അന്ന് 30 ലീറ്റർ പാൽ മാത്രം; ഇന്ന് രാജ്യത്തെ മികച്ച ക്ഷീരസംഘങ്ങളിലൊന്ന്: ദീപ്തിഗിരിയുടെ വർഗീസ് കുര്യൻ പടിയിറങ്ങുന്നു

Mail This Article
ക്ഷീരമേഖലയിലെ മികവിന് സഹകരണകൂട്ടായ്മകള്‍ക്ക് ദേശീയ തലത്തില്‍ നല്‍കുന്ന പരമോന്നത പുരസ്കാരമായ ഗോപാൽരത്ന പുരസ്കാരം ആദ്യമായി കേരളത്തില്‍ എത്തിച്ച ക്ഷീരസഹകരണ സംഘമാണ് വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്ത് എടവക ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ദീപ്തിഗിരി ക്ഷീരോൽപാദക സഹകരണസംഘം. 2021ലാണ് ലക്ഷക്കണക്കിനു ക്ഷീരസംഘങ്ങളെ പിന്നിലാക്കി രാജ്യത്തെ മികച്ച രണ്ടാമത്തെ ക്ഷീരസംഘത്തിനുള്ള പുരസ്കാരം ദീപ്തിഗിരിയെ തേടിയെത്തുന്നത്. എടവക ഗ്രാമപഞ്ചായത്തിൽ 1984ല്‍ കേവലം 18 ക്ഷീരകര്‍ഷകരുടെ കൂട്ടായ്മയായാണ് ദീപ്തിഗിരി ക്ഷീരസംഘത്തിന്റെ തുടക്കം. അന്ന് കേവലം 30 ലീറ്ററിൽ താഴെ മാത്രമായിരുന്നു കര്‍ഷകരില്‍ നിന്നുസംഭരിച്ചിരുന്ന പാലിന്റെ അളവ്, എന്നാലിന്ന് 250ലധികം ക്ഷീരകര്‍ഷകരില്‍നിന്നായി പ്രതിദിനം 4000 ലീറ്ററിലധികം പാല്‍ സംഘം സംഭരിക്കുന്നു. പിന്നിട്ട 40 വർഷങ്ങൾകൊണ്ട് ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഗ്രാമീണ ക്ഷീരസംഘമായി വളർന്ന ദീപ്തിഗിരി ക്ഷീരസംഘത്തെ കഴിഞ്ഞ 38 വർഷമായി സംഘം സെക്രട്ടറി സ്ഥാനത്തിരുന്ന് നയിക്കുന്ന ഒരാളുണ്ട്, പി.കെ.ജയപ്രകാശ്.
ദീപ്തിഗിരി ക്ഷീരസംഘത്തിന്റെ വർഗീസ് കുര്യൻ എന്നുതന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. കാരണം, പുത്തൻ ആശയങ്ങൾ നടപ്പിലാക്കിയുള്ള ദീപ്തിഗിരിയുടെ വളർച്ചയിൽ നിർണായക ഇടപെടലുകൾ നടത്തിയ വ്യക്തിത്വമാണ് അദ്ദേഹം. ഇത്രയും ദീർഘകാലം ഒരു ഗ്രാമീണ ക്ഷീരസംഘത്തെ മികവോടെ നയിച്ച സെക്രട്ടറി ഒരുപക്ഷേ സംസ്ഥാനത്ത് വേറെയുണ്ടാവില്ല. പത്തു കൊല്ലം മുന്നേ അപ്രതീക്ഷിതമായി ആരോഗ്യത്തെ ബാധിച്ച അർബുദത്തെ പോലും ചികിത്സയുടെയും അതിലുപരി മനക്കരുത്തിന്റെയും ബലത്തിൽ അതിജീവിച്ചാണ് അദ്ദേഹം കർമപാതയിൽ തുടർന്നത്. ദീപ്തിഗിരി സംഘത്തെ മികവുകളിലേക്കുയർത്തി ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന സംഘമാക്കിയ സുദീർഘസേവനത്തിനു ശേഷം അദ്ദേഹം ഇന്ന് വിരമിക്കുകയാണ്.

ദീപ്തിഗിരിയുടെ പാൽപ്പൊലിമ
കര്‍ഷകരില്‍ നിന്ന് പ്രതിദിനം പാല്‍ സംഭരിക്കുക, സംഭരിച്ച പാല്‍ മില്‍മയ്ക്ക് കൈമാറുക തുടങ്ങി ഏതൊരു ആനന്ദ് മാതൃക ആപ്കോസ് ക്ഷീരസംഘങ്ങളും പൊതുവില്‍ ചെയ്തുപോരുന്ന പ്രവര്‍ത്തനങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ വൈവിധ്യവൽകരണത്തിന്റെയും, പുത്തന്‍ ആശയങ്ങളെ പ്രായോഗികമാക്കിയും മുന്നേറിയ കരുത്താണ് ദീപ്തിഗിരിയുടെ മികവിന്റെ കൈമുതല്‍. എടവക പഞ്ചായത്തിലുള്ള സംഘത്തിന്റെ പരിധിയില്‍ സ്വന്തം പാൽ വണ്ടികളിൽ ദിവസവും രണ്ടു തവണ പാല്‍ സംഭരണം നടത്തും. നേരത്തെ നിശ്ചയിച്ച മില്‍ക്ക് റൂട്ടില്‍ എത്തുന്ന ദീപ്തിഗിരിയുടെ വാഹനം കാത്ത് ക്ഷീരകര്‍ഷകര്‍ പാൽപാത്രങ്ങളുമായി വഴിയിൽ കാത്തിരിക്കുന്നുണ്ടാവും. രണ്ട് ഷിഫ്റ്റിലും സാംപിൾ ടെസ്റ്റ് നടത്തി വിലയും ഗുണനിലവാരവും കര്‍ഷകരെ മൊബൈൽ ഫോണിൽ എംഎംഎസ് ആയി അന്നന്നുതന്നെ അറിയിക്കുന്നതാണ് രീതി. പാല്‍ ഗുണനിലവാരനിര്‍ണയത്തിനായി ആധുനിക ലാബ് സംഘത്തിനുണ്ട്. പാല്‍ സംഭരിച്ച് സൂക്ഷിക്കുന്നതിനായി 6000 ലീറ്റര്‍ ശേഷിയുള്ള ബള്‍ക്ക് മില്‍ക്ക് കൂളറും സംഘത്തിലുണ്ട്. സംഭരിക്കുന്ന പാല്‍ മിൽമയിൽ നല്‍കുന്നതിനൊപ്പം ഫാമുകളില്‍നിന്നുള്ള നറുംപാൽ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് എത്തിച്ചു നല്‍കുന്ന ഫാം ഫ്രഷ് മില്‍ക്ക് ഉള്‍പ്പെടെയുള്ള വരുമാനപ്പുതുമകളും ദീപ്തിഗിരിയിലുണ്ട്.

നിത്യോപയോഗ സാധനങ്ങള്‍ വിപണി വിലയേക്കാള്‍ കുറച്ച് സംഘത്തിലെ അംഗങ്ങളായ ക്ഷീരകര്‍ഷകര്‍ക്കും പ്രദേശവാസികള്‍ക്കും എത്തിക്കുന്നതിന് വേണ്ടി ദീപ്തിഗിരി സംഘം ഒരു സൂപ്പര്‍ മാര്‍ക്കറ്റ് തന്നെ നടത്തുന്നുണ്ട്. ഡിജി സൂപ്പർ മാർക്കറ്റ് എന്നു പേരിട്ട ഈ വിപണന കേന്ദ്രം ക്ഷീരമേഖലയില്‍ നടപ്പാക്കിയ ഒരു പുത്തനാശയമായിരുന്നു. വയനാട്ടില്‍ പിന്നീട് ചില ക്ഷീരസഹകരണസംഘങ്ങള്‍ കൂടി ഈ മാതൃകയിൽ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിച്ചെങ്കിലും അവര്‍ക്ക് എല്ലാം പ്രചോദനമായത് ദീപ്തിഗിരിയുടെ ആദ്യ മാതൃകയായിരുന്നു. സംഘത്തിന്റെ സ്വന്തം കെട്ടിടത്തില്‍ തന്നെയാണ് സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. കിയോസ്ക് സംവിധാനം ഉള്‍പ്പടെയുള്ള സൂപ്പര്‍മാര്‍ക്കറ്റാണിത്. കര്‍ഷകര്‍ക്ക് വില കുറച്ചും, കടമായും സാധനങ്ങള്‍ നല്‍കുക മാത്രമല്ല, കര്‍ഷകര്‍ മുന്‍കൂട്ടി വിളിച്ചു പറയുന്നതിന്‍ പ്രകാരം വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ സംഘത്തിന്റെ പാല്‍വണ്ടിയില്‍ കര്‍ഷക ഭവനങ്ങളില്‍ എത്തിച്ചു നല്‍കുകയും ചെയ്യും. പാല്‍ക്കടമായാണ് ഇങ്ങനെ കര്‍ഷകര്‍ക്ക് സാധന സാമഗ്രികള്‍ നല്‍കുക. സാധനങ്ങളുടെ വില അടുത്ത ഗഡു പാല്‍ വിലയില്‍നിന്നും കുറയ്ക്കും. ഈ പാല്‍ക്കടവും, സൂപ്പര്‍മാര്‍ക്കറ്റും ഹോം ഡെലിവറിയുമെല്ലാം ദീപ്തിഗിരിയിലെ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കു പുറമെ കാലിത്തീറ്റ, പിണ്ണാക്ക്, ചോളപ്പൊടി, ചോളത്തവിട് തുടങ്ങി കന്നുകാലികള്‍ക്കാവശ്യമായ തീറ്റയും പാല്‍വണ്ടികള്‍ കര്‍ഷകരുടെ വീട്ടുമുറ്റത്തെത്തിക്കാന്‍ ദീപ്തിഗിരിയില്‍ സംവിധാനമുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ ഹോം ഡെലിവറിയും കാലിത്തീറ്റയുടെ ഫാം ഡെലിവറിയും സംഘത്തിലെ ജനപ്രിയമായ പദ്ധതികളാണ്.

സ്മാർട്ട് ക്ഷീരസംഘം; ഡിജിറ്റൽ ധവള വിപ്ലവം
കര്‍ഷകര്‍ ക്ഷീരസംഘത്തില്‍ എത്തിക്കുന്ന പാലിന്റെ അളവും അതിന്‍റെ ഫാറ്റും, എസ്എന്‍എഫും എല്ലാം വലിയ റജിസ്റ്ററുകളില്‍ എഴുതിവച്ച് പകലന്തിയോളം കൂട്ടിയും കിഴിച്ചും ഗുണിച്ചും കണക്കുകൾ തയാറാക്കി, മിൽമയുടെ വിലനിർണയപട്ടികയുമായി താരതമ്യം ചെയ്ത് വിലനിർണയിച്ചിരുന്ന കാലം ദീപ്തിഗിരിക്കുണ്ടായിരുന്നു. ആളും അദ്ധ്വാനവും ഏറെ വേണ്ടിവരുന്ന ഈ കണക്കുകൂട്ടലുകള്‍ അവസാനിപ്പിച്ച് സാങ്കേതികത്തികവിന്റെ പാതയില്‍ മാറിസഞ്ചരിച്ച വയനാട്ടിലെ ആദ്യ സംഘങ്ങളില്‍ ഒന്നാണ് ദീപ്തിഗിരി. ഇതിനായി ക്ഷീരസഹകരണ സംഘങ്ങളിലെ ആവശ്യങ്ങള്‍ക്ക് ഇണങ്ങിയ സോഫ്റ്റ് വെയര്‍ വികസിപ്പിക്കാൻ മുന്നിട്ടിറങ്ങിയത് ഒരു പതിറ്റാണ്ട് മുൻപേ ദീപ്തിഗിരി സെക്രട്ടറി പി.കെ.ജയപ്രകാശിന്റെ നേതൃത്വത്തിൽ വയനാട്ടിലെ ഏഴോളം ക്ഷീരസഹകരണസംഘങ്ങളായിരുന്നു. ഓപ്പൺ ലിപ്സ എന്ന് പേരിട്ട സോഫ്റ്റ് വെയറിന്റെ നിർമാണത്തില്‍ സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെയും നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍ററിന്‍റെയും പിന്തുണയുണ്ടായിരുന്നു.

മലയാളത്തിൽ കടംകൊണ്ട ലിപ്സ എന്ന വാക്കിനർഥം 'അതിയായ ആഗ്രഹം' എന്നാണ്, വാക്കർഥത്തെ പ്രായോഗികമാക്കും വിധം ഓപ്പൺ ലിപ്സയുടെ വരവോടെ ക്ഷീരസഹകരണ സംഘങ്ങളിൽ അക്കാലം വരെ തുടർന്നുപോന്നിരുന്ന കണക്കുകൂട്ടി വില നിര്‍ണ്ണയിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന സംഘങ്ങളുടെ ദീര്‍ഘനാളത്തെ ആഗ്രഹം സഫലമായി. സോഫ്റ്റ്‌വെയര്‍ വന്നതോടെ വില നിര്‍ണയവും, വില വിതരണവും അനുബന്ധ പ്രവര്‍ത്തികളുമെല്ലാം എളുപ്പമായി. മാത്രമല്ല സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ സുതാര്യമായി. മാത്രമല്ല മനുഷ്യസഹജമായ തെറ്റുകള്‍ കണക്കുകൂട്ടലില്‍ വന്നുചേരാനുള്ള സാധ്യത പൂര്‍ണമായും ഇല്ലാതാകുകയും ചെയ്തു. പാൽ സംഭരണം, വിപണനം, സാമ്പത്തിക ക്രയ വിക്രയങ്ങൾ, ഉൽപാദക കണക്കുകൾ, കാലിത്തീറ്റ വിൽപ്പന, കാഷ് ബുക്ക്, ഡേ ബുക്ക്, പാൽ വില വിതരണം, അംഗത്വം, സംഘത്തിന്റെ വരവ് ചെലവ് കണക്കുകൾ, സ്റ്റോക് റജിസ്റ്റർ, ഡെയറി റജിസ്റ്റർ, ഗുണഭോക്തൃ ലിസ്റ്റ്, നിയമാനുസൃത റജിസ്റ്ററുകൾ, ജനറൽ ലഡ്ജർ, വ്യപാര, ലാഭനഷ്ടക്കണക്കുകൾ, സാമ്പത്തിക സ്റ്റേറ്റ്മെന്റുകൾ മുതലായവയെല്ലാം എളുപ്പത്തിൽ സോഫ്റ്റ്‌വെയർ വഴി കൈകാര്യം ചെയ്യാമെന്നായി ദീപ്തിഗിരി ഉള്‍പ്പെടെ സംഘങ്ങളില്‍ ഉപയോഗിച്ച് തുടങ്ങിയ ലിപ്സ സോഫ്റ്റ്‌വെയർ വലിയ ശ്രദ്ധ പിടിച്ചുപറ്റിയതോടെ കൂടുതല്‍ സംഘങ്ങള്‍ ലിപ്സയിലേക്കു കടന്നുവന്നു. വയനാട്ടില്‍ മാത്രമല്ല മറ്റു ജില്ലകളിലും പുതിയ സോഫ്റ്റ്‌വെയര്‍ എത്തി. എന്തിനേറെ കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള ക്ഷീരസഹകരണ സംഘങ്ങള്‍ വരെ ലിപ്സ സോഫ്റ്റ്‌വെയർ തങ്ങളുടെ സംഘങ്ങളിലേക്ക് സ്വീകരിക്കാന്‍ സന്നദ്ധതയുമായെത്തി. ലിപ്സ സോഫ്റ്റ്‌വെയറിന്റെ നിര്‍മാണത്തിനും പ്രചാരണത്തിനും വലിയ പ്രോത്സാഹനം നടത്തി ക്ഷീരസഹകരണ സംഘങ്ങളെ സാങ്കേതികവിദ്യയുടെ കരുത്തില്‍ കാലത്തിനൊത്ത് മുന്നേറാന്‍ പ്രചോദിപ്പിച്ച സഹകരണസംഘമെന്ന ഖ്യാതി ദീപ്തിഗിരിക്കും സെക്രട്ടറി പി.കെ.ജയപ്രകാശിനും സ്വന്തമാണ്. ദേശീയ പുരസ്കാരത്തിനൊപ്പം മലബാർ മേഖലയിലെ ഏറ്റവും മികച്ച ആനന്ദ് മാതൃക ക്ഷീരസംഘത്തിനുള്ള മിൽമയുടേത് ഉൾപ്പെടെ മറ്റനേകം പുരസ്കാരങ്ങളും ദീപ്തിഗിരിയുടെ പാൽപ്പെരുമയെ തേടി എത്തിയിട്ടുണ്ട്. ഐഎസ്ഒ അംഗീകാരമുള്ള ക്ഷീരസംഘം കൂടിയാണ് ദീപ്തിഗിരി.