ADVERTISEMENT

ഇപ്പോൾ എനിക്കു തോന്നുന്നത് കൂടുതൽ മത്സ്യമരണങ്ങൾ അഥവാ മത്സ്യക്കുരുതികൾ നടക്കുന്ന സ്ഥലങ്ങളിലൊന്ന് കേരളമാണെന്നാണ്. ഇപ്പോൾ പെരിയാറിൽ നടന്ന ഇന്നേക്കു മാത്രം അവസാനത്തേതായ നാളെകളിൽ തുടർന്നേക്കാവുന്ന ഒരു മത്സ്യക്കുരുതിയുടെ വക്കത്തുനിന്നാണ് സംസാരിക്കുന്നത്.

ഇപ്പോൾ പെരിയാറിൽ നടന്ന മത്സ്യക്കുരുതി മറ്റേതുനാളുകളിൽ നടന്നതിനേക്കാളും ഗൗരവം വർധിപ്പിക്കുന്നു. കാരണം കൂട്ടത്തോടെ ചത്തുപൊന്തിയ മത്സ്യങ്ങളിൽ ഏറിയ പങ്കും അവയുടെ പ്രജനന യാത്രയിലായിരിന്നിരിക്കും. അവയുടെ വയർ നിറയെ മുട്ടകളായിരിക്കും (പലിഞ്ഞീൻ). ഒന്നുകൂടി അമർത്തിപറഞ്ഞാൽ ചുട്ടുചാമ്പലാക്കിയത് അല്ലെങ്കിൽ ചാമ്പലായത് ഗർഭിണികളെത്തന്നെയാണ്. 

fish-death

ഞാൻ നേരിട്ടും അല്ലാതെയും ശേഖരിച്ച  മത്സ്യക്കുരുതിയുടെ വിവരങ്ങളിൽ ഏറിയ പങ്കും അസ്വാഭാവികതകൾ നിറഞ്ഞതാണ്. ഒരു മത്സ്യക്കുരുതിക്കും സ്വാഭാവിക പ്രകൃതിദുരന്തങ്ങളെ പഴിചാരാനാവില്ല. അകാരണമായി ഉയർന്ന താപനിലയോ എന്തെങ്കിലും കാരണത്താൽ താഴ്‌ന്നുപോയ താപനിലയോ അല്ല ഈ കുരുതികൾക്ക് വഴിവച്ചത്. ചിലത് മത്സ്യബന്ധനത്തിനുള്ള എളുപ്പവഴിയുടെ ഭാഗമായിരുന്നുവെങ്കിൽ ചിലത് കുന്നുകൂടിയ മാലിന്യങ്ങളായിരുന്നു. ചിലയിടങ്ങളിൽ ഒഴുക്ക് നിലച്ചുപോയ പുഴകളിലെ കയങ്ങളിൽ ശേഷിച്ചവയെ വാരിക്കൂട്ടാനുള്ള ആർത്തിയുടെ ഭാഗമായി വന്നുഭവിച്ചതാണ്.  

ഞാൻ ആദ്യത്തെ മത്സ്യക്കുരുതി കാണുന്നത് മലപ്പുറം ജില്ലയിലെ ചാലിയാറിന്റെ ഒരു കൈവഴിയായ ചളിക്കൽ പുഴയിൽവച്ചാണ്. ഗവേഷകനായിരുന്ന കാലത്ത് 1994ലെ ഫെബ്രുവരിയിലാണ് ഞാൻ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തിക്കിടക്കുന്നത് കാണുന്നത്. എന്റെ ഓർമയിൽനിന്നും മായാത്ത ഒരു ചിത്രവുംകൂടിയാണത്. കരിമീൻ, പള്ളത്തി, പൂളോൻ, മിസ് കേരള (ചെങ്കണിയാൻ), മുള്ളൻ പാവൽ, തുടങ്ങി 19 ഇനങ്ങളാണ് അന്ന് ചത്തൊടുങ്ങിയത്.   

മൊത്തം മൂന്നു കിലോമീറ്ററോളം ദൂരം വരെ ചത്ത മീനുകളെ കണ്ടെത്തിയിരുന്നു. മീൻ പിടിക്കാൻ വേണ്ടി ആരോ നഞ്ച് കലക്കിയതാണെന്ന് നാട്ടുകാരിൽ ചിലർ പറയുന്നത് കേട്ടു.

1995 മേയ് മാസത്തിലും 1998 ജൂൺ മാസത്തിലും ചാലിയാറിന്റെ കൈവഴികളായ കാഞ്ഞിരപ്പുഴയിലും ചെറുമാൻപുഴയിലും മത്സ്യമരണങ്ങൾ നനടന്നിട്ടുണ്ട്. അവയെല്ലാംതന്നെ മീൻപിടുത്തതിനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു.

കേരളത്തിൽ അപൂർവമായി മത്സ്യമരണങ്ങൾ നടക്കുന്നത് കബനി നദിയിലാണ്. എന്നാലും 1998 മാർച്ചിൽ ബാവലിപ്പുഴയിൽ ചെറിയ തോതിലുള്ള മത്സ്യമരണം നടന്നിട്ടുണ്ട്. നഞ്ചു കലക്കിയതുതന്നെയായിരുന്നു കാരണം.  

പെരിയാറിലെ മത്സ്യക്കുരുതി ഇതാദ്യമല്ല, ഒരു പക്ഷേ ഇതവസാനത്തേതുമായിരിക്കില്ല. 2002 മേയ്‌ 23, 2012 മേയ് 3, 2012 മേയ് 7, 2013 ഫെബ്രുവരി 10 എന്നീ തീയതികളിൽ പെരിയാറിൽ മത്സ്യക്കുരുതികൾ നടന്നിട്ടുണ്ട്. അതിൽ ഏറ്റവും ഭീകരം എന്നുപറയാവുന്നത് 2012 മേയ് മാസത്തിൽ നടന്നതാണ്. മേയ് മൂന്നിന് ശേഷം തുടർച്ചായി 18 മത്സ്യമരണങ്ങൾ നടന്നതായി അക്കാലത്തു പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജലത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞുപോയതാണ് പെട്ടെന്നുള്ള മത്സ്യമരണത്തിനു കാരണമെന്നാണ് അക്കാലത്ത് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയത്.

2012 ജൂൺ ഒമ്പതിന് തിരൂർപുഴയിൽ വ്യാപകമായ രീതിയിൽ മത്സ്യമരണം നടന്നിട്ടുണ്ട്. വെട്ടം, തിരൂർ, തുടങ്ങിയ പഞ്ചായത്തുകളിലേക്കു വരെ വ്യാപിച്ച ആ മത്സ്യമരണത്തിന് കാരണമായി ചൂണ്ടിക്കാട്ടിയത് നാളുകളായി മാലിന്യങ്ങൾ കെട്ടിക്കിടന്ന വെള്ളം ഒരു സുപ്രഭാതത്തിൽ തുറന്നുവിട്ടതുകൊണ്ടാണ് എന്നാണ്.

2011 മേയ് നാലിന് പെരിയാറിന്റെ ഒരു പോഷകനദിയായ മുത്താർപുഴയിൽ ഒരു കൂട്ടമത്സ്യമരണം നടന്നിരുന്നു. ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യങ്ങളും ഒപ്പം തന്നെ കശാപ്പുശാലകളിൽ നിന്നുള്ള മാലിന്യങ്ങളും ഒരുമിച്ച് പുഴയിൽ ഒഴുക്കിയതാണ് മരണകാരണമായി ചൂണ്ടിക്കാട്ടിയത്.

2019 മേയ് 29നു ഒരു വൈകുന്നേരമാണ് അന്നമനടപ്പുഴയിൽ (ചാലക്കുടിപുഴ താഴെവരുമ്പോൾ അന്നമനടപുഴ എന്ന പേരിലാണ് അറിയപ്പെടുക) മത്സ്യങ്ങൾ ചത്തുപൊന്തിയത്. ഏഴു കിലോ വരെ വലുപ്പമുള്ള വാളകൾ ചത്തു പൊന്തിക്കിടക്കുന്നത് ഞാൻ നേരിട്ട് കണ്ടതാണ്. ആ മത്സ്യമരണം ജൂൺ ഒന്നുവരെ തുടർന്നു എന്നുള്ളതാണ് ദൗർഭാഗ്യകരം. പ്രകോപിതരായ ജനങ്ങൾ ചത്ത വാളയെ കെട്ടിത്തൂക്കി അന്നമനട പഞ്ചായത്ത് ഓഫീസിലേക്ക് വലിയ മാർച്ച് നടത്തുകയും ചെയ്തു. മത്സ്യമരണങ്ങളുടെ പേരിൽ അത്തരത്തിലുള്ള ജനകീയ പ്രക്ഷോഭങ്ങൾ അപൂർവമാണ് എന്നുകൂടി പറയട്ടെ.  

തൃശൂർ ജില്ലയിലെ മാള കനാലിൽ മത്സ്യമരണം നടന്നിട്ടുണ്ട്. അശ്രദ്ധമായ മാലിന്യനിക്ഷേപമായിരുന്നു അതിന് കാരണമെന്ന് അക്കാലത്ത് നാട്ടുകാർ ചൂണ്ടിക്കാണിച്ചിരുന്നു. അന്നമനട പഞ്ചായത്തിലെ കരിക്കാട്ടുചാലിൽ വേനലിൽ മത്സ്യങ്ങൾ ചത്തൊടുങ്ങിയിട്ടുണ്ട്, ചെറിയ തോതിലുള്ള മത്സ്യമരണമായിരുന്നതുകൊണ്ട് ജനശ്രദ്ധ കിട്ടിയില്ല. കാരണവും കണ്ടെത്തിയില്ല.

തൃശൂർ ജില്ലയിലെ കൊടകരയിൽ 2017ൽ കൃഷിയിറക്കുന്ന സമയത്ത് നെൽപ്പാടങ്ങളോട് ചേർന്നുള്ള തോടുകളിൽ വലിയ തോതിൽ മത്സ്യങ്ങൾ ചത്തുപൊന്തി. കരിമീൻ, പള്ളത്തി, മുതുക്കി, മുണ്ടോത്തി പരൽ എന്നിവയാണ് ചത്തുപൊന്തിയതിലേറെയും. ഒന്നിടവിട്ട് വാഴയും നെല്ലും കൃഷി ചെയ്യുന്ന പാടങ്ങളിൽ സംഭവിക്കുന്ന ഒന്നാണിത്. വാഴക്കൃഷി ചെയ്യുമ്പോൾ വലിയ അളവിൽ ഉപയോഗിക്കുന്ന കീടനാശിനിനികൾ മണ്ണിൽ ലയിക്കാതെ അവശേഷിക്കും. പിന്നീട് നെൽകൃഷിക്കായി ഉഴുമ്പോൾ ഈ വിഷങ്ങൾ വെള്ളത്തിലൂടെ തോട്ടിലും പാടത്തും വ്യാപിക്കും. അത് മത്സ്യങ്ങളെ കൊല്ലുകയും ചെയ്യും. ഇതെന്റെ നിരീക്ഷണമാണ്.

fish-death-2

തൃശൂർ ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ഐരാണിക്കുളം ക്ഷേത്രത്തിന്റെ അമ്പലക്കുളത്തിൽ 2020 ഫെബ്രുവരി 14 മത്സ്യമരണം നടന്നിട്ടുണ്ട്. കരിമീൻ, പള്ളത്തി, പഴുക്കാരകൻ, ചില്ലാങ്കൂരി, ഉരുളൻ പരൽ, കണിയാൻ പരൽ, അറിഞ്ഞീൻ വയമ്പ് എന്നീ മത്സ്യങ്ങളൊക്ക ചത്തുപൊന്തി. പറയത്തക്ക ഭീഷണികളൊന്നും വിസ്തൃതമായ ആ കുളത്തിനുമേലൊ അതിലെ മീനുകൾക്കുമേലോ ഇല്ല.  2020 ഫെബ്രുവരി 20നു പാവറട്ടിയിലെ ഒരു കുളത്തിൽ ഇതുപോലെ കൂട്ടമത്സ്യമരണം നടന്നു. കാരണങ്ങൾ വ്യക്തമല്ല.

കാസർകോട് ജില്ലയിലെ ചന്ദ്രഗിരിപ്പുഴയിലെ നെയ്യങ്കയത്തിൽ 2019 മേയ് 18 മുതൽ 24 വരെ നടന്ന മത്സ്യമരണമാണ് ഇതിനു മുൻപ് ജനശ്രദ്ധ നേടിയത്. വംശനാശ ഭീഷണി നേരിടുന്ന ചെങ്കണിയാൻ ഉൾപ്പെടെ 22 ഇനം മത്സ്യങ്ങളാണ് അന്നു കൂട്ടത്തോടെ ചത്തൊടുങ്ങിയത്. കുറഞ്ഞത് 5 ലക്ഷം രൂപയുടെ മത്സ്യങ്ങൾ ചത്തൊടുങ്ങിയിട്ടുണ്ട്. പുഴ പൂർണമായി വറ്റിയപ്പോൾ മത്സ്യങ്ങൾ കയങ്ങളിലേക്കൊതുങ്ങുകയും ആ കയങ്ങളിൽ ഓക്സിജന്റെ അളവ് കുറയുകയും ചെയ്തതാവാം മത്സ്യങ്ങൾ പെട്ടെന്നു ചത്തുപൊന്താൻ കാരണം. മണ്ണെടുപ്പുമൂലം കയങ്ങളുടെ ആഴം വർധിച്ചപ്പോൾ ഒരു കയത്തിന് തൊട്ടടുത്ത കയവുമായുള്ള ജലബന്ധം നഷ്ടപ്പെട്ടു. അതിനാൽ ആ കയത്തിൽ നിന്ന് മത്സ്യങ്ങൾക്ക് രക്ഷപ്പെടുക അസാധ്യവുമായി.

മത്സ്യമരണങ്ങൾ നമ്മുടെ നാട്ടിലെ തുടർക്കഥകളിലൊന്നായിരിക്കുന്നു. വലിയ തോതിലുള്ളവ മാത്രമാണ് ജനശ്രദ്ധ നേടുന്നത്. മത്സ്യമരണങ്ങളുടെ കാരണങ്ങൾ സ്വാഭാവികതയ്ക്കു പുറത്താണെങ്കിൽ അതിന്റെ കാരണവും ഉറവിടവും കണ്ടെത്തപ്പെടണം. കുറ്റവാളികളുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം.

വൻതോതിലുള്ള എല്ലാ മത്സ്യമരണങ്ങളും നടന്നിട്ടുള്ളത് കാലവർഷാരംഭത്തിലോ അല്ലെങ്കിൽ അതിന് ദിവസങ്ങൾ മുൻപോ ആണ്. അതായത് മത്സ്യങ്ങളുടെ പ്രജനനകാലത്താണ് ഇതു സംഭവിക്കുന്നതെന്നർഥം. അത് മത്സ്യസമ്പത്തിനു മേൽ വരുത്തിവയ്ക്കുന്ന ആഘാതം ചെറുതല്ല. ഒപ്പം തന്നെ ഇതുമൂലം പരിഹരിക്കാനാവാത്ത കേടുപാടുകൾ പുഴയ്ക്ക് മേൽ നമ്മൾ വരുത്തിവയ്ക്കുന്നുണ്ട്.

ഒന്നുകൂടി. ചത്തുപൊന്തിയ മത്സ്യങ്ങളെക്കുറിച്ചുമാത്രമാണ് നമ്മുടെ നിലവിളികളും ആവലാതികളും ഉയരുന്നത്. ഇതിനിടയിൽ നമ്മുടെ കണ്ണിൽ പെടാതെ ചത്തുപോയ കക്കകളടക്കം ഒട്ടേറെ ജീവികൾ വേറെയുണ്ടെന്നും ഓർക്കണം. മീനിനെ മാത്രം ലക്ഷ്യംവയ്ക്കുന്ന ഒരു കുരുതിയുമില്ലല്ലോ.  

"വെള്ളത്തിൽ മുള്ളിയാൽ കഞ്ഞിക്കു തെണ്ടും" എന്ന് പഴമൊഴിയിലൂടെ ജലശുദ്ധി നിലനിറുത്താൻ തലമുറകളെ പഠിപ്പിച്ചവരാണ് നമ്മൾ. വെള്ളം മലിനീകരിച്ചാൽ കയ്യാമം വച്ച് വിചാരണകൂടാതെ കൽത്തുറുങ്കിലടയ്ക്കാം എന്നൊരു നിയമം ഉണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്, അതൊരു പാരമ്പര്യമായിരുന്നുവെങ്കിൽ ഈ നാട്ടിൽ മത്സ്യക്കുരുതികൾ ഉണ്ടാകാൻ പാടില്ലാത്തതാണ്.     

മത്സ്യപുരാണത്തിലും അഞ്ചപ്പത്തിനൊപ്പം യേശു വിളമ്പിയ രണ്ട് മീനിന്റെയും അത്ഭുതങ്ങളിൽ മാത്രമായി മീനുകൾ ശേഷിക്കുന്ന ഒരു കാലത്തേക്കാണു നമ്മൾ യാത്ര ചെയ്യുന്നത് എന്ന് തോന്നുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com