കഴിഞ്ഞ വർഷം 200% മുന്നേറ്റം കാഴ്‌ചവച്ച ഉൽപന്നം; ഈ വർഷവും കുതിപ്പു തുടർന്ന് കൊക്കോ; പക്ഷേ കേരളത്തിൽ സംഭവിക്കുന്നത് മറ്റൊന്ന്

Mail This Article
ആഗോള കൊക്കോ വിപണി വീണ്ടും ഒരു കുതിപ്പിന് തയാറെടുക്കുകയാണോ? കഴിഞ്ഞ വർഷം ലോക മാർക്കറ്റിൽ 200 ശതമാനം മുന്നേറ്റം കാഴ്‌ചവച്ച ഏക ഉൽപന്നമെന്ന ഖ്യതി നിലനിർത്തുകയാണ് കൊക്കോ. പിന്നിട്ട സീസണിലെ ബുൾ റാലി ഒരിക്കൽ കൂടി കാഴ്‌ചവയ്ക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപ സമൂഹവും ഊഹക്കച്ചവടക്കാരും. പശ്ചിമ ആഫ്രിക്കയിലെ മുഖ്യ ഉൽപാദകരാജ്യങ്ങളിൽ കരുതൽ ശേഖരം കുറഞ്ഞത് ചോക്ലേറ്റ് വ്യവസായികളെ മാത്രമല്ല, യൂറോപ്യൻ രാജ്യങ്ങളിലെ കൊക്കോ സംസ്‌കരണ പ്ലാന്റുകളുടെ പ്രവർത്തനങ്ങളും മന്ദഗതിയിലാക്കി. അഞ്ചു ദിവസം കൊണ്ട് കൊക്കോ വില 830 ഡോളറാണ് ഉയർന്നത്.
രാജ്യാന്തര വിപണി സീസൺ കാലയളവിലും ചൂടുപിടിച്ചു നിൽക്കുന്നത് വിദേശത്തെയും ഇന്ത്യയിലെയും വ്യവസായികളെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം ഇന്ത്യ ഉൾപ്പെടെയുള്ള കൊക്കോ ഉൽപാദകരാജ്യങ്ങളിൽ വിളവു കുറയുമെന്ന അവസ്ഥയാണ്. അടിക്കടി അനുഭവപ്പെട്ട മഴയും ഉയർന്ന പകൽ താപനിലയും കൊക്കോ തോട്ടങ്ങളിൽ വ്യാപക കൃഷിനാശം സൃഷ്‌ടിച്ചത് എണ്ണിയെണ്ണി പറയുകയാണ് സംസ്ഥാനത്തിന്റെ അങ്ങോളമിങ്ങോളമുള്ള ചെറുകിട കർഷകർ.
മധ്യകേരളത്തിലെയും ഹൈറേഞ്ചിലെയും ഒട്ടുമിക്ക തോട്ടങ്ങളിലും 30 ശതമാനത്തിലധികം കായകൾ പിന്നിട്ട മൂന്നു മാസകാലയളവിൽ കൊഴിഞ്ഞു വീണതായാണ് ഏകദേശ വിലയിരുത്തൽ. ഇതിനു പുറമേ കായകൾ മൂപ്പെത്തും മുന്നേ കറുത്ത കേട് സംഭവിച്ചതും വിളയെ ബാധിച്ചു. ഇതിനിടെ പല ഭാഗങ്ങളിലും വിളവെടുത്ത കൊക്കോ സംസ്‌കരിച്ചപ്പോൾ കായകൾക്ക് വലുപ്പക്കുറവും, ഭാരക്കുറവും കർഷകരുടെ പ്രതീക്ഷകൾ തകിടം മറിച്ചു. കാർഷിക മേഖലയിലെ ഈ സംഭവികാസങ്ങൾ എല്ലാം അതേ വേഗതത്തിൽ വ്യവസായികളുടെ ചെവിയിൽ എത്തിയതോടെ അവരും ആശങ്കയിലായി.
മാസാവസാനത്തിൽ പുതിയ ചരക്ക് വിളവെടുപ്പിന് തയാറെടുക്കുകയാണ് ഉൽപാദകമേഖല. വിളവ് ചുരുങ്ങുമെന്നു വ്യക്തമായ വാങ്ങലുകാർ വിലക്കയറ്റത്തെ ഏങ്ങനെ തടയാനാകുമെന്ന ആലോചനയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ അവർ സംഘടിതരായി ഒരു തീരുമാനത്തിലെത്തിയെന്നാണ് രഹസ്യ വിവരം, തൽക്കാലം രംഗത്തുനിന്ന് വിട്ടു നിൽക്കാം.
അതേ, പുതുവർഷം പിറന്ന ശേഷം കിലോ 740–760 രൂപയിൽ നീങ്ങിയ മധ്യകേരളത്തിൽനിന്നുള്ള ചരക്കും 770ലേക്ക് ഉയർന്ന് ഇടപാടുകൾ നടന്ന ഹൈറേഞ്ച് ചരക്ക് വിലയും വാങ്ങലുകാരുടെ പിന്മാറ്റം മൂലം തൽക്കാലം ഒന്ന് ആടിയുലയാം. ഒരു തളർച്ച കണ്ടാൽ തിരക്കിട്ട് ഉൽപാദകർ ചരക്കുമായി വിപണികളിലേക്ക് ഓടിയെത്തും, അതിനിടെ വില 600 രൂപയിൽ എത്തിക്കാം. ഈ ഒരു പദ്ധതി ആസൂത്രണം ചെയ്‌തവർക്ക് വ്യക്തമായി അറിയാം ഒരു തിരുത്തൽ സംഭവിച്ചാൽ ഉൽപ്പന്നത്തെ 540 വരെ ഇടിക്കാനാകുമെന്ന്. സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലെ തോട്ടങ്ങളിലും കൊക്കോ മൂത്ത് വിളയുകയാണ്. ഫെബ്രുവരി - മാർച്ച് കാലയളവിലാണ് കായകൾ ഏറ്റവും കൂടുതൽ ഇവിടെ വിളയുന്നത്. മധ്യകേരളത്തിലെ ചെറുകിടക്കാർ ഇതിനകം തന്നെ വിളവെടുപ്പിന് തുടക്കം കുറിച്ചു. ചരക്ക് സംസ്‌കരണം പൂർത്തിയാക്കി മാസാന്ത്യതോടെ വിപണികളിൽ ചരക്ക് എത്തിത്തുടങ്ങും.
എന്തായാലും കടലാസ് പദ്ധതികൾ ആവിഷ്‌കരിച്ച ലോബി സംസ്ഥാനത്തുനിന്ന് തന്നെ അകന്നതായാണ് വിവരം. അവർ ആന്ധ്രയിലും കർണാടകത്തിലും ഇറങ്ങി കൊക്കോ സംഭരിക്കാമെന്ന നിലപാടിലാണ്. ചോക്ലേറ്റ് ലോബിക്ക് അറിയാം കേരളത്തെ അപേക്ഷിച്ച് ആന്ധ്ര ചരക്ക് ഗുണമേന്മയിൽ ഏറെ പിന്നിലെന്ന്. കൊക്കോ സംസ്‌കരണത്തിലെ അപാകതകൾ ഗുണനിലവാരത്തെ ബാധിക്കുന്നു. അതുകൊണ്ടു തന്നെ വ്യവസായികൾക്ക് അവിടെ നിന്നും വില ഇടിച്ച് ചരക്ക് സംഭരിക്കാൻ നിഷ്‌പ്രയാസം കഴിയുമെന്ന്. കേരളത്തിൽനിന്നും വ്യവസായികൾക്കു വേണ്ടി ചരക്ക് സംഭരിക്കുന്നവർ സജീവമല്ലെങ്കിലും അതിർത്തി സംസ്ഥാനങ്ങളിലെ ഉൽപാദകകേന്ദ്രങ്ങളിൽനിന്നും പരമാവധി കൊക്കോ വരുന്ന രണ്ടു മാസങ്ങളിൽ ശേഖരിക്കാനുള്ള നീക്കത്തിലാണ്.
അന്താരാഷ്‌ട്ര വിപണിയിൽ കൊക്കോ വില ഉയർന്ന് നിൽക്കുകയാണ്. കഴിഞ്ഞ സീസണിൽ 12,931 ഡോളറിന് മുകളിൽ സഞ്ചരിച്ച് റെക്കോർഡ് പ്രകടനം കാഴ്‌ചവച്ച കൊക്കോ പിന്നീട് ഏതാണ്ട് 45 ശതമാനത്തിലധികം സാങ്കേതിക തിരുത്തലിൽ 5700 ഡോളറിലേക്ക് ഇടിഞ്ഞു. നവംബർ വരെ 7000 ഡോളറിന് മുകളിൽ ഇടം കണ്ടെത്താൻ വിപണി നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടങ്കിലും ഡിസംബർ മധ്യത്തോടെ പഴയ പ്രതാപം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾക്ക് കൊക്കോ തുടക്കം കുറിച്ചു. കഴിഞ്ഞ രാത്രി രാജ്യാന്തര വിപണിയിൽ കൊക്കോ 11,700 ഡോളർ വരെ ഉയർന്നു. ഉൽപന്നം ഇത്ര ശക്തമായ പ്രകടനം കാഴ്‌ചവയ്ക്കുന്നതിനിടെ ഇറക്കുമതിയെക്കുറിച്ച് ചിന്തിക്കാനാകാത്ത അവസ്ഥയിലാണ് ഇന്ത്യൻ ചോക്ലേറ്റ് നിർമാതാക്കൾ. യൂണിറ്റുകളുടെ പ്രവർത്തനം സുഖമമായി നടക്കണമെങ്കിൽ കുറഞ്ഞ വിലയ്‌ക്ക് ചരക്ക് കണ്ടത്തുകയെ മാർഗ്ഗമുള്ളു. അത്തരം ഒരു ദൗത്യത്തിലാണ് ചുണ്ടിൽ ചോക്ലേറ്റ് പുഞ്ചിരിയുമായി അവർ അയൽ സംസ്ഥാനങ്ങളിലേക്കു ചുവടു മാറ്റി ചവിട്ടുന്നത്.
കഴിഞ്ഞ വർഷത്തെ എൽ നിനോ പ്രതിഭാസം സൃഷ്‌ടിച്ച ആഘാതത്തിൽനിന്നും പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിലെ കൊക്കോ തോട്ടങ്ങൾക്ക് പൂർണ തോതിൽ തിരിച്ചുവരവ് കാഴ്‌വയ്ക്കാനായില്ല. പ്രതികൂല കാലാവസ്ഥയ്‌ക്കു പുറമേ ബ്ലാക്ക് പോട്ട് രോഗവും കൊക്കോയെ വ്യാപകമായി ബാധിച്ചത് കർഷകർക്ക് വൻ സാമ്പത്തിക നഷ്‌ടം വരുത്തിവച്ചിരുന്നു. ആറു വർഷത്തിനിടയിലെ ഏറ്റവും വരണ്ട കാലാവസ്ഥയെയാണ് ഐവറി കോസ്റ്റും ഘാനയും അഭിമുഖീകരിക്കുന്നത്.
കൊക്കോ മരങ്ങളിലെ ഇലകൾക്ക് മഞ്ഞളിപ്പ് ബാധിച്ചതിനു പുറകെ ചൂടു താങ്ങാനാവാതെ കായകൾ അടർന്നു വീഴുന്ന വിവരം പുറത്തുവന്നതോടെ തുടർച്ചയായ മൂന്നാം ദിവസവും രാജ്യാന്തര മാർക്കറ്റിൽ കൊക്കോ അവധി നിരക്കുകൾ ഉയർന്നു. ആഗോള കൊക്കോ ഉൽപാദനത്തിൽ രണ്ടാം സ്ഥാനത്ത് നിലകൊള്ളുന്ന ഘാനയിൽ വിളവ് 23 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ അളവാണ് ഇക്കുറി കണക്കാക്കുന്നത്. ഉൽപാദനം ഏഴു ലക്ഷം ടണ്ണായി ഉയരുമെന്നാണ് ജൂണിൽ അവർ കണക്കെടുപ്പ് നടത്തിയെങ്കിലും മൊത്തം വിളവ് 4.25 ലക്ഷം ടണ്ണിൽ ഒതുങ്ങുമെന്നാണ് ഒടുവിലെ കണക്കുകൾ വ്യക്തമാക്കുന്നത്.