ADVERTISEMENT

ആഗോള കാപ്പി അവധി വ്യാപാരത്തിൽ ആവേശം പതഞ്ഞു പൊങ്ങുകയാണ്‌. കുതിച്ചുചാട്ടം കണക്കിലെടുത്താൽ കാപ്പി കുടിച്ചാൽ കീശകീറുമെന്ന അവസ്ഥയിലേക്കാണു കാര്യങ്ങളുടെ പോക്ക്‌. ചെറിയ മുന്നേറ്റങ്ങൾ സംഭവിക്കുമെന്ന നിഗനമത്തിലായിരുന്നു യൂറോപ്യൻ രാജ്യങ്ങൾ. എന്നാൽ, 1972നു ശേഷം ആഗോള വിപണിയിൽ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ബുൾ റാലിയാണ്‌ കാപ്പിയിൽ ഉടലെടുത്തത്‌. ബ്രസീലിലും വിയറ്റ്‌നാമിലും പ്രതികൂല കാലാവസ്ഥയിൽ കാപ്പി ഉൽപാദനത്തിൽ സംഭവിച്ച തിരിച്ചടി വിലക്കയറ്റത്തിന്റെ വേഗത ഇരട്ടിപ്പിക്കുന്നു. അര നൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന തലത്തിലേക്ക്‌ കാപ്പി ചുവടുവയ്ക്കുന്നത്‌ വിലയിരുത്തിയാൽ ദക്ഷിണേന്ത്യൻ കാപ്പിക്കർഷകർക്ക്‌ പൊന്നും വില മുന്നിലുള്ള രണ്ടു വർഷം പ്രതീക്ഷിക്കാം.   

കൃത്രമായി പറഞ്ഞാൽ 52 വർഷത്തിനിടയിലെ ഉയർന്ന തലത്തിലേക്കു കഴിഞ്ഞ രാത്രി രാജ്യാന്തര വിപണി ചുവടുവച്ചു. ഒറ്റ ദിവസം കാപ്പി അവധിവിലകൾ നാലു മുതൽ ഏഴു വരെ ശതമാനം വർധിച്ചു. ഏതാനും മാസങ്ങൾക്കു മുൻപ്‌ ആഗോള കൊക്കോ വിപണിയിൽ ദൃശ്യമായ ബുൾ റാലിക്കു ശേഷം മറ്റൊരു ഉൽപന്നം അന്താരാഷ്‌ട്ര തലത്തിൽ കുതിച്ചുകയറിയത്‌ സാക്ഷ്യം വഹിക്കാൻ നിക്ഷേപകർക്കായി. ആഗോള കാപ്പിക്കർഷകർക്ക്‌ നവോന്മേഷം പകരാൻ ഇതിൽപരം അനുകൂല വാർത്ത ഈ വർഷം ഇനി പുറത്തുവരാനില്ല. ലണ്ടൻ, ന്യൂയോർക്ക്‌ എക്‌സ്‌ചേഞ്ചുകളിൽ അറബിക്കയും റോബസ്റ്റയും പരസ്‌പരം മത്സരിക്കുന്നു. റോബസ്റ്റ വില അഞ്ചു ദിവസം കൊണ്ട്‌ 17 ശതമാനം വർധിച്ച്‌ 5569 ഡോളറായപ്പോൾ അറബിക്ക പത്തു ശതമാനം മികവിൽ 326 ഡോളറായി.   

ബ്രസീലിൽ വിളവു ചുരുങ്ങുമെന്നു വ്യക്തമായത്‌ വിലക്കയറ്റത്തിന്റെ വേഗം ഇരട്ടിപ്പിക്കുന്നു. നേരത്തെ കാപ്പിച്ചെടികൾ പുഷ്‌പിച്ച വേളയിലെ ശക്തമായ മഴ പൂക്കൾ വ്യാപകമായി അടർന്നു വീഴാൻ ഇടയാക്കി. പ്രതികൂല കാലാവസ്ഥയിലും പതറാതെ പിടിച്ചുനിന്ന തോട്ടങ്ങളെ പക്ഷേ അധികം വൈകാതെ വരൾച്ച പിടികൂടിയതു കാപ്പിക്കർഷകരെ അക്ഷരാർഥത്തിൽ പ്രതിസന്ധിയിലായി. ബ്രസീലിൽ കാപ്പി കൃഷിചെയ്യുന്ന മേഖലകളിലെ കാലാവസ്ഥ മാറ്റം മൊത്തം ഉൽപാദനത്തെ ബാധിച്ചു, പിന്നിട്ട എട്ടു മാസങ്ങളിൽ മഴ ശരാശരിയിലും കുറവാണ്‌. ഇതിനിടെ ബ്രസീലിൽ കാപ്പിയുടെ കരുതൽ ശേഖരം 26 ശതമാനം കുറഞ്ഞ വിവരവും സ്ഥിതി കൂടുതൽ സങ്കീർണമാക്കി. ഉൽപന്നവില ഏതു തലം വരെ സഞ്ചരിക്കുമെന്ന്‌ പ്രവചിക്കാനാവാത്ത അവസ്ഥ. ഈ വർഷം തുടക്കത്തിൽ എൽ നിനോ കാലാവസ്ഥ പ്രതിഭാസത്തിൽ തെക്കൻ, മധ്യ അമേരിക്കയിലും ദീർഘകാല കാപ്പിവിളകൾക്ക്‌ തിരിച്ചടിയായി. 

അറബിക്ക കാപ്പി വില അവധി വ്യാപാരത്തിൽ 3.26 ഡോളറിലെത്തി, 1972നു ശേഷമുള്ള ഏറ്റവും ഉയർന്ന വില. ബ്രസീലിലെ അടുത്ത വർഷത്തെ മാത്രമല്ല 2026ലെയും അറബിക്ക കാപ്പി വിളവ്‌ ചുരുങ്ങുമെന്ന്‌ സൂചന. യുഎസ്‌ ഫോറിൻ അഗ്രികൾച്ചറൽ സർവീസ് വിലയിരുത്തലിൽ ബ്രസീലിന്റെ 2024 - 25 കാപ്പി ഉൽപാദനം 66.4 ദശലക്ഷം ടണ്ണിൽ ഒതുങ്ങും, നേരത്തെ അവർ നടത്തിയ പ്രവചനത്തിൽ വിളവ്‌ 69.9 ദശലക്ഷം ടണ്ണായിരുന്നു. 

2487717489

അവധി വ്യാപാരത്തിൽ കൈവിട്ട കളിലേക്ക്‌ കാര്യങ്ങൾ നീങ്ങിയതോടെ ഈ വാരം ഊഹക്കച്ചവടക്കാർ പലരും പാപ്പരായി. നിലവിലെ വിളയുടെ 70 ശതമാനം വരെ പലരും വിറ്റുമാറി. ഉദ്ദേശിക്കുന്ന വിലയ്‌ക്ക്‌ ചരക്ക്‌ ഉറപ്പു വരുത്താനാകുമോയെന്ന കാര്യത്തിലെ അവ്യക്തതയ്‌ക്കിടയിലും വിപണി വിലയിലും ഉയർത്തി വാതുവയ്പ്പുകാർ ഇടപാടുകൾ ഉറപ്പിക്കുന്നുണ്ട്‌. നിലവിൽ ബ്രസീലിയൻ കാപ്പി കർഷകർ പുതിയ വിൽപ്പനകൾക്കു താൽപര്യം കാണിക്കുന്നില്ലെന്നാണു വിവരം. പണത്തിനു നേരിടുന്ന ഞെരുക്കം മൂലം വിൽക്കാനോ പുതിയ ഹെഡ്ജിങിനോ തയാറാകുന്നില്ല, ഊഹക്കച്ചവടക്കാരും വിൽപനകളിൽനിന്നും പിൻവലിയുന്നു. അതായതു ബുൾ ഓപ്പറേറ്റർമാരുടെ പൂർണനിയന്ത്രണത്തിലേക്കു വിപണി തിരിയുന്നു.  

വിയറ്റ്നാമിലെ സ്ഥിതിയും അൽപം പരിതാപകരം. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ റോബസ്റ്റ കാപ്പി ഉൽപാദിപ്പിക്കുന്നത്‌ വിയറ്റ്‌നാം തോട്ടങ്ങളിലാണ്‌. നവംബറിലെ അവരുടെ കയറ്റുമതി തൊട്ടു മുൻമാസത്തെ അപേക്ഷിച്ച്‌ ചുരുങ്ങുമെന്ന്‌ സൂചന. ഒക്ടോബറിൽ വിയ‌റ്റ്‌നാമിന്റെ കാപ്പി കയറ്റുമതി 11 ശതമാനം ഇടിഞ്ഞ്‌ 45,412 ടണ്ണിൽ ഒതുങ്ങി. നടപ്പു വർഷം ആദ്യ പത്തു മാസങ്ങളിൽ കാപ്പി കയറ്റുമതി 15 ശതമാനം കുറഞ്ഞു. വിയറ്റ്നാമിലെ കാപ്പിത്തോട്ടങ്ങളിൽ കനത്ത  മഴ വില്ലനായി മാറി, ചില പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലുമാണ്‌. നവംബർ രണ്ടാം പകുതിയിൽ തുടങ്ങാനിരുന്ന വിളവെടുപ്പ്‌ വൈകുമെന്ന റിപ്പോർട്ടുകൾ കാപ്പി വിലക്കയറ്റത്തിനു പിന്തുണ നൽക്കുന്നു. 

വിളവെടുക്കാൻ പാകമായ കാപ്പിക്കുരുക്കൾ. വയനാട്ടിലെ തോട്ടത്തിൽനിന്നുള്ള ദൃശ്യം. ചിത്രം∙കർഷകശ്രീ
വിളവെടുക്കാൻ പാകമായ കാപ്പിക്കുരുക്കൾ. വയനാട്ടിലെ തോട്ടത്തിൽനിന്നുള്ള ദൃശ്യം. ചിത്രം∙കർഷകശ്രീ

വയനാടൻ കാപ്പിത്തോട്ടങ്ങൾ വിളവെടുപ്പിന്‌ സജ്ജമായി. ഡിസംബർ മധ്യത്തോടെ പുതിയ ചരക്ക്‌ വിപണികളിൽ ഇടം പിടിക്കുമെന്നാണ്‌ വ്യാപാര മേഖല വിലയിരുത്തുന്നത്‌. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ കിലോ 410 രൂപയിലേ‌ക്ക്‌ കാപ്പിക്കുരു ഇതിനകം ചുവടുവച്ചത്‌ ഉൽപാദകമേഖലയ്‌ക്കു വൻ ആവേശം പകർന്നു. പുതിയ ചരക്കുമായി വിപണിയിൽ ഇറങ്ങാനുള്ള തയാറെടുപ്പിലാണ്‌ ചെറുകിട കർഷകർ. അതേസമയം വൻകിട തോട്ടങ്ങൾ ജനുവരി രണ്ടാം പകുതിക്കു ശേഷം മാത്രം വിൽപ്പനയെക്കുറിച്ച്‌ ചിന്തിക്കാൻ ഇടയുള്ളൂ, അതാണ്‌ അവരുടെ പതിവ്‌. ഉയർന്ന കാർഷികച്ചെലവുകളായൊണ്‌ ചെറുകിടക്കാരെ തിടുക്കത്തിൽ വിൽപ്പനക്കാരാക്കുന്നത്‌. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ 424 രൂപയിൽ വിപണിക്കു പ്രതിരോധം നേരിടാം. ചരക്ക്‌ വരവ്‌ ശക്തമായാൽ 390 ലേക്ക്‌ തിരുത്തലിനും ശ്രമിക്കാം. ക്രിസ്‌മസ്‌ വേളയിലും വിൽപ്പനക്കാർ കുറഞ്ഞാൽ കാപ്പി പുതിയ ചരിത്രമായ 454-460 രൂപയെ ഉറ്റു നോക്കാം.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com