ADVERTISEMENT

വിവാഹം കഴിഞ്ഞ നാളിൽതന്നെ ഭാര്യ ജിഷയോട് വിനോദൻ പറഞ്ഞു;‘50 വയസ്സെത്തുമ്പോൾ ജോലി അവസാനിപ്പിച്ച് കൃഷിജീവിതത്തിലേക്കു തിരിയും’. എതിർപ്പുണ്ടായിരുന്നില്ല ജിഷയ്ക്കും. ‘തിക്കും തിരക്കുമില്ലാതെ, സ്വസ്ഥമായ ഗ്രാമീണജീവിതത്തോട് ഇഷ്ടം എന്നുമുണ്ടായിരുന്നു. അതേസമയം അമ്പതാം വയസ്സിൽ വിശ്രമജീവിതം തുടങ്ങേണ്ടതുമില്ല. ജോലിയിലൂടെ നേടിയ കരുതൽധനത്തിലൊരു പങ്ക് കൃഷിയിൽ നിക്ഷേപിച്ച് മികച്ച വരുമാനം നേടി, കടുത്ത ലാഭ,നഷ്ടങ്ങളുടെ സമ്മർദമില്ലാതെ ജീവിക്കാനായിരു ന്നു താൽപര്യം’ കോഴിക്കോട് വടകര സ്വദേശി വിനോദൻ ഇടവന പറയുന്നു. 

മൂല്യവർധിത ഉൽപന്നങ്ങളുമായി വിനോദനും ജിഷയും
മൂല്യവർധിത ഉൽപന്നങ്ങളുമായി വിനോദനും ജിഷയും

സമ്പാദ്യം നിക്ഷേപിക്കാന്‍ എന്തുകൊണ്ടു കൃഷി എന്ന ചോദ്യത്തിന് വിനോദന് ഉത്തരമുണ്ട്. ‘ഒന്ന്, ശരിയായ കണക്കുകൂട്ടലോടെ കൃഷിയിലേക്കു വന്നാൽ മികച്ച ലാഭം നേടാം. രണ്ട്, കൃഷിയും വിളവും നൽകുന്ന സന്തോഷം മറ്റൊന്നിലും കണ്ടില്ല’. ജീവിതത്തോടുള്ള ഈ കാഴ്ചപ്പാടാണ് തന്റെ കാർഷിക സംരംഭത്തിനും അടിത്തറയെന്നു വിനോദൻ. കൃഷിയിൽ ഏതിനം എന്നു കണ്ടെത്തിയതും സ്വന്തം അഭിരുചികളുടെ അടിസ്ഥാനത്തിൽ തന്നെ. അധികം ആളും ബഹളവുമില്ലാത്ത, ശുദ്ധവായു ലഭിക്കുന്ന സ്ഥലമായിരു ന്നു മനസ്സിൽ. അതിനോടു പൊരുത്തപ്പെടുന്ന വരുമാനമേഖലയായി കണ്ടത് ഗ്രാമീണ ഫാം ടൂറിസം. ചുരു ക്കത്തിൽ, ജോലി വിട്ട് കൃഷിജീവിതം തിരഞ്ഞെടുക്കുന്നവർ സ്വന്തം സാഹചര്യങ്ങൾക്കും അതിലുപരി താൽപര്യങ്ങൾക്കും അനുസൃതമായി തിരഞ്ഞെടുപ്പ് നടത്തുകയെന്നത്  ഒന്നാം പാഠമെന്നു വിനോദൻ.

എന്തുകൊണ്ട് ഫാം ടൂറിസം

ഫാം ടൂറിസമാകുമ്പോൾ കടുംകൃഷിയുടെ ആവശ്യം വരുന്നില്ല. വലിയ ഉൽപാദനവും അതിനു വിപണി തേടിയുള്ള അലച്ചിലും ആവശ്യമില്ല.  വിളവിൽ നല്ല പങ്കും ഫാമിലെത്തുന്ന സഞ്ചാരികൾക്കു  വിലപേശലില്ലാതെ വിൽക്കാം. കോഴിക്കോടിന്റെ മലയോരമേഖല ഇതിനോടകം തന്നെ ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ചതിനാൽ സഞ്ചാരികൾക്കു കുറവില്ല. ദീർഘകാലം പലയിടത്തു ജോലി ചെയ്തപ്പോഴുള്ള  സൗഹൃദങ്ങൾ വഴിയും സന്ദർശകരെ ലഭിക്കും. എല്ലാവരും മലയിറങ്ങി മഹാനഗരങ്ങളിൽ താമസിക്കാൻ ഇഷ്ടപ്പെടുമ്പോൾ നഗരം വിട്ട് ഗ്രാമത്തിലേക്കു ചേക്കാറാൻ വിനോദൻ തുനിഞ്ഞത് ഈ ആലോചനകളുടെ തുടർച്ചയായാണ്. 

ജോലിയിലിരിക്കെത്തന്നെ, ആൾത്തിരക്കും ബഹളവുമൊന്നുമില്ലാത്ത, ശുദ്ധവായു ലഭിക്കുന്ന പച്ചത്തുരുത്തിനായി അന്വഷണം തുടങ്ങി. നാട്ടിലേക്കുള്ള ഓരോ വരവിലും മനസ്സിലുള്ള കൃഷിയിടം തേടി യാത്ര ചെയ്തു. ഒടുവിൽ 10 കൊല്ലം മുൻപ് കോഴിക്കോടിന്റെ വിദൂര മലയോരമായ പൂവാറംതോടിന്റെ നെറുകയിൽ കല്ലം പുല്ലം എന്ന പ്രദേശത്ത് മനസ്സിനിണങ്ങിയ സ്ഥലം കണ്ടെത്തി. അന്തിയായാൽ മഞ്ഞിറങ്ങുന്ന മനോഹരമായ കുന്നുംപുറത്ത് 10 എക്കർ സ്ഥലം വാങ്ങി. ജോലി വിട്ട് 5 വർഷം മുൻപ് പൂവാറംതോടിൽ വീടു വച്ച് കൃഷിയും ഫാം ടൂറിസവും തുടങ്ങി. ഇന്ന് രണ്ടിൽനിന്നും മികച്ച വരുമാനം. ഒപ്പം ആഗ്രഹിച്ച കൃഷിജീവിതം കയ്യെത്തിപ്പിടിച്ച സന്തോഷവും.

poovaramthodu-1

പടിപടിയായി       

വാങ്ങിയ സ്ഥലത്തേക്കു ശരിയായ വഴിപോലുമുണ്ടായിരുന്നില്ല. 10 ഏക്കർ അത്രയും നിരപ്പില്ലാതെ ചെറു കുന്നുകളും പാറക്കെട്ടുകളും. പറമ്പിനു നടുവിൽ നല്ലൊരു പങ്ക് സ്ഥലം അപഹരിച്ചൊഴുകുന്ന ചെറു തോട്. ഇവയിലെല്ലാം പക്ഷേ ഫാം ടൂറിസത്തിന് അനുകൂല സാധ്യതകളാണ് വിനോദൻ കണ്ടത്. ജോലി വിടും മുന്‍പുതന്നെ വിനോദന്‍ ഇവിടെ തെഴിലാളികളെ താമസിപ്പിച്ച് കൃഷിയും നവീകരണങ്ങളും തുടങ്ങി. കാപ്പിയും കമുകും തെങ്ങുമൊക്കെ രോഗ,കീടബാധയും നോട്ടക്കുറവും കാരണം ഏറക്കുറെ നശിച്ചിരുന്നു. തീർത്തും നശിച്ചവ വെട്ടി നീക്കി പുതിയവ നട്ടു. പശുക്കളെ വാങ്ങി ജൈവവളലഭ്യത ഉറപ്പാക്കി.

പൂവാറംതോടിൽ ഏറ്റവും വ്യാപകമായ വിള  ജാതിയാണ്.  അതുൾപ്പെടെ സന്ദർശകർക്ക് ഏറെ പ്രിയമുള്ള സുഗന്ധവിളകളുടെയും പഴവർഗങ്ങളുടെയും കൃഷി വിപുലമാക്കി. ശുദ്ധഭക്ഷണം എന്ന ലക്ഷ്യത്തോടെ സമ്പൂർണ ജൈവക്കൃഷി നടപ്പാക്കി. കൃഷിയിടത്തിലൂടെ ഒഴുകിയിരുന്ന ചെറിയ കൈത്തോടിനു കുറുകെ ചെറു പാലം തീർത്ത് ആകർഷകമാക്കി. ഉയർന്ന പാറക്കെട്ടുകൾ താഴ്‌വാരക്കാഴ്ച നൽകുന്ന വ്യു പോയിന്റുകളായി. 5 വർഷം മുൻപ് ജോലി അവസാനിപ്പിച്ച്  വിനോദൻ എത്തുമ്പോഴേക്കും മൊട്ടക്കുന്ന് പച്ചക്കുന്നായി മാറിയിരുന്നു. 

ഫാം സ്റ്റേ അനുമതിപത്രത്തിനായി ടൂറിസം വകുപ്പിന്റെ ജില്ലാ ഓഫിസിലാണ് ചെന്നത്. ഗോൾഡ് കാറ്റഗ റിയിലാണ് അപേക്ഷിച്ചതെങ്കിലും ഫാമിലെത്തി പരിശോധന നടത്തിയ അധികൃതർ അതിലും ഉയർന്ന ഡയമണ്ട് കാറ്റഗറി അനുവദിച്ചു. ആഡംബരങ്ങളില്ലാത്തതും അതേസമയം സുരക്ഷിതവും ഹൃദ്യവുമായ ഫാം സ്റ്റേ അധികാരികളും അംഗീകരിച്ചു (നമ്മുടെ നാട്ടിൽ സംരംഭത്തിനു തുനിയുന്നവർക്ക് വകുപ്പുകൾ പലതും മെച്ചപ്പെട്ട പിൻതുണ നൽകുമ്പോൾ തദ്ദേശ ഭരണസ്ഥാപനങ്ങളാണ് വഴിമുടക്കികളാകുന്നതെന്നു വിനോദൻ. അനുമതികളുടെ ചെക് ലിസ്റ്റ് പല തദ്ദേശ ഭരണസ്ഥാപനങ്ങളിലുമില്ല. പകരം ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന നിലയിൽ സംരംഭകനെ നടത്തിക്കുകയാണ് പതിവ്).

poovaramthodu-3

കർഷകർക്കാവണം നേട്ടം

സംസ്ഥാനത്ത് പൂവാറംതോട് ഉൾപ്പെടെ ഫാം ടൂറിസത്തിനു യോജിച്ച ഒട്ടേറെ കാർഷികമേഖലകളുണ്ട്. എന്നാൽ ഇന്ന് അവയില്‍ പലതും ലാഭം മാത്രം ലക്ഷ്യമിടുന്ന റിസോർട്ട് സംരംഭകരുടെ കൈവശമാണ്. അതിനു പ്രധാന കാരണം കാർഷികോൽപന്നങ്ങളുടെ വിലയിടിവും ഇടത്തട്ടുകാരുടെ ചൂഷണവുമെന്നു വിനോദൻ. അതുകൊണ്ടുതന്നെ വിളസമൃദ്ധമായ കൃഷിയിടങ്ങൾ വിറ്റ് മറ്റു വരുമാന വഴികൾ തേടുകയാണ് പലരും. ഇവയെല്ലാം വാങ്ങുന്നതു റിസോർട്ടുകാർ. ഈ കൃഷിയിടങ്ങളെ ബന്ധിപ്പിച്ച് ഗ്രാമീണ ഫാം ടൂറിസം വളർന്നു വന്നിരുന്നെങ്കിൽ ഒരു കൃഷിക്കാരനും  കൃഷിയിടം ഉപേക്ഷിച്ചു പോകില്ലായിരുന്നെന്നു വിനോദൻ. നിർഭാഗ്യവശാൽ അത്തരമൊരു കാഴ്ചപ്പാട് അധികാരികള്‍ക്കില്ല.

പുതു സംരംഭത്തിൽ 5 വർഷം പിന്നിടുമ്പോൾ വിനോദന്റെ കൃഷിജിവിതം സുസ്ഥിര വരുമാനത്തിലെത്തിലായിക്കഴിഞ്ഞു, ഒരു ദിവസത്തേക്കു വന്നു പോകുന്നവരും താമസിക്കാനെത്തുന്നവരുമായി മാസം മുഴുവൻ സന്ദർശകർ. ഫാമിൽ വിളയുന്ന കാപ്പി, കുരുമുളക്, ഏലം, ഗ്രാമ്പൂ എന്നിവയുടെ നല്ല പങ്കും അവർ വാങ്ങും. വീട്ടുമുറ്റത്തു വിളയുന്ന ശുദ്ധമായ പച്ചക്കറികളും കൺമുന്നിൽ കറന്നെടുക്കുന്ന പാലും ഉപയോഗിച്ചു ജിഷ തയാറാക്കുന്ന വിഭവങ്ങളും അവർക്കു പ്രിയം. സന്ദർശകർക്കായി ഒരു മൺവീടു  പണിയുകയാണിപ്പോൾ ദമ്പതികള്‍. 

poovaramthodu-4

നിക്ഷേപം സൂക്ഷിച്ച്

പഠനം കഴിഞ്ഞ് 8 വർഷത്തോളം ഫാക്ടിലും കൊച്ചിൻ റിഫൈനറിയിലും ജോലി ചെയ്ത ശേഷമാണ് വിനോദൻ അബുദബിയിലെത്തുന്നത്. അവിടെ മികച്ച കമ്പനിയിൽ 20 വർഷം ജോലി. അത്രയും കാലം അധ്വാനിച്ചു നേടിയ പണം അപ്പാടെ പുതു സംരംഭത്തിലേക്ക് ഇറക്കില്ലെന്ന് ആദ്യമേ നിശ്ചയിച്ചു. മധ്യവയസ്സിൽ ജോലിവിട്ട് കൃഷിയിലേക്കു വരുന്നവർ ആദ്യം ശ്രദ്ധിക്കേണ്ടതും അതുതന്നെ. സമ്പാദ്യത്തിന്റെ 35 ശതമാനത്തിൽ കൂടുതൽ പുതുസംരംഭത്തിനു ചെലവിടരുത്. ഏതു സംരംഭത്തിലുമുണ്ട് നഷ്ടസാധ്യത. 35 ശതമാനം ചെലവിട്ടു സംരംഭം തുടങ്ങി അതിൽനിന്നുള്ള വരുമാനം അതിലേക്കു തന്നെ നിക്ഷപിച്ച് സംരംഭത്തെ വളർത്തുക. രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് സുരക്ഷിതവും സുസ്ഥിരവുമായ തലത്തിലേക്കു കൃഷി വളരുകയും മികച്ച ലാഭത്തിലെത്തുകയും ചെയ്യുന്ന പക്ഷം അടുത്ത ഘട്ട വികസനത്തിനായി കരുതൽ ധനത്തിന്റെ 35 ശതമാനം കൂടി വിനിയോഗിക്കാം. നമ്മുടെ നാട്ടിൽ പുതുതായി കാർഷിക സംരംഭങ്ങൾ തുടങ്ങുന്ന പലരും കൺസൽട്ടന്റുമാരെ കൺകണ്ട ദൈവമായി കണ്ട് അവർ പറയുന്ന ലാഭക്കണക്കു കേട്ട്, സമ്പാദിച്ചതു മുഴുവനും ബാക്കി വായ്പയുമെടുത്തു തുടക്കത്തിൽ തന്നെ ചെലവിട്ടു കുടുങ്ങുന്നു. മറ്റേ തൊരു സംരംഭത്തെയും അപേക്ഷിച്ച് കൃഷിയും കാർഷിക സംരംഭങ്ങളും ട്രാക്കിലാകാൻ സമയമെടുക്കുമെന്നു വിനോദൻ. ഉൽപാദനം മുതൽ വിപണനം വരെ ഒരേ ചരടിൽ കോർത്തെടുക്കാൻ ക്ഷമയും സമയവും ആവശ്യമുണ്ട്. 

ഫോൺ: 9961644869

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT