വേനൽക്കാലത്ത് ആരും വിരുന്നുവരല്ലേ എന്നായിരുന്നു പ്രാർഥന; ഇന്ന് വേനൽ തോറ്റു ബൈജുമോൻ ജയിച്ചു

Mail This Article
‘‘അഞ്ചു വർഷം മുൻപുവരെ വേനൽക്കാലങ്ങളിൽ വീട്ടിലേക്കാരും വിരുന്നുവരല്ലേ എന്നായിരുന്നു മനസ്സിൽ. വെള്ളമില്ലാത്തതു തന്നെ കാരണം. പൊതുവേ ചൂടും ജലക്ഷാമവും കൂടിയ പ്രദേശമാണ് മലയിഞ്ചി. ജനുവരിയോടെ കിണറിലെ വെള്ളം കുറയും. വേനൽ രൂക്ഷമാകുന്നതോടെ ദിവസം കഷ്ടി 500 ലീറ്റർ വെള്ളം കിട്ടുന്ന സ്ഥിതി. കൃഷിക്കും വീട്ടാവശ്യത്തിനും അതു തീരെ തികയില്ലെന്നായപ്പോള്‍ ഒരു കിണർ കൂടി കുഴിച്ചു. അതും ഗുണപ്പെട്ടില്ല. മൂന്നാമത്തെ കിണറിനും അതേ ഗതി. 3 കിണറുകളിലായി ആകെയുള്ള 1500 ലീറ്റർ വെള്ളം കൊണ്ട് കൃഷിയും വീട്ടാവശ്യവും കഷ്ടിച്ചു നീങ്ങുമ്പോഴാണ് കിണർ റീച്ചാർജിങ്ങിനെയും നീർക്കുഴിയെയും കോണ്ടൂർ കയ്യാലയെയും കുറിച്ചു കേട്ടത്. അതിലേക്കു തിരിഞ്ഞതോടെ കഥ മാറി,’’ മാർച്ച്–ഏപ്രിലിലെ കടുത്ത വേനലിലും ജലസമൃദ്ധമായ കിണറുകൾ ചൂണ്ടി ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ മലയിഞ്ചി മുതുപാലയ്ക്കൽ എം.കെ.ബൈജുമോൻ പറയുന്നു.
മൂന്നു കിണറുകളും നീർക്കുഴികളും കോണ്ടൂർ കയ്യാലകളും ചേർന്ന് ബൈജുമോനു നൽകിയത് ജലസമൃദ്ധിയും കൃഷിസമൃദ്ധിയും കൂടിയാണ്. അടുത്തുള്ള കൃഷിയിടങ്ങളൊക്കെയും ജലക്ഷാമവും ഉൽപാദനനഷ്ടവും നേരിടുമ്പോൾ സുസ്ഥിര വിളവുമായി മുന്നേറുകയാണ് ബൈജുമോന്റെ വിളകൾ. മുഖ്യവിളയായ കുരുമുളകിൽ ഈ സീസണിലെ വിളവെടുപ്പു കഴിഞ്ഞപ്പോൾ കഴിഞ്ഞ വർഷത്തെക്കാൾ കൂടുതലുണ്ട് ഉൽപാദനം. ഈ വർഷം സംസ്ഥാനത്തെവിടെയും തേങ്ങയുൽപാദനം കുറവായിരിക്കുമ്പോഴും ബൈജുമോന്റെ തെങ്ങുകളില്‍ വിളവു കുറവില്ല.
ജലമൊഴുകുന്ന വഴികൾ

മൂന്നേക്കർ പുരയിടവും അൽപമകലെ മറ്റൊരു മൂന്നേക്കറും ചേർന്ന് ആറേക്കറിൽ റബർകൃഷിയായിരുന്നു മുൻപ്. വിലയിടിഞ്ഞതോടെ റബറിനോടു പ്രിയം കുറഞ്ഞു. ആവർത്തനക്കൃഷിക്കായി പുരയിടത്തിലെ റബർ മുറിച്ചപ്പോൾ രണ്ടേക്കറിൽ കുരുമുളകു മുഖ്യവിളയായി സമ്മിശ്രക്കൃഷി തുടങ്ങി. സമ്മിശ്രവിളകളിലേക്കു തിരിഞ്ഞതോടെയാണ് ജലദൗർലഭ്യത്തിന്റെ ദുരിതം അറിഞ്ഞതെന്നു ബൈജുമോൻ. ‘‘കാഞ്ഞു കിടന്നാലെ കൊടി തിരിയിടൂ എന്ന് കാരണവന്മാർ പറയും. വെയിൽ കൊണ്ടാലേ കുരുമുളക് തിരിയിടൂ. എന്നാൽ, വർധിച്ച ചൂടിൽ കൊടിതന്നെ ഉണങ്ങിപ്പോകുന്ന സ്ഥിതിയാണ്. ആഴ്ചയിലൊരു നനയെങ്കിലും കൊടുത്താലേ ചെടി പിടിച്ചു നിൽക്കൂ. അങ്ങനെയാണ് കിണറുകൾ കുഴിക്കുന്നത്. അതും ഗുണപ്പെടാതിരുന്നപ്പോഴാണ് കിണർ റീച്ചാര്‍ജിങ്ങിനെക്കുറിച്ചു കേൾക്കുന്നത്’’, ബൈജുമോൻ പറയുന്നു.
വീടിന്റെ പിന്നാമ്പുറത്ത് ഷീറ്റ് മേഞ്ഞിടത്തു വീഴുന്ന വെള്ളം ഒലിച്ചു പോകാതെ മണ്ണിലിറക്കി. ഇതിനായി വെള്ളം ഒരുമിച്ചുവന്നു വീഴുന്ന ഭാഗത്ത് 10 അടി താഴ്ചയിലും 4 അടി വ്യാസത്തിലും കുഴിയെടുത്തു. വക്കിൽനിന്ന് ഒരടി താഴെ നിൽക്കും വിധം കുഴിയിൽ മെറ്റൽ നിറച്ചു. കുഴിയുടെ നടുക്ക് വെള്ളം വന്നു വീഴുന്ന ഭാഗത്ത് മൂടു നീക്കിയ പഴയൊരു ബക്കറ്റ് വച്ച ശേഷം, ബാക്കി ഭാഗം ബക്കറ്റിനോടു ചേർന്നു നിൽക്കും വിധം പടുത വിരിച്ച് മുകളിൽ മുറ്റം നിരപ്പിൽ മണ്ണു നിറച്ചു. മുറ്റത്തുനിന്ന് കാലക്രമേണ മണ്ണും ചെളിയും മറ്റും കുഴിയിലേക്ക് ഊർന്നിറങ്ങാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. ഇപ്പോൾ എത്ര മഴ പെയ്താലും കുഴി നിറഞ്ഞൊഴുകില്ലെന്നും മുഴുവൻ വെള്ളവും മണ്ണിലേക്ക് അരിച്ചിറങ്ങുന്നുവെന്നും ബൈജുമോൻ. മഴവെള്ളം മണ്ണിലിറങ്ങി കുറഞ്ഞ സമയംകൊണ്ട് കൃഷിയിടത്തിന്റെ താഴെ തട്ടുകളിലുള്ള കിണറുകളിലെത്തുകയും ജലനിരപ്പ് ഉയർത്തുകയും ചെയ്യുന്നു.

ചെരിവുള്ള കൃഷിയിടത്തെ കോണ്ടൂർകയ്യാല തീർത്ത് തട്ടു തട്ടായി തിരിക്കുന്നതായിരുന്നു അടുത്ത പടി. കൃഷിയിടത്തിന്റെ ചെരിവിന് അനുസൃതമായി കയ്യാല തീർക്കുന്നതാണ് കോണ്ടൂർ രീതി. അങ്ങനെ വരുമ്പോൾ ഒരു തട്ടിൽ വീഴുന്ന മഴവെള്ളമത്രയും അവിടെത്തന്നെ സംരക്ഷിച്ചു മണ്ണിൽ താഴ്ത്താൻ കയ്യാലയ്ക്കു കഴിയുന്നു. മേൽമണ്ണു കുത്തിയൊലിച്ചു പോകുന്നുമില്ല. അടുത്തതായി കൃഷിയിടം മുഴുവൻ നിശ്ചിത അകലത്തിൽ നീർക്കുഴികൾ തീർത്തു. തൊഴിലുറപ്പു പദ്ധതി ഇതിനെല്ലാം ഉപകരിച്ചു.
കുരുമുളകിന്റെ വിളവെടുപ്പു കഴിയുന്നതോടെ കൃഷിയിടത്തിലെ കരിയിലകളും ചവറുമെല്ലാം സംഭരിച്ച് ചെടികളുടെ ചുവട്ടിൽ പുതയിടും. ബാക്കി നീർക്കുഴികളിൽ നിറയ്ക്കും. പുത ജൈവവളമായി മാറി മണ്ണിന്റെ ജലാഗിരണശേഷി വർധിപ്പിച്ചു, മണ്ണിനെ പോഷകസമൃദ്ധമാക്കിയതോടെ രാസവളങ്ങളും രാസകീടനാശിനികളും പൂർണമായും ഒഴിവാക്കാനായെന്നും ബൈജുമോൻ പറയുന്നു. ഈ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ 5 വർഷംകൊണ്ട് തന്റെ കൃഷിയിടത്തിനു സംഭവിച്ച മാറ്റം വലുതായിരുന്നെന്ന് ഈ കർഷകൻ പറയുന്നു. ചൂടും വരൾച്ചയും വിളകളെ ബാധിക്കുന്നില്ല. ആഴ്ചയിൽ ഒരു നന ധാരാളം. മേൽമണ്ണു നീക്കിയാൽ മണ്ണിൽ പണിയെടുക്കുന്ന മണ്ണിരകളും ഒട്ടേറെ. ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന കുരുമുളകിന് കിലോ 30 രൂപ കൂട്ടി നൽകി വാങ്ങാൻ ഈ വർഷം മുതൽ ആവശ്യക്കാരുണ്ടെന്നും ബൈജുമോൻ പറയുന്നു.

കുരുമുളകു മുതൽ തേൻ വരെ
അഞ്ഞൂറോളം കുരുമുളകു ചുവടുകളാണ് ബൈജുമോന്റെ മുഖ്യ കരുത്ത്. നാൽപതിലേറെ വരും ഇന വൈവിധ്യം, പന്നിയൂർ 1 മുതൽ 10 വരെയും ശക്തി ഉൾപ്പെടെ മികച്ച ഐഐഎസ്ആർ ഇനങ്ങളും കരിമുണ്ടയും പെപ്പർ തെക്കൻപോലെ കൃഷിക്കാർതന്നെ വികസിപ്പിച്ച മികച്ച ഇനങ്ങളും തോട്ടത്തിലുണ്ട്. ഓരോ കൃഷിയിടത്തിലും പന്നിയൂരിന്റെ പ്രകടനം വ്യത്യസ്തമായിരിക്കുമെന്നു ബൈജുമോൻ. സ്വന്തം കൃഷിയിടത്തിന്റെ സാഹചര്യത്തിൽ മികച്ച വിളവു തരുന്ന ഇനം കണ്ടെത്തി അതിന്റെ എണ്ണം വർധിപ്പിക്കുകയാണ് വേണ്ടതെന്നും ഈ കർഷകൻ പറയുന്നു. സ്വന്തം കൃഷിയിടത്തിൽ കൂടുതൽ മികവു കാണിക്കുന്നത് പന്നിയൂർ 8 ആണെന്നും ബൈജുമോൻ. ശക്തിയാണ് മികച്ച വിളവു നൽകുന്ന മറ്റൊരിനം. സിൽവർ ഓക്കിലും മുരിക്കിലുമായാണ് കുരുമുളക് പടർത്തിയിരിക്കുന്നത്. പച്ചക്കുരുമുളക് ഉണക്കുമ്പോൾ പൊതുവേ മൂന്നിലൊന്നു തൂക്കമാണു ലഭിക്കുക. കരിമുണ്ടയ്ക്കു പകുതി കിട്ടിയ അനുഭവവുമുണ്ടെന്നും ബൈജുമോൻ. ഒരു ചുവടിൽനിന്നു കുറഞ്ഞത് 2 കിലോ ഉണക്ക കുരുമുളകു പ്രതീക്ഷിക്കാം. ഈ വർഷത്തെ മികച്ച വില കൃഷി കൂടുതൽ ആകർഷകമാക്കുന്നു.
വർഷം ശരാശരി 80 തേങ്ങ നൽകുന്ന 60 തെങ്ങുകൾ. വർഷം 300 കിലോയോളം വെളിച്ചെണ്ണ വിൽക്കുന്നു. നാൽപതോളം വരുന്ന കമുകും അനുബന്ധ വരുമാനം. 6 വർഷമായി മികച്ച വിളവും വരുമാനവും തരുന്ന ദുരിയാൻ മരമാണ് മറ്റൊരു ആകർഷണം. വീട്ടാവശ്യത്തിനുള്ള പഴവർഗവിളകൾ വേറെയുമുണ്ട്; ഒപ്പം പച്ചക്കറിക്കൃഷിയും. 40 ചെറുതേൻ–വൻതേൻ പെട്ടികളുണ്ട്. കിലോയ്ക്ക് 2,500 രൂപയ്ക്ക് ചെറുതേനും 350 രൂപയ്ക്ക് വൻതേനും വിൽക്കുന്നു. കുടുംബവും ഉടുമ്പന്നൂർ കൃഷിഭവനും കൃഷിക്കു കരുത്തു പകർന്ന് ബൈജുമോന് ഒപ്പമുണ്ട്. കൃഷി ഓഫിസർ കെ.അജിമോൻ നൽകുന്ന നിർദേശങ്ങളും പിൻതുണയും ഏറെ വിലപ്പെട്ടതെന്നും ബൈജുമോൻ പറയുന്നു.
ഫോൺ: 6282706243