ADVERTISEMENT

കൂൺകൃഷിക്കു വൈക്കോലും ഇരുട്ടുമുറിയുമൊക്കെ ഇനി പഴങ്കഥ. അടുക്കളയിലും ഹാളിലും എന്തിന് ഓഫീസ് മുറിയിൽ പോലും വളർത്താൻ കഴിയുന്ന പുതിയ കൂൺകൃഷി രീതി ഇന്ന് പ്രചാരത്തിലായിക്കഴിഞ്ഞു. കാര്യമായ അറിവുകളോ പഠനങ്ങളോ ഇല്ലാതെ കൊച്ചു കുട്ടികൾക്കു പോലും കൂൺ കൃഷി ചെയ്യാനും വിളവെടുക്കാനും കഴിയുന്ന രീതി കേരളത്തിൽ ആദ്യമായി ആവിഷ്കരിച്ച് ശ്രദ്ധേയമായവരാണ് തൃശൂർ കൊരട്ടി മാമ്പറ സ്വദേശികളായ ആദം ഷംസുദീനും ഭാര്യ റയീസ മനാലും. ഇരുവരും ചേർന്ന് തുടങ്ങിയ ആദം മഷ്റൂംസ് എന്ന സംരംഭത്തിന്റെ ഗ്രോ ദ ഫൺ ഗൈ എന്ന ബ്രാൻഡിലുള്ള പല ഉൽപന്നങ്ങളും കേരളത്തിൽ ട്രെൻഡ് ആയിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ കാർഷിക മേഖലയിൽ പുതു രീതി പരിചയപ്പെടുത്തിയ സംരംഭകനായ ആദത്തെ മലപ്പുറം എംഎസ്പി മൈതാനത്തു നടക്കുന്ന കർഷകശ്രീ കാർഷികമേളയിൽ ഇന്ന് വൈകുന്നേരം ആദരിക്കും. കർഷകശ്രീ മാസികയിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ അവതരിപ്പിക്കപ്പെട്ട യുവ സംരംഭകരിൽനിന്നാണ് ആദത്തെ തിരഞ്ഞെടുത്തത്. ഇന്നു വൈകുന്നേരം അഞ്ചിനു നടക്കുന്ന മേളയുടെ സമാപനച്ചടങ്ങിൽ 50,000 രൂപയുടെ ക്യാഷ് പ്രൈസും ഫലകവും സമ്മാനിക്കും. 

mushroom-2
ആദവും റെയീസയും (ചിത്രം-കർഷകശ്രീ)

വർണക്കൂണുകൾ

വെള്ള നിറമുള്ള കൂണുകൾ മാത്രമാണ് ഭക്ഷ്യയോഗ്യമെന്നു കരുതുന്നവരാണ് ഏറിയ പങ്കും. എന്നാൽ കടും പിങ്ക്, മഞ്ഞ നിറങ്ങളിലുള്ള ഭക്ഷ്യയോഗ്യമായ വിദേശയിനം ചിപ്പിക്കൂണുകളാണ് ആദം മഷ്റൂമിന്റെ പ്രധാന ഉൽപന്നം. പ്ലൂറോട്ടസ് ഡിജാമർ, പ്ലൂറോട്ടസ് സിട്രിനോപിലേറ്റസ് എന്നിങ്ങനെ ശാസ്ത്രനാമമുള്ള ഈ ഇനങ്ങളുടെ സ്പോൺ വിദേശത്തുനിന്നു കൊണ്ടുവന്നാണ് വളർത്തുന്നത്. ഈയിനങ്ങളുടെ വിത്തും ഗ്രോ കിറ്റും ആളുകളിലെത്തിക്കാനാണ് ശ്രമം. സാധാരണ ചിപ്പിക്കൂണിനെക്കാൾ വില കൂടിയ ഇവ കൂടുതല്‍ പോഷകസമ്പന്നവുമാണെന്ന് ആദം. നാരിന്റെ അളവ് കൂടുതലുള്ളതിനാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഏറെ നല്ലതെന്നും ആദം പറയുന്നു. ഇതിനൊപ്പംതന്നെ ലയൺസ്മെയിൻപോലുള്ള പ്രീമിയം ഗോർമെ (gourmet) ഇനങ്ങളും ഉൽപാദിപ്പിക്കുന്നുണ്ട്. രെയ്ഷി, ഗാനോഡെർമ, ലയൺസ്മെയ്ൻ, ടർക്കി ടെയിൽ, കോർഡിസെപ്സ് എന്നിങ്ങനെ ഒട്ടേറെ ഇനം കൂണുകളുടെ വിത്ത് കൈവശമുണ്ടെന്നു മാത്രമല്ല അവ കൂടുതൽ ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. സിംഹത്തിന്റെ ജട പോലെ വെളുത്ത നിറത്തിൽ വളർന്നുനിൽക്കുന്ന ലയൺസ് മെയിൻ കൂൺ ഔഷധമായും ആഹാരമായും ഉപയോഗിക്കാം.

web-mushroom-5

സ്പോണിന് മില്ലെറ്റ്

സാധാരണ കൂൺവിത്തുകൾ തയാറാക്കുന്നത് നെല്ലിലോ ഗോതമ്പിലോ ആണ്. എന്നാൽ, തങ്ങൾ സ്പോൺ ഉൽപാദിപ്പിക്കുന്നത് മില്ലെറ്റിലാണെന്ന് ഈ ദമ്പതികൾ പറയുന്നു. അരിയിലും ഗോതമ്പിലും സ്പോൺ ഉൽപാദിപ്പിക്കുന്നതിലും മികച്ചതായി തോന്നിയത് സൊർഗം അഥവാ മണിച്ചോളം ഉപയോഗിക്കുമ്പോഴാണെന്നും ആദം പറയുന്നു. 

web-mushroom-4

റെഡി ടു പ്രൊഡ്യൂസ് കിറ്റ്

ആദം കൊണ്ടുവന്ന പുതുമകളില്‍ കേരളത്തിലെ സാധാരണക്കാരായ കൂൺപ്രേമികൾക്ക് ഏറ്റവും ഉപകാരപ്പെടുന്നത് കാർഡ്ബോർഡ് കൂടയിലാക്കിയ കൂൺബെഡ് തന്നെ. വീടിനുള്ളിൽ എവിടെയും സ്ഥാപിക്കാവുന്ന ഈ കിറ്റിൽ വേണ്ടത്ര ഈർപ്പം നൽകിയാൽ 10 ദിവസത്തിനകം കൂൺ വിളവെടുക്കാം. ഇതിനായി കൂടയുടെ ഒരു വശത്തെ വിൻഡോ കീറിത്തുറന്ന ശേഷം ബെഡ്  X ആകൃതിയിൽ കീറി വെള്ളം സ്പ്രേ ചെയ്താൽ മതി. 7 ദിവസംകൊണ്ട് ചെറു മൊട്ടുകൾ രൂപപ്പെടും. തുടർന്ന് മൂന്നു ദിവസത്തിനുള്ളിൽ വിളവെടുക്കാം. 2–3 തവണയായി ഒരു കിലോയോളം കൂൺ ഗ്രോ കിറ്റിൽനിന്നു ലഭിക്കുമെന്നു റെയീസ. ഇന്ത്യയിൽ എവിടെയും എത്തിച്ചു നൽകാനുള്ള സംവിധാനമുണ്ടെന്നും റെയീസ.   

അധ്വാനം കുറയ്ക്കാൻ മഷ് പെല്ലെറ്റ്

കൂൺകൃഷി തീർത്തും ആയാസരഹിതമായി മാറ്റുന്ന സംവിധാനം അവതരിപ്പിച്ചതാണ് ആദത്തിന്റെ ബ്രാൻഡ് ആയ ഗ്രോ ദ ഫൺഗൈയുടെ മറ്റൊരു പ്രത്യേകത. അതായത് കൂൺവളർത്താനായി വൈക്കോലും അറക്കപ്പൊടിയുമൊന്നും ഇനി ആവശ്യമില്ല, പകരം പെല്ലെറ്റ് രൂപത്തിൽ നടീൽ മാധ്യമം ലഭിക്കും. ഒരു കിലോ പെല്ലെറ്റിന് ഒന്നര ലീറ്റർ വെള്ളമാണ് ആവശ്യം. ഒരു ബെഡ് തയാറാക്കാൻ ഇത് മതി. 2.5 കിലോയാണ് ഒരു ബെഡിന് തൂക്കം വരിക. കവറിലാക്കിയ പെല്ലറ്റിലേക്ക് 1.5 ലീറ്റർ തിളച്ച വെള്ളം ഒഴിച്ച് 12 മണിക്കൂർ കഴിഞ്ഞ് സ്പോൺ വിതറാം. കൂൺവിത്തിട്ട ശേഷം കുലുക്കി എല്ലാ ഭാഗത്തുമെത്തിക്കുകയും വേണം. ഈ കൂടകൾ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചു സീൽ ചെയ്യണം. വായു കടത്തിവിടുന്ന സവിശേഷ ടേപ്പാണ് ഇതിനുപയോഗിക്കുന്നത്. മരപ്പൊടിയിൽ വളരുന്ന എല്ലായിനം കൂണുകളും ഈ പെല്ലറ്റ് ഉപയോഗിച്ച് കൃഷി ചെയ്യാം. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന പല കർഷകരും ഇപ്പോൾ പെല്ലെറ്റുകൾ ഉപയോഗിച്ചുതുടങ്ങിയെന്ന് ആദം. സമയലാഭമാണ് പ്രധാനമായും അത്തരം കർഷകർക്കു ലഭിക്കുന്ന നേട്ടം. മാത്രമല്ല തൊഴിലാളി ക്ഷാമത്തിനും പരിഹാരമാകുമെന്നും ആദം. വാണിജ്യാടിസ്ഥാനത്തിൽ ചെയ്യുമ്പോൾ ഒരു ബെഡ് തയാറാക്കാൻ 62 രൂപയാണ് ചെലവ് വരിക. ഒരു കിലോയോളം കൂൺ ഒരു ബെഡിൽനിന്ന് ലഭിക്കുകയും ചെയ്യും. അധികമാരും കൈവച്ചിട്ടില്ലാത്ത മിൽക്കി കൂൺ കൃഷി ചെയ്യാനുള്ള പ്രത്യേക നടീൽ മാധ്യമത്തിന്റെ പരീക്ഷണത്തിലാണ് ആദം ഇപ്പോൾ. വൈകാതെ ആ മാധ്യമവും പെല്ലെറ്റ് രൂപത്തിൽ കർഷകരിലേക്ക് എത്തും. (പെല്ലെറ്റ് ഉപയോഗിച്ചു കൂൺബെഡ്  തയാറാക്കുന്നത് മുകളിലെ വിഡിയോയിൽ കാണാം)

കൂൺ ചാറ്റ് ബോട്ട്

തന്റെ പഠനമേഖലയായ നിർമിതബുദ്ധി പ്രയോജനപ്പെടുത്തി കൂൺസംരംഭകരുടെ സംശയനിവരാണത്തിന് ആദം ഉണ്ടാക്കിയ ആപ്പാണ് ഫങ്ക് എഐ. സംശയങ്ങൾ ഉന്നയിച്ചാൽ ചാറ്റ് ജിപിടി മാതൃകയിൽ മറുപടി ലഭിക്കും. കൂൺ ചാറ്റ്ബോട്ടിനോട് സംശയങ്ങൾ ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഫോൺ: 9015385337

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com