ADVERTISEMENT

എൺപതുകളുടെ അവസാനത്തിലാണ് പാലക്കാട്ടെ മീനാക്ഷി സുന്ദരം കൂൺ കൃഷിയിലേക്ക് ഇറങ്ങുന്നത്. ചെറിയ രീതിയിൽ തൂടങ്ങിയ കൂൺ സംരംഭം ഇന്ന് മൂന്നു സംസ്ഥാനങ്ങളിലെ കർഷകർ തേടിയെത്തുന്ന മെഡോ മഷ്റൂം ആയി വളർന്നിരിക്കുന്നു. ആദ്യകാലത്ത് കൂൺ ഉൽപാദനമായിരുന്നു പ്രധാനമായും ഉണ്ടായിരുന്നതെങ്കിൽ ഇടക്കാലത്ത് പൂർണമായും വിത്തുൽപാദനത്തിലേക്ക് ചുവടുവച്ച മീനാക്ഷി സുന്ദരം ഇപ്പോൾ വിത്തും കൂണും ഒരുപോലെ ഉൽപാദിപ്പിക്കുന്നുണ്ട്. 

ടാക്സ് പ്രാക്ടീഷനർ ജോലി വിട്ടാണ് പാലക്കാട് നഗരാതിർത്തിയിലുള്ള ഓലശ്ശേരിയിലെ പുരയിടത്തിൽ മീനാക്ഷി സുന്ദരം കൂൺകൃഷി തുടങ്ങുന്നത്. വിരലിലെണ്ണാവുന്ന ബെഡ്ഡുകളിൽ തുടങ്ങി കേരളത്തിലെ മുൻനിര കൂൺകർഷകനായി വളർന്ന നാളുകൾ. പുരയിടത്തിലെ ആറു കൂൺപുരകളിലായി പതിനായിരത്തിലേറെ ബെഡ്‌ഡുകൾ. ദിവസവും വിരിഞ്ഞിരുന്നത് കിലോക്കണക്കിന് ചിപ്പിക്കൂണും പാൽക്കൂണും. വീടു കയറിയിറങ്ങി വിൽപന. കേരളത്തിലും കർണാടകയിലും തമിഴ്‌നാട്ടിലും വിപണി. ഈ സാഹചര്യത്തിലാണ് കൂൺപുരകൾ ഉപേക്ഷിച്ച് 2014ൽ കൂൺവിത്ത് ഉൽപാദനത്തിലേക്കു കടന്നത്. കൂൺകൃഷി നഷ്ടമായതുകൊണ്ടല്ല, മറിച്ച്, കൂൺ കർഷകരുടെ മുന്നിലെ മുഖ്യ വെല്ലുവിളിക്കുള്ള പരിഹാരം ഒരു സംരംഭമായി വളർത്താമെന്ന കണക്കുകൂട്ടലിലാണ്. തെറ്റിയില്ല, ഇന്നു ദിവസം 200 കിലോ കൂൺവിത്ത് (സ്പോൺ) ഉൽപാദിപ്പിച്ചു വിൽക്കുന്നുണ്ട് അദ്ദേഹം.

mushroom-2
ശങ്കരി

കൂണും സ്പോണും 

ചിപ്പിക്കൂൺകൃഷിയിൽ ഏറെ മുന്നേറിയെങ്കിലും ഗുണമേന്മയുള്ള കൂൺ വിത്തിന്റെ ലഭ്യത എന്നും പ്രശ്‌നമായിരുന്നെന്ന് മീനാക്ഷി സുന്ദരം. എല്ലാ കൂൺകർഷകരുടെയും പ്രശ്നമാണിത്. സ്വന്തം നിലയ്ക്ക് സ്പോൺ ഉൽപാദിപ്പിക്കാനുള്ള ശ്രമം തുടങ്ങുന്നത് അങ്ങനെ. വാണിജ്യാടിസ്ഥാനത്തിൽ കൂൺകൃഷി ചെയ്യുന്നവരു ടെ പതിവിനമായ പ്ലൂറോട്ടസ് ഫ്ലോറിഡയേക്കാൾ ഗുണമേന്മയുള്ള ഇനത്തെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തിയത് എച്ച് യു ഇനത്തിൽ. നല്ല വലുപ്പവും ദൃഢതയുമുള്ള ഈ കൂണിനത്തിനു കൂടുതൽ തൂക്കവും ദീർഘമായ സൂക്ഷിപ്പുകാലവുമുണ്ടെന്നു കണ്ടതോടെ അതിലായി ശ്രദ്ധയത്രയും. മികച്ച വിളവു നൽകുന്ന എച്ച് യു ഇനത്തിന്റെ വിത്തു തേടി കർഷകർ എത്തിത്തുടങ്ങിയതോടെ കൂൺ കൃഷി കുറഞ്ഞു, സ്പോൺകൃഷി വളർന്നു. ഇന്ന് കർഷകർ ആവശ്യപ്പെടുന്ന ഇനങ്ങളുടെ വിത്തുകൾ തയാറാക്കി നൽകാൻ സാധിക്കുന്നുണ്ടെന്ന് മീനാക്ഷി സുന്ദരം പറഞ്ഞു. 

കൂൺകോശങ്ങൾ കൾച്ചർ ചെയ്തുണ്ടാക്കുന്ന മൈസീലിയം ഉപയോഗിച്ചാണ് സ്പോൺ തയാറാക്കുന്നത്. മറ്റു സസ്യങ്ങളുടെ ടിഷ്യുകൾച്ചർ രീതിയുമായി താരതമ്യം ചെയ്യുമ്പോൾ കൂണിന്റേത് എളുപ്പമാണ്. പൊട്ടറ്റോ ഡെക്സ് ട്രോസ് അഗർ (Potato Dextrose Agar)ആണ് കൂണിന്റെ ടിഷ്യു കൾച്ചർ തയാറാക്കാനുള്ള മാധ്യമമായി ഉപയോഗിക്കുന്നത്. കൾച്ചർ തയാറാക്കുന്നതിലും, ഓട്ടോ ക്ലേവിൽ വച്ച് അണുനാശനം വരുത്തിയ മണിച്ചോളത്തിൽ കൾച്ചർ കലർത്തി കുമിൾ വളർത്തുന്നതിലും, മദർസ്പോണിൽനിന്ന് കൃഷിക്കായുള്ള കൂൺവിത്തു തയാറാക്കുന്നതിലുമെല്ലാമുണ്ട് മൈക്രോ ബയോളജിക്കാരി മകൾ ശങ്കരിയുടെ ശ്രദ്ധയും സഹായവും. അതുകൊണ്ടുതന്നെ കൂൺവിത്തിന്റെ ഗുണമേന്മയിൽ തെല്ലും ആശങ്കയില്ല മീനാക്ഷി സുന്ദരത്തിന്. 

നെല്ലിലും മണിച്ചോളത്തിലും വിത്ത് തയാറാക്കുന്നുണ്ടെങ്കിലും മണിച്ചോളത്തിനാണ് ഗുണമേന്മ കൂടുതൽ. ആവശ്യക്കാർ കൂടുതലുള്ളതും മണിച്ചോളത്തിലുള്ള വിത്തിനാണ്. കേരളത്തിന്റെ അതിർത്തി പ്രദേശമായതിനാൽ മണിച്ചോളമൊക്കെ കുറഞ്ഞ വിലയിൽ ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തന്റെ വിത്തുകൾക്കും വിലക്കുറവുണ്ടെന്ന് മീനാക്ഷി സുന്ദരം പറഞ്ഞു. കേരളം കൂടാതെ തമിഴ്നാട്ടിലും കർണാടകത്തിലും വിത്തിന് ആവശ്യക്കാരുണ്ട്. വിത്ത് ആവശ്യപ്പെടുന്നവർക്ക് കുറിയർ വഴിയാണ് പ്രധാനമായും അയച്ചുകൊടുക്കുക. എങ്കിലും ബസ്, ട്രെയിൻ സർവീസും വിത്തു വിൽപനയ്ക്ക് പ്രയോജനപ്പെടുത്താറുണ്ട്.

നേരത്തെ പൂർണമായും കൂൺ വിത്തുൽപാദനത്തിലേക്ക് ശ്രദ്ധ തിരിച്ചെങ്കിലും കൂണിന് ആവശ്യക്കാർ കൂടിയതോടെ കൂൺ കൃഷി വീണ്ടും ആരംഭിച്ചിട്ടുണ്ട്. രണ്ടു ഷെഡുകളിലായി 1600 ബെഡുകളിൽ കൂൺ കൃഷിയുണ്ട്. ദിവസം ശരാശി 35 കിലോ ഉൽപാദനം. 200 ഗ്രാം പാക്കറ്റുകളിലാക്കിയാണ് വിൽപന. നേരിട്ട് വിൽക്കുന്നതു കൂടാതെ ഏതാനും വിതരണക്കാർ വഴിയും വിൽപന നടക്കുന്നുണ്ട്. 

തുടക്കവും തുടർച്ചയും 

mushroom-3
മീനാക്ഷി സുന്ദരം

കൂൺകൃഷിയിൽ താൽപര്യമുള്ള ഒട്ടേറെ കർഷകർ കേരളത്തിലുണ്ട്. എന്നാൽ ഭൂരിപക്ഷവും നീങ്ങുന്നതു തട്ടിയും തടഞ്ഞും. രണ്ടു കാരണങ്ങളാണ് അതിനു മീനാക്ഷി സുന്ദരം കാണുന്നത്. ഒന്ന്, മോശം കൂൺവിത്ത് ഉപയോഗിക്കുന്നതുമൂലം നേരിടുന്ന പ്രശ്‌നങ്ങൾ. ഉൽപാദനക്കുറവു മുതൽ കൃഷിപരാജയത്തിനുവരെ ഇതു കാരണമാവുന്നു. അതോടെ തുടങ്ങിയവർ പലരും മനസ്സു മടുത്തു പിൻവാങ്ങും. 

രണ്ടാമത്തേത്, വിപണനപ്രശ്നങ്ങൾ. കടകൾ വഴിയുള്ള വിപണന ത്തിനു പകരം പാലും പത്രവും പോലെ കൂണും നേരിട്ട് ഉപഭോക്താവിന്റെ വീട്ടിലെത്തിച്ചു വിൽക്കുന്ന രീതിയാണ് നേട്ടമുണ്ടാക്കുകയെന്നു മീനാക്ഷി സുന്ദരം പറയുന്നത് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ്. ആഴ്‌ചയിലൊരിക്കൽ ഒരു വീട്ടിൽ എത്തുന്ന രീതിയിൽ വേണം വിപണനം ക്രമീകരിക്കാൻ. കടകളിലിരിക്കുന്ന കൂൺ എത്ര പഴകിയതാണ്, ഗുണമേന്മയുള്ളതാണോ എന്നൊക്കെ ആളുകൾക്ക് ആശങ്കയുണ്ടാവും. മറ്റു ഭക്ഷ്യവിഭവങ്ങളെക്കാൾ കൂണിന്റെ കാര്യത്തിൽ ആശങ്ക കൂടുതലുമായിരിക്കും. വീട്ടിൽ നേരിട്ടെത്തിയുള്ള ഫ്രഷ് കൂൺ വിൽപനയിലൂടെ ഇവയെല്ലാം മറികടക്കാം. കുറഞ്ഞപക്ഷം വിശ്വാസ്യതയുള്ള ബ്രാൻഡായി വളരുന്നതുവരെയെങ്കിലും ഹോം ഡെലിവറി തന്നെ അഭികാമ്യം.

മുൻകാലങ്ങളെക്കാൾ കൂൺവിഭവങ്ങളോടു പ്രിയം കൂടുതലുണ്ട് പുതുതലമുറയ്ക്ക്. അതു മുന്നിൽക്കണ്ട് കൂടുതൽ പേർ കൂൺകൃഷിയിലേക്കു കടന്നുവരുന്നുമുണ്ട്. അനുഭവങ്ങളും പാളിച്ചകളും ചൂണ്ടിക്കാട്ടി അവരെ നയിക്കാൻ മുന്നിലുണ്ട് മീനാക്ഷി സുന്ദരം. 

ഫോൺ: 9349495377

English Summary:

Mushroom cultivation and spawn production are key to Meenakshi Sundaram's success. His Meadow Mushroom business, started in Palakkad, Kerala, now serves farmers across three states, demonstrating the profitability of high-quality spawn and direct-to-consumer marketing.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com