തീറ്റ വാങ്ങി 25,000 രൂപ ലാഭം; ഗിറിനെ പോലെയല്ല, ഗിർ ആവണം; ലക്ഷ്യം 600 ലീറ്റർ പാൽ; ജനറൽ മാനേജരുടെ ഡെയറി ഫാം

Mail This Article
തീറ്റയടക്കം ഡെയറി ഫാമിലേക്ക് ഒരു മാസം ആവശ്യമുള്ളതെല്ലാം ഒരുമിച്ചു വാങ്ങുന്നതാണ് ആനന്ദിന്റെ രീതി. അതുകൊണ്ടു നേട്ടമുണ്ടെന്നു പറയുന്നു കണ്ണൂർ പേരാവൂർ മണത്തന വിഭൂതിഭവനിൽ അനന്ത നാരായണൻ എന്ന ആനന്ദ്. ‘ബള്‍ക്ക്’ ആയി വാങ്ങുമ്പോള്‍ മൊത്തവില നിരക്കില്‍ കിട്ടും. കാലിത്തീറ്റയും പിണ്ണാക്കും തവിടുകളുമെല്ലാം മൊത്തവില നിരക്കില്‍ ലഭിക്കുമ്പോള്‍ ഒരു തൊഴിലാളിക്കു മാസശമ്പളം നൽകാനുള്ള തുക ലാഭം. മംഗലാപുരത്ത് ഒരു സ്വകാര്യ കമ്പനിയുടെ ജനറൽ മാനേജരായ ആനന്ദിന്റെ ഡെയറി ഫാമിൽ ഇനിയുമുണ്ട് മറ്റു ഡെയറി സംരംഭകര്‍ക്ക് അനുകരിക്കാവുന്ന മാതൃകകള്‍.

തുടക്കം ഗിറിൽനിന്ന്
വീട്ടിലെ പശുക്കളുടെ പരിപാലനത്തില്‍ അമ്മയെ സഹായിച്ചിരുന്നു കുട്ടിക്കാലത്ത്. വീണ്ടും പശുപരിപാലനത്തിലേക്ക് കടന്നിട്ട് 7 വർഷം പിന്നിട്ടതേയുള്ളൂ. തുടക്കം ഗിറിൽനിന്ന്. ഗുജറാത്തിൽനിന്ന് നേരിട്ട് 6 പശുക്കുട്ടികളെയും ഒരു കാളയെയും എത്തിച്ചാണ് ഡെയറി ഫാമിങ്ങിലെ രണ്ടാം ഘട്ടത്തിനു തുടക്കം കുറിച്ചത്. ക്രമേണ സങ്കരയിനങ്ങളും റാത്തി, സഹിവാൾ, കാങ്ക്രജ് എന്നീ നാടന്‍ ഇനങ്ങളും ഫാമിലെത്തി. തുടര്‍ന്ന് എരുമകളും.
പ്രജനനം പ്രധാനം
ബ്രീഡിങ്ങിനും ഫീഡിങ്ങിനുമാണ് തന്റെ ഫാമിൽ പ്രാധാന്യമെന്ന് ആനന്ദ്. ഓരോ ജനുസിനെയും അതിന്റെ വംശശുദ്ധി നിലനിർത്തി പുതിയ തലമുറയെ ജനിപ്പിക്കാൻ ശ്രദ്ധിക്കുന്നു. അതായത്, ഗിർ പശുക്കളിൽ മികച്ച ഗിർ കാളകളുടെതന്നെ ബീജം ആധാനം ചെയ്യാൻ ശ്രദ്ധിക്കുന്നു. ജേഴ്സി, ഹോൾസ്റ്റിൻ ഫ്രീഷ്യൻ ഇനങ്ങളിലെ ബീജാധാനവും ഇതേ രീതിയിൽത്തന്നെ. പല കർഷകരും ജേഴ്സിയിൽ എച്ച്എഫും, എച്ച്എഫിൽ ഗിറുമൊക്കെ കുത്തിവയ്ക്കാൻ ശ്രമിക്കുമ്പോൾ വംശപാരമ്പര്യത്തിന് താൻ മുൻഗണന കൊടുക്കുന്നുവെന്ന് ആനന്ദ് പറയുന്നു. ഗിറിന്റെ രൂപസാദശ്യമുള്ള ഇനമല്ല, തനിക്കാവശ്യം ഗിർ തന്നെയാണെന്ന് അദ്ദേഹം പറയുന്നു. ഒരു വർഷം ഒന്ന് എന്ന രീതിയിലാണ് കാളയുടെ തിരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ ഫാമിൽ ജനിക്കുന്ന കുട്ടികൾക്ക് ഇൻ ബ്രീഡിങ് സംഭവിക്കുന്നില്ല.
ഫീഡിങ്
തീറ്റപ്പുല്ല്, കൈതപ്പോള, ചോളത്തട്ട എന്നിവ നേർ അനുപാതത്തിലാണ് പശുക്കൾക്കുള്ള പരുഷാഹാരമായി നൽകുന്നതെന്ന് ആനന്ദ്. 5 ഏക്കറില്‍ തീറ്റപ്പുൽകൃഷിയുണ്ട്. കൈതപ്പോളയും ചോളത്തട്ടയും പുറത്തു നിന്ന് വാങ്ങുന്നു. ഇവ മൂന്നും കൊടുക്കുന്നതിനാൽ ഏതെങ്കിലുമൊന്ന് ചിലപ്പോള്‍ കൊടുക്കാനാകാതെ വന്നാലും പശുക്കളുടെ പാലുൽപാദനം കുറയില്ല. മറിച്ച്, പതിവായി കഴിക്കാത്ത ഇനം കൊടുക്കേണ്ടിവന്നാൽ അത് പശുക്കളുടെ ദഹനത്തെയും പാലുൽപാദനത്തെയും ബാധിക്കും. തീറ്റപ്പുല്ല് വെട്ടിയെടുത്താൽ ഒരു ദിവസം തണലിൽ സൂക്ഷിച്ചതിനു ശേഷം മാത്രമേ പശുക്കൾക്കു കൊടുക്കാറുള്ളൂ. അതും ദഹനത്തെ സഹായിക്കും.

ചെലവ് കുറഞ്ഞ തൊഴുത്ത്
കുട്ടികളും മുതിര്‍ന്നവയുമായി എഴുപതോളം ഉരുക്കളാണ് ഫാമിലുള്ളത്. ഇവയെ പാർപ്പിച്ചിരിക്കുന്ന ഷെഡുകൾ കുറഞ്ഞ ചെലവിലാണൊരുക്കിയത്. സ്ഥലത്തിന്റെ ചെരിവിനനുസരിച്ച് തട്ടുകളായി തിരിച്ച് തറ കോൺക്രീറ്റ് ചെയ്ത് മേൽക്കൂര ഉറപ്പിച്ചിരിക്കുന്നു. പശുക്കൾക്ക് കിടക്കാൻ വൃത്തിയുള്ള അന്തരീക്ഷം മാത്രം മതി, അതിനായി വലിയ മുതൽമുടക്കുന്നതുകൊണ്ടു വിശേഷിച്ചു ഗുണമൊന്നുമില്ലെന്നാണ് ആനന്ദിന്റെ പക്ഷം.
തീറ്റയില്‍ ലാഭം 25,000 രൂപ
ഒരു മാസത്തേക്കുള്ള കാലിത്തീറ്റയും മറ്റു ഭക്ഷ്യോൽപന്നങ്ങളും മരുന്നുകളും ഒരുമിച്ചു മൊത്തവിലയ്ക്കു വാങ്ങുന്നതാണ് ആനന്ദിന്റെ രീതി. ഒരു മാസം 130 ചാക്ക് കാലിത്തീറ്റയാണ് ഫാമില്‍ ആവശ്യം. ഇത്രയും ഒന്നിച്ചു വാങ്ങുമ്പോള്‍ ചാക്കിന് 100 രൂപ വച്ച് 13,000 രൂപയോളം ലാഭിക്കാനാകുന്നുണ്ട്. പിണ്ണാക്ക്, ധാന്യപ്പൊടി, തവിട് എന്നിവയെല്ലാം കൂടി 100 ചാക്ക് വേണം. 25,000 രൂപയോളം ഇത്തരത്തിൽ നേട്ടമുണ്ട്. ഒരു തൊഴിലാളിക്കുള്ള മാസവേതനമാണിതെന്നും ആനന്ദ്.

45 പശുക്കളും 600 ലീറ്റർ പാലും
ദിനംപ്രതി 45 പശുക്കളിൽനിന്ന് 600 ലീറ്റർ പാൽ വർഷം മുഴുവൻ ഉൽപാദിപ്പിക്കുകയാണ് ആനന്ദിന്റെ ഹ്രസ്വകാല ലക്ഷ്യം. പ്രജനനത്തിൽ ശ്രദ്ധിക്കാൻ തുടങ്ങിയതിനുശേഷം ഈ ഫാമിൽ ജനിച്ച പശുക്കുട്ടികൾ വരുന്ന 3–4 മാസത്തിനകം പ്രസവിക്കും. അതോടെ പാലുൽപാദനം ലക്ഷ്യത്തിലെത്തും. എച്ച്എഫ്, ജേ ഴ്സി, ഗിർ, സഹിവാൾ ഇനങ്ങളിലെ 10 വീതവും 5 സങ്കര ഇനങ്ങളുമായി 45 പശുക്കളുള്ള ഫാം എന്ന ദീര്‍ഘകാല ലക്ഷ്യത്തിലെത്താൻ 2–3 വർഷം കൂടി കഴിയണം. നാടൻപശുക്കളുടെ പാലിന് ഉയർന്ന വില വാങ്ങുന്നതിനോട് ആനന്ദിനു യോജിപ്പില്ല. എന്നാൽ, നാലിനം പശുക്കളുടെയും പാൽ സംയോജിപ്പിച്ച് എല്ലാവർക്കും സ്വീകാര്യമായ വിലയിൽ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്.

അമ്മയാണ് എല്ലാം
ഡെയറിഫാം നടത്തിപ്പില്‍ മാസത്തിൽ 4 ദിവസം മാത്രമേ ആനന്ദ് മുഴുവൻ സമയവും ചെലവഴിക്കുന്നുള്ളൂ ഫാമിലെ പ്രവർത്തനങ്ങളും പശുക്കളുടെ തീറ്റ, ബീജാധാനം, പരിചരണം എന്നിവ നോക്കുന്നതും തൊഴിലാളികള്‍ക്കു വേതനം നല്‍കുന്നതുമെല്ലാം അമ്മ രമണിയാണ്.
ഫോണ്‍: 7996327602