ADVERTISEMENT

കേവലം 250 ഗ്രാം നറുനെയ്യ് 7,500 രൂപയ്ക്കു വിൽക്കുന്ന ഫാം. അതാണ് പാലക്കാട് ഇലപ്പുള്ളി പട്ടത്തലച്ചിയിലെ അത്താച്ചി ഫാം. നാടൻപശുക്കളുടെ പാലിൽനിന്നുള്ള വെണ്ണ ഉപയോഗിച്ചുണ്ടാക്കുന്ന നെയ്യാണ് ഇവിടെ കിട്ടുക. കിലോയ്ക്ക് 30,000 രൂപ ഈടാക്കാൻ മാത്രം എന്തു വിശേഷമാണ് ഇതിനുള്ളതെന്നല്ലേ? അത് അറിയണമെങ്കിൽ ആദ്യം ഫാമിന്റെ സവിശേഷതകൾ അറിയണം.  

കൃഷിയോഗ്യമല്ലാതെ തരിശുകിടന്ന 20 ഏക്കർ ഭൂമി അത്താച്ചി ഫാം സൃഷ്ടിച്ചത് പാലക്കാട് നൂറണിയിലെ രാജു എൻ. സുബ്രഹ്മണ്യം. ഗൾഫില്‍ കോർപറേറ്റ് അക്കൗണ്ടിങ് മേഖലയിലാണ് അദ്ദേഹത്തിന്റെ പ്രവർത്തനം. എന്തു ചെയ്താലും ഏറ്റവും നന്നായി ചെയ്യണമെന്നു പഠിപ്പിച്ച അമ്മ അലമേലുവിന് സമർപ്പിച്ച ഫാമിന് അവരുടെ വിളിപ്പേരുതന്നെ നൽകി. മാത്രമല്ല, അമ്മയ്ക്കായി അരിയും പാലും പച്ചക്കറികളുമൊക്ക ഇവിടെ ജൈവരീതിയില്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു.  

athachi-farm-3
ദീപയും രാജു എൻ. സുബ്രഹ്‌മണ്യനും

പ്രകൃതിയോട് ഇണങ്ങിയുള്ള കൃഷിയുടെ ഉത്തമ മാതൃകകൾ ലോകത്തിനു കാണിച്ചുകൊടുക്കുകയാണ് അത്താച്ചിഫാമിന്റെ ലക്ഷ്യമെന്നു രാജു. വിഷരഹിത ഉല്‍പന്നങ്ങള്‍ക്കായി ഭാരതീയ പാരമ്പര്യപ്രകാരമുള്ള വേദിക് കൃഷിയുടെ അടിസ്ഥാന തത്വങ്ങളാണ് പാലിക്കാൻ ശ്രമിക്കുന്നത്. ഉൽപാദന–സംസ്കരണ മേഖലകളിൽ അഹിംസയ്ക്കും സഹജീവിസ്നേഹത്തിനും ജൈവവൈവിധ്യത്തിനും പ്രാധാന്യം നൽകുന്നു. ഗോശാലയിൽ പിറക്കുന്ന കാളക്കുട്ടികളെ സംരക്ഷിക്കുന്നതും വളർത്തുപക്ഷികളെ മാംസാവശ്യത്തിനു നൽകാത്തതും ഇതേ കാരണത്താലാണ്. വേദിക് കൃഷിയുടെ ഭാഗമായി നക്ഷത്രവനവും നവഗ്രഹവനവും ഒരുക്കി. മനോഹരമായി രൂപകൽപന ചെയ്ത ഹെർബൽ ഗാർഡന്‍ മറ്റൊരു സവിശേഷതയാണ്. 

athachi-farm-2
അത്താച്ചി ഫാം (ആകാശദൃശ്യം)

അഞ്ചേക്കറോളം നെല്‍പാടത്ത് രക്തശാലി, ഞവര, ചെങ്കഴമ, പൊന്നി, പൊന്മണി, ജയ ഇനങ്ങള്‍ ജൈവ രീതിയിൽ കൃഷി ചെയ്യുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള രാംലി, ജോഹബോറ, സമ്പ എന്നിവയുൾ പ്പെടെ മുപ്പതോളം നെല്ലിനങ്ങള്‍ കൃഷി ചെയ്യുന്നുണ്ട്. അൻപതോളം നെല്ലിനങ്ങളുടെ റൈസ് മ്യൂസിയവും ഇവിടെ കാണാം. മികച്ച ജലവിനിയോഗത്തിലൂടെ പരമാവധി സ്ഥലത്തു കൃഷി ചെയ്യാനുതകുന്ന  പിരമിഡ്, ടവർ, ലംബകൃഷി മാതൃകകള്‍ അത്താച്ചിയിൽ കാണാം. ചെയർമാൻ രാജു എൻ. സുബ്രഹ്മണ്യത്തിനൊപ്പം വൈസ് ചെയർപഴ്സനായി അദ്ദേഹത്തിന്റെ ഭാര്യ ദീപയും മാനേജിങ് ഡയറക്ടറായി ഭാര്യാസഹോദരൻ ഡോ. വിശ്വനാഥും അത്താച്ചി ഫാമിനു നേതൃത്വം നൽകുന്നു.

athachi-farm-6
നാടൻ പശുക്കൾ

അരി മുതൽ നറുനെയ്യ് വരെ

പ്രീമിയം ഉൽപന്നങ്ങൾ മാത്രമാണ് ഈ ഫാമിൽനിന്നു പുറത്തിറക്കുന്നത്. ബിലോണ നെയ്യ് അതിലൊന്നു മാത്രം. കാസർകോട്, വെച്ചൂർ, കാങ്കയം ഇനം ഉരുക്കളാണ് ഫാമിലെ വിശാലമായ ഗോശാലയിലുള്ളത്. ദിവസേന ശരാശരി 20 ലീറ്റർ പാൽ മാത്രമാണ് ഇവയിൽനിന്നു കിട്ടുക. നാടൻപശുക്കളുടെ ഉൽപാദനക്ഷമത കുറവായതു മാത്രമല്ല കാരണം. പാൽ മുഴുവന്‍ കറന്നെടുക്കാതെ കിടാങ്ങൾക്കായി ഒരു പങ്ക് ബാക്കി വയ്ക്കുന്നു. അടുക്കളയിലേക്കും അമ്പലത്തിലേക്കും വേണ്ട പാൽ മാത്രമെടുത്തശേഷം ബാക്കിയുള്ളതു മുഴുവൻ നെയ്യുൽപാദനത്തിനെടുക്കുന്നു. 

athachi-farm-7
ഔഷധസസ്യങ്ങളുടെ തോട്ടം

നെയ്യുണ്ടാക്കാൻ വേണ്ട വെണ്ണ രണ്ടു രീതിയിലാണു വേർതിരിക്കുക. പാലിൽനിന്നു ക്രീം എടുത്തു വെണ്ണയാക്കുന്ന ക്രീം സെപ്പറേഷൻ ശൈലിയും ബിലോണ ശൈലിയും. പരമ്പരാഗതമായി വീടുകളിൽ ചെയ്തി രുന്നതുപോലെ തൈര് കടഞ്ഞു വെണ്ണയെടുക്കുന്നതാണ് ബിലോണ ശൈലി. ഈ ശൈലിയിൽ വേർതിരി ച്ച വെണ്ണയിൽനിന്നുള്ള നെയ്യാണ് ബിലോണ നെയ്യ്. തൈരില്‍ തുല്യ അളവിൽ തണുത്ത വെള്ളം ചേർ ത്ത് മൺപാത്രത്തിലാക്കി മത്തുകൊണ്ടാണ് കടയുക. ഇതിനു സ്റ്റെയിൻലെസ് സ്റ്റീൽ പൊതിഞ്ഞ മൺപാത്രവും ആര്യവേപ്പിന്റെ തടി കൊണ്ടുള്ള മത്തും അത് ചുറ്റിക്കാനായി മോട്ടറുകളുമായി സ്ഥിരം സംവിധാനമുണ്ട്. വേർതിരിച്ച വെണ്ണ ഡീപ് ഫ്രീസറിൽ സൂക്ഷിച്ച് ആവശ്യാനുസരണമെടുത്ത് ഉരുക്കി നെയ്യാക്കുന്നു. ഔഷധ നെല്ലിനങ്ങളുടെ അരിയാണ് മറ്റൊരു മൂല്യവർധിത ഉൽപന്നം. ഇവ ധീര എന്ന ബ്രാൻഡില്‍ ഓൺലൈനായി വിപണനം നടത്തുന്നു. 

athachi-farm-5
റോസപ്പൂക്കൾ ശേഖരിക്കുന്നു

അൾട്രാ പ്രീമിയം സൗന്ദര്യവർധക ഉൽപന്നങ്ങൾ

സൗന്ദര്യവർധക വസ്തുക്കളും ഫാമിലുണ്ടാകുന്ന പൂക്കളും കായ്കളും പഴങ്ങളുമൊക്കെ മൂല്യവർധിതമാക്കുന്നതിന് 20 പേരടങ്ങുന്ന ഗവേഷകസംഘംതന്നെ പ്രവർത്തിക്കുന്നു. സൂപ്പർ സ്റ്റാർ പദവിയിലുള്ള സെലിബ്രിറ്റികൾ മാത്രം വാങ്ങുന്ന അൾട്രാ പ്രീമിയം സൗന്ദര്യവർധക ഉൽപന്നങ്ങളും ന്യൂട്രസ്യൂട്ടിക്കൽ ഉൽപന്നങ്ങളും മോർഗാനിക്സ് എന്ന ബ്രാൻഡില്‍ ഇവർ വിപണിയിലിറക്കുന്നുണ്ട്.  ഇതിനായി റോസയും മുല്ലയുമൊക്ക കൃഷി ചെയ്യുന്നു. പൂക്കളും ജൈവപച്ചക്കറികളും സൂപ്പർ ക്രിട്ടിക്കല്‍ എക്സ്ട്രാക്‌ഷൻ എന്ന സാങ്കേതികവിദ്യയിലൂടെ സംസ്കരിച്ചാണ് സൗന്ദര്യവർധക വസ്തുക്കൾ വേർതിരിക്കുന്നത്. അവിശ്വസനീയമാംവിധം ഉയർന്ന വിലയാണ് ഇവയ്ക്ക്. കണ്ണിനു താഴെയുള്ള ഇരുണ്ട നിറം മാറ്റാനുള്ള മോർഗാനിക്സിന്റെ ചിസ്റ്റ സിറം ഉദാഹരണം. കേവലം 15 മില്ലി ചിസ്റ്റയ്ക്ക് 1,26,000 രൂപയാണ് വില. ധീര, മോർഗാനിക്സ് വെബ്സൈറ്റുകളിലൂടെ ഓൺലൈനായാണ് ഇവർ സെലിബ്രിറ്റി കസ്റ്റമേഴ്സിനെ കണ്ടെത്തുന്നത്. പശ്ചിമഘട്ടത്തിലെ, വിശേഷിച്ച് പാലക്കാട് ചുരത്തിലെ, സവിശേഷ ജൈവവൈവിധ്യം ലോകമെമ്പാടും ബ്രാൻഡ് ചെയ്യുകയാണ് ഫാമിന്റെ വിശാലമായ ലക്ഷ്യം. 

athachi-farm-4
പ്രീമിയും സൗന്ദര്യവർധക ഉൽപന്നങ്ങളിൽ ചിലത്

പത്തു വർഷത്തിലേറെ തരിശുകിടന്ന സ്ഥലം ഏറ്റെടുക്കുമ്പോൾ ജലസ്രോതസ്സായി നാശോന്മുഖമായ ഒരു കുളം മാത്രം. അതിന്റെ ആഴവും വലുപ്പവും കൂട്ടി മഴവെള്ളം സംഭരിച്ചാണ് ആദ്യം കൃഷിക്കു ജലം ഉറപ്പാക്കിയത്. ഇന്ന് ഈ തലക്കുളത്തിൽനിന്നു ഫാമിന്റെ മറ്റൊരു അതിരിലുള്ള വാൽക്കുളത്തിലേക്ക് ചാലുകളിലൂടെ ജലമെത്തുന്നു. മണ്ണിന്റെ ഫലഭൂയിഷ്ടത തിരികെ പിടിക്കുന്നതിനായി പഞ്ചഗവ്യം, ജീവാ മൃതം എന്നിവ ഉപയോഗിക്കുന്നു. മത്സ്യങ്ങളെ വളർത്തി അവയുടെ കാഷ്ഠം വിളകള്‍ക്കു പോഷകമാക്കു ന്നു. സംയോജിതകൃഷിയുടെ ഭാഗമായി ആട്, താറാവ്, ഗൂസ്, നാടന്‍ കോഴി, ടർക്കി, ഗിനി, അലങ്കാരക്കോഴികൾ എന്നിവയെയും വളർത്തുന്നുണ്ട്. രാസവളങ്ങളും രാസകീടനാശിനികളും ഉപയോഗിക്കുന്നില്ല.  വിത്തുകളുടെ കിളിര്‍പ്പുശേഷി മെച്ചപ്പെടുത്താൻ ബീജാമൃതവും  കീടനിയന്ത്രണത്തിന് അഗ്നിഹസ്ത്രവും മണ്ണ് മെച്ചപ്പെടുത്താൻ പഞ്ചഗവ്യം, മണ്ണിരക്കംപോസ്റ്റ് എന്നിവയും ഫാമിൽ തന്നെ തയാറാക്കുമെന്ന് ഫാം മാനേജർ കൃഷ്ണൻ പറഞ്ഞു.

ഫോൺ: 9061274026 

English Summary:

Athachi Farm's expensive ghee commands ₹30,000 per kilogram due to its unique production methods. The farm utilizes Vedic agricultural practices and raises indigenous cows, resulting in a premium, high-quality product.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com