ADVERTISEMENT

പുഴയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ഒരു കുടുംബമായിരുന്നു തൃശൂർ ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ ചക്കാണ്ടൻ വീട്ടിൽ സി.ജി.ഷജിലിന്റേത്. മീൻപിടിത്തവും ചകിരിമുട്ടവും ചകിരിചീയ്ക്കലുമായിരുന്നു കുടുംബത്തിന്റെ പ്രധാന വരുമാനമാർഗം. മത്സ്യത്തൊഴിലാളിയായിരുന്ന അച്ഛനോടൊപ്പം കുട്ടിക്കാലത്ത് പുഴയിൽ മീൻ പിടിക്കാൻ പോയിരുന്നു ഷജിൽ. പുഴയോടും മീൻ പിടിത്തത്തോടുമുള്ള ആ താൽപ്പര്യമാണ് ഷജിലിനെ മത്സ്യക്കൃഷിയിലേക്ക് ആകർഷിച്ചത്. ജലകർഷകൻ എന്നറിയപ്പെടാൻ ആഗ്രഹിച്ച അദ്ദേഹം തുടങ്ങിവച്ച എല്ലാ കൃഷികളും പരാജയമായിരുന്നു. എങ്കിലും ഷജിൽ തന്റെ മത്സ്യക്കൃഷിയിൽനിന്ന് ഒട്ടും പിന്നോട്ടു പോയില്ല. 

2010-11 വർഷത്തിൽ ഫിഷറീസ് വകുപ്പിന്റെ സാങ്കേതികപരിശീലനവും ധനസഹായവും ലഭിച്ചതോടെയാണ് ഷജിൽ ചേറ്റുവപ്പുഴയിൽ കൂടുമത്സ്യക്കൃഷി ആരംഭിച്ചത്. മുളയിൽ വലകെട്ടി കൂടൊരുക്കി, പുഴയിൽ നിന്ന് ലഭിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളെ അതിൽ നിക്ഷേപിച്ചു. തുടക്കത്തിൽ വല വൃത്തിയാക്കാതെയും ഓക്സിജന്റെ അളവുകുറഞ്ഞും മറ്റും കുറച്ചു നഷ്ടം വന്നെങ്കിലും കാര്യങ്ങൾ പഠിച്ചതോടെ പദ്ധതി ക്ലിക്കായി. അതോടെ മത്സ്യക്കൃഷിയിൽ നിന്നു കിട്ടുന്ന ലാഭവും കൃഷിയിൽ തന്നെ നിക്ഷേപിച്ചു. മൂന്നുകൊല്ലംകൊണ്ട് പദ്ധതി നല്ല ലാഭം കണ്ടു. നല്ല രീതിയിൽ കഴിഞ്ഞുവരവെ ഇതു കാണാൻ വന്ന ചിലരുടെ താൽപര്യപ്രകാരം 2016ൽ കരുവന്നൂർ പുഴയിൽ പങ്കാളിത്ത കൂടുമത്സ്യക്കൃഷി തുടങ്ങി. 9000 ച.അടി വിസ്തീർണമുള്ള കൂടും പരിശീലനകേന്ദ്രവും സോളാർപാനലുമെല്ലാം നിർമിച്ചു. കൂട്ടിൽ ധാരാളം മത്സ്യക്കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു. അന്ന് കാളാഞ്ചി, കരിമീൻ, ചെമ്പല്ലി, തിലാപ്പിയ തുടങ്ങിയ ഇനങ്ങളെയായിരുന്നു വളർത്തിയിരുന്നത്. 

പുഴയിൽ കൂടുമത്സ്യക്കൃഷി തുടങ്ങിയപ്പോൾ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം തടസപ്പെടുത്തുന്നുവെന്നാരോപിച്ച് ചിലർ വില്ലേജ് ഓഫീസിലും കലക്ടർക്കും മറ്റും പരാതി നൽകുകയുണ്ടായി. അന്ന് കൊച്ചി സിഎംഎഫ്ആർഐ ആണ് ഷജിലിനെ രക്ഷിച്ചത്. അവരുടെ മോഡൽ ഫാമായി ഷജിലിന്റെ കൂടുമത്സ്യക്കൃഷി ഏറ്റെടുത്തതോടെ പരാതിക്കാർ നിശ്ശബ്ദരായി. 

കൂടുമത്സ്യക്കൃഷിക്കൊപ്പം കല്ലുമ്മക്കായയും കൃഷി ചെയ്തിരുന്നു. ധർമടത്തുനിന്നായിരുന്നു കുഞ്ഞുങ്ങളെ കൊണ്ടുവന്നത്. ഒരു മീറ്റർ നീളമുള്ള കയറിൽ ധാരാളം കല്ലുമ്മക്കായ വളർന്നു. എന്നാൽ 20-30 ഗ്രാം തൂക്കമെത്തിയപ്പോൾ അവ തനിയെ ചത്തുകൊഴിഞ്ഞുവീണു. ബാക്ടീരിയൽ അണുബാധയാണെന്ന് വിദഗ്ധർ സ്ഥിരീകരിച്ചതോടെ അത് കുറഞ്ഞ വിലയ്ക്ക് വിറ്റൊഴിവാക്കേണ്ടിവന്നു. കേരളം മുഴുവൻ കല്ലുമ്മക്കായ സമൃദ്ധമായി ലഭിച്ച കാലമായിരുന്നു അത്. അതിനാൽ ഉദ്ദേശിച്ച വിലയും കിട്ടിയില്ല. അങ്ങനെ അത് അവസാനിപ്പിച്ചു. പ്രതിസന്ധി ഒഴിഞ്ഞില്ല. 2018 ഓഗസ്റ്റിലെ പ്രളയത്തിൽ ധാരാളം മത്സ്യങ്ങളുണ്ടായിരുന്ന കൂടും പരിശീലന കേന്ദ്രവും സോളർ പാനലുൾപ്പെടെ ഒഴുകിപ്പോയി. 25 ലക്ഷം രൂപയോളമാണ് അന്ന് കടലിലേക്ക് ഒഴുകിയത്.  

shajil-fish-farmer-2
ബയോഫ്ലോക് ടാങ്കിനരികെ

ഇതിനിടയ്ക്കാണ് ചെറിയ കുളത്തിൽ വലിയ ലാഭംകിട്ടുന്ന ഞണ്ടുകൃഷിയിലേക്കു തിരിയുന്നത്. എന്നാൽ ഞണ്ടു കളവ് പോകാൻ തുടങ്ങിയതോടെ ആ കൃഷിയും അവസാനിപ്പിക്കേണ്ടിവന്നു. മണ്ണെണ്ണയിൽ കുതിർത്ത ഇഷ്ടിക വലിച്ചെറിഞ്ഞ് മത്സ്യങ്ങളെ കൊന്നൊടുക്കിയും കൂടുമത്സ്യകൃഷിയുടെ വല മുറിച്ചും മീൻ മോഷ്ടിച്ചും ശത്രുക്കൾ ഷജിലിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

ആദ്യ പ്രളയത്തിന്റെ നഷ്ടം നികത്താനായി 2019ൽ വീണ്ടും പുഴയിൽ കൂടുമത്സ്യക്കൃഷി ആരംഭിച്ചു. ആ വർഷവും വെള്ളപ്പൊക്കത്തിൽ വൻനാശം സംഭവിച്ചു. ഇതോടെയാണ് പൊതുജലാശയത്തിലെ മത്സ്യക്കൃഷി നഷ്ടമാണെന്ന് തിരിച്ചറിഞ്ഞ ഷജിൽ അടുത്ത മാർഗം ആലോചിക്കുന്നത്. ബയോഫ്ളോക് എന്ന രീതിയെക്കുറിച്ചറിഞ്ഞതോടെ കൂട്ടുകാരുമായി ചേർന്ന് കൃഷി തുടങ്ങി. 2020ൽ ബയോഫ്ളോക് ചെമ്മീൻ കൃഷി ആരംഭിച്ചു. 

shajil-fish-farmer-4

വലിയ മുന്നൊരുക്കമോ പരിശീലനമോ അറിവോ ഇല്ലാതെ നടത്തിയ ബയോഫ്ളോക് കൃഷിതുടങ്ങി അമ്പത് ദിവസമാകുന്നതിനു മുൻപുതന്നെ ഫ്ലോപ്പായി. ടാങ്കിലെ ഓക്സിജന്റെയും പിഎച്ചിന്റെയും അമോണിയയുടെയും അളവിൽ വന്ന വ്യത്യാസവും വിറ്റാമിനുകൾ, പ്രോബയോട്ടിക് എന്നിവ കൃത്യസമയത്ത് കൃത്യമായ അളവിൽ നൽകാത്തതും കാരണം ചെമ്മീൻ കുഞ്ഞുങ്ങൾ വളർച്ചയെത്താതെയും രോഗംബാധിച്ചും ചത്തൊടുങ്ങി. തലയിൽ വെള്ള നിറത്തിൽ വൈറ്റ് ഹെഡ് രോഗവും ബാധിച്ചിരുന്നു. ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും വീണ്ടും ആത്മവിശ്വാസത്തോടെ ചെമ്മീൻകൃഷി ആരംഭിച്ചു. എന്നാൽ രണ്ടാം തവണയും പരാജയം. ടാങ്കിലെ ഓക്സിജന്റെ അളവ് കുറഞ്ഞായിരുന്നു ചെമ്മീനുകളുടെ മരണം. കാത്സ്യം, മഗ്നീഷ്യം, വൈറ്റമിൻ സി എന്നിവ ധാരാളം സ്വീകരിക്കുന്ന, പടം പൊഴിക്കുന്ന (MOULTING) സമയത്ത് സാധാരണ കൊടുക്കുന്നതിലും കൂടുതൽ അളവിൽ ഓക്സിജൻ നൽകണം. ഇതൊന്നും അറിവില്ലാത്തതിനാലായിരുന്നു രണ്ടാം തവണ ചെമ്മീൻകൃഷി പരാജയപ്പെട്ടത്.

വൻ മുതൽമുടക്കിൽ ആരംഭിച്ച പദ്ധതി തുടക്കത്തിൽ തന്നെ പിഴച്ചതോടെ വലിയനഷ്ടമായി. ഒരു കൃഷിയിലേക്ക് ഇറങ്ങണമെങ്കിൽ അതിനെക്കുറിച്ച് നല്ല അറിവ് ആവശ്യമാണ്. എന്നാൽ ബയോഫ്ലോക്കിനെക്കുറിച്ച് ഒന്നുംഅറിയാതെയാണ് ഷജിൽ കൃഷി ആരംഭിച്ചത്. ഓരോ പരാജയത്തിൽനിന്നും പാഠം ഉൾക്കൊണ്ട് കൂടുതൽ കരുത്തോടെ അടുത്ത കൃഷി ആരംഭിച്ചു. അത് വിജയമായി. പലതവണ പരാജയപ്പെട്ടെങ്കിലും പരാജയങ്ങൾ പുത്തനറിവുകളാക്കിയാണ് ഷജിലിനറെ ഈ മുന്നേറ്റം. 

shajil-fish-farmer-3

ശാന്തസമുദ്രത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ കാണപ്പെടുന്ന പസഫിക് വെള്ളക്കൊഞ്ച് എന്നും വെള്ളക്കാലൻ കൊഞ്ച് എന്നും അറിയപ്പെടുന്ന ലിറ്റോപിനയസ് വനാമി എന്ന ശാസ്ത്രീയനാമമുള്ള വനാമിയാണ് ഷജിൽ കൃഷി ചെയ്യുന്നത്. പോണ്ടിച്ചേരിയിൽനിന്നാണ് ചെമ്മീൻ കുഞ്ഞുങ്ങളെ കൊണ്ടുവരുന്നത്. 15-20 ഗ്രാം വലുപ്പമായാൽ വിൽപന നടത്തും. 20 ഗ്രാം വലുപ്പമുള്ള ചെറിയ ചെമ്മീനിനാണ് പ്രാദേശികമായി വിപണിയുള്ളത്. ചെമ്മീനിന് വലിപ്പത്തിന്റെ ഇരട്ടി തൂക്കം തീറ്റ കൊടുക്കണം.

മുൻപ് മത്സ്യക്കൃഷിക്കായി എടുത്ത ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിനാൽ ജപ്തിയുടെ വക്കിലാണ് ഈ കർഷകൻ. ഗഡുക്കളായി തിരിച്ചടയ്ക്കാനുള്ള അനുമതി തേടിയിരിക്കുകയാണ്. ഇത്തരം പ്രയാസങ്ങളിലൂടെ  കടന്നുപോകുമ്പോഴും പട്ടണം പോലും കാണാതിരുന്ന ആൾക്ക് വലിയ അവസരങ്ങൾ ലഭിക്കുകയും കൂടുതൽ പേർ തന്റെ സംരംഭം കാണാൻ വരികയും ചെയ്യുന്നതിന്റെ ആവേശത്തിലാണ് ഷജിൽ. അതിനാൽതന്നെ തന്റെ ചെമ്മീൻകൃഷി കൂടുതൽ വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഈ ജലകർഷകൻ.

ഫോൺ: 9746597351

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com