ചാണകം വിറ്റ് ദേശീയ അവാർഡ്; സ്വന്തമായി ചാർട്ടേഡ് അക്കൗണ്ടന്റ്; പാൽ സംസ്കരണത്തിന് പ്ലാന്റ്: ഇതാണ് ‘ലേഡി സൂപ്പർ ഫാർമർ’

Mail This Article
ചാണകം വിറ്റ് ഒരു നാഷനൽ അവാർഡ് നേടുക! കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും സംഗതി സത്യമാണ്. കോട്ടയം ജില്ലയിലെ മുട്ടുചിറയിലുള്ള പറുദീസ ഇന്റഗ്രേറ്റഡ് ഫാം ഉടമ വിധു രാജീവ് ആണ് തന്റെ ഡെയറി ഫാമിൽ വ്യത്യസ്ത ആശയങ്ങൾ നടപ്പാക്കി വരുമാനം വർധിപ്പിച്ച് ഇന്ത്യൻ ഡെയറി അസോസിയേഷന്റെ (Best Women Dairy Farmer - South Zone) ദേശീയ പുരസ്കാരം നേടിയത്. ഇന്ന് ബിഹാറിലെ പാറ്റ്നയിൽ ഇന്ത്യൻ ഡെയറി അസോസിയേഷൻ സംഘടിപ്പിച്ച ഇന്ത്യൻ ഡെയറി ഇൻഡസ്ട്രി കോൺഫറൻസിൽ വിധു പുരസ്കാരം ഏറ്റുവാങ്ങി. ഇന്നു മുതൽ ശനിയാഴ്ച വരെയാണ് കോൺഫറൻസ്.

2018ൽ രണ്ടു പശുക്കളിൽ തുടങ്ങിയ ഡെയറി ഫാം ഇന്ന് ഒരു ലക്ഷത്തിലധികം ലീറ്റർ പാലിനൊപ്പം നെയ്യും തൈരും ഉൽപാദിപ്പിക്കുന്ന, ചാണകത്തിന്റെ മൂല്യവർധനയിലൂടെ മികച്ച വരുമാനം നേടുന്ന ഒരു വലിയ ഫാമായി വളർന്നിരിക്കുന്നു. 2023–24ൽ ഫാമിന്റെ ടേണോവർ 1.5 കോടി രൂപയാണെങ്കിൽ ഇത്തവണ അത് രണ്ടു കോടിയിലേക്ക് എത്തും.
2022ലാണ് പറുദീസ ഫാമിനെക്കുറിച്ച് മനോരമ ഓൺലൈൻ കർഷകശ്രീ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. അന്ന് കർഷകശ്രീ പ്രധാനമായും എടുത്തു പറഞ്ഞത് ഫാമിലെ പ്രവർത്തനശൈലിയും ഒപ്പം വൃത്തിയുമായിരുന്നു. ഡെയറി ഫാം തുടങ്ങിയ നാൾ മുതൽ വൃത്തിക്കു പ്രാധാന്യം നൽകിയാണ് വിധുവിന്റെ പ്രവർത്തനം. ഫാമും പരിസരവും എപ്പോഴും വൃത്തിയുള്ളതായിരിക്കണം, ദുർഗന്ധമുണ്ടാകാൻ പാടില്ല, ചാണകം ഒരിടത്തും കൂട്ടിയിടാൻ പാടില്ല തുടങ്ങിയ കാര്യങ്ങളിൽ വിധുവിന് നിർബന്ധമുണ്ടായിരുന്നു. ചപ്പുചവറുകൾ നിക്ഷേപിക്കാൻ പ്രത്യേകം സംവിധാനവും ഫാമിൽ ഒരുക്കിയിട്ടുണ്ട്.

തുടക്ക കാലത്ത് പാൽ മാത്രമായിരുന്നു ഫാമിന്റെ വരുമാനവഴി. എന്നാൽ, മൂന്നു വർഷം പിന്നിടുമ്പോൾ ഫാമിന്റെ വളർച്ച ഏവർക്കും മാതൃകയാക്കാവുന്ന വിധത്തിലാണ്. ഫാമിൽനിന്ന് എങ്ങനൊക്കെ വരുമാനം നേടാമോ ആ വഴികളിലൂടെയൊക്കെ വിധു സഞ്ചരിച്ചു. അതിനു പൂർണ പിൻതുണയുമായി ഭർത്താവ് രാജീവും വിധുവിന് ഒപ്പമുണ്ട്.
ചെറുതും വലുതുമായി അൻപതോളം ഉരുക്കളാണ് ഫാമിലുള്ളത്. 22 സങ്കരയിനം പശുക്കളിൽനിന്നായി 370 ലീറ്ററാണ് ഒരു ദിവസത്തെ ശരാശരി ഉൽപാദനം. 300 ലീറ്ററോളം ക്ഷീരസംഘത്തിൽ അളക്കുന്നു. ബാക്കിയുള്ളത് നെയ്യുണ്ടാക്കാൻവേണ്ടി മാറ്റിവയ്ക്കുന്നു. മാസം 20 കിലോയോളം നെയ്യ് സ്ഥിരമായി വിൽക്കുന്നുണ്ട്. കിലോയ്ക്ക് 1000 രൂപയ്ക്കാണ് വിൽപന. ഓൺലൈൻ വഴിയാണ് ഓർഡർ ലഭിക്കുക. ക്രീം വേർതിരിച്ച് നെയ്യാക്കുന്നതിനാൽ ബാക്കിയുള്ള പാൽ ഉപയോഗിച്ച് തൈരും ഉണ്ടാക്കുന്നു. ഇതിനും സ്ഥിരവിപണിയുണ്ട്. പുങ്കനൂർ, വെച്ചൂർ, കാസർകോടൻ, ഗിർ തുടങ്ങിയ തദ്ദേശീയ ഇനങ്ങളും ഈ ഫാമിന്റെ ഭാഗമാണ്.

ചാണക സംസ്കരണ യൂണിറ്റ്
30 ലക്ഷം രൂപ മുതൽമുടക്കി സ്ഥാപിച്ച ചാണക സംസ്കരണ യൂണിറ്റ് മികച്ച വരുമാനമാണ് വിധുവിന് നേടിക്കൊടുക്കുന്നത്. ഡെയറി ഫാമിലെ മാലിന്യ സംസ്കരണത്തിനായി പ്രധാനമായും 2 ബോവർ ഗ്യാസ് പ്ലാന്റുകളാണ് ഇവിടെയുള്ളത്. തൊഴുത്തു കഴുകുന്നതും പശുക്കളെ കുളിപ്പിക്കതുമായുള്ള വെള്ളം 8 ഘന മീറ്റർ വലുപ്പമുള്ള പ്ലാന്റിലേക്കാണ് പോകുന്നത്. ഇവിടനിന്നുള്ള വാതകം തൊഴിലാളികൾ അവരുടെ പാചകാവശ്യത്തിന് ഉപയോഗിക്കുന്നു. പ്ലാന്റിൽനിന്ന് സ്ലറി ടാങ്കിലേക്ക് എത്തുന്ന വെള്ളം ചാണക സംസ്കരണ യൂണിറ്റിലേക്ക് സ്ലറി പമ്പ് ഉപയോഗിച്ച് എത്തിക്കും. മൂന്നു മീറ്റർ വ്യാസത്തിലും ആഴത്തിലും തയാറാക്കിയ വൃത്താകൃതിയുള്ള ടാങ്കിലേക്കാണ് ഇത്തരത്തിൽ സ്ലറി എത്തുന്നത്. ഈ വെള്ളത്തിലേക്ക് തൊഴുത്തിൽനിന്ന് കോരിമാറ്റുന്ന ചാണകം സംയോജിപ്പിച്ച് ചേർക്കുന്നുമുണ്ട്. ഇത് പ്രത്യേകം പമ്പ് ഉപയോഗിച്ച് ഡീവാട്ടറിങ് മെഷീനിലേക്ക് എത്തിക്കുന്നു. മെഷീനിലേക്ക് അധികമായി എത്തുന്ന വെള്ളം ടാങ്കിലേക്ക് തിരികെ എത്തുന്നു. ഈ വെള്ളം വീഴുന്നതനുസരിച്ച് ടാങ്കിനുള്ളിലെ വെള്ളം വൃത്താകൃതിയിൽ കറങ്ങിക്കൊണ്ടിരിക്കും. ഡീവാട്ടറിങ് മെഷീനിൽനിന്ന് പുറത്തേക്ക് എത്തുന്ന വെള്ളം 20 ഘന മീറ്ററിന്റെ ബയോഗ്യാസ് പ്ലാന്റിലേക്ക് പോകും. വെള്ളം നീക്കം ചെയ്ത ചാണകം പൊടി രൂപത്തിലും സംപുഷ്ടീകരിച്ചും വിൽക്കുന്നു. പൊടി രൂപത്തിൽ ചാക്കിന് 300 രൂപ നിരക്കിലാണ് വിൽപന. ട്രൈക്കോഡെർമ ചേർത്ത് സംപുഷ്ടീകരിച്ച ചാണകത്തിന് കിലോയ്ക്ക് 30 രൂപയും. സ്യൂഡോമൊണാസ് ചേർത്ത ചാണകവും ഇപ്പോൾ വിൽക്കുന്നുണ്ട്.

ആത്മവിശ്വാസമായപ്പോൾ മാത്രം വായ്പ
വായ്പ എടുത്ത് ഫാമിങ് മേഖലയിലേക്ക് കടക്കരുതെന്ന് വിധുവിന്റെ ഭർത്താവ് രാജീവ്. മുതൽമുടക്കേണ്ട തുകയുടെ 70 ശതമാനമെങ്കിലും കൈവശമുണ്ടെങ്കിൽ മാത്രമേ ഇതിലേക്ക് ഇറങ്ങാവൂ. ഒരു ഫാം നല്ല രീതിയിൽ പ്രവർത്തനക്ഷമമാകാൻ മൂന്നു വർഷമെങ്കിലും വേണ്ടിവരും. അതുവരെ പിടിച്ചുനിൽക്കാൻ കഴിയുന്നവനു മാത്രമേ തുടർന്നും ഫാം മുൻപോട്ടു കൊണ്ടുപോകാൻ കഴിയൂ. ഭാര്യയും ഭർത്താവും ഒരുപോലെ ചിന്തിച്ചു പ്രവർത്തിച്ചെങ്കിൽ മാത്രേ സംരംഭം വിജയിക്കൂ. പൂർണമായും തൊഴിലാളികളെ ഏൽപ്പിച്ചാൽ മറിച്ചാകും ഫലം.

ചെറിയ രീതിയിൽ ആരംഭിച്ച് 7 വർഷംകൊണ്ട് വളർത്തിയെടുത്തതാണ് ഇന്നു കാണുന്ന പറുദീസ ഫാമെന്ന് രാജീവ്. ഒന്നും രണ്ടും പശുക്കളെ വളർത്തി പഠിച്ചപ്പോൾ മുൻപോട്ടു പോകാമെന്നു തോന്നി. ആദ്യകാലത്തെ പശുക്കളിൽനിന്നുള്ള വരുമാനം ഫാമിലേക്കു തന്നെയായിരുന്നു നിക്ഷേപിച്ചത്. ഇത് വിജയമായപ്പോൾ വിദേശത്തു ജോലി ചെയ്ത പണം ഫാമിന്റെ വികസനത്തിലേക്ക് മുതൽമുടക്കി. അത് പശുക്കളായും ആടുകളായും ഷെഡ്ഡായും ഫാമിലുണ്ട്. ഇന്ന് ഫാമിലെ പ്രവർത്തനങ്ങളും വീട്ടുചെലവുകളും മക്കളുടെ പഠനച്ചെലവുമെല്ലാം നടന്നുപോകുന്നത് ഫാമിലെ വരുമാനംകൊണ്ടുതന്നെ. ഒപ്പം അന്ന് നിക്ഷേപിച്ച തുക വിധു തിരിച്ചു നൽകാൻ തുടങ്ങിയെന്നും രാജീവ്.
ഫാമിന്റെ പ്രവർത്തനത്തിൽ ആത്മവിശ്വാസമായപ്പോൾ മാത്രമാണ് വായ്പയെക്കുറിച്ച് ചിന്തിച്ചതെന്നു വിധു. പിഎംഇജി പദ്ധതിയിലൂടെ (Prime Ministers Employment Generation Programme) വായ്പയെടുത്താണ് ചാണക സംസ്കരണ യൂണിറ്റും ഫാമിലെ മറ്റുചില പ്രവർത്തനങ്ങളും തുടങ്ങിയത്. ഇപ്പോൾ മാസം ഒരു ലക്ഷം രൂപയുടെ ചാണകം വിൽക്കാൻ കഴിയുന്നതുകൊണ്ടുതന്നെ ഈ സംരംഭം തുടങ്ങിയത് നഷ്ടമല്ല. ചാണകം വിൽക്കുന്നതിലൂടെ മികച്ച വരുമാനം നേടാൻ കഴിയുന്നുവെന്ന് പറഞ്ഞപ്പോൾത്തന്നെ പലരും കുറ്റപ്പെടുത്തി. അത് ഒരിക്കലും സാധ്യമല്ലെന്നായിരുന്നു പലരുടെയും കണക്കുകൂട്ടലും ധാരണയും. വിപണി സാധ്യത തിരിച്ചറിഞ്ഞ് അധ്വാനിക്കാൻ തയാറായാൽ ഡെയറി ഫാമിൽനിന്ന് പലവഴി വരുമാനം നേടാനാകും. സ്വന്തം ഫാമിലെ ചാണകം തികയാത്തതിനാൽ സമീപത്തെ ഒരു ഫാമിൽനിന്ന് ചാണകം എത്തിച്ച് സംസ്കരിച്ചു വിൽക്കുന്നുണ്ടെന്നും വിധു.

പറുദീസ ഫാം ഇനി മറ്റൊരു സംരംഭത്തിലേക്കുകൂടി കടക്കുകയാണെന്ന് വിധു. നിലവിൽ ചെറിയ രീതിയിൽ പാലുൽപന്നങ്ങൾ തയാറാക്കി വിൽക്കുന്നുണ്ടെങ്കിലും അത് വിപുലമായി ചെയ്യാനാണ് തീരുമാനം. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷന്റെ വായ്പാ സഹായത്തോടെ പാൽ സംസ്കരണ യൂണിറ്റ് വൈകാതെ പ്രവർത്തനമാരംഭിക്കും. പാൽ പാസ്ചുറൈസ് ചെയ്ത് പാക്കറ്റ് ആക്കിയും തൈര്, നെയ്യ്, സിപ് അപ് തുടങ്ങിയ മൂല്യവർധിത ഉൽപന്നങ്ങളാക്കിയും വിൽക്കുകയാണ് ലക്ഷ്യം. ഒപ്പം സമീപത്തെ ക്ഷീരകർഷകരുടെ പാൽ വാങ്ങിക്കാനും പദ്ധതിയുണ്ട്. പ്രതിദിനം 1000 ലീറ്റർ പാലിന്റെ സംസ്കരണമാണ് ഉദ്ദേശിക്കുന്നതെന്നും വിധു പറഞ്ഞു.
ഫോൺ: 96054 75674, 95442 75624