ADVERTISEMENT

പാലിനെക്കാൾ പോഷകഗുണമുള്ള പാലുൽപന്നങ്ങൾ പലതുണ്ട്. അക്കൂട്ടത്തിലൊന്നാണ് യോഗർട്ട്. കാഴ്ചയിൽ തൈരുപോലെ തന്നെ. പക്ഷേ, തൈരിനെക്കാൾ രുചികരം. പുളിപ്പിച്ചാണ് യോഗർട്ടും തയാറാക്കുന്നത്. രുചിയിലും ഗുണത്തിലും പക്ഷേ, രണ്ടും തമ്മിൽ അന്തരമുണ്ട്. ആന്റിബയോട്ടിക് ഉപയോഗം നമ്മുടെ ഉദരത്തിലെ മിത്ര ബാക്ടീരിയകളെ ഒട്ടൊക്കെ സശിപ്പിക്കാറുണ്ട്. പരിഹാരമായി പ്രോബയോട്ടിക് മരുന്നുകൾ ഡോക്ടർമാർ നിർദേശിക്കാറുമുണ്ട്. എന്നാൽ, അതിനു പകരം യോഗർട്ടുപോലുള്ള പ്രോബയോട്ടിക് ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഒരേ സമയമത് ഭക്ഷണവും മരുന്നുമായി മാറും. സ്ട്രെപ്ടോകോക്കസ് തെർമാഫീല്ലസ്, ലാക്ടോ ബാസില്ലസ് ബൾഗാരിക്കസ് എന്നീ ബാക്ടീരിയകൾ ചേർന്ന ഉറ ഉപയോഗിച്ച് പാൽ പുളിപ്പിച്ച് ആവശ്യമായ ഫ്ലേവറും ചേർത്താണ് യോഗർട്ട് തയാറാക്കുന്നത്. ഒപ്പം ശരീരത്തിനു ഗുണകരമാകുന്ന മറ്റു ചില പ്രോബയോട്ടിക് ബാക്ടീരിയകളും യോഗർട്ടിൽ ചേരുന്നുണ്ട്. 

പാലിലെ പഞ്ചസാരയായ ലാക്ടോസ് യോഗർട്ടിൽ കുറവായതിനാൽ പാൽ അലർജിയുള്ളവർക്കും(Lactose Intolerence) യോഗർട്ട് ആസ്വദിക്കാം. തൈരിനെക്കാൾ പുളി കുറവായതിനാൽ അസിഡിറ്റിയും അൾസറുമുള്ളവർക്കും ആരോഗ്യകരം. ധാതുക്കളാലും ജീവകങ്ങളാലും സമ്പന്നമാണ് യോഗർട്ട്. പുളിപ്പിക്കുമ്പോൾ പാലിലെ പ്രോട്ടീൻ അമിനോ ആസിഡുകളായി മാറുന്നതിനാൽ ശരീരം വേഗത്തിൽ ആഗിരണം ചെയ്യുമെന്ന മെച്ചവുമുണ്ട്. ചുരുക്കത്തിൽ ഏറെ ആരോഗ്യപ്രദവും ജീവിതശൈലീരോഗങ്ങളെ ചെറുക്കാൻ യോഗ്യവുമാണ് യോഗർട്ട്. ഇത്രയൊക്കെ മെച്ചമുള്ള യോഗർട്ടിന്റെ കേരളത്തിലെ സ്ഥിതിയോ? ‘സംസ്ഥാനത്തെ തൈരു വിപണിയുടെ ഏതാണ്ട് 10 ശതമാനം മാത്രം’ എന്നു പറയുന്നു യോഗർട്ട് സംരംഭകന്‍ നഹാസ് ബഷീർ. 

അഞ്ചു വർഷം മുൻപ് യോഗർട്ട് സംരംഭകനാകാൻ തുനിഞ്ഞിറങ്ങിയ കാലത്ത് സംസ്ഥാനത്ത് പാലുൽപന്നവിപണിയിൽ യോഗർട്ടിന്റെ സാന്നിധ്യം നാമമാത്രമായിരുന്നെന്നു നഹാസ്. വിദേശങ്ങളിൽ യോഗർട്ടിന് ഏറെ പ്രിയമുണ്ടെങ്കിലും കേരളത്തിൽ സ്വീകരിക്കപ്പെടുമോ എന്ന ആശങ്കയാണ് നമ്മുടെ സംരംഭകരെ ഇത്രകാലവും പിന്തിരിപ്പിച്ചത്. എന്നാൽ, കഴിഞ്ഞ രണ്ടു വർഷം കൊണ്ട് സ്ഥിതി മാറി. കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടിയിലേറെ വളർച്ചയാണ് ഈ വർഷം തന്റെ സംരംഭം കൈവരിച്ചതെന്നും നഹാസ്. നിലവിൽ, മൂല്യവർധിത പാലുൽപന്നങ്ങളുടെ വിപണിയിൽ താൽപര്യം വയ്ക്കുന്ന സംരംഭകർക്ക് പ്രതീക്ഷയോടെ നോക്കാവുന്ന ഉൽപന്നമായി വളരുകയാണ് യോഗർട്ട്. എന്നാൽ, വെല്ലുവിളികൾ നേരിടാൻ തയാറെടുപ്പു കൂടി വേണമെന്ന് നഹാസ് ഓർമിപ്പിക്കുന്നു.

cremberie-1

∙ വിപണിയിലെ വെല്ലുവിളി 

ബിസിനസ് കുടുംബത്തിലെ അംഗമാണ് തൃശൂർ ചാവക്കാട് സ്വദേശി നഹാസ്. ഖത്തറിൽനിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടി സ്വന്തം സംരംഭം എന്ന ആഗ്രഹമാണ് യോഗർട്ടിൽ എത്തിച്ചത്. ഗൾഫിലും യൂറോപ്പിലും യുഎസിലുമെല്ലാം വലിയ സ്വീകാര്യതയുള്ള വിഭവമാണ് യോഗർട്ട്. രാവിലെ ആദ്യ ഭക്ഷണമായി പലരും കഴിക്കുന്നതുതന്നെ ഇതാണ്. വിദേശങ്ങളിൽ ജീവിച്ചു പരിചയിച്ചവർ പലരും നാട്ടിലെത്തുമ്പോൾ അതു തേടുന്നുമുണ്ട്. അതിനാല്‍, ഈ വിശിഷ്ട വിഭവത്തിന് നാട്ടിലും സ്വീകാര്യതയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആലുവ കേന്ദ്രമാക്കി ക്രെംബെറി (cremberie.com) എന്ന പേരിൽ ഉൽപാദനം തുടങ്ങുന്നതെന്ന് നഹാസ്. മുൻപൊക്കെ ഗുണമേന്മയുള്ള കൾചർ ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഇന്ന് വൻകിട ബ്രാൻഡുകളുടെ കൾചർ ലഭ്യമാണ്. അതു വാങ്ങി പുതുചേരുവകൾ ചേർത്താണ് വിപണിയിലെത്തിച്ചത്.

പ്രതീക്ഷിച്ച നേട്ടം തുടക്കത്തിൽ ലഭിച്ചില്ല. രണ്ടു വെല്ലുവിളികളാണ് നേരിടേണ്ടി വന്നത്. യോഗർട് എന്ന വിഭവം പരിചിതമായവരുടെ എണ്ണം പരിമിതമെന്നതായിരുന്നു പ്രധാന പ്രശ്നം. യോഗർട്ടും തൈരും ഒന്നെന്നു കരുതുന്നവരാണ് ബഹുഭൂരിപക്ഷവും. സൂപ്പർ മാർക്കറ്റിലെത്തുന്ന ഉപഭോക്താക്കൾക്ക് ജീവനക്കാർ തന്നെ പലപ്പോഴും യോഗർട്ടിനെ തൈര് എന്നു പരിചയപ്പെടുത്താറുണ്ട്. ‘നിങ്ങളുടെ തൈരു ബ്രാൻഡ് വാങ്ങിയിട്ട് തീരെ പുളിയില്ലായിരുന്നു’ എന്നു വിളിച്ചു പരാതി പറഞ്ഞ ഉപഭോക്താക്കളുമുണ്ടെന്നു നഹാസ്. രണ്ടാമത്തെ പ്രശ്നം യോഗർട്ടിനു സൂക്ഷിപ്പുകാലം കുറവാണെന്നതും. തണുപ്പിച്ചു സൂക്ഷിച്ചാല്‍ പോലും 16 ദിവസം മാത്രം. പുറത്തെ താപനിലയിൽ 5–6 മണിക്കൂർ മാത്രമേ കേടാകാതെയിരിക്കുകയുള്ളൂ. ഈ രണ്ടു പ്രശ്നങ്ങളും കാരണം ആദ്യകാലത്തു വിൽപനയ്ക്ക് അയയ്ക്കുന്നതിൽ 70–80 ശതമാനവും തിരിച്ചെത്തുമായിരുന്നു. 

എന്നാൽ ഇന്ന്, 10% പോലും തിരിച്ചെത്താത്തവിധം വിൽപന ഉയർന്നു. കാരണം കോവിഡ് എന്നു നഹാസ്. കോവിഡ് കാലത്ത് ആളുകൾക്ക് ഇന്റർനെറ്റിൽ ചെലവിടാൻ ഏറെ സമയം കിട്ടി. ഒട്ടേറെ പുതിയ വിഭവങ്ങൾ പരിചയപ്പെട്ടു. അക്കൂട്ടത്തിൽ യോഗർട്ടും ഉണ്ടായിരുന്നു. ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്ക കൂടിയതോടെ നഗരങ്ങളിൽ യോഗർട്ട് ഉപഭോഗം കൂടി. നിലവിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നഗരങ്ങളിലെ സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിൽ  മികച്ച വിപണി ലഭിക്കുന്നുണ്ടെന്ന് നഹാസ് പറയുന്നു. ആളുകൾ ഇതു പരിചയപ്പെടുന്നതിന് അനുസൃതമായി വിപണി വളരുകയും ചെയ്യുന്നു.

അംബാനിക്കല്യാണ ഓര്‍ഡര്‍

നൂറു ശതമാനം പ്രകൃതിദത്തമാണ് തങ്ങളുടെ ഉൽപന്നമെന്ന് നഹാസ്. പാൽ സംഭരിക്കുന്നത് സമീപപ്രദേശങ്ങളിലെ ഫാമുകളിൽനിന്നുതന്നെ. വിവിധ ഫ്ലേവറുകൾക്കായി മാമ്പഴം, പൈനാപ്പിൾ, വാഴപ്പഴം, സ്ട്രോബെറി, ബ്ലൂബെറി എന്നിവയുടെ പ്രകൃതിദത്ത പൾപ്പ് തന്നെ ചേര്‍ക്കുന്നു. രാജ്യത്തെ വൻകിട ഹോട്ടലുകളിലുൾപ്പെടെ തങ്ങളുടെ ബ്രാൻഡിനു ലഭിച്ച സ്വീകാര്യതയാണ് അടുത്ത കാലത്ത് ലോകശ്രദ്ധ ആകർഷിച്ച അനന്ത് അംബാനിയുടെ വിവാഹ വിരുന്നിലേക്ക് ക്രെംബെറി യോഗർട്ടിനു ക്ഷണം കിട്ടാൻ കാരണമെന്നു നഹാസ്. യോഗർട്ടിന്റെ ഡിമാൻഡ് നാൾക്കുനാൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സംരംഭകർക്ക് അവസരമുണ്ടെന്നും നഹാസ് പറയുന്നു.

ഫോൺ: 9633221919

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com