Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂവിനോടുള്ള കമ്പം

seelayampatti-flower-chendumalli-farmer ശീലയംപട്ടിയിലെ പൂപ്പാടം. ചിത്രം: ജിബിൻ ചെമ്പോല

പൂപ്പാടങ്ങൾക്കിടയിലൂടെയുള്ള കമ്പം - തേനി റോഡ്. നേരം പുലരുന്നതേയുള്ളൂ. മോപ്പെഡുകൾ പുകപറത്തി പാഞ്ഞുപോകുന്നതു കാണാം. വണ്ടിയുടെ ഇരുവശത്തും വലിയ ചെമ്പുകലത്തിന്റെ വലുപ്പമുള്ള കുട്ടകൾ തൂക്കിയിട്ടിരിക്കുന്നു. അതിൽ നിറയെ പൂക്കളാണ്. മുൻസീറ്റിലും പൂക്കൾ നിറച്ച ചാക്ക്. ചെറിയൊരു കാറ്റുവന്നാൽ താഴെവീഴും എന്ന മട്ടിൽ പുറകിലെ ഇത്തിരി സ്ഥലത്തിരുന്നു വണ്ടിയോടിക്കുകയാണു ശീലയംപട്ടിയിലെ കർഷകൻ. സൂര്യനുദിക്കുന്നതിനു മുൻപേ പരമാവധി പൂക്കൾ ഒറ്റയടിക്കു ചന്തയിലെത്തിക്കണം. ചന്തയിലേക്കും തിരികെ പൂപ്പാടത്തേക്കുമുള്ള ഈ സർക്കസുകളിയാണ് അവരുടെ ജീവിതം. ഓണക്കാലമായതോടെ തമിഴ്നാട്ടിലെ പാടങ്ങൾക്കൊപ്പം കർഷകരുടെ പ്രതീക്ഷകളും പൂവണിയുകയാണ്.

seelayampatti-chendumalli-flower ശീലയംപട്ടിയിലെ പൂപ്പാടം. ചിത്രം: ജിബിൻ ചെമ്പോല

ഇക്കുറി തമിഴ്നാട്ടിൽ കടുത്ത വരൾച്ചയായിരുന്നു. ചൂടുകാറ്റ് കൂടിയായപ്പോൾ മിക്ക കൃഷികളും നശിച്ചു. മറ്റു കൃഷികളെ അപേക്ഷിച്ചു മുടക്കുമുതൽ കുറവായതുകൊണ്ടു പൂക്കൃഷിക്കാർക്കു വലിയ നഷ്ടമുണ്ടായില്ല. ഓണക്കാലത്താണു കർഷകർ ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നത്. പൂപറിക്കുക, പൂമാലകെട്ടുക തുടങ്ങിയ ജോലികളിൽ സ്ത്രീകളാണധികവും. അധ്വാനം കുറവാണെന്നതിനാൽ പ്രായമായവർപോലും പൂക്കൃഷിക്കു പാടത്തേക്കിറങ്ങുന്നു. പൂക്കളില്ലാതെ ഒരാഘോഷവും തമിഴ്നാട്ടുകാർക്കില്ല.

പൊങ്കൽ, ആടി, ബലിപെരുന്നാൾ തുടങ്ങി എല്ലാ വിശേഷദിനങ്ങളിലും പൂക്കൾ വേണം. ഒരുകാലത്തും പൂവിനു കച്ചവടം കുറയുന്നില്ല. വിനായകചതുർഥിക്കു പൂവില കുത്തനെ ഉയർന്നു. ഒരു കിലോ മുല്ലപ്പൂവിന് ഇപ്പോൾ 600 രൂപ വരെയായിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ 450 രൂപ കൂടി. ഓണത്തോടൊപ്പം തമിഴ്നാട്ടിലെ കല്യാണസീസണും എത്തിയതിനാൽ വില ഇനിയും കൂടുമെന്നു കർഷകർ പറയുന്നു.

seelayampatti-flower-vadamalli ശീലയംപട്ടിയിലെ പൂപ്പാടം. ചിത്രം: ജിബിൻ ചെമ്പോല

കമ്പത്തിനടുത്തുള്ള ശീലയംപട്ടിയും മധുരയിലെ മാട്ടുത്താവണിയുമാണു ഓണപ്പൂക്കളെത്തുന്ന പ്രധാന മാർക്കറ്റുകൾ. ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലിയ പൂച്ചന്തയാണു മാട്ടുത്താവണിയിലേത്. വലിയ പൂക്കൂനകൾക്കു മുന്നിൽ ത്രാസും പിടിച്ച് കച്ചവടക്കാർ ഇരിക്കും. തൊട്ടടുത്തുതന്നെയിരുന്നു പൂമാല കെട്ടുന്നവരെയും കാണാം. മധുര മീനാക്ഷി ക്ഷേത്രത്തിലേക്കുള്ള പൂക്കളെല്ലാം ഇവിടെനിന്നു നേരിട്ടാണു വാങ്ങുന്നത്. മണിക്കൂറുകൾക്കുള്ളിൽ പൂക്കൾ വിറ്റുതീരും.

കേരളത്തിലേക്കു പൂ കൊണ്ടുപോകാനുള്ള വാഹനങ്ങൾ തലേദിവസംതന്നെ ചന്തയിലെത്തിയിട്ടുണ്ടാകും. മധുരയ്ക്കു സമീപമുള്ള നിലക്കോട്ടൈ, പെരുങ്കുടി തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ള പൂക്കളാണ് ഈ ചന്തയിലെത്തുന്നത്. ദിവസേന പത്തു ടൺ പൂക്കൾ ഇവിടെനിന്നു വിറ്റുപോകുന്നതായി മാട്ടുത്താവണിയിലെ വ്യാപാരി കല്യാണസുന്ദരം പറയുന്നു. പുലർച്ചെ നാലുമണിക്കുതന്നെ തമിഴ്നാട്ടിലെ പൂമാർക്കറ്റുകളുടെ പ്രവർത്തനം തുടങ്ങും. പത്തുമണിയോടെ കടയടയ്ക്കും. മാട്ടുത്താവണിയിൽനിന്നു വിദേശരാജ്യങ്ങളിലേക്കുവരെ പൂവ് കയറ്റിയയയ്ക്കുന്നു. പൂക്കൾ കേടുകൂടാതെ സൂക്ഷിക്കാൻ മാട്ടുത്താവണി മാർക്കറ്റിനോടു ചേർന്നു രാജ്യാന്തരനിലവാരമുള്ള എസി വെയർഹൗസ് നിർമിക്കുന്നതു തമിഴ്നാട് സർക്കാരിന്റെ പരിഗണനയിലുണ്ട്.

seelayampatti-flower-chendumalli ശീലയംപട്ടിയിലെ പൂപ്പാടം. ചിത്രം: ജിബിൻ ചെമ്പോല

ഹോർട്ടി കൾചർ ഡയറക്ടറേറ്റിന്റെ കണക്കനുസരിച്ച് 25,610 ഹെക്ടർ പൂപ്പാടങ്ങളാണു തമിഴ്നാട്ടിലുള്ളത്. ഇവിടെ വർഷത്തിൽ 2,27,115 ടൺ പൂക്കൾ വിരിയുന്നു. തേനി ജില്ലയിൽ മാത്രം 2,000 ഏക്കറിൽ പൂക്കൾ കൃഷി ചെയ്യുന്നു. ഫെബ്രുവരി മുതൽ നവംബർ വരെയാണു പൂക്കൃഷിയുടെ സീസൺ.