ADVERTISEMENT

പച്ചക്കറികളും വാഴയുമാണ് എറണാകുളം കളമശ്ശേരി കരുമാല്ലൂരിലുള്ള ചക്കിശ്ശേരി ഡേവിസിന്റെ ഇഷ്ടവിളകൾ. ഏതാണ് ഏറ്റവും ലാഭം? പാവലാണോ പയറാണോ നേന്ത്രനാണോ എന്നു ചോദി ച്ചാൽ ഒറ്റ വാക്കിൽ മറുപടി പറയില്ല ഡേവിസ്. പകരം സ്വന്തം കൃഷിയിടത്തിലേക്കു കൂട്ടിക്കൊണ്ടു പോകും, മണ്ണിന്റെ ഗുണവും കൃഷിരീതിയും വിശദമാക്കും. ഡേവിസിന്റെ കൃഷിയിടത്തിൽനിന്നു മടങ്ങുമ്പോൾ സന്ദർശകൻ തന്നെ ചോദ്യത്തിനുത്തരം കണ്ടെത്തും. അതിങ്ങനെ: ‘ഇനത്തിലല്ല, സമീപനത്തിലാണു കാര്യം’.

‘‘എന്റെ വാഴക്കൃഷി കണ്ട് ഒരാൾ ഓടിപ്പോയി 1000 വാഴ വച്ചെന്നു കരുതുക. വിളവെടുക്കാറാകുമ്പോൾ വിലയിടിയുകയോ അല്ലെങ്കിൽ, കാറ്റും മഴയും വന്ന് കൃഷി നശിക്കുകയോ ചെയ്താൽ, വാഴക്കൃഷി നഷ്ടമെന്നല്ലേ അയാൾ കരുതൂ. ഞാനാകട്ടെ, വാഴക്കുല വെട്ടുന്നതിനും വളരെ മുൻപേ മൂന്നിനം പച്ചക്കറികളെങ്കിലും ഇടവിളയാക്കി വിളവെടുത്തിട്ടുണ്ടാവും. വാഴക്കൃഷിക്കു വന്ന ചെലവും പച്ചക്കറിയിൽനിന്നുള്ള ലാഭവും അതിലൂടെ, ആദ്യ 3 മാസംകൊണ്ട് കയ്യിലെത്തിയിട്ടുമുണ്ടാകും. മറിച്ച്, വാഴ നട്ട് അതിന്റെ വരുമാനം മാത്രം പ്രതീക്ഷിച്ചിരുന്നാലോ, വിളവിലോ വിലയിലോ എന്തെങ്കിലും തട്ടുകേടു വന്നാലോ കൃഷി മൊത്തം പാളും. എന്നാല്‍ എന്റെ കൃഷിരീതിക്ക് ആസൂത്രണവും അധ്വാനവും കൂടുതൽ വേണ്ടിവരും. പക്ഷേ നഷ്ടസാധ്യത പൂർണമായും ഒഴിവാക്കാം, ഉയർന്ന ലാഭം ഉറപ്പാക്കാം. അതേസമയം വാഴ മാത്രമാണ് കൃഷിയെങ്കിൽ ചിലപ്പോൾ ലാഭം കിട്ടാം, ചിലപ്പോൾ നഷ്ടത്തിൽ കലാശിക്കാം’’, കൃഷിയോടു തന്റെ സമീപനം ഡേവിസ് വിശദമാക്കുന്നു.

davis-vegetable-farmer-2

സ്വന്തവും പാട്ടവും ഉൾപ്പെടെ 15 ഏക്കർ സ്ഥലത്താണ് ഡേവിസിന്റെ കൃഷി. മുഖ്യം പച്ചക്കറിയും സാലഡ് വെള്ളരിയും. 2 സീസണിലായി വർഷം 4000 വാഴ. 2 ഏക്കറിൽ നെൽകൃഷി. ഡേവിസിന്റെ അനുഭവത്തിൽ കൃഷിയുടെ വിജയഘടകങ്ങൾ അഞ്ച്. വിളപരിക്രമം, കുറഞ്ഞ കൃഷിച്ചെലവ്, തിരഞ്ഞെടുക്കുന്ന വിളകൾ, നാടനുള്ള പ്രിയം, സര്‍ക്കാര്‍ സഹായമടക്കം കൃഷിക്കു  ലഭിക്കുന്ന പിന്തുണ.

വിളപരിക്രമം (crop rotation)

പാട്ടത്തിനു സ്ഥലമെടുത്ത് പച്ചക്കറിയും വാഴയും കൃഷിചെയ്തിരുന്ന പിതാവിന്റെ വഴിയാണു ഡേവിസും തിരഞ്ഞെടുത്തത്. എന്നാൽ പരമ്പരാഗത കൃഷിയാസൂത്രണത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. വിളപരിക്രമ(crop rotation)മാണ് പച്ചക്കറിക്കൃഷിയുടെ ലാഭരഹസ്യമെന്ന് വളരെ വേഗം ഡേവിസ് മനസ്സിലാക്കി. ഒറ്റക്കൃഷിയിൽ ഒന്നിലേറെ വിളകൾ കൂട്ടിയിണക്കുന്ന റിലേ രീതിയിലൂടെ ചെലവു കുറയ്ക്കാമെന്നും വരവു വർധിപ്പിക്കാമെന്നും കണ്ടു. ഒന്നിൽ പിഴച്ചാലുള്ള നഷ്ടം മറ്റൊന്നിലൂടെ നികത്താമെന്നും  ഉദ്ദേശിച്ച രീതിയിൽ എല്ലാ വിളകളും മുന്നേറിയാൽ ഉയ ർന്ന ലാഭം ഉറപ്പാക്കാമെന്നും  കണ്ടറിഞ്ഞു. ഒറ്റക്കിളയ്ക്കു 4 വിളകൾ എന്നതാണ് പച്ചക്കറിയിൽ ഡേവിസിന്റെ നയം. അതായത്, പച്ചക്കറിക്കായി ഒരുക്കുന്ന തടത്തിൽ തുടർച്ചയായി 4 വിളകൾ.

ആദ്യ വിളയായി വെണ്ട നടുന്നുവെന്നു കരുതുക. വെണ്ട നട്ട് 10–15 ദിവസമെത്തുന്നതോടെ തടങ്ങൾക്കിടയിലെ ചാലുകളിൽ ചീര നടും. വെണ്ട വിളവെടുപ്പിലെത്തുമ്പോഴേക്കും ചീരയുടെ വിളവെടുപ്പു കഴിഞ്ഞിരിക്കും. ഇനി, വെണ്ടയുടെ വിളവെടുപ്പു തുടങ്ങുന്ന സമയം തന്നെ അതേ ബെഡിൽ വെണ്ടയ്ക്കിടയിലൂടെ വഴുതന നടും. വഴുതനക്കൃഷി കഴിയുന്നതോടെ പ്ലാസ്റ്റിങ് മൾചിങ് മാറ്റി ബെഡ് ചാലിലേക്ക് തട്ടിനിരത്തും. കൃത്യതാക്കൃഷിയിൽ എല്ലാവരും ബെഡിനു മേൽ തുള്ളിനന സംവിധാനം ഒരുക്കി അതിനുമേൽ പാസ്റ്റിക് പുത വിരിക്കുമ്പോൾ. പ്ലാസ്റ്റിക് പുതയ്ക്കുമേൽ തുള്ളിനന  ക്രമീകരിക്കുന്ന രീതിയാണ് ഡേവിസിന്റേത്. ബെഡ് ചാലിലേക്കു തട്ടിനിരത്തുന്ന നേരത്ത് ഈ പൈപ്പുകൾ ഒതുക്കിവയ്ക്കും. ശേഷം, ചാലിലേക്കു നിരത്തിയ ബെഡിനു മുകളിൽ പഴയ പുത വിരിച്ച് അതിന്റെ മുകളിൽ പൈപ്പ് ക്രമീകരിക്കുന്നു. അടുത്ത കൃഷി ഈ ചാലിലാണ്. മത്തനോ കുമ്പളമോ അതല്ലെങ്കിൽ ഡിമാൻഡ് ഉള്ള മറ്റേതെങ്കിലും പച്ചക്കറിയോ ഇവിടെ നടുന്നു. ഈ രീതിയിൽ കൃഷി ക്രമീകരിക്കുമ്പോൾ ഒറ്റത്തവണ മണ്ണൊരുക്കലിലൂടെ നാലോ അതിൽ കൂടുതലോ ഇനങ്ങൾ വിളയിക്കാനാകുമെന്ന് ഡേവിസ് പറയുന്നു. വാഴയുടെ കാര്യത്തിൽ, നട്ട്,  ഇലവീശി തണൽ മൂടും മുൻപ് ആദ്യ 3 മാസത്തിനുള്ളിൽ പാവലും പടവലവും പോലെ പന്തൽവിളകൽ ഉൾപ്പെടെ ഇടവിളയാക്കി വിളവെടുത്തിരിക്കും.   

കുറഞ്ഞ കൃഷിച്ചെലവ്

കൃഷിച്ചെലവു കുറയുന്നതിനാധാരം മണ്ണിന്റെ ഗുണമേന്മയും വളപ്രയോഗത്തിലെ സൂക്ഷ്മതയുമെന്നു ഡേവിസ്. സുസ്ഥിരവിളവിനു ഗുണകരം ജൈവവളം തന്നെ. പച്ചക്കറിക്കൃഷിക്കു ചാണകത്തെക്കാളേറെ കോഴിക്കാഷ്ഠമാണ് അടിവളമായി ചേർക്കുക. കോഴിക്കാഷ്ഠം സാവധാനമാണു മണ്ണിൽ കലർന്ന് ചെടികൾക്കു ലഭിക്കുക. റിലേ രീതിയിൽ കൃഷി ചെയ്യുമ്പോൾ ആദ്യ വിളവെടുപ്പു കഴിയുമ്പോഴേക്കും കോഴിവളം മണ്ണിൽ നന്നായി കലർന്ന് തുടർവിളകൾക്കു പോഷകാംശം ഉറപ്പാക്കും. അനിവാര്യമെങ്കിൽ മാത്രമേ രാസവളങ്ങളും രാസകീടനാശിനികളും പ്രയോഗിക്കൂ. രാസവളങ്ങൾ ഇലവഴിയോ തുള്ളിനനയ്ക്കൊപ്പമോ നൽകുന്നതിനാൽ മണ്ണിന്റെ ജൈവഗുണത്തെ അതു ബാധിക്കില്ല. ഈ രീതിയിൽ കൃഷി തുടരുമ്പോൾ മണ്ണിൽ ഓർഗാനിക് കാർബൺ വർധിക്കുകയും അധികം വളപ്രയോഗം കൂടാതെ തന്നെ മികച്ച വിളവു നൽകുന്ന രീതിയിലേക്കു മണ്ണു മാറുകയും ചെയ്യുമെന്ന് ഡേവിസ്. വളപ്രയോഗം കുറയുമ്പോൾ, കൃഷിച്ചെലവും ഗണ്യമായി കുറയും, ഉൽപാദനം സുസ്ഥിരത നേടും. ദീർഘകാലത്തേക്ക് സ്ഥലം പാട്ടത്തിനു ലഭിക്കുന്നതുകൊണ്ടാണ് ഈ രീതിയിൽ മണ്ണ് നന്നാക്കാനും വിളവു വർധിപ്പിക്കാനും കഴിയുന്നതെന്നും ഡേവിസ് പറയുന്നു.

davis-vegetable-farmer-3

വിപണി നോക്കി കൃഷിയിനങ്ങൾ

ഡേവിസിന്റെ അനുഭവത്തിൽ ഈ പ്രദേശത്ത് ഏറ്റവും പ്രിയമുള്ള പച്ചക്കറിയിനങ്ങൾ പാവലും പടവലവും പീച്ചിലും പയറുമാണ്. വർഷം മുഴുവൻ ഡിമാൻഡ് ഉള്ള മറ്റൊരിനം സാല‍ഡ് വെള്ളരിയാണ്. വിലയുണ്ടെന്നു കരുതി ഒരിനം ഒറ്റയടിക്ക് ഒന്നും രണ്ടും ഏക്കർ കൃഷി ചെയ്യുന്ന പതിവില്ല. പകരം ഒരോന്നും 25–30 സെന്റുകളിലായി വർഷം നാലു വട്ടമെങ്കിലും കൃഷി ചെയ്യുന്നു. ഓരോന്നിന്റെയും ഇനങ്ങൾ തിരഞ്ഞെടുക്കുന്നത് ഉപഭോക്താക്കളുടെ താൽപര്യം നോക്കിയാണ്. പാവലെങ്കിൽ പ്രിയങ്ക. ഉൽപാദനം കൂടുതൽ മായയ്ക്കെങ്കിലും നാടൻ എന്ന ലേബലുള്ളത് പ്രിയങ്കയ്ക്കാണ്. ഉൽപാദനം അൽപം കുറഞ്ഞാലും നാടൻ എന്ന നിലയ്ക്കു ലഭിക്കുന്ന മുന്തിയ വിലയിലൂടെ അതു പരിഹരിക്കാം. പയറിന്റെ കാര്യത്തിൽ അനശ്വര, കനകമണി ഇനം കുറ്റിപ്പയറുകളോടാണ് ഇന്നാട്ടുകാർക്ക് പ്രിയം. ലോലയ്ക്കും വൈജയന്തിക്കുമൊന്നും ഡിമാൻഡ് പോരാ. പടവലത്തിന്റെ കാര്യത്തിൽ, മുറിച്ചു വാങ്ങേണ്ടതില്ലാത്ത ചെറുപടവലമായ വൈറ്റ് ആൻഡ് ഷോർട്ട് ആണ് ആളുകൾക്കു പ്രിയം. പീച്ചിലിന്റെ കാര്യത്തിൽ മഹീകോ 7, നാംധാരി NS 3  ഇനങ്ങളാണ് വിറ്റുപോകാൻ എളുപ്പം. സാല‍ഡ് വെള്ളരിയിൽ ഇൻഡോ അമേരിക്കൻ, ഹൈവെജ് ഇനങ്ങൾക്കാണ് സ്വീകാര്യത കൂടുതൽ. ഒന്നോ രണ്ടോ വട്ടം കൃഷി ചെയ്ത് വിപണിയിലെത്തുമ്പോൾ തന്നെ ഏതിനത്തിനാണു കൂടുതൽ വിലയും മൂല്യവുമുള്ളതെന്ന് കർഷകനു മനസ്സിലാക്കാനാകും, അതനുസരിച്ചാവണം തുടർകൃഷിയെന്നു ഡേവിസ് ഓർമിപ്പിക്കുന്നു.

കൃഷി എങ്ങനെ തുടങ്ങണം? എപ്പോൾ തുടങ്ങണം? നിലമൊരുക്കേണ്ടത് എങ്ങനെ? വളമിടീൽ എങ്ങനെ തുടങ്ങി കൃഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം. ക്ലിക്ക് ചെയ്യൂ...വരിക്കാരാകൂ...കൂടുതൽ വിവരങ്ങൾക്ക്– 0481-2587730, 8138901464

നാടന് നല്ല വിപണി

എറണാകുളം നഗരത്തോടു ചേർന്നു കിടക്കുന്നതുകൊണ്ടാവാം നാടൻ ഇനങ്ങൾക്ക് മികച്ച വിപണിയുള്ള  പ്രദേശമാണ് കളമശ്ശേരിയെന്നു ഡേവിസ്. ഉപഭോക്താക്കൾ നാടൻ ചോദിച്ചു വരുന്നതിനാൽ പച്ചക്കറിവ്യാപാരികൾ നാടൻതന്നെ സംഭരിക്കാൻ താൽപര്യപ്പെടുന്നുണ്ട്. സ്വന്തം ഉൽപന്നത്തിന്റെ വില സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കർഷകനു കിട്ടുന്നു എന്നതാണ് ഈ മാറ്റത്തിന്റെ മെച്ചമെന്നു ഡേവിസ്.

പ്രധാനം പിന്തുണ

വ്യവസായമന്ത്രി പി.രാജീവിന്റെ മണ്ഡലമാണ് കളമശ്ശേരി. രാജീവിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ‘കൃഷിക്കൊപ്പം കളമശ്ശേരി’ പദ്ധതി പ്രദേശത്തെ കൃഷിവളർച്ചയ്ക്കു വേഗം കൂട്ടിയെന്നു ഡേവിസ് പറയുന്നു. കളമശ്ശേരിയിലെ കാർഷികോൽപന്നങ്ങൾക്ക് സ്വീകാര്യത വർധിപ്പിക്കാനും പദ്ധതി ഇടയാക്കി. കൃഷിഭവനുകളെല്ലാം സുസജ്ജമായി എന്നതാണ് മറ്റൊരു മാറ്റം. കരുമാല്ലൂർ കൃഷിഭവന്റെ പിന്തുണയും പ്രോത്സാഹനവും നൽകുന്ന ഊർജം ചെറുതല്ലെന്ന് ഡേവിസ് പറയുന്നു. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കർഷകർക്ക് വിവിധ പദ്ധതികളിലൂടെ ധനസഹായവും വള വുമെല്ലാം നൽകാൻ കൃഷിഭവൻ സന്നദ്ധമാണ്.

കൃത്യമായ ആസൂത്രണത്തോടെ കൃഷി തുടങ്ങിയശേഷം ആകെയുണ്ടായ തിരിച്ചടി പ്രളയകാലം മാത്രമെന്നു ഡേവിസ്. പ്രളയം മണ്ണിന്റെ ജൈവഗുണത്തെ ബാധിച്ചു. അമ്ലത വർധിച്ചു. കുമ്മായ പ്രയോഗം കൂട്ടേണ്ടിവന്നു. എന്നിരുന്നാൽപ്പോലും കുറഞ്ഞ കാലംകൊണ്ട് മണ്ണിനെ പൂർവസ്ഥിതിയിലാക്കാനായി. രണ്ടര ഏക്കർ സ്ഥലം വാങ്ങിയതും, മികച്ച വീടു വച്ചതും വാഹനങ്ങൾ വാങ്ങിയതുമെല്ലാം മണ്ണിലെ അധ്വാനംകൊണ്ടുതന്നെയെന്നു ഡേവിസ്. എന്നാൽ, മണ്ണറിഞ്ഞും വിളയറിഞ്ഞും വിപണിയറിഞ്ഞും അധ്വാനിച്ചാൽ മാത്രമേ മികച്ച നേട്ടം കൈവരൂ എന്നും ഡേവിസ് ഓർമി പ്പിക്കുന്നു.

ഫോൺ:   9562953268

English Summary:

Profitable farming in Kerala relies on innovative techniques, not just crop selection. Davis Chakkissheri's intercropping system in Kalamassery ensures consistent income through diverse vegetable and banana cultivation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com