ആഫ്രിക്കയുടെ മാത്രം പ്രശ്നമെന്നു പറഞ്ഞുതള്ളിയ ജന്തുജന്യരോഗം; ഇന്ന് ആഗോള ആശങ്ക; ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയതും ആദ്യമരണവും കേരളത്തിൽ
Mail This Article
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യവും, പട്ടിണിയിലും ദാരിദ്ര്യത്തിലും ലോകത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുന്നതുമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും മധ്യആഫ്രിക്കയിലെ മറ്റു രാഷ്ട്രങ്ങളിലും വ്യാപകമായി പടരുന്ന എംപോക്സ് പകർച്ചവ്യാധി ഇന്ന് ലോകത്തിന്റെ ആശങ്കയാണ്. രോഗവ്യാപനസാഹചര്യത്തിൽ ലോകാരോഗ്യസംഘടന ആഗോളതലത്തിൽ പൊതുജനാരോഗ്യഅടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളിലേക്കും വൻകരയ്ക്കു പുറത്തേക്കും എംപോക്‌സ് വൈറസ് പടരാനുള്ള ഉയർന്ന സാധ്യത കണക്കിലെടുത്താണ് ലോകാരോഗ്യസംഘടന ഏറ്റവും വലിയ ജാഗ്രതാനിർദ്ദേശമായ ഈ ആരോഗ്യമുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
മൃഗങ്ങളിൽ നിന്നും മനുഷ്യരിലെത്തിയ എംപോക്‌സ്
ആദ്യഘട്ടങ്ങളിൽ മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്കു പകരുകയും, പിന്നീട് ജനിതകവ്യതിയാനങ്ങൾ സംഭവിച്ച് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കു പടർന്നുപിടിക്കുന്ന രീതിയിലേക്കു വ്യാപനം മാറുകയും ചെയ്ത ജന്തുജന്യരോഗമാണ് എംപോക്‌സ്. ഇരട്ട വരികളുള്ള ഡിഎൻഎ വൈറസായ മങ്കിപോക്‌സ് വൈറസാണ് എംപോക്‌സ് രോഗത്തിന് കാരണമാകുന്നത്. ഭൂമുഖത്തുനിന്ന് തുടച്ചുനീക്കിയ വസൂരി (സ്മാൾ പോക്സ്) രോഗകാരിയായ വേരിയോള വൈറസ് അടങ്ങുന്ന പോക്‌സ് വൈറിഡേ കുടുംബത്തിൽ ഉൾപ്പെടുന്ന വൈറസാണിത്. ക്ലേഡ് 1, ക്ലേഡ് 2 എന്നീ രണ്ടു പ്രധാന ജനിതക വകഭേദങ്ങളും തീവ്രതയുടെ അടിസ്ഥാനത്തിൽ അതിൽ ഏതാനും ഉപവകഭേദങ്ങളും എംപോക്‌സ് വൈറസിന്റേതായി ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എംപോക്സിന്റെ അതിവേഗം പടരുന്നതും തീവ്രതയും മരണനിരക്കും ഉയർന്നതുമായ ക്ലേഡ് 1, കോംഗോ ബേസിൻ വകഭേദമാണ് ഇപ്പോൾ ആശങ്കയുയർത്തി വ്യാപകമായി പടരുന്നത്. രോഗലക്ഷണങ്ങൾക്ക് വസൂരിയോളം തീവ്രതയില്ലെങ്കിലും ഒരേ വിഭാഗത്തിൽപ്പെട്ട വൈറസുകൾ ആയതിനാൽ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സ് രോഗലക്ഷണങ്ങൾക്ക് അടുത്ത സാമ്യമുണ്ട്.
ചർമത്തിൽ പ്രതൃക്ഷപ്പെടുന്ന 2 - 4 ആഴ്ചവരെ നീണ്ടുനിൽക്കുന്ന പഴുപ്പ് നിറഞ്ഞ വേദനയുള്ള തിണർപ്പുകളും കുമിളകളുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം.
ആഫ്രിക്കയുടെ മാത്രം രോഗമെന്ന് പറഞ്ഞു തള്ളി; വിനയായത് ആരോഗ്യഅവഗണന
കോവിഡ് മഹാമാരി പോലെ ഈയടുത്ത കാലത്ത് പെട്ടെന്നു പൊട്ടിപ്പുറപ്പെട്ട രോഗമല്ല എംപോക്‌സ്. യൂറോപ്യൻ രാജ്യമായ ഡെന്മാർക്കിലെ കോപ്പർഹേഗനിൽലെ ലാബിൽ ഗവേഷണത്തിനായി പിടികൂടി പാർപ്പിച്ചിരുന്ന സൈനോമോൾഗസ് ഇനം കുരങ്ങുകളിൽ 1958ൽ തന്നെ എംപോക്‌സ് വൈറസിനെ കണ്ടെത്തിയിരുന്നു. ആദ്യമായി കുരങ്ങുകളിൽ കണ്ടെത്തിയതിനാലാണ് മങ്കി പോക്സ് എന്ന പേര് വൈറസിനു കിട്ടുന്നത്. വസൂരി രോഗത്തിന്റെ സ്ക്രീനിങ് നടത്തുന്നതിനിടെ 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഒരു ആൺകുട്ടിയിലാണ് മനുഷ്യനിൽ ഈ വൈറസ് ആദ്യമായി സ്ഥിരീകരിക്കുന്നത്. അതേ കാലയളവിൽ മറ്റു നാലുകുട്ടികളിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. തുടർന്നിങ്ങോട്ടുള്ള വർഷങ്ങളിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും നൈജീരിയ അടക്കമുള്ള സമീപരാജ്യങ്ങളിലും ചെറുതും വലുതുമായ എംപോക്സ് പൊട്ടിപ്പുറപ്പെടലുകൾ ഉണ്ടായി. കുരങ്ങ്, കാട്ടെലികൾ ഉൾപ്പടെയുള്ള വന്യമൃഗങ്ങളെ കാട്ടിൽ വേട്ടയാടി ഭക്ഷണമാക്കുന്ന ഗോത്രസമൂഹത്തിന്റെ ജീവിതശൈലിയായിരുന്നു രോഗപകർച്ചയുടെ ആക്കവും പെരുപ്പവും കൂട്ടിയത്. 1980ൽ വസൂരി നിർമ്മാർജനം ചെയ്യപ്പെടുകയും ലോകമെമ്പാടും വസൂരി പ്രതിരോധ വാക്സിനേഷൻ അവസാനിക്കുകയും ചെയ്തതും, ആഫ്രിക്കയിൽ എംപോക്‌സ് കേസുകളുടെ തീവ്രത കൂട്ടി. വസൂരി പ്രതിരോധ കുത്തിവയ്പ് അവസാനിച്ചതോടെ അതേ വിഭാഗത്തിൽപ്പെട്ട എംപോക്സ് വൈറസുകൾക്ക് അനുകൂല സാഹചര്യങ്ങളിൽ എളുപ്പം മനുഷ്യശരീരത്തിൽ കയറിക്കൂടി രോഗമുണ്ടാക്കാൻ കഴിഞ്ഞതായിരുന്നു കാരണം.
അവികസിതവും ആരോഗ്യമേഖലയിലും സാമ്പത്തികമായും പിന്നാക്കവുമായ ആഫ്രിക്കൻ രാജ്യങ്ങളിൽ എംപോക്സ് പടർന്നപ്പോൾ ആരംഭത്തിൽ തന്നെ രോഗത്തിന്റെ പ്രതിരോധ നിർമാർജന പ്രവർത്തനങ്ങളിൽ ഗൗരവപൂർവം ഇടപെടാനോ സാമ്പത്തിക സഹായം അടക്കം ഉറപ്പാക്കി രോഗപ്രതിരോധത്തിന് പിന്തുണ നൽകാനോ യൂറോപ്യൻ വികസിത രാജ്യങ്ങളോ അമേരിക്കയോ തയാറായില്ല എന്നതാണ് വസ്തുത. ആഫ്രിക്കയുടെ മാത്രം പ്രശ്നമായാണ് ഈ ജന്തുജന്യരോഗത്തെ വികസിത ശക്തികൾ കണ്ടത്. ഏതാണ്ട് 50 വർഷത്തിലധികം ഈ അവഗണന തുടർന്നു. എംപോക്സ് വൈറസ് ആഗോള പകർച്ചവ്യാധിയായി തങ്ങളുടെ രാഷ്ട്രങ്ങളിലും പൗരന്മാർക്കും ഭീഷണിയായ പശ്ചാത്തലത്തിൽ മാത്രമാണ് കാര്യമായ രോഗപ്രതിരോധ ഇടപെടലുകൾക്ക് വികസിത രാജ്യങ്ങൾ തയാറായിട്ടുള്ളത്. എന്തിനേറെ, 2022-23 കാലഘട്ടത്തിൽ രോഗം വ്യാപിച്ച സമയത്തും യൂറോപ്പിലും അമേരിക്കയിലും എംപോക്സ് പ്രതിരോധ വാക്സിൻ യഥേഷ്ടം ലഭ്യമാക്കിയപ്പോഴും വൈറസിന്റെ പ്രഭവകേന്ദ്രമായ ആഫ്രിക്കയിൽ വാക്സീൻ ഉറപ്പാക്കാനുള്ള കാര്യക്ഷമമായ ഇടപെടൽ വികസിത രാഷ്ട്രങ്ങളുടെ ഭാഗത്ത് നിന്നുണ്ടായില്ല എന്നതാണ് യാഥാർഥ്യം.
വൈറസിന്റെ പ്രഭവ കേന്ദ്രമായ ഡിആർ കോംഗോയിൽ ഇതുവരെ എം പോക്സ് വാക്സിനേഷൻ ആരംഭിച്ചിട്ടില്ല. ഉറവിടത്തിൽ പിടിച്ചു നിർത്താതെ എങ്ങനെ വൈറസിനെ പ്രതിരോധിക്കും എന്നത് ചോദ്യമായി അവശേഷിക്കുന്നു.
എംപോക്സ് ആഫ്രിക്കക്ക് പുറത്തേക്ക്; കേരളത്തിലും രോഗവും മരണവും
ആഫ്രിക്കൻ വൻകരയുടെ പുറത്ത് ഒരു രാജ്യത്ത് എംപോക്സ് ആദ്യമായി സ്ഥിരീകരിക്കുന്നത് 2003ൽ അമേരിക്കയിലാണ്. ആഫ്രിക്കൻ രാജ്യമായ ഘാനയിൽ നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്ത അണ്ണാൻ, എലി വർഗത്തിൽപ്പെട്ട ജീവികളിൽ നിന്നായിരുന്നു അമേരിക്കയിൽ രോഗം പൊട്ടിപ്പുറപ്പെട്ടത്. ഈ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും സമ്പർക്കം വഴി മറ്റുള്ളവരിലേക്കും രോഗവ്യാപനമുണ്ടായി.
2005 മുതൽ ആഫ്രിക്കയിൽ രോഗവ്യാപനത്തിന്റെ തോത് ഉയരുകയും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ മാത്രം വർഷാവർഷം ആയിരക്കണക്കിന് എംപോക്‌സ് രോഗബാധകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥിതിയിലേക്കുമെത്തി. മൃഗങ്ങളിൽ നിന്നും മനുഷ്യരിലെത്തിയ എംപോക്സ് വൈറസിനു വന്ന ജനിതക പരിവർത്തനങ്ങളാണ് രോഗവ്യാപനത്തിന്റെ തീവ്രത കൂട്ടിയതെന്ന് വിലയിരുത്തപ്പെടുന്നു.
2022 മേയ് മുതലാണ് യൂറോപ്പിൽ എംപോക്‌സ് വൈറസിന്റെ വ്യാപനമുണ്ടാവുന്നത്. യൂറോപ്പിൽ തുടങ്ങി ലോകം മുഴുവൻ പടർന്ന് ഒരു വർഷത്തോളം നീണ്ട രോഗവ്യാപനത്തിൽ 116 രാജ്യങ്ങളിൽ രോഗം പടരുകയും 93,000ൽപ്പരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ഇരുനൂറിലധികം മരണങ്ങളുമുണ്ടായി. 2022-23ലെ എംപോക്സ് വ്യാപനകാലത്ത് ഇന്ത്യയിലും 30 എംപോക്സ് കേസുകൾ സ്ഥിരീകരിച്ചിരുന്നു. ആദ്യ കേസ് സ്ഥിരീകരിച്ചത് 2022 ജൂലൈയിൽ കേരളത്തിലായിരുന്നു. ആ വർഷം ഓഗസ്റ്റിൽ സംസ്ഥാനത്തുണ്ടായ ഒരു മരണം എപോക്സ് കാരണമാണെന്നും സംശയിക്കുന്നു. വിദേശത്ത്നിന്നെത്തിയ തൃശൂർ സ്വദേശിയായ 22 വയസ്സുള്ള യുവാവാണ് അന്നു മരണത്തിന് കീഴടങ്ങിയത്. ഇന്ത്യയിൽ അവസാനമായി രോഗം കണ്ടെത്തിയത് ഈ വർഷം മാർച്ചിലായിരുന്നു, അതും കേരളത്തിൽ തന്നെയായിരുന്നു. നിലവിൽ രോഗവ്യാപനസാഹചര്യത്തിൽ കേരളത്തിലും ആരോഗ്യവകുപ്പ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
മരുന്നും വാക്സിനും
എംപോക്‌സ് വൈറസിനെതിരെ കൃത്യമായ മരുന്നുകളില്ല, മറിച്ച് രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനാണ് ചികിത്സ. വസൂരി രോഗത്തെ പ്രതിരോധിക്കാനുള്ള വാക്സിനുകളും ടിക്കോവിരിമാറ്റ് (ടിപോക്‌സ്) പോലെയുള്ള അനുബന്ധ ആന്റി-വൈറൽ മരുന്നുകളും ഇപ്പോൾ എംപോക്‌സിനെതിരെയും ഉപയോഗിക്കുന്നുണ്ട്. കൂടാതെ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിലും അമേരിക്കയിലും ജപ്പാനിലും പുതിയ എംപോക്‌സ് പ്രതിരോധവാക്സിനുകളും വികസിപ്പിച്ചിട്ടുണ്ട്.
കുരങ്ങുകൾ മാത്രമല്ല വൈറസ് വാഹകർ; കുരങ്ങുവസൂരിയല്ല എംപോക്സ്
എംപോക്സ് വൈറസിനെ കുരങ്ങുകളിൽ ആദ്യമായി കണ്ടെത്തിയതിനാലാണ് മങ്കിപോക്സ് ( Mpox) എന്ന പേര് വൈറസിന് ലഭിക്കുന്നത്. എന്നാൽ പ്രകൃതിയിൽ വൈറസിന്റെ സ്വാഭാവികസംഭരണികൾ കുരങ്ങുകൾ തന്നെയാണോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. അണ്ണാൻ, വിവിധ തരം കാട്ടെലികൾ, ഈനാംപേച്ചി, മുള്ളൻപന്നി തുടങ്ങി കരണ്ടുതിന്നുന്ന ഒട്ടനേകം ചെറിയ സസ്തനികളിലും എംപോക്സ് വൈറസിന്റഎ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മങ്കിപോക്സ് എന്ന പേരിനുപിന്നിലെ തെറ്റിദ്ധാരണയും, അശാസ്ത്രീയതയും ഒഴിവാക്കാൻ രോഗത്തെ മങ്കിപോക്സ് എന്ന് വിളിക്കുന്നതിനു പകരം ഇനി എംപോക്‌സ് എന്നു വിളിക്കാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചത്. മാത്രമല്ല, മങ്കിപോക്സ് എന്ന് വിളിക്കുന്നതിൽ ഒളിഞ്ഞിരിക്കുന്ന ആഫ്രിക്കക്കാർക്ക് എതിരെയുള്ള വംശീയ അധിക്ഷേപവും പേരുമാറ്റത്തിനു പ്രേരകമായിട്ടുണ്ട്. 2022ലെ രോഗവ്യാപന കാലത്തായിരുന്നു ഈ മാറ്റം.
ആഗോള മഹാമാരിയാകുമോ എംപോക്സ്?
ഒരു പകർച്ചവ്യാധി വൻകരകളുടെ അതിർത്തികൾ ഭേദിച്ച് പടരുകയും ദ്രുതഗതിയിൽ ലോകം മുഴുവൻ വ്യാപിക്കുകയും രോഗബാധ ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അതിനെ പാൻഡമിക് അഥവാ മഹാമാരി എന്നു വിളിക്കുന്നത്. വസൂരിയും പ്ലേഗും തുടങ്ങി കോവിഡ് വരെ ഒട്ടനേകം മഹാമാരികൾ ലോകം ഇന്നുവരെ അതിജീവിച്ചിട്ടുണ്ട്. ഡി.ആർ. കോംഗോയിൽ തുടങ്ങി ആഫ്രിക്കയ്ക്കു പുറത്ത് ഏതാനും രാജ്യങ്ങളിൽ സ്ഥിരീകരിച്ച എംപോക്സിനെ ഇതുവരെ ഒരു പാൻഡമിക് / മഹാമാരിയായി ലോകാരോഗ്യസംഘടന നിരീക്ഷിച്ചിട്ടില്ല. എന്നാൽ ഭാവിയിൽ ആഗോള മഹാമാരിയായി മാറിയേക്കാവുന്ന പകർച്ച വ്യാധികളുടെ പട്ടികയിൽ മുൻനിരയിൽ എംപോക്സിനു സ്ഥാനമുണ്ട് എന്ന വസ്തുത ജാഗ്രതയുടെ പ്രധാന്യം അടിവരയിടുന്നു