്ടു. എങ്കിലും വിശപ്പില്ലാത്ത ലോകത്തിലേക്കുള്ള  യാത്രയില്‍ സുസ്ഥിര പരിസ്ഥിതി സൗഹൃദ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് ഹരിതവിപ്ലവം നിത്യമായി നിലനില്‍ക്കേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com