ചികിത്സയില്ല, മരണനിരക്ക് കൂടുതൽ, അകിടുവീക്കം ഇല്ലാത്ത പശുക്കൾ; വൻകിട ഡെയറി ഫാമുകളിൽ നടക്കുന്നത്
Mail This Article
ക്ഷീരോൽപാദന രംഗത്തെ ആദായപ്പുതുമകൾ 7
മരുഭൂപ്രദേശത്തെ വ്യാവസായിക ഡെയറി ഫാമുകളിൽ ആരോഗ്യപ്രശ്നങ്ങൾ നമ്മുടെ നാട്ടിൽ നിലവിലുള്ള ഗാർഹിക, ചെറുകിട ഫാമുകളെ അപേക്ഷിച്ച് പൊതുവേ കുറവാണ്. ഇത്തരമൊരു അവസ്ഥ സംജാതമാകുന്നതിനു കാരണങ്ങൾ പലതാണ്.
1. തുറസായ പരിപാലനം സാധ്യമാക്കുന്ന മെച്ചപ്പെട്ട ആരോഗ്യം.
2. ശാരീരിക ക്ലേശം പരമാവധി കുറയ്ക്കുന്ന വിധം താപക്രമീകരണ ഉപാധികൾ സഹിതമുള്ള തൊഴുത്തുകൾ.
3. ആവശ്യാനുസരണം ലഭ്യമാക്കുന്ന സന്തുലിത ഭക്ഷണക്രമം.
ഇവയ്ക്കു പുറമേ മരുഭൂമിയിലെ വരണ്ട കാലാവസ്ഥയിൽ രോഗാണുക്കളും കീടങ്ങളും കുറവാണെന്നതും, മഴക്കാലം വളരെ കുറവും അതുവഴി കൂടുതൽ കാലം അന്തരീക്ഷ ഈർപ്പം കുറവായതിനാൽ പശുക്കളുടെ ശരീരത്തിലും പരിസരങ്ങളിലും ശുചിത്വം അനായാസം കൈവരിക്കാമെന്നതും പ്രധാനമാണ്. മരുഭൂ സാഹചര്യത്തിൽ ശ്രദ്ധേയമായ മറ്റൊരു കാര്യം പരാദങ്ങളുടെയും പരാദബാധയുടെയും അഭാവമാണ്. കിടാങ്ങളിൽ പോലും വിരബാധയ്ക്കു മരുന്ന് നൽകേണ്ട ആവശ്യമില്ല. അതുമൂലം കിടാങ്ങൾ മെച്ചപ്പെട്ട ആരോഗ്യവും രോഗപ്രതിരോധ ശേഷിയും വളർച്ചയും കൈവരിക്കുന്നു. ആന്തരിക പരാദങ്ങൾ മാത്രമല്ല ബാഹ്യപരാദങ്ങളും വിരളമാണ്. ഇപ്രകാരം പരാദങ്ങളുടെ അഭാവത്തിനു പ്രധാന കാരണമായി പറയുന്നത് വിവിധ ആന്തരിക - ബാഹ്യ പരാദങ്ങളുടെയെല്ലാം പ്രജനനചക്രം പൂർത്തീകരിക്കാൻ സഹായിക്കുന്ന ഇടനിലക്കാരായ കീടങ്ങളുടെ അഭാവമാണ്.
വൻകിട ഫാമുകളിൽ രോഗബാധിതരായ ഓരോ മൃഗങ്ങളെയും പ്രത്യേകം ചികിത്സിക്കുന്നതിനേക്കാൾ മൊത്തം മൃഗങ്ങൾക്കും രോഗം വരാതെ നോക്കുന്ന പരിപാലന മുറകൾക്കാണ് കൂടുതൽ മുൻഗണന നൽകുന്നത്. അതായത് രോഗം വന്നു ചികിത്സിക്കുന്നതിനേക്കാൾ അഭികാമ്യം രോഗം വരാതെ തടയുന്നതാണല്ലോ. ഇതിനായി പരിപാലനത്തിൽ ശ്രദ്ധ നൽകുന്ന മറ്റു കാര്യങ്ങൾ
1. ആവശ്യത്തിന് വ്യായാമം ഉറപ്പാക്കുക.
2. തീറ്റയിൽ ധാതുലവണങ്ങളുടെ അപര്യാപ്തത പരിഹരിക്കാൻ ധാതുലവണ ബ്ലോക്കുകൾ എല്ലാ ഷെഡ്ഡുകളിലും സദാ സമയവും ലഭ്യമാക്കുക.
3. ശുദ്ധമായ കുടിവെള്ളം മുടക്കമില്ലാതെ ലഭ്യമാക്കുക.
രോഗബാധിതരായ മൃഗങ്ങളെ ഷെഡ്ഡുകളിൽ എത്തി പെട്ടെന്ന് ചികിത്സിക്കുന്നതിനുള്ള ഒരു മൊബൈൽ വെറ്ററിനറി ടീം എല്ലാ ദിവസവും പ്രവൃത്തിക്കുന്നു. ഓരോ ഷെഡ്ഡിൽ നിന്നും വാച്ച്മാന്മാർ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് മൊബൈൽ വെറ്ററിനറി ടീം ഷെഡ്ഡുകളിലെത്തി പരിശോധിക്കുകയും ഗുരുതരമല്ലാത്ത പ്രശ്നങ്ങൾ അതാതു സ്ഥലങ്ങളിൽ തന്നെ ചികിത്സിക്കുകയും അല്ലാത്തവയെ കേന്ദ്രീകൃത ചികിത്സയ്ക്ക് സജ്ജമാക്കിയിട്ടുള്ള മൃഗാശുപത്രിയിലേക്കും തുടർന്ന് അനുബന്ധ ചികിത്സാ യാർഡിലേക്കും മാറ്റുകയും ചെയ്യുന്നു.
ആയിരക്കണക്കിന് ഉരുക്കളെ വളർത്തുന്ന ഫാമായതിനാൽ മിക്കവാറും എല്ലാ മാസങ്ങളിലും നിത്യേന ധാരാളം മൃഗങ്ങൾ (ഏകദേശം നാൽപത് മുതൽ ഇരുനൂറ് വരെ) ചികിത്സയ്ക്കുണ്ടാകുമെങ്കിലും രണ്ടു വെറ്ററിനറി ഡോക്ടർമാരും ഒരു സഹായിയും രണ്ടു തൊഴിലാളികളും മാത്രമാണ് മൃഗാശുപതിയിൽ ഓരോ ദിവസവും ചികിത്സിക്കാനായി ഉണ്ടാവുക. അതുകൊണ്ടു തന്നെ കൂടുതൽ സങ്കീർണമായ ചികിത്സകളൊന്നും ചെയ്യുന്ന പതിവില്ല. ഇക്കാരണത്താൽ മരണനിരക്ക് താരതമ്യേന കൂടുതലാണ്. ഇതാകട്ടെ മുൻപ് സൂചിപ്പിച്ച പോലെ കൂടുതൽ സാമ്പത്തികച്ചെലവ് വരുത്തി സങ്കീർണമായ ചികിത്സയിലൂടെ ഉരുക്കളെ ഉൽപാദനത്തിലേക്കു തിരിച്ചെത്തിക്കുന്നത് സാമ്പത്തിക നേട്ടത്തിനു പ്രാമുഖ്യം നൽകുന്ന വ്യാവസായിക ഫാമുകളിൽ അഭിലഷണീയമല്ല എന്ന കാഴ്ചപ്പാടിന്റെ ഭാഗമാണ്. കാരണം അത്തരം ഉരുക്കളിൽ പ്രശ്നങ്ങൾ ആവർത്തിക്കുന്നതിനും ചികിത്സയിലൂടെ വീണ്ടെടുത്തവയുടെ പ്രജനനത്തിലൂടെ ഭാവി തലമുറകളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതയും കണക്കിലെടുത്ത് പ്രശ്നസാധ്യത ഉള്ളവയെ പൂർണമായും പ്രജനനത്തിൽ നിന്ന് ഒഴിവാക്കുക എന്ന കാഴ്ചപ്പാട് വ്യാവസായിക ഉൽപാദനത്തിൽ മുഖ്യമാണ്.
പശുക്കളുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് ദിവസവും പ്രവർത്തിക്കുന്ന മറ്റൊരു വിഭാഗമാണ് കുളമ്പ് പരിപാലന ടീം. ശരീര ഭാരം കൂടിയ (600 കിലോ മുതൽ 1100 കിലോ വരെ ശരീര ഭാരം) ശുദ്ധ ഹോൾസ്റ്റെയ്ൻ ഫ്രീഷ്യൻ പശുക്കളെ വളർത്തുന്ന ഫാമായതിനാൽ കുളമ്പ് സംബന്ധമായ പ്രശ്നങ്ങൾ കൂടുതലാണ്. തൊഴുത്തിന്റെ കൂടുതൽ ഭാഗവും മണൽ വിരിച്ച പ്രതലമായതിനാൽ തേയ്മാനം കുറയുമെന്നതിനാൽ കുളമ്പുകളുടെ അമിത വളർച്ച, രണ്ട് കുളമ്പുകൾക്കിടയിൽ മുഴ രൂപം കൊള്ളുക എന്നീ വൈകല്യങ്ങൾക്ക് ആക്കം കൂട്ടുന്നു. അതുകൊണ്ട് തന്നെ അമിതമായി വളരുന്ന കുളമ്പ് മുറിക്കുന്നതിന് പരിശീലനം സിദ്ധിച്ച ഒരാളും സഹായത്തിനായി രണ്ട് തൊഴിലാളികളും ഉൾപ്പടെ മൂന്നു പേരടങ്ങുന്ന ടീം നിത്യേന 10 മുതൽ 20 പശുക്കളുടെ കുളമ്പ് മുറിച്ച് വലുപ്പവും ആകൃതിയും ക്രമീകരിക്കുന്നതിൽ വ്യാവൃതരാണ്.
അകിടുവീക്കം ഇല്ലാത്ത പശുക്കൾ
കറവപ്പശുക്കളെ ബാധിക്കുന്ന രോഗങ്ങളിൽ മുഖ്യ സ്ഥാനത്താണല്ലോ അകിടുവീക്കം. 5000ലധികം കറവയിലുള്ള പശുക്കൾ ഒരേ സമയം ഫാമിലുണ്ടെങ്കിലും അകിടുവീക്കം ബാധിക്കുന്നവ താരതമ്യേന കുറവാണ്. ഇതിന്റെ കാരണം കൃത്യമായ ഇടവേളകളിൽ മിൽക്കിങ് പാർലറിൽ നടക്കുന്ന കറവ, കറവയ്ക്ക് ശേഷം മുലക്കാമ്പുകളിൽ അണുനാശിനി സ്പ്രേ ചെയ്യുന്ന പ്രാക്ടീസ്, പാലിലെ അസാധാരണത്വം ഓരോ കറവ സമയത്തും നിരീക്ഷിച്ച് വൈകാതെയുള്ള ഇടപെടൽ, ചികിത്സ ആവശ്യമായവയെ പ്രത്യേക മിൽക്കിങ് പാർലറിൽ കറക്കുകയും ആവശ്യമായ ചികിത്സകൾ മുറപോലെ നൽകുകയും ചെയ്യുക, കറവ വറ്റിക്കുമ്പോൾ മുലക്കാമ്പുകളിൽ അണുനാശിനികൾ കയറ്റി വെയ്ക്കുന്ന പതിവ്, പ്രസവത്തിനു മുന്നോടിയായുള്ള അകിട് പരിശോധന എന്നിങ്ങനെ അകിടിന്റെ ആരോഗ്യം നിലനിർത്തുന്നതിനുള്ള വിവിധ പരിപാലന മുറകളാണ്.
ദിവസം 40 പ്രസവങ്ങൾ
പ്രത്യുൽപാദന സംബന്ധമായി ഏറ്റവുമധികം വെറ്ററിനറി ഇടപെടൽ ആവശ്യമായി വന്നിരുന്ന പ്രശ്നമാണ് വിഷമപ്രസവം (Dystocia). ചില ദിവസങ്ങളിൽ 40 പ്രസവങ്ങൾ വരെ നടക്കാറുണ്ടായിരുന്ന ഹുഫൂഫിലെ ഫാമിൽ 24 മണിക്കൂറിൽ 4-10 പ്രസവങ്ങളിലെങ്കിലും കിടാവിനെ വലിച്ചെടുക്കേണ്ടതായി വരാറുണ്ട്. കൂടുതൽ പ്രസവങ്ങളും നടക്കാറുള്ളത് രാത്രിയിലാണെന്നതും രണ്ടു തൊഴിലാളികൾ സഹായത്തിന് കൂടെ ഉണ്ടെങ്കിലും പശുവിനെ കൂട്ടിൽ നിർത്തി 40-50 കിലോ വരെ തൂക്കം വരുന്ന കിടാവിനെ ഗർഭാശയത്തിൽനിന്ന് വലിച്ചെടുക്കുന്നതും പുറത്തു വരുമ്പോൾ താഴെ വീഴാതെ താങ്ങിയെടുക്കേണ്ടതും വെറ്ററിനറി ഡോക്ടർമാർക്ക് ഏറെ ശ്രമകരമായ കാര്യമാണ്. എന്നാൽ അതിസങ്കീർണമായ പ്രസവങ്ങൾ വളരെ അപൂർവമായേ കണ്ടിരുന്നുള്ളൂ. പ്രസവാന്തരം മറുപിള്ള വീഴാതിരിക്കുന്നതും താരതമ്യേന കുറവാണ് കണ്ടിരുന്നത്. മറുപിള്ള വീഴാതിരിക്കുന്ന പശുക്കൾക്ക് ആവശ്യമായ മരുന്നുകൾ നൽകുന്നതല്ലാതെ കൈ കൊണ്ട് മറുപിള്ള നീക്കം ചെയ്യുന്ന പതിവ് ഫാമിൽ ഉണ്ടായിരുന്നില്ല. അതുപോലെ തന്നെ ഗർഭപാത്രം പുറന്തള്ളുന്ന പ്രശ്നവും അപൂർവമായിരുന്നു. അതായത്, നമ്മുടെ നാട്ടിൽ കറവപ്പശുക്കളിൽ അധികമായി കണ്ടുവരുന്ന പല ആരോഗ്യ പ്രശ്നങ്ങളും ഒഴിവാക്കുന്നതിന് പ്രജനനത്തിൽ അതീവ ശ്രദ്ധ ചെലുത്തിയാണ് വ്യാവസായിക ഫാമുകൾ മുന്നേറുന്നത്. ഇപ്രകാരം ആദായകരമായ ഉൽപാദനത്തിന് ആധാരമായ പ്രജനന രീതി അടുത്ത ലേഖനത്തിൽ വിവരിക്കുന്നതാണ്.
ഭാഗം 1: 8,500 ഉരുക്കൾ, 55 ലീറ്റർ പാൽ ചുരത്തുന്ന പശുക്കൾ, പരിചരിക്കാൻ 54 പേർ; വിദേശ ഫാമുകളും കേരളവും
ഭാഗം 2: 800 പശുക്കളെ പരിപാലിക്കാൻ ഒരു വാച്ച്‌മാൻ: യന്ത്രവൽകൃത ഫാമുകളിലെ പൊതുപരിചരണം ഇങ്ങനെ
ഭാഗം 3: ലോകത്തിലെ മുൻനിര ഡെയറി ഫാമുകളെല്ലാം മരുഭൂമിയിൽ: മരുഭൂമിയിലെ ക്ഷീരസമൃദ്ധിക്കു പിന്നിൽ...
ഭാഗം 4: പച്ചപുല്ല് കഴിക്കാത്ത പശുക്കൾ; പാലുൽപാദനത്തിന് ഉണക്കപ്പുല്ല്: അറിയാം സൗദി മോഡൽ ഡെയറി ഫാമിങ്
ഭാഗം 5: 22 മണിക്കൂറും പ്രവർത്തിക്കുന്ന മിൽക്കിങ് പാർലർ: വാണിജ്യ ഡെയറി ഫാമുകളിലെ കറവ വിശേഷങ്ങൾ
പ്രതിരോധ കുത്തിവയ്പ്പ്
മരുഭൂസാഹചര്യത്തിലുള്ള വ്യാവസായിക ഫാമിൽ പ്രതിരോധ കുത്തിവെയ്പ് നടത്തുന്നത് കുളമ്പ് രോഗം തടയുന്നതിന് മാത്രമാണ്. ഓരോ വർഷവും രണ്ട് തവണ ചെറിയ കിടാങ്ങളെയും ഗർഭത്തിന്റെ അവസാന മാസത്തിലുള്ളവയെയും ഒഴിച്ച് മൊത്തം പശുക്കളെയും കുളമ്പുരോഗ വാക്സിനേഷന് വിധേയമാക്കുന്നു. ഇതിനായി ഒരു വെറ്ററിനറി ഡോക്ടറും, ഒരു തൊഴിലാളി ഉൾപ്പടെ രണ്ടു സഹായികളും അടങ്ങുന്ന മൂന്നോ നാലോ ടീമുകൾ ഒന്നോ രണ്ടോ ദിവസം കൊണ്ട് തന്നെ കുത്തിവയ്പ് പൂർത്തീകരിക്കുന്നു. കറവപ്പശുക്കളെ ഷെഡ്ഡുകളിൽ ലോക്ക് ചെയ്തും ലോക്കില്ലാത്ത ഷെഡ്ഡുകളിൽ പാർപ്പിച്ച കിടാരികൾ പോലുള്ളവയെ അവയുടെ ഷെഡ്‌ഡിനോടനുബന്ധിച്ച് സജ്ജീകരിച്ചിട്ടുള്ള 50 മീറ്റർ നീളവും 80 സെന്റി മീറ്റർ വീതിയുമുള്ള ദീർഘ ഇടനാഴിയിൽ (Long chute) വരിവരിയായി കയറ്റി നിർത്തിയുമാണ് കുത്തിവയ്പ് നടത്താറുള്ളത്. ഓട്ടോവാക്സിനേറ്റർ എന്ന കൂടുതൽ ഡോസ് വാക്സിൻ ഒരുമിച്ച് നിറയ്ക്കാവുന്ന ഉപകരണം സിറിഞ്ചിന് പകരമായി ഉപയോഗിച്ചാണ് ഓരോ പശുക്കളെയും അതിവേഗം കുത്തിവയ്ക്കുന്നത്. നമ്മുടെ നാട്ടിൽ വാക്സിനേഷൻ നടത്താറുള്ള രീതിയിൽ ഓരോ ഡോസ് വാക്സീൻ വീതം നിറയ്ക്കുന്ന സിറിഞ്ചുകളും അണുനാശിനി പുരട്ടുന്ന പോലുള്ള നടപടി ക്രമങ്ങളും കുത്തിവയ്പ്പിന് ശേഷം ചെയ്യാറുള്ള തിരുമ്മലും അപ്രസക്തമാണെന്ന് വ്യാവസായിക ഫാമുകളിൽ വാക്സിനേഷന് അനുവർത്തിക്കുന്ന പ്രായോഗിക രീതി തെളിയിക്കുന്നു.
രാത്രി കാലങ്ങളിൽ വേണ്ടിവരുന്ന അത്യാവശ്യ ചികിത്സകൾക്ക് ഒരു വെറ്ററിനറി ഡോക്ടർക്ക് അധിക ചുമതലയുണ്ടായിരിക്കും. കൂടെ സഹായത്തിനായി ഉണ്ടാവുക രാത്രിയിലെ വാച്ച്മാന്മാർ മാത്രമായിരിക്കും. ഇതിനായി ഫാമിലെ എല്ലാ വെറ്ററിനറി ഡോക്ടർമാർക്കും ആഴ്ചയിൽ ഒരു ദിവസം എന്ന നിലയിൽ പകൽ ഡ്യൂട്ടിക്ക് പുറമെ അധിക ഡ്യൂട്ടി നൽകുന്നത് സ്വകാര്യ ഉടമസ്ഥതയിലുള്ള വ്യാവസായിക ഫാമിൽ ചെലവ് ചുരുക്കുന്നതിന്റെ ഭാഗം കൂടിയാണ്. പകൽ സമയത്തെ എട്ടു മണിക്കൂർ കഠിന പ്രയത്നം വേണ്ടിവരുന്ന ഡ്യൂട്ടിക്കു ശേഷം മിക്കവാറും എല്ലാ രാത്രി ഡ്യൂട്ടിയിലും ഒന്ന് മുതൽ മൂന്ന് പ്രാവശ്യമെങ്കിലും ഉറക്കം ഭേദിച്ച്, ചിലപ്പോൾ മണിക്കൂറുകളോളം ഷെഡ്ഡുകളിലെത്തി ചികിത്സ ചെയ്താലും പിറ്റേന്ന് പകരം അവധിയോ അധിക വേതനമോ ഡോക്ടർമാർക്ക് നൽകുന്ന പതിവില്ല. അതേസമയം തൊഴിലാളികൾക്കാണെങ്കിൽ പത്തു മണിക്കൂറാണ് ഡ്യൂട്ടി സമയം എങ്കിലും അതിനപ്പുറം രണ്ടു മണിക്കൂറും ചില കാലങ്ങളിൽ നാലു മണിക്കൂർ വരെയും എല്ലാ ദിവസവും അധിക സമയ ഡ്യൂട്ടി നൽകുന്നത് പതിവാണെങ്കിലും അവർക്ക് മണിക്കൂറിനനുസരിച്ച് അധിക വേതനം ലഭിക്കുന്നതിനാൽ ആക്ഷേപം ഉണ്ടാവാറില്ല. അതേസമയം ഫാമിലെ പൊതു അവധി ദിനമായ വെള്ളിയാഴ്ചകളിൽ ചികിത്സാ വിഭാഗത്തിലും പ്രജനന വിഭാഗത്തിലും ഓരോ ടീം ഡ്യൂട്ടിക്ക് ഉണ്ടാവുമെങ്കിലും ഇവർക്ക് അതേ ആഴ്ചയിൽ തന്നെ മറ്റൊരു ദിവസം പകരം അവധി കൊടുക്കുന്നതാണ് പതിവ്. ഇപ്രകാരം ലഭ്യമായ മാനുഷിക വിഭവ ശേഷി പരമാവധി ഉപയോഗിക്കുന്നതും സ്വകാര്യ സംരംഭമെന്ന നിലയിൽ കൂടുതൽ ആദായം നേടാൻ അവലംബിക്കുന്ന മാർഗങ്ങളും താരതമ്യം ചെയ്യുന്നത് പ്രതിസന്ധി നേരിടുന്ന നമ്മുടെ ക്ഷീരോൽപാദന മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾ മനസിലാക്കുന്നതിന് സഹായകരമായേക്കാം.
വിലാസം
ഡോ. സി.ഇബ്രാഹിം കുട്ടി
മൃഗ പ്രത്യുൽപാദന ശാസ്ത്ര വിദഗ്ധൻ, കൃഷി വിജ്ഞാന കേന്ദ്രം, മലപ്പുറം
കേരള കാർഷിക സർവകലാശാല, കെസിഎഇടി ക്യാംപസ്, തവനൂർ