ADVERTISEMENT

കുരുമുളകിലെ അനന്തസാധ്യതകൾ മുന്നിൽ കണ്ട്‌ കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. കുരുമുളകിന്റെ ഈറ്റില്ലമായിരുന്ന കേരളം കൃഷി വികസിപ്പിക്കുന്ന കാര്യത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളിൽ ഏറെ പിന്നോക്കം സഞ്ചരിച്ചപ്പോൾ ആരെയും മോഹിപ്പിക്കും വിധം കുതിച്ചു‌ചാട്ടം കാൽ നൂറ്റാണ്ടിൽ കർണാടകം കാഴ്‌ചവച്ചു. രാജ്യത്ത്‌ കുരുമുളകിനുള്ള വർധിച്ച ഡിമാൻഡും ഓരോ വർഷം പിന്നിടുതോറും ഭക്ഷ്യ ആവശ്യങ്ങൾക്ക്‌ മുളകിന്‌ പ്രിയമേറിയതും ഫാസ്‌റ്റ്‌ ഫുഡിന്‌ നഗരങ്ങളിലെന്ന പോലെ ഗ്രാമീണ മേഖലകളിലും ഉപഭോതാക്കൾ വർധിച്ചതും അവസരമാക്കി മാറ്റുകയാണ്‌ തമിഴ്‌നാട്‌, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിലെ കർഷകർ.   

കാർഷിക മേഖല നടത്തുന്ന അണിയറ നീക്കങ്ങൾ വിലയിരുത്തിയാൽ 2025 പിന്നിടുന്നതോടെ രാജ്യത്ത്‌ കുരുമുളക്‌ ഉൽപാദനത്തിൽ ശ്രദ്ധയമായ കുതിച്ചുചാട്ടം തന്നെ പ്രതീക്ഷിക്കാം. നിലവിൽ 60,000 മുതൽ 70,000 ടണ്ണിന്റെ ഉൽപാദനം കണക്കുകൂട്ടുമ്പോൾ വിപണി വൃത്തങ്ങൾ തന്നെ 85,000 ടണ്ണിന്റെ ഉപഭോഗമാണ്‌ വിലയിരുത്തുന്നത്‌. ഏതാണ്ട്‌ 25,000 ടണ്ണിന്റെ ഇറക്കുമതി നേരായ മാർഗത്തിലുടെയും കള്ളകടത്തായും എത്തുന്നുണ്ട്‌. അതായത്‌ കാൽ ലക്ഷത്തോളമുള്ള ഇറക്കുമതി ഒഴിവാക്കാനാകുന്ന സ്ഥിതിയിലേക്ക് കുരുമുളകുകൃഷി വ്യാപിക്കുമെന്ന്‌ സാരം. നിലവിൽ ഇറക്കുമതിക്ക്‌ കിലോ 500 രൂപ വരെ നികുതി നൽകിയാണ്‌ വ്യവസായികൾ എത്തിക്കുന്നത്‌. നികുതിയുടെ പകുതി വിലയ്‌ക്ക്‌ ശേഖരിക്കുന്ന മുളകാണ്‌ ദുബായി ആസ്‌സ്ഥാനമായി പ്രവർത്തിക്കുന്ന പല വ്യവസായികളുടെയും ഒത്താശയോടെ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തുന്നത്‌.   

കർണാടകത്തിലെ വൻകിട തോട്ടങ്ങളിലെ സ്ഥിതി വിലയിരുത്തിയാൽ കഴിഞ്ഞ സീസണിനേക്കാൾ ഉൽപാദനം 20 ശതമാനം ഉയരുമെന്നാണ്‌ അവരുടെ പുതിയ വിലയിരുത്തൽ. കൂർഗ്ഗിലും ചിക്കമംഗലൂർ ഹസ്സനിലും കുരുമുളക്‌ കൃഷി ഇതിനകം തന്നെ വ്യാപകമായി. പരിസര  പ്രദേശങ്ങളിലേക്ക് കൃഷി വ്യാപിക്കുന്നതിലും അവർ ഉത്സാഹിക്കുന്നു. 

തമിഴ്‌നാട്ടിലെ പട്ടിവീരൻപട്ടിയിലെ കർഷകർ രണ്ടു ദശാബ്‌ദം മുന്നേ കുരുമുളക്‌ കൃഷിയിൽ വ്യാപ്രതരാണ്‌. കൊടൈക്കനാൽ, നാമക്കൽ, ഗൂഡലൂർ മേഖലയും കുരുമുളകിൽ പൊന്ന്‌ വിളയിക്കാനുള്ള ഒരുക്കത്തിലാണ്‌. ആന്ധ്രയിലെ ഗൂഡലൂരുവിലെ കർഷകരും കുരുമുളകുകൃഷിയിൽ ഭാഗ്യപരീക്ഷണങ്ങൾക്ക്‌ ഒതുങ്ങുന്നു. വറ്റൽ മുളകിന്‌ പേരു കേട്ട പ്രദേശമാണ്‌ ഗൂഡലൂരു, അവർക്ക്‌ കറുത്ത മുളകും ഉൽപാദിപ്പിക്കാനാവുമെന്ന നിലപാടിലാണ്‌. കാർഷിക മേഖലയിലെ ചലനങ്ങൾ വിലയിരുത്തിയാൽ ആഭ്യന്തര ആവശ്യത്തിനുള്ള കുരുമുളക്‌ ഇറക്കുമതി ലോബിയുടെ സഹായമില്ലാതെ കണ്ടെത്താനാവുന്ന ദിനങ്ങളാണ്‌ മുന്നിലുള്ളത്‌.  

കയറ്റുമതി വിപണിയിൽ ഇന്ത്യൻ കുരുമുളക്‌ പൂർണമായി പിൻതള്ളപ്പെട്ട അവസ്ഥയാണ്‌. അതേസമയം ആഗോള തലത്തിൽ ഏറ്റവും കൂടുതൽ കുരുമുളക്‌ ഇറക്കുമതി നടത്തുന്ന അമേരിക്കയും ചൈനയും കഴിഞ്ഞാൽ തൊട്ട്‌ പിന്നിൽ ഇന്ത്യ ഇടം പിടിച്ചു. ശ്രീലങ്കയിലെ കൊളംമ്പോ തുറമുഖം മറയാക്കിയാണ്‌ വിദേശ മുളകിൽ ഏറിയപങ്കും ഇവിടെ എത്തുന്നത്‌. കർഷക താൽപര്യങ്ങൾ പാടെ വിസ്‌മരിച്ച്‌ വ്യവസായികൾക്ക്‌ വിദേശ ചരക്ക്‌ എത്തിക്കാൻ പച്ചക്കൊടി വീശുകയാണ്‌ വാണിജ്യ മന്ത്രാലയമെന്ന്‌ കാർഷിക മേഖല.  

വിയറ്റ്‌നാം ഈ വർഷം ആദ്യ പത്ത്‌ മാസങ്ങളിൽ മൊത്തം 2,25,438 ടൺ കുരുമുളക്‌ കയറ്റുമതി നടത്തി. കഴിഞ്ഞ വർഷം ഇതേ കാലയവിനെ അക്ഷേപിച്ച്‌ കയറ്റുമതി 33,541 ടൺ ഉയർന്നു. ഇതിൽ വലിയ പങ്ക്‌ ഇന്ത്യയിലും എത്തി.  ഇതിനിടെ അടുത്ത സീസണിൽ പുതിയ കുരുമുളകിന്‌ ഓർഡറുകൾ വന്നുതുടങ്ങിയെന്നാണ്‌ അവിടെ നിന്നുള്ള വിവരം. 2024 ആദ്യ നാലു മാസങ്ങളിലായി എകദേശം 80,000 കുരുമുളക്‌ കയറ്റുമതി മേഖലയ്‌ക്ക്‌ ആവശ്യമുണ്ട്‌. നിലവിൽ 70,000 - 80,000 ടൺ കുരുമുളക്‌ കയറ്റുമതിക്കാരും മധ്യവർത്തികളും ശേഖരിച്ചിട്ടുണ്ടെന്നാണ്‌ വിവരം. ഈ ചരക്ക്‌ അവർ വിൽപ്പനയ്‌ക്ക്‌ ഇറക്കുന്നത്‌ നിയന്ത്രിച്ചാൽ നിരക്ക്‌ ഉയരും.

ഉൽപ്പന്നത്തിന്റെ താഴ്‌ന്ന വിലയാണ്‌ പലരെയും വിൽപ്പനയിൽ നിന്നും അകറ്റിയത്‌. അതേസമയം അടുത്ത വർഷം വിയറ്റ്‌നാമിന്റെ മൊത്തം ഉൽപാദനം 1.5–1.6 ലക്ഷം ടണ്ണിൽ ഒതുങ്ങുമെന്ന സൂചനയാണ്‌ കാർഷിക മേഖലയിൽ നിന്നും ലഭ്യമാവുന്നത്‌. വിലത്തകർച്ച മൂലം മറ്റ്‌ കൃഷികളിലേക്ക്‌ കർഷകർ ശ്രദ്ധതിരിച്ചതാണ് ഉൽപാദനം ചുരുങ്ങാൻ മുഖ്യ കാരണം. 

Coconut. Image credit: diamirstudio/iStockPhoto
Coconut. Image credit: diamirstudio/iStockPhoto

നാളികേരം

മണ്ഡലകാലത്തിന്‌ തുടക്കം കുറിച്ചതോടെ നഗരങ്ങളിലും ഗ്രാമീണ മേഖലകളിലും പച്ചത്തേങ്ങയ്‌ക്ക്‌ ആവശ്യം ഉയർത്തുന്നു. ശബരിമല തീർഥാടകരിൽ നിന്നുള്ള ഡിമാൻഡ് തേങ്ങ വില മെച്ചപ്പെടുത്തി. സീസണിന്റെ ആരംഭവേളയിൽ വിപണികളിലേക്കുള്ള പച്ചത്തേങ്ങ നീക്കം ചുരുങ്ങിയ അളവിലാണ്‌. കേരത്തിൽ മാത്രമല്ല, തമിഴ്‌നാട്ടിലും ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലും ജനുവരി മധ്യം വരെ നാളികേരത്തിൽ വാങ്ങൽ താൽപര്യം പ്രതീക്ഷിക്കാം. മകരവിളക്ക്‌ വരെയുള്ള കാലയളവിലെ ആവശ്യകത മുന്നിൽ കണ്ട്‌ വിളവെടുപ്പിനും ഉൽപാദന മേഖല മുന്നിലുള്ള ആഴ്‌ച്ചകളിൽ നീക്കം നടത്തും. 

വൃശ്‌ചികം ആദ്യ പകുതി പിന്നിടുന്നതോടെ നന്നിധാനത്തുനിന്നുള്ള കൊപ്ര മല ഇറങ്ങിത്തുടങ്ങും. കൊപ്ര സംസ്‌കരണത്തിന്‌ ഇതിനകം ശബരിമലയിൽ തുടക്കം കുറിച്ചു. ഇക്കുറിയും പതിവ്‌ തെറ്റിക്കാതെ ഉയർന്ന അളവിൽ കൊപ്ര അവിടെ നിന്നും പ്രവഹിക്കുമെന്ന കണക്കുകൂട്ടലിലാണ്‌ എണ്ണ മില്ലുകാർ. പിന്നിട്ട ഒരാഴ്‌ച്ചയിൽ ഏറെയായി പ്രമുഖ വിപണികളിൽ നിന്നും കൊപ്ര ശേഖരിക്കുന്നതിൽ വ്യവസായികൾ വരുത്തിയ നിയന്ത്രണം വിലക്കയറ്റത്തിന്‌ തടസമായി. 

നിരക്ക്‌ ഉയരുമ്പോൾ എണ്ണയിലും കൊപ്രയിലും അത്‌ ഒരു പോലെ പ്രതിഫലിക്കും. എന്നാൽ കഴിഞ്ഞ ദിവസം മില്ലുകാർ വെളിച്ചെണ്ണ വില ഉയർത്തിയെങ്കിലും കൂടിയ വിലയ്‌ക്ക്‌ കൊപ്ര സംഭരിക്കാൻ അവർ തയാറായില്ല. ഇത്‌ കൊപ്രയ്‌ക്ക്‌ മുന്നേറാനുള്ള അവസരം നഷ്‌ടപ്പെടുത്തി.  ഇതിനിടെ സംഭരിച്ച കൊപ്ര വിൽപ്പനയ്‌ക്ക്‌ ഇറക്കാൻ കേന്ദ്ര ഏജൻസി നടത്തിയ ആദ്യ ശ്രമം വ്യവസായികളുടെ പിൻതുണ ലഭിക്കാഞ്ഞതിനാൽ വിജയിച്ചതുമില്ല. തമിഴ്‌നാട്‌, കർണാടക സംസ്ഥാനങ്ങളിൽ നിന്നും താങ്ങ്‌ വിലയ്‌ക്ക്‌ സംഭരിച്ച കൊപ്രയിൽ നിന്നും 50,000 ടൺ വിൽപ്പന നടത്താനാണ്‌ ‌അവർ നീക്കം നടത്തിയത്‌. രണ്ട്‌ സംസ്ഥാനങ്ങളിൽ നിന്നുള്ള വൻശേഖരമാണ്‌ നാഫെഡിന്റെ വിവിധ ഗോഡൗണുകളിലുള്ളത്‌.

ജനുവരിയിൽ ഇവിടെ നാളികേര സീസണിന്‌ തുടക്കം കുറിക്കും. സർക്കാർ ഏജൻസിയുടെ കൊപ്ര, പച്ചത്തേങ്ങ സംഭരണങ്ങൾ കേരളത്തിൽ പരാജയപ്പെട്ടതിനാൽ നിലവിലെ സാഹചര്യത്തിൽ പുതു വർഷത്തിലും വിലക്കയറ്റത്തിനുള്ള സാധ്യതകൾ നന്നേ കുറവാണ്‌.     

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT