രണ്ടു പശുക്കളിൽനിന്ന് 50 കോടിയിലേക്കു വളർന്ന കർഷകൻ: ആരും സഞ്ചരിക്കാത്ത വഴിയിലൂടെ സഞ്ചരിച്ച് ‘വിയർപ്പു തുന്നിയിട്ട കുപ്പായം’

Mail This Article
‘‘എനിക്ക് ഒരു ഡെയറി ഫാം തുടങ്ങണം. അതുകൊണ്ടു ജീവിച്ചോളാം’’ എന്ന് കോളജ് വിദ്യാർഥിയായ രഞ്ജിത് തന്റെ മാതാപിതാക്കളോടു പറഞ്ഞപ്പോള്‍ കുടുംബമാകെ ഞെട്ടി. കേട്ടറിഞ്ഞ സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ ഞെട്ടി. കാലങ്ങള്‍ കടന്നുപോകെ സ്വന്തം ജീവിതവും അധ്വാനവും സംരംഭവുംകൊണ്ട് അവരെയൊക്കെ വീണ്ടും വീണ്ടും ഞെട്ടിക്കുകയാണ് തിരുവനന്തപുരം കോവളത്തെ ഐഡി മിൽക്ക് ആൻഡ് മിൽക്ക് പ്രോഡക്ട്സിന്റെ സാരഥി എച്ച്.രഞ്ജിത് കുമാർ. 25 വർഷംകൊണ്ട് അദ്ദേഹം കെട്ടിപ്പടുത്ത ഐഡി മിൽക്ക് എന്ന ബിസിനസ് സാമ്രാജ്യത്തിനു പിന്നില്‍ നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും അവഗണനയുടെയും കണ്ണീരിന്റെയും കഥകളുണ്ട്.
ഇന്ന് പ്രതിദിനം 50,000 ലീറ്റർ പാലും പാലുൽപന്നങ്ങളും വിൽക്കുന്ന സംരംഭമാണ് ഐഡി മിൽക്ക്. ഒപ്പം മറ്റു ഭക്ഷ്യോൽപന്നങ്ങൾ വിപണിയിലിറക്കുന്ന ഐഡിആർ എന്ന ബ്രാൻഡും ഉണ്ട്. കർഷകശ്രീയോട് രഞ്ജിത് മനസ്സു തുറന്നപ്പോൾ...
രണ്ടാം വർഷ ഡിഗ്രി കാലയളവിലാണ് എനിക്കു പശുക്കളോടു കമ്പം തോന്നിയത്. അന്ന് വീട്ടിൽ രണ്ടു പശുക്കളെ വളർത്തുന്നുണ്ടായിരുന്നു. എന്തുകൊണ്ട് ഒരു ക്ഷീരകർഷകനായിക്കൂടാ എന്നു സ്വയം ചിന്തിച്ചു. സ്വന്തം തീരുമാനം മാത്രം പോരല്ലോ. വീട്ടിൽനിന്ന് അനുവാദം ലഭിക്കേണ്ടേ. ഇക്കാര്യം അച്ഛനോട് നേരിട്ടു പറയാൻ പേടി. പശു വളർത്തലിലേക്ക് ഇറങ്ങുന്നുവെന്നു പറയുമ്പോൾ ഞാൻ അതിനു പ്രാപ്തനാണെന്ന് അദ്ദേഹത്തിനു ബോധ്യമാകണമല്ലോ. അതിനായി അന്നുമുതല്‍ വീട്ടിലെയും തൊഴുത്തിലെയും എല്ലാ പണികളും ഞാൻ ചെയ്തു. ഒരിക്കൽ ഇവൻ ഏതു പണി ചെയ്തായാലും രക്ഷപ്പെടുമെന്ന് അച്ഛൻ അമ്മയോടു പറയുന്നതു കേട്ടു. എന്നിൽ മതിപ്പുണ്ടെന്നു മനസ്സിലായതോടെ എന്റെ ആഗ്രഹം അച്ഛനോടു പറയാമെന്ന് ഉറപ്പിച്ചു. കാര്യം പറഞ്ഞപ്പോൾ പേടിച്ചതുപോലുള്ള എതിർപ്പൊന്നും ഉണ്ടായില്ല. മാത്രമല്ല, സഹായ വാഗ്ദാനവും നല്‍കി. ഏറെ സന്തോഷം തോന്നിയ നിമിഷങ്ങള്‍ക്കു പക്ഷേ ഏതാണ്ട് ഒരു മണിക്കൂറിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.
എന്റെ ആഗ്രഹം സമ്മതിച്ചു വീടിനു പുറത്തേക്കു പോയ അച്ഛൻ മടങ്ങിവന്നത് എന്നെ അപ്പാടെ ഇല്ലാതാക്കുന്ന തീരുമാനവുമായിട്ടാണ്. നാട്ടിലെ കർഷകരുമായിട്ടൊക്കെ സംസാരിച്ചിട്ടായിരുന്നു ആ വരവ്. അവർ അച്ഛനോട് ഒന്നേ ചോദിച്ചുള്ളൂവത്രെ, കൃഷിയിലൂടെ ഇതുവരെ ഞങ്ങൾക്ക് ഒന്നും നേടാനായിട്ടില്ല, പിന്നെ ഒന്നുമറിയാത്ത പയ്യന്‍ എങ്ങനെ വിജയിക്കും? എന്നാൽ, എന്റെ തീരുമാനത്തിൽ ഞാൻ ഉറച്ചുനിന്നു. അതോടെ അച്ഛനുമായി തെറ്റി. ഞാൻ തളർന്നില്ല, രണ്ടും കൽപിച്ച് തുനിഞ്ഞിറങ്ങി. പശുവളര്‍ത്തലിലും തീറ്റപ്പുല്ലുകൃഷിയിലും അന്നെനിക്കു വഴികാട്ടിയായത് കർഷകശ്രീയാണ്. സെക്രട്ടേറിയറ്റ് പരിസരത്തുനിന്ന് എല്ലാ മാസവും കർഷകശ്രീ മാസിക വാങ്ങി ലേഖനങ്ങളും കർഷകരുടെ വിജയകഥകളും വായിച്ചു മനസ്സിലാക്കി. വീട്ടിലുണ്ടായിരുന്ന പശുക്കളെ ഞാന്‍ ഏറ്റെടുത്തു. അവയ്ക്കായി പുറമേനിന്ന് തീറ്റപ്പുല്ല് വാങ്ങുമായിരുന്നു. അതിന്റെ തണ്ടെടുത്തു നട്ട് പുല്‍കൃഷി തുടങ്ങി. ഒപ്പം പാൽവിൽപനയും. ആദ്യം സൊസൈറ്റിയിലായിരുന്നു വില്‍പന. പിന്നീട് പാല്‍ പാക്കറ്റിലാക്കി ആവശ്യക്കാര്‍ക്ക് നേരിട്ടു വിൽക്കാൻ തുടങ്ങി. വലിയൊരു ബ്രാൻഡ് ആയി വളരുകയായിരുന്നു അന്നത്തെ ആഗ്രഹം.

അപ്പോഴും എന്നെ ഈ മേഖലയിൽനിന്ന് മാറ്റാൻ അച്ഛൻ ശ്രമിച്ചുകൊണ്ടിരുന്നു. അച്ഛന്റെ ഒരു സുഹൃത്തിന്റെ റിസോർട്ടിൽ റിസോർട്സ് അസോസിയേഷന്റെ കണക്കെഴുതാൻ എന്നെ കൊണ്ടിരുത്തി. എന്നാൽ, ആ ജോലിക്കു പോകുന്നതിനു മുൻപും തിരികെ വന്നതിനുശേഷവും പശുപരിപാലനം ഞാന്‍ തീവ്രമായി തുടര്‍ന്നു. പാലിന് ആവശ്യക്കാർ കൂടിവരുന്നതിനൊപ്പം പശുക്കളുടെ എണ്ണവും വർധിപ്പിച്ചുകൊണ്ടിരുന്നു. വിൽപന കൂടിയെങ്കിലും വരുമാനത്തിൽ വലിയ വർധനയൊന്നും ഉണ്ടായില്ല. പരിചയക്കുറവുതന്നെ കാരണം. പുതിയ പശുക്കളെ വാങ്ങിയതില്‍ ചതി പറ്റി. വലിയ നഷ്ടങ്ങളുമുണ്ടായി. എന്റെ അറിവില്ലായ്മ പലരും ചൂഷണം ചെയ്ത് പാലുൽപാദനം കൂടിയതെന്നു പറഞ്ഞ് കറവ കുറഞ്ഞ പശുക്കളെയാണ് പലരും തന്നത്. പരാജയകാലത്തും അമ്മ ഒപ്പം നിന്നതു ബലമായി.
അങ്ങനെയിരിക്കെയാണ് തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച പുൽക്കൃഷിക്കുള്ള സര്‍ക്കാര്‍ അവാർഡ് എനിക്കു ലഭിക്കുന്നത്. ഒറ്റയ്ക്ക് ചെയ്യുന്നതുകൊണ്ടുതന്നെ അധ്വാനം കുറയ്ക്കുന്നതിനായി വലിയ സ്പ്രിങ്ഗ്ലർ ഒക്കെ വച്ചായിരുന്നു കൃഷി. അന്ന് ആറേഴ് ഏക്കറോളം സ്ഥലത്ത് പുൽക്കൃഷിയുണ്ടായിരുന്നു. അത്രയും സ്ഥലത്ത് പൂർണമായും സ്പ്രിങ്ഗ്ലർ നന നടത്തുന്നതു പലർക്കും അദ്ഭുതക്കാഴ്ചയായിരുന്നു. അന്ന്, അത്തരം തോട്ടങ്ങളൊക്കെ വിരളം. അതാണ് എന്നെ അവാർഡിന് അര്‍ഹനാക്കിയത്.
വളർച്ചയുടെ നാളുകള്‍
പഠിച്ചും പരിചയിച്ചും ക്രമേണ കാര്യങ്ങളൊക്കെ നേരെയായി. 2 പശുക്കളിൽ തുടങ്ങിയ സംരംഭം ക്രമേണ വളർന്ന് മുന്നൂറോളം പശുക്കളുള്ള വലിയ ഡെയറി ഫാമായി. ഒപ്പം സമീപത്തെ കർഷകരുടെ പാലും വാങ്ങാൻ തുടങ്ങി. ഘട്ടം ഘട്ടമായിത്തന്നെ പാൽ വിൽപനയും വളർന്നു. കറന്നയുടനെ പാൽ അര ലീറ്റർ കറവിലാക്കി സീൽ ചെയ്താണ് ആദ്യഘട്ടത്തിൽ വിൽപന നടത്തിയത്. പാലിന്റെ അളവ് കൂടിയതിനൊപ്പം വിപണനമേഖലയും വികസിച്ചതോടെ ഫ്രഷ് പാൽ വിൽപന ബുദ്ധിമുട്ടായി. 1000 ലീറ്ററിന്റെ ബൾക്ക് മിൽക്ക് കൂളറും (ബിഎംസി) മെച്ചപ്പെട്ട പാക്കിങ് മെഷീനും വാങ്ങി. അന്ന് അതിന് ഏതാണ്ട് 6 ലക്ഷം രൂപയായി. പാൽ തണുപ്പിച്ചു പായ്ക്ക് ചെയ്തായി രണ്ടാം ഘട്ടത്തില്‍ വിൽപന. എന്നെപ്പോലെതന്നെ പലരും പാക്കറ്റ് പാൽ വിപണിയിൽ ഇറക്കാൻ തുടങ്ങിയതോടെയാണ് ബ്രാൻഡ് ചെയ്യുന്നത്. ഈ സംരംഭത്തില്‍ എന്നും എന്റെ ഒപ്പം നിന്ന അമ്മയുടെ പേരാണ് ബ്രാൻഡ് ആയി സ്വീകരിച്ചത്. ഇന്ദിരാദേവി എന്ന പേരിൽനിന്നാണ് ഐഡി മിൽക്ക് എന്ന പേരിന്റെ പിറവി. അതിനുശേഷം പാൽ സംസ്കരിച്ച് വിൽക്കാൻ തുടങ്ങി. ഇപ്പോൾ ടോൺഡ്, ഡബിൾ ടോൺഡ്, സ്കിംഡ് മിൽക്ക്, സ്റ്റാൻഡേർഡ് മിൽക്ക് തുടങ്ങിയ പലതരം പാൽ വിപണിയിൽ എത്തിക്കുന്നു. തൈര്, പനീർ, ബട്ടർ, സിപ്അപ് എന്നിവയുമുണ്ട്. നെയ്യാണ് മറ്റൊരു പ്രധാന ഉൽപന്നം. എന്നാൽ, അത് ഓൺലൈൻ ആയി മാത്രമാണു വിൽപന.

വിവാഹം വഴിത്തിരിവ്
ഇതിനിടെ വിവാഹം കഴിഞ്ഞു. ഒരു ബന്ധു മുൻകൈ എടുത്താണ് അതു നടത്തിയത്. അങ്ങനെ സായി പ്രിയങ്ക എന്റെ ജീവിതത്തിലേക്കു കടന്നുവന്നു. അവർ കാർഷിക പാരമ്പര്യമുള്ള കുടുംബമായതുകൊണ്ടും കൃഷിയോടു താൽപര്യമുള്ളവരായതുകൊണ്ടുമാണ് വിവാഹം നടന്നത്. സായി പ്രിയങ്ക വന്നതോടെ എനിക്കു കുറച്ച് ആശ്വാസ മായി. എനിക്കു സംസാരിക്കാൻ ഒരാളായി എന്നതായിരുന്നു വലിയ കാര്യം. എപ്പോഴും പശുക്കളുടെ പിറകെ നടന്ന എനിക്കു കൂട്ടുകാർ എന്നു പറയാന്‍പോലും ആരുമില്ലായിരുന്നു. അവൾ എന്റെ ജോലികൾ പലതും ഏറ്റെടുത്തു സഹായിക്കാൻ തുടങ്ങി. ശരിക്കും അവിടെനിന്നാണ് ബിസിനസിന്റെ വളർച്ച ആരംഭിക്കുന്നത്. ഇന്ന് ഉൽപാദനവും വിപണനവും ഞാൻ ശ്രദ്ധിക്കുമ്പോൾ കണക്കുകൾ കൈകാര്യം ചെയ്യുന്നത് സായ് പ്രിയങ്കയാണ്.

ഐഡിആർ ബ്രാന്‍ഡ്
ഐഡി മിൽക്ക് എന്ന ബ്രാൻഡിൽ പാലും പാലുൽപന്നങ്ങളും പുറത്തിറങ്ങുമ്പോൾ ഐഡിആർ ബ്രാൻഡിൽ മറ്റു ഭക്ഷ്യോൽപന്നങ്ങൾ പുറത്തിറക്കുന്നു. പാൽ മാത്രമാകുമ്പോൾ വിതരണക്കാർക്ക് കാര്യമായ വരുമാനം ലഭിക്കുന്നില്ലെന്നു തോന്നിയതിനാലാണ് മറ്റു ഭക്ഷ്യോൽപന്നങ്ങളുടെ ഉല്‍പാദനത്തിലേക്കു കൂടി തിരിഞ്ഞത്. ഐഡിആർ ബ്രാൻഡിൽ ദോശമാവ്, ചപ്പാത്തി, പൂരി, ബ്രഡ്, സ്നാക്സ് എന്നിവയാണ് വിപണിയിലിറക്കുന്നത്. 6 ഏക്കറിൽ വാഴക്കൃഷിയുമുണ്ട്. സ്വന്തം തോട്ടത്തിലെ നേന്ത്രനാണ് ചിപ്സ് നിർമാണത്തിന് ഉപയോഗിക്കുന്നത്. ബേബി ഫുഡ്, വാഴപ്പിണ്ടി പോലുള്ള ഉൽപന്നങ്ങൾ വൈകാതെ പുറത്തിറക്കും.

കഴിവുണ്ടെങ്കിൽ വിജയിക്കും
‘‘ഞാൻ അറിഞ്ഞീല എൻ പൂക്കാലം
ഇപ്പോൾ കൊഴിഞ്ഞുപോയി ആ പൂക്കാലം
ആ പൂക്കാലത്തെ വരവേൽക്കാനാകുമോ എൻ യുവ മിഥുനമേ?
പണ്ടെനിക്ക് ആശയില്ല,
വിഷാദമാണെനിക്ക് കൂട്ട്
ആ കൂരിരുട്ടിൽ തപ്പിത്തടയുകയാണ് എൻ മനം’’

ബുദ്ധിമുട്ടുകളുടെ കാലഘട്ടത്തിലൂടെ കടന്നുപോയപ്പോൾ ഞാൻ എഴുതിയ വരികളാണിത്. ഒരു വ്യക്തിയുടെ ജീവിതത്തിന്റെ വസന്തകാലമായ യൗവനത്തിൽ ഞാൻ കളിച്ചുനടക്കുന്ന സാഹചര്യം എനിക്ക് ഉണ്ടായിട്ടില്ല. അന്നു പശുക്കളുടെയും കൃഷിയുടെയും പിന്നാലെയായിരുന്നു. എന്നാൽ, എന്റെ യൗവനത്തിൽ ഞാൻ കളിച്ചു നടന്നിരുന്നെങ്കിൽ എനിക്ക് ഇങ്ങനൊരു സ്ഥാപനം ഉണ്ടാകുമായിരുന്നില്ല. എന്റെ യൗവനത്തെ ഞാൻ എന്റെ ലക്ഷ്യത്തിനുവേണ്ടി ചെലവഴിച്ചപ്പോൾ എന്റെ വിജയത്തിലൂടെ അത് എനിക്കിപ്പോൾ തിരിച്ചുകിട്ടി.
ഒരിക്കൽ സാമ്പത്തികമായി ബുദ്ധിമുട്ടു വന്ന അവസരത്തിൽ അച്ഛനോടു സഹായം ചോദിച്ചു. ‘‘നിന്നെ ഒരിക്കലും ഞാൻ സഹായിക്കില്ല, നിന്റെ തന്നിഷ്ടത്തിന് നീ തിരഞ്ഞെടുത്ത മേഖലയിൽ നിനക്കു കഴിവുണ്ടെങ്കിൽ മാത്രം നീ രക്ഷപ്പെട്ടാൽ മതി’’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അന്ന് അച്ഛൻ എന്നോടുള്ള ദേഷ്യം കൊണ്ടോ, ഞാൻ ഇങ്ങനെയായിപ്പോയി എന്ന വിഷമംകൊണ്ടോ ആയിരിക്കാം അങ്ങനെ പറഞ്ഞത്. അങ്ങനെയെങ്കിലും ഞാൻ ഇത് വിട്ടെറിഞ്ഞ് വരുമല്ലോ എന്ന് അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകും. എന്നാൽ, പിന്നീട് ആലോചിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി, എന്നെ അന്ന് സാമ്പത്തികമായി അച്ഛൻ സഹായിച്ചിരുന്നെങ്കിൽ ഞാനൊരിക്കലും വിജയിക്കില്ലായിരുന്നു. കാരണം, എന്റെ സംരംഭം വിജയിക്കണമെങ്കിൽ ഞാൻ തന്നെ ശ്രമിക്കണം. മറ്റാരെങ്കിലും സഹായിച്ചാൽ വിജയിപ്പിക്കാനുള്ള ശ്രമം എനിക്ക് ഉണ്ടാകുമായിരുന്നില്ല. നമ്മൾ ചെയ്യുന്ന തൊഴിൽ ഏതാണെങ്കിൽ അതിൽ നമ്മൾ പൂർണമായി ഇറങ്ങിയാൽ വിജയത്തിലേക്ക് എത്തിക്കാൻ കഴിയും.
ഒരു പശുവിന് തീറ്റ നൽകി പാൽ കറന്നു വിൽക്കുമ്പോൾ നമ്മുടെ ജീവിതം കൂടിയാണ് അവിടെ ചെലവഴിക്കുന്നത്. അപ്പോൾ അയാൾക്ക് അതിന്റെ മൂല്യം കിട്ടുന്നുണ്ടോ? മൂല്യം കിട്ടാൻ എന്തു ചെയ്യണം? ഈ ചിന്തയുണ്ടെങ്കിൽ മാത്രമേ ഒരു തൊഴിൽ എന്ന രീതിയിൽ ഏതാണെങ്കിലും വിജയിക്കുകയുള്ളൂ. എന്നാൽ, പലരും അപ്പോൾ ലഭിക്കുന്ന പാൽ മാത്രമേ കണക്കാക്കുന്നുള്ളൂ. അതിന് എത്രമാത്രം മൂല്യമുണ്ടെന്നുള്ളത് പറഞ്ഞറിയിക്കാൻ കഴിയില്ല. ഓരോ കാര്യവും നമ്മൾ സ്പെഷലൈസ് ചെയ്യുമ്പോൾ നൂറിരട്ടി സാധ്യതകൾ അതിലുണ്ട്. അത് കണ്ണുതുറന്ന് കാണാൻ ആരും ശ്രമിക്കുന്നില്ല.
ഫോൺ: 9895714299