കൃഷിക്കോ ശാസ്ത്രത്തിനോ അല്ല തകരാറ്, കൃഷിക്കായി തിരഞ്ഞെടുത്ത ശാസ്ത്രം തെറ്റിപ്പോയി: കെ.വി.ദയാൽ– അഭിമുഖം

Mail This Article
കേരളത്തിലെ ജൈവകൃഷിക്കാർക്കു മാത്രമല്ല, പൊതുസമൂഹത്തിനാകെത്തന്നെ പരിചിതമായ പേരാണ് കെ.വി.ദയാൽ. ആലപ്പുഴയിലെ ചൊരിമണൽ നിറഞ്ഞ സ്വന്തം പുരയിടത്തെ ഇടതൂർന്ന കാടാക്കി മാറ്റി അതിന്റെ സ്വച്ഛ ശീതളിമയിലിരുന്ന് മണ്ണിനെയും കൃഷിയെയും ഭക്ഷണത്തെയും ആരോഗ്യത്തെയും കുറിച്ച് സ്വന്തം ഉൾക്കാഴ്ചകൾ അദ്ദേഹം സമൂഹത്തോടു പങ്കുവച്ചു തുടങ്ങുന്ന കാലത്ത് ചെലവില്ലാക്കൃഷിയും പ്രകൃതിക്കൃഷിയുമൊന്നും കാടിളക്കി പ്രചാരം തുടങ്ങിയിട്ടില്ല. പൊതുവേ അവയെല്ലാം ജൈവക്കൃഷി എന്ന ആശയത്തിന്റെ പിരിവുകളാണെങ്കിലും കെ.വി.ദയാൽ മുന്നോട്ടുവയ്ക്കുന്ന ജൈവകൃഷിദർശനത്തിനു പിന്നില്‍ മൗലികമായ ചില ചിന്തകളുണ്ട്.
ആലപ്പുഴ ജില്ലയിലെ മുഹമ്മ കായിപ്രം സ്വദേശി കെ.വി.ദയാൽ കയർ കയറ്റുമതി വ്യവസായം വിട്ട് ജൈവക്കൃഷിയിലേക്കു തിരിയുന്നത് എൺപതുകളിലാണ്. സ്വന്തം പുരയിടത്തിൽ നട്ടു പരിപാലിച്ച തെങ്ങുകളത്രയും രോഗ, കീടബാധകൾക്കു മുന്നിൽ കൂമ്പടച്ചപ്പോൾ അതുവരെ പിന്തുടർന്ന ശാസ്ത്രീയ രാസക്കൃഷിയുടെ പോരായ്മകളെക്കുറിച്ച് അദ്ദേഹം ചിന്തിച്ചു തുടങ്ങി. മസനോബു ഫുക്കുവോക്കയുടെയും ബിൽ മോളിസന്റെയുമെല്ലാം കൃഷിദർശനങ്ങളിലൂടെ കടന്ന്, പാരമ്പര്യവും ആധുനികവുമായ കൃഷിയറിവുകളെ സ്വാംശീകരിച്ച്, അത് പരീക്ഷിച്ചും വിലയിരുത്തിയും പങ്കുവച്ചും പുതിയൊരു ചിന്താലോകംതന്നെ അദ്ദേഹം രൂപപ്പെടുത്തി.
കെ.വി.ദയാലിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധി സർവകാലാശാല തുടങ്ങിയ ജൈവകൃഷി സർട്ടിഫിക്കറ്റ് കോഴ്സ് പഠിച്ചിറങ്ങിയ ഒട്ടേറെപ്പേര്‍ ഇന്നു സംസ്ഥാനത്തുണ്ട്. അവരിലൂടെ നിശ്ശബ്ദമെങ്കിലും സുസ്ഥിരമായൊരു മാറ്റം സംഭവിക്കുന്നുമുണ്ട്. കാർഷിക മേഖലയിൽ ആചാര്യശബ്ദമായി നിലകൊള്ളുന്ന കെ.വി. ദയാലുമായി നടത്തിയ അഭിമുഖത്തിൽനിന്ന്:
? പാരമ്പര്യകൃഷിയിലേക്കുള്ള തിരിച്ചുപോക്ക് നാളിതുവരെ നാം കൃഷിയിൽ നേടിയ പുരോഗതികളെ റദ്ദു ചെയ്യുന്നതല്ലേ. ഉൽപാദനമികവിന് രാസവളങ്ങളും രാസകീടനാശിനികളും അനിവാര്യമല്ലേ.
ജൈവക്കൃഷിയെന്നത് പാരമ്പര്യക്കൃഷിയിലേക്കു സമ്പൂർണമായ തിരിച്ചുപോക്കല്ല. പാരമ്പര്യത്തിൽനിന്നും ആധുനികതയിൽനിന്നും ഒരുപോലെ ഊർജം നേടി, മണ്ണിനും മനുഷ്യനും സമസ്ത ജീവജാലങ്ങൾക്കും പ്രകൃതിക്കാകെത്തന്നെയും പുരോഗതി നൽകുന്ന കൃഷിരീതി എന്നതാണ് അതുകൊണ്ടു വിവക്ഷിക്കുന്നത്. അർഥം ഒന്നെന്നു തോന്നുമെങ്കിലും വികസനവും പുരോഗതിയും രണ്ടാണ്. നമ്മുടെ ജീവിതസൗകര്യങ്ങൾ ഉൾപ്പെടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും വർധിപ്പിക്കാനുമുള്ള പ്രവർത്തനത്തെയാണ് വികസനം എന്ന് ഉദ്ദേശിക്കുന്നത്. എന്നാൽ, ഇങ്ങനെ വികസിക്കുമ്പോഴും മനുഷ്യാവസ്ഥ കൂടുതൽ ദുരിതപൂർണമാകുന്നുണ്ട്. മനുഷ്യരുടെ ശാരീരികാരോഗ്യം ക്ഷയിച്ചുവരുന്നു, മാനസികാരാഗ്യം മോശമാകുന്നു. മനുഷ്യന്റെ മാത്രമല്ല, പരിസ്ഥിതിയുടെ ആരോഗ്യവും വേഗത്തിൽ ക്ഷയിക്കുകയാണ്. അന്ധമായ വികസനചിന്തയുടെ ഫലമാണിത്. അതേസമയം, സമസ്തലോകത്തിന്റെയും ക്ഷേമം കണക്കിലെടുത്തുള്ള വികസനമാണ് പുരോഗതി. അതാണ് നമുക്കു വേണ്ടത്. സമാധാനവും ആനന്ദവുമുള്ള മനുഷ്യരാവണം നമ്മള്‍. സകലതിനെയും കണക്കിലെടുത്തുള്ള സമഗ്രദർശനമാണ് ജൈവക്കൃഷി മുന്നോട്ടു വയ്ക്കുന്നത്.
അങ്ങനെ എല്ലാ ഘടകങ്ങളും ഇണങ്ങിച്ചേരുമ്പോൾ വിളവും ആരോഗ്യവും വർധിക്കും. ഇത്ര കാലവും നാം രാസക്കൃഷി തുടർന്നിട്ടും ലോകത്തെ പട്ടിണിയും ദാരിദ്ര്യവും തുടച്ചുമാറ്റാൻ കഴിഞ്ഞിട്ടുണ്ടോ? അങ്ങനെയെങ്കിൽ കാലങ്ങളായി നാം തുടരുന്ന രാസക്കൃഷിക്ക് എന്തെങ്കിലും പോരായ്മകളുണ്ടോ എന്നു ചിന്തിക്കേണ്ടതില്ലേ? വാസ്തവത്തിൽ കൃഷിക്കോ ശാസ്ത്രത്തിനോ പോരായ്മയില്ല. കൃഷിക്കായി തിരഞ്ഞെടുത്ത ശാസ്ത്രം തെറ്റിപ്പോയി. കൃഷിയുടെ ശാസ്ത്രം രസതന്ത്രമല്ല, ഇക്കോളജിയാണ്. ഒരു ജൈവിക വ്യവസ്ഥയിലേക്കു രാസഘടകങ്ങള്‍ കലർത്തുമ്പോഴുള്ള ദൂഷ്യത്തെക്കുറിച്ച് രാസക്കൃഷിയുടെ പ്രചാരകർ ശ്രദ്ധിക്കുന്നില്ല. ജൈവ വ്യവസ്ഥയ്ക്കുള്ളിലെ പ്രശ്നങ്ങൾക്കു ജൈവപരിഹാരമാണ് ആവശ്യം. നാം പഠിക്കുന്ന എല്ലാ ശാസ്ത്രങ്ങളുടെയും അടിസ്ഥാന ശാസ്ത്രമായി പഠിക്കേണ്ടതും ഇക്കോളജിയാണ്. പ്രകൃതിയിലെ പരസ്പരാശ്രിതത്വത്തിന്റെ ശാസ്ത്രമാണത്. ഒന്നിനെ ആശ്രയിച്ചും സഹകരിച്ചും സഹവസിച്ചുമാണ് മറ്റൊന്നിനു നിലനിൽക്കാൻ കഴിയുക എന്നു ബോധ്യപ്പെടുന്നതോടെ മനുഷ്യന്റെ മാത്രം സുഖസൗകര്യങ്ങൾ ലാക്കാക്കിയുള്ള വികസനചിന്തയ്ക്കു മാറ്റം വരും. ജൈവകൃഷിയുടെ പ്രസക്തിയും അതുതന്നെ.
? ജൈവമാർഗം തന്നെ പിന്തുടരുന്ന ഇതര കൃഷിധാരകളോടുള്ള സമീപനം എന്താണ്.
മിക്ക ജൈവകൃഷി സമീപനങ്ങളും വിഷമില്ലാത്ത ഭക്ഷണം എന്ന ചിന്തയ്ക്കു മാത്രമാണ് ഊന്നൽ കൊടുക്കുന്നത്. അതു പോരാ, മണ്ണ്, ജലം, കാലാവസ്ഥ, ഭക്ഷണം, ആരോഗ്യം എന്നിവയെല്ലാം ഉൾക്കൊള്ളുന്ന സമീപനമാണ് ആവശ്യം. ഒരു നാടൻപശുവിനെ ഉപയോഗിച്ച് 30 ഏക്കർ കൃഷി ചെയ്യാമെന്നു പറയുന്നത് യുക്തിസഹമല്ല. നാടൻപശുവിന്റെ ചാണകത്തിലെ സൂക്ഷ്മാണുക്കളാണ് മണ്ണിന്റെ ഫലപുഷ്ടിയെയും വിളവിനെയും നിർണയിക്കുന്നതന്ന് ചിലർ പറയുന്നു. അതിനു മാത്രമാണ് അവർ പ്രാധാന്യം കൊടുക്കുന്നത്. എന്നാൽ, മണ്ണിലെ സൂക്ഷ്മാണുക്കൾക്കു നിലനിൽക്കണമെങ്കിൽ ജൈവ കാർബണ്‍ ആവശ്യമാണ്. കൃഷിയുടെ അടിസ്ഥാന ഘടകം മണ്ണിലെ ജൈവ കാർബൺ ആണ്. അതു സംരക്ഷിക്കാനും വർധിപ്പിക്കാനുമുള്ള കൃഷിരീതികളാണ് ആവശ്യം.
? കാലാനുസൃത മാറ്റം കൃഷിരീതിയിലും ആവശ്യമല്ലേ
പാരമ്പര്യക്കൃഷിയിലും പിശകുകളുണ്ട്. ഉദാഹരണത്തിന്, കൃഷിയിടത്തിൽ ജൈവാവശിഷ്ടങ്ങൾ കത്തിക്കുന്നത്. കാടു കത്തിച്ചുള്ള പുനം കൃഷി എന്നു നമ്മൾ കേട്ടിട്ടുണ്ട്. അശാസ്ത്രീയമാണത്. ജൈവാവശിഷ്ടങ്ങൾ അഴുകിച്ചേർന്ന് മണ്ണ് കാർബൺ സമ്പുഷ്ടമാകേണ്ടതുണ്ട്. പകരം അതു കത്തിക്കുമ്പോൾ ഊർജവും കാർബണും നഷ്ടമാകുകയാണ്. മറ്റൊന്ന് കുമ്മായപ്രയോഗമാണ്. മണ്ണിലെ അമ്ലത കുറയ്ക്കാനാണ് കക്ക നീറ്റിയെടുക്കുന്ന കുമ്മായം ചേർക്കുന്നത്. എന്നാൽ കുമ്മായം ചേർക്കുമ്പോൾ മണ്ണിലെ സൂക്ഷ്മജീവികൾ നശിക്കുകയാണു ചെയ്യുന്നത്. കുമ്മായം കൂടിപ്പോയാൽ പിഎച്ച് മൂല്യം വല്ലാതെ ഉയരും. മഴ പെയ്താൽ മുഴുവൻ ഒലിച്ചുപോയി വീണ്ടും അമ്ലത വർധിക്കും. കാലങ്ങളായി തുടരുന്ന ഈ രീതി ശാസ്ത്രീയക്കൃഷിയും തിരുത്തിയില്ല. കുമ്മായത്തിനു പകരം പച്ചക്കക്ക പൊടിച്ചു മണ്ണിൽ ചേർത്തു നോക്കൂ, മണ്ണിലെ അമ്ല–ക്ഷാര നില സുസ്ഥിരമായി നിൽക്കുന്നതു കാണാം. ചുരുക്കത്തിൽ. പാരമ്പര്യമോ ആധുനികമോ എന്ന കടുംപിടിത്തമല്ല, രണ്ടിൽനിന്നും നല്ലതു കൊള്ളുകയും അല്ലാത്തതു തള്ളുകയുമാണു വേണ്ടത്.
നാട് വളർന്നപ്പോൾ അതിനനുസരിച്ച് മാലിന്യവും കുന്നുകൂടുന്നതു സ്വാഭാവികം. പക്ഷേ, അതിനെ ഗുണപരമായി വിനിയോഗിക്കാൻ കഴിയണം. പകരം, എത്രമാത്രം ജൈവവാശിഷ്ടങ്ങളാണ് നമ്മുടെ കായലിലും പുഴയിലുമൊക്കെ തള്ളുന്നത്. ഞങ്ങൾ ഈയിടെ നടത്തിയ പഠനത്തിൽ അരൂർ മുതൽ അമ്പലപ്പുഴ വരെ ആയിരത്തോളം പീലിങ് ഷെഡുകൾ ഉണ്ടെന്നു കണ്ടു. അവിടെ ദിവസവും ടൺ കണക്കിന് മത്സ്യാവശിഷ്ടങ്ങളാണു രൂപപ്പെടുന്നത്. അതു കംപോസ്റ്റാക്കിയാൽ കൃഷിക്കുണ്ടാകുന്നത് ചെറിയ നേട്ടമല്ല. പണ്ട് ചാകരക്കാലത്ത് വിറ്റു തീരാത്ത മത്തി തെങ്ങിന്റെ തടത്തിലിട്ടു മൂടുമായിരുന്നു. പിറ്റേ വർഷം വിളവു കൂടുമെന്നു മാത്രമല്ല, തെങ്ങോലകൾക്ക് നല്ല ആരോഗ്യവും തിളക്കവും കൈ വരും.
സസ്യങ്ങളുടെ ഇലകളിലൊരു മെഴുകുപാളിയുണ്ട്. തുടർച്ചയായി മഴ പെയ്യുമ്പോൾ അതു നഷ്ടപ്പെടും, പോഷകനഷ്ടം സംഭവിക്കും, ഇല മഞ്ഞളിക്കും. ഈ മത്സ്യാവശിഷ്ടങ്ങൾ മണ്ണിലെ ത്തിയാൽ അതിനെ മറികടക്കാനുള്ള ഘടകങ്ങൾ വിളകൾക്കു ലഭിക്കും. ഇതൊക്കെ കാലാനുസൃതമായി വരേണ്ട മാറ്റങ്ങളാണ്. അതുപോലെ കംപോസ്റ്റിങ് വേഗത്തിലാക്കാൻ എയ്റോബിക് ബാക്ടീരിയകളെ ഉപയോഗിക്കാം. അവിടെ നമ്മൾ ആധുനിക ശാസ്ത്രത്തിന്റെ സഹായം തന്നെയാണ് തേടുന്നത്. നമ്മുടെ ലക്ഷ്യം പാരമ്പര്യമോ ആധുനികമോ കേമം എന്നു സ്ഥാപിക്കലല്ല, സമസ്ത ജീവജാലങ്ങൾക്കും ഗുണകരമായ മാർഗം സ്വീകരിക്കുക എന്നതാണ്.
? ജൈവമാർഗം പിന്തുടരുന്ന പലരും നാടൻപശു, നാടൻവിത്തുകൾ എന്നൊക്കയുള്ള ശാഠ്യങ്ങൾ പുലർത്തുന്നുണ്ടല്ലോ
നാടൻപശുവിന് വിശേഷിച്ചൊരു മേന്മയും കാണേണ്ടതില്ല. പശു ഏതായാലും പ്രശ്നമില്ല. അതിനു കൊടുക്കുന്ന തീറ്റയാണ് അതിൽനിന്നു ലഭിക്കുന്ന ജൈവവളത്തിന്റെ ഗുണമേന്മ നിശ്ചയിക്കുന്നത്. അതുപോലെ നാടൻവിത്തുകളോ ഹൈബ്രിഡ് വിത്തുകളോ എന്നതല്ല, ഉൽപാദന മികവാണ് പ്രധാനം. വാസ്തവത്തിൽ, വിത്തിനെക്കാൾ പ്രധാനം മണ്ണാണ്. ശരിയായ ജൈവമാർഗം പിന്തുടരുമ്പോൾ മണ്ണിന്റെ പോഷകഗുണം വർധിക്കും. മണ്ണ് നന്നാകുമ്പോൾ വിളവു നന്നാവും ആ വിളവിൽനിന്നു മികച്ച വിത്തെടുത്ത് അടുത്ത വട്ടം കൃഷിയിറക്കുന്നു. ഓരോ തവണയും ഈ രീതി തുടരണം. അങ്ങനെ മണ്ണിനെയും നിരന്തരമുള്ള ഗ്രേഡിങ്ങിലൂടെ വിത്തിനെയും ഹൈബ്രിഡൈസ് ചെയ്യുകയാണ് വേണ്ടത്. മുൻപ് കൃഷിയിടത്തിന്റെ ജൈവഗുണം വർധിപ്പിക്കാൻ കൂടുതൽ കാലയളവ് ആവശ്യമായിരുന്നു. ചിട്ടയായ ആസൂത്രണത്തിലൂടെ ഇന്നതു വേഗത്തിലാക്കാൻ കഴിയും. ജൈവഗുണം വർധിക്കുന്നതിനനുസരിച്ച് വിളവിലും വൻവർധനയുണ്ടാകും. മുഴുവൻ കൃഷിയിടവും ഒറ്റയടിക്ക് ജൈവരീതിയിലേക്കു മാറുന്നതിനു പകരം ഘട്ടംഘട്ടമായി മാറിയാൽ മതി.
? വിഷമില്ലാത്ത ഭക്ഷണം മാത്രം പോരാ, വിധിച്ച ഭക്ഷണവും പോഷകഭക്ഷണവും ലഭിക്കണം എന്നു താങ്കൾ പറയുന്നണ്ടല്ലോ
രാസവളവും രാസകീടനാശിനികളും ഒഴിവാക്കി വിഷരഹിത ഭക്ഷണം ഉൽപാദിപ്പിക്കുക എന്നതിലേക്കു ജൈവക്കൃഷി ചുരുങ്ങിപ്പോകുന്ന സ്ഥിതിയുണ്ട്. കാലങ്ങളായുള്ള രാസവളപ്രയോഗം മൂലം മണ്ണിന്റെ ആരോഗ്യം ക്ഷയിക്കുകയും നമ്മൾ വിളയിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും ശരിയായ അളവിൽ പോഷകങ്ങളില്ലാതിരിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. അതു നമ്മുടെ ആരോഗ്യത്തെ ബാധിക്കും. സിങ്ക്, ബോറോൺ, മാംഗനീസ്, അയഡിൻ തുടങ്ങി ഒട്ടേറെ ട്രെയ്സ് എലമെന്റ്സ് ഭക്ഷണത്തിലൂടെ ലഭിക്കേണ്ടതുണ്ട്. അമേരിക്കയിൽ മുൻപു നടന്ന ഒരു പഠനത്തിൽ കടൽവെള്ളം ട്രെയ്സ് എലമെന്റ്സിന്റെ വലിയ ഉറവിടമാണെന്നു പറയുന്നുണ്ട്. വളം പോലെ നിശ്ചിത അളവ് കടൽവെള്ളം കൃഷിയിൽ ഞങ്ങൾ പരീക്ഷിച്ചു നോക്കി. ചെടിയുടെ ആരോഗ്യത്തിലും വിളവിലും മികച്ച ഫലമാണു കണ്ടത്. അത്തരം ജൈവമാർഗങ്ങൾ കൃഷിയിലേക്കു കൊണ്ടുവരണം. അതുപോലെ, നമ്മൾ കഴിക്കുന്ന ഭക്ഷണം നമുക്കു വിധിച്ചതാണോ, ആവശ്യത്തിനു പോഷകങ്ങളുണ്ടോ എന്നൊന്നും നാം പരിഗണിക്കുന്നില്ല. വിധിച്ച ഭക്ഷണം എന്നു പറയുമ്പോൾ നമ്മുടെ നാട്ടിൽ പാരമ്പര്യമായുള്ളത് എന്നല്ല അർഥം. നമ്മുടെ നാട്ടിലും കാലാവസ്ഥയിലും വളരുന്നതും വിളയുന്നതുമായ പഴങ്ങളും പച്ചക്കറികളുമെല്ലാം നമുക്കു കഴിക്കാവുന്നവതന്നെ. എന്നാൽ അവയില്‍നിന്നു നമ്മുടെ ആരോഗ്യത്തിന് കൂടുതൽ ഗുണം നൽകുന്നതു തിരഞ്ഞെടുക്കണം. നെല്ലും ഗോതമ്പും നമുക്കു ഗുണകരമല്ല. പകരം ചെറുധാന്യങ്ങൾ സ്വീകരിക്കാം. എന്നാലതും പൂർണമല്ല. അതിലും മികച്ചതാണ് ഏത്തപ്പഴവും പേരയ്ക്കയും മധുരക്കിഴങ്ങും കരിമ്പുജൂസും മറ്റും. ഒരു നേരത്തെ ആഹാരത്തിലെങ്കിലും അത്തരത്തിലുള്ള മാറ്റം വരുത്തിക്കൊണ്ട് ജീവിതത്തെയും ആരോഗ്യത്തെയും കൂടുതൽ മെച്ചപ്പെടുത്താം. ശരിയായ കൃഷിരീതിയും വിധിച്ച ഭക്ഷണവും ശീലിച്ചാൽ ഇന്നു നേരിടുന്ന ജീവിതശൈലീരോഗങ്ങളെല്ലാം ഒഴിവാകും.