ADVERTISEMENT

കാപ്പിക്കൃഷിയിലെ അനന്തസാധ്യതകള്‍ ദക്ഷിണേന്ത്യന്‍ കര്‍ഷകര്‍ക്കു മുന്‍പില്‍ തുറക്കുകയാണ്. രാജ്യാന്തര വിപണിയില്‍ റോബസ്റ്റ കാപ്പിക്ക് അനുഭവപ്പെടുന്ന വര്‍ധിച്ച ഡിമാന്‍ഡ് അവസരമാക്കാന്‍ നമ്മുടെ ഉല്‍പാദകര്‍ക്കാവുമെന്ന വിലയിരുത്തലിലാണ് ആഗോള കാപ്പി സമൂഹം. പിന്നിട്ട വര്‍ഷങ്ങളില്‍ വയനാട്ടിലെയും ഹൈറേഞ്ചിലെയും ഉല്‍പാദകര്‍ക്ക് കാപ്പിക്കൃഷി വിജയിപ്പിക്കാനായതിന്‌റെ വ്യക്തമായ തെളിവാണ് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ കാപ്പിയുടെ നറുമണത്തിന് ലഭിച്ച അംഗീകാരം.  

കേരളവും കര്‍ണാടകവും ഒത്തുപിടിച്ചാല്‍ രാജ്യാന്തര കാപ്പി കയറ്റുമതിയില്‍ മികച്ച തലത്തിലേക്ക് നമുക്ക് ചുവടുവയ്ക്കാനാവും. നിലവില്‍ കയറ്റുമതിയില്‍ ഏഴാം സ്ഥാനത്ത് നീങ്ങുന്ന ഇന്ത്യയ്ക്ക് വരുന്ന രണ്ടുമൂന്നു വര്‍ഷങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ പെറു, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളെ പിന്നിലാക്കാന്‍ കഴിയും.  

ബെംഗളൂരുവില്‍ നടന്ന ലോക കോഫി കോണ്‍ഫറന്‍സില്‍ റോബസ്റ്റ ബ്ലെന്‍ഡുകള്‍ക്ക് ആഗോള തലത്തില്‍  വര്‍ധിച്ചു വരുന്ന പ്രാധാന്യമാണ് ദക്ഷിണേന്ത്യന്‍ കര്‍ഷകര്‍ക്ക് വന്‍ സാധ്യതകള്‍ക്ക് അവസരം ഒരുക്കുമെന്ന വിലയിരുത്തലാണ് പുറത്തുവന്നത്. ഏതാനും വര്‍ഷങ്ങളായി വിവിധ പാനീയങ്ങളില്‍ കലര്‍ത്തുന്നതിനുള്ള കോഫി ബീന്‍ ഡിമാന്‍ഡ് അടിവച്ച് ഉയരുന്നത് പരിശോധിച്ചാല്‍ കാപ്പിക്കൃഷി കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാന്‍ അനുകൂല സാഹചര്യം ഒത്തുവരുന്നു. ഊര്‍ജപാനീയങ്ങള്‍, ജ്യൂസ്,  സോഡ എന്നിവയിലും കോഫിബീന്‍ ഉപയോഗിക്കുന്നുണ്ട്.

കട്ടപ്പന വിപണിയില്‍ റോബസ്റ്റ കാപ്പിക്കുരു 136 രൂപയിലും റോബസ്റ്റ പരിപ്പ് 240 രൂപയിലും ഇടപാടുകള്‍ നടക്കുമ്പോള്‍ വയനാട്ടില്‍ ഉണ്ടകാപ്പി 7200 രൂപയിലും പരിപ്പ് ക്വിന്റലിന് 23,700 രൂപയിലുമാണ്.

ആഗോള  കാപ്പി  കയറ്റുമതി  ഒക്ടോബര്‍ - ജൂലൈ കാലയളവില്‍ 5.7 ശതമാനം ഇടിഞ്ഞ് 103.736 മില്യണ്‍ ചാക്കില്‍ ഒതുങ്ങിയെന്ന് അന്താരാഷ്ട്ര കോഫി ഓര്‍ഗനൈസേഷന്‍. കാപ്പി ഉല്‍പാദനത്തില്‍ രാജ്യാന്തര തലത്തില്‍ രണ്ടാം സ്ഥാനത്ത് നികൊള്ളുന്ന കൊളംബിയില്‍ ഓഗസ്റ്റില്‍ കയറ്റുമതിയില്‍ 17 ശതമാനം ഇടിവ് സംഭവിച്ചു. നടപ്പുവര്‍ഷം ആദ്യ എട്ടു മാസങ്ങളില്‍ വിയറ്റ്നാമിന്റെ കയറ്റുമതി അഞ്ചു ശതമാനം കുറഞ്ഞു. കാലാവസ്ഥ വ്യതിയാനങ്ങള്‍ മൂലം ഈ വര്‍ഷം വിയറ്റ്നാമിന്റെ കയറ്റുമതി ഏഴു ശതമാനം ഇടിയുമെന്നാണ് വിലയിരുത്തുന്നത്. 


റബര്‍
രാജ്യം നാലു മാസം നീണ്ട കാലവര്‍ഷത്തിനു ശേഷം തുലാവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. എല്‍നിനോ പ്രതിഭാസം മണ്‍സൂണിനെ ദുര്‍ബലമാക്കിയെങ്കിലും കാലാവസ്ഥ വ്യതിയാനങ്ങള്‍ തുലാവര്‍ഷത്തെ സ്വാധീനിക്കില്ലെന്നാണ് വിലയിരുത്തല്‍.
കാലാവസ്ഥ പ്രവചനങ്ങള്‍ കണക്കിലെടുത്താല്‍ മുന്നിലുള്ള ഒരു മാസം രാത്രിമഴയ്ക്ക് സാഹചര്യം ഒരുക്കുമെങ്കിലും പുലര്‍ച്ചെയുള്ള റബര്‍വെട്ടിനെ അത് ബാധിക്കില്ലെന്നാണ് ഒരു വിഭാഗം ഉല്‍പാദകരുടെ പ്രതീക്ഷ. പ്രത്യേകിച്ച് റെയിന്‍ ഗാര്‍ഡ് ഒരുക്കിയ തോട്ടങ്ങളില്‍. ശൈത്യകാലത്തിന് തുടക്കം കുറിക്കുന്നതിനാല്‍ മരങ്ങളില്‍നിന്നുള്ള യീല്‍ഡും ഉയരാനുള്ള സാഹചര്യം തോട്ടം മേഖല പരമാവധി പ്രയോജനപ്പെടുത്താം. ഉല്‍പാദന കേന്ദ്രങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയാല്‍ ജനുവരി രണ്ടാം പകുതി വരെ ടാപ്പിങ്ങുമായി മുന്നേറാനാവുമെന്ന കണക്കുകൂട്ടലിലാണ് തോട്ടം മേഖല.

ഇതിനിടെ മാറിയ കാലാവസ്ഥയില്‍ ജനുവരിക്കു ശേഷവും റബര്‍വെട്ടുമായി മുന്നേറാന്‍ പറ്റുമോയെന്നതും ഒരു വിഭാഗം നിരീക്ഷിക്കുന്നുണ്ട്. ഉല്‍പാദനം ഉയര്‍ത്തി കൃഷി ലാഭമാക്കാന്‍ മുന്നിലുള്ള ഏതവസരവും പ്രയോജനപ്പെടുത്തിയാല്‍ മാത്രമേ കാര്‍ഷികച്ചെലവുകള്‍ താഴ്ത്താന്‍ പറ്റു. ഉത്തരേന്ത്യന്‍ വ്യവസായികളില്‍ നിന്നുള്ള പിന്‍തുണ വരും മാസങ്ങളില്‍ വിപണിക്ക് ഉറപ്പ് വരുത്താനാവുമെന്ന പ്രതീക്ഷ നിലനില്‍ക്കുന്നു. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബര്‍ വില കിലോ 146 രൂപയിലാണ് ഇടപാടുകള്‍ പുരോഗമിക്കുന്നത്.

രാജ്യാന്തര റബര്‍ അവധിവ്യാപാര രംഗത്തെ ചാഞ്ചാട്ടങ്ങള്‍ തുടരുന്നു. വിനിമയ വിപണിയില്‍ ജാപ്പനീസ് യെന്നിന്റെ മൂല്യത്തിലുളവാക്കുന്ന വ്യതിയാനങ്ങള്‍ ഏഷ്യന്‍ റബര്‍ മാര്‍ക്കറ്റുകളെ സ്വാധീനിച്ചതിനാല്‍ സിംഗപ്പുര്‍, ചൈനീസ് വിപണികളിലും അതേ വേഗതയില്‍ രാജ്യാന്തര മാര്‍ക്കറ്റില്‍ പ്രതിഫലിക്കുകയാണ്.

ഇതിനിടെ ക്രൂഡ് ഓയില്‍ ഉല്‍പാദനത്തില്‍ കുറവ് വരുത്തുമെന്ന് ഒപെക് വെളിപ്പെടുത്തല്‍ രാജ്യാന്തര എണ്ണ വിപണി ചൂടുപിടിക്കാന്‍ അവസരം സൃഷ്ടിക്കുമെന്ന് അറബ് മേഖല കണക്കുകൂട്ടി. എണ്ണ വിപണിയിലെ ബുള്‍ തരംഗം ക്രൂഡ് ഓയിലിനെ 100 ഡോളറിലേക്ക് കൈപിടിച്ച് ഉയര്‍ത്തുമെന്നാണ് അവര്‍ വിലയിരുത്തി.

എന്നാല്‍ എണ്ണ മാര്‍ക്കറ്റില്‍ അനുകുല തരംഗം ഉടലെടുക്കാത്തത് കൃത്രിമ റബറിന്റെ വിലക്കയറ്റത്തിന് തടസമായി. സിന്തറ്റിക് റബര്‍ വിപണിയുടെ ചലനങ്ങളെ ഏഷ്യന്‍ റബര്‍ ഉല്‍പാദകരാജ്യങ്ങള്‍ സസൂക്ഷ്മം വിലയിരുത്തുകയാണ്. റബര്‍ അവധി വ്യാപാരത്തിലെ ഫണ്ടുകളും അളന്നുമുറിച്ച് കൃത്യതയോടെയാണ് ഓരോ ചുവടുംവയ്ക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT