നാലു നവീന ഓർക്കിഡുകൾ

1fox-tail-orchid-1
SHARE

അലങ്കാര ഓർക്കിഡുകൾ നമ്മുടെ നാട്ടിൽ വന്നെത്തിയ കാലം ഓർമ വരുന്നു. മൂന്നു നാല് അംഗങ്ങൾ മാത്രമുള്ള അണുകുടുംബമായിരുന്നു അന്ന് ഓർ‌ക്കിഡിന്റേത്. എന്നാൽ ഇന്നു സ്ഥിതിയാകെ മാറി. പരമ്പരാഗത ഇനങ്ങളും അവയുടെ സങ്കരങ്ങളും പുതിയ ജനുസുകളും സ്പീഷീസുകളും എല്ലാം ചേർ‌ന്ന് വലിയൊരു കൂട്ടുകുടുംബ വ്യവസ്ഥയാണ് ഇന്ന്  ഓർക്കിഡുകൾക്കുള്ളത്.

2Neofenitia-orchid-5

വശ്യമായ ആകൃതികളും അപൂർവനിറങ്ങളും കൊണ്ട് മറ്റേതു പുഷ്പത്തിനോടും മത്സരിച്ചു ജയിക്കാൻ കെൽപുനേടിയിരിക്കുന്നു  ഓർക്കിഡുകൾ. അലങ്കാര ഓർക്കിഡ് ശ്രേണിയിലേക്ക് നവീനയിനങ്ങൾ ധാരാളമായി വരുന്നുണ്ടെങ്കിലും പലതും നാട്ടിലെ കാലാവസ്ഥയ്ക്കു യോജിച്ചവയല്ല. പൂർണവളർച്ചയെത്തി പൂവിട്ട  ഓർക്കിഡ് ചെടികളാണ് പുറംരാജ്യങ്ങളിൽനിന്ന് അധികവും  വരുന്നത്. ഇവയിൽ മിക്കവയും നമ്മുടെ കാലാവസ്ഥയിൽ പിന്നീട് നന്നായി വളരുകയോ പൂവിടുകയോ ചെയ്യാറില്ല. കേരളത്തിലെ ഉദ്യാനങ്ങളിൽ പരിപാലിക്കുന്നതിനു യോജിച്ചതും നൂതനവുമായ നാല്  ഓർക്കിഡ് ഇനങ്ങളെ പരിചയപ്പെടാം.

നിയോഫിനീഷിയ

സമുറായി ഓർക്കിഡ് എന്നും വിളിപ്പേരുള്ള നിയോഫിനീഷിയ ജപ്പാൻകാരുടെ പ്രിയപ്പെട്ട ഇനമാണ്.  ചൈന, കൊറിയ എന്നിവിടങ്ങളിലും ഈയിനം സ്വാഭാവികമായി കാണപ്പെടുന്നു.  സവിശേഷപ്രകൃതവും ആകർഷകമായ വെള്ളപ്പൂക്കളുമാണ് ഇതിനെ നമ്മുടെ നാട്ടിലും  പ്രിയങ്കരമാക്കുന്നത്. വശ്യമായ സുഗന്ധത്തോടു കൂടിയ പൂക്കൾ രാത്രിയിലാണ് വിരിയുക. ഫെലനോപ്സിസ്, വാൻഡ ഓർക്കിഡുകൾപോലെ ഇലകളോടുകൂടിയ ഒറ്റത്തണ്ടുമാത്രമുള്ള സസ്യസ്വഭാവമാണ് ഈ  ഓർക്കിഡിനും. ചെടി പരമാവധി ഒരടിയേ ഉയരം വയ്ക്കുകയുള്ളൂ. അഞ്ചു മുതൽ 20 വരെ ഇലകൾ ഒരു ചെടിയിൽ ഉണ്ടാകും. ഇലകൾ നീണ്ട് നാട പോലെയാണ്. വർഷത്തിൽ പല തവണ പൂവിടുന്ന ഈ  ഓർക്കിഡ് നമ്മുടെ കാലാവസ്ഥയിൽ കടുത്ത വേനലിനു മുൻപാണ് അധികമായി പൂക്കൾ ഉൽപാദിപ്പിക്കുന്നത്. പൂക്കൾ ചെടിയിൽ ഒരു മാസത്തോളം നിലനിൽക്കും. ഒരു പൂങ്കുലയിൽ മൂന്നു മുതല്‍ പത്തുവരെ പൂക്കൾ ഉണ്ടാകും. നേർത്ത ഇതളുകളോടുകൂടിയ പൂവിന്റെ ഒരിതൾ (സ്പർ) നീണ്ട് ചൈനക്കാരുടെ താടി പോലെയാണ്. ചെടിയുടെ വേരുകൾക്ക് തടിച്ച പ്രകൃതം. ഇവ താഴേക്കു വളരാതെ വശങ്ങളിലേക്കാണ് വളർന്നുവരുന്നത്. ഒതുങ്ങിയ സസ്യസ്വഭാവമുള്ളസമുറായി ഓർക്കിഡിനെ നെറ്റ് ബാസ്കറ്റിൽ മിശ്രിതമൊന്നുമില്ലാതെ ബാസ്കറ്റ് വാൻഡ പരിപാലിക്കുന്നതുപോലെ വളർത്താം. പാതി തണലുള്ളതും നേരിട്ട് മഴ കൊള്ളാത്തതുമായ ഇടങ്ങളാണ് ഇവയ്ക്കു യോജ്യം. 

ഡെൻ‍ഡ്രോബിയം സെക്കുന്റം

ടൂത്ത് ബ്രഷ് ഓർക്കിഡ് എന്നും അറിയപ്പെടുന്ന ഈ  ഇനത്തിന്റെ സവിശേഷത പൂങ്കുലയാണ്. ഇലകൾ മുഴുവനായി കൊഴിഞ്ഞ തണ്ടിൽ നിറയെ കുത്തിനിറച്ച ചെറിയ പൂക്കൾ ഉള്ള പൂങ്കുല ടൂത്ത് ബ്രഷിനു സമാനം. തായ്‌ലൻഡ്, മ്യാൻമാർ‌, ലാവോസ്, വിയറ്റ്നാം എന്നിവിടങ്ങളിൽ ഈ ഓർക്കിഡ് സ്വാഭാവികമായി വളരുന്നു. ഡെൻഡ്രോബിയത്തിന്റെ മറ്റ് ഇനങ്ങൾപോലെ ഒരു ചുവട്ടിൽ 0–12 തണ്ടുകൾ വരെയുണ്ടാകും. ഒരു തണ്ടിന് ആറ് – പത്ത് ഇഞ്ച് വരെ നീളവും 20–30 ഇലകളും ഉണ്ടാകും. തണ്ടുകൾ കുത്തനെ നിവർ‌ന്നുനിൽക്കാതെ അൽപം ചരിഞ്ഞാണ് വളരുക. മറ്റ് ഡെൻഡ്രോബിയം ഇനങ്ങളിൽനിന്നു വിഭിന്നമായി ഇലകൾക്കു കട്ടികുറവാണ്. തൈ നട്ട് ഒന്ന് – ഒന്നര വർഷത്തെ വളർച്ചയായാൽ ചെടി പൂവിടാൻ തുടങ്ങും. നാല് – ആറ് ഇഞ്ച് നീളമുള്ള പൂങ്കുലകൾ നന്നായി വളർച്ചയെത്തിയ തണ്ടിൽ ഇലകൾ കൊഴിഞ്ഞശേഷമാണ് ഉണ്ടായി വരിക. ചെടിയിലെ ജലാംശം കുറയുന്ന വേനൽക്കാലത്താണ് നമ്മുടെ നാട്ടിൽ ഈ ഓർക്കിഡ് അധികമായി പുഷ്പിക്കുന്നത്. ഒരു തണ്ടിൽ‌ ഒരേ സമയത്ത് അഞ്ച് – ആറ് പൂങ്കുലകൾവരെ ഉണ്ടായിവരും. ഒരു പൂങ്കുലയിൽ 50 പൂക്കൾവരെയുണ്ടാകാം. തൂവെള്ള പൂക്കളുള്ള ആൽബ ഇനം കൂടാതെ പിങ്ക് പൂക്കൾ ഉള്ള  ഇനവും ലഭ്യമാണ്. പൂവിന്റെ ഒരിതളിന് അഴകാർ‌ന്ന മഞ്ഞ നിറമാണ്. വേഗത്തിൽ വളരുന്ന സ്വഭാവമുള്ള സെക്കുന്റം ഇനം നമ്മുടെ കാലാവസ്ഥയിൽ നേരിട്ട് മഴയും വെയിലും കിട്ടുന്നിടങ്ങളിൽ പരിപാലിക്കാൻ നന്ന്. 

3neofenitia-white

ചട്ടിയിൽ അല്ലെങ്കിൽ മരത്തിന്റെ തായ്ത്തടിയിൽ പൊതിമടലിൽ വേരുഭാഗം പൊതിഞ്ഞും ഈയിനം നട്ടുവളർ‌ത്താം. 

ഡോറൈറ്റി‍സ്

ഒറ്റനോട്ടത്തിൽ കുഞ്ഞൻ ഫെലനോപ്സി‍സ് ഓർ‌ക്കിഡിന്റെ പ്രകൃതമുള്ള ഈ അലങ്കാര ഓർക്കി‍‍‍ഡ് ഒറ്റത്തണ്ടു മാത്രമായി വളരുന്ന സ്വഭാവമുള്ള മോണോപോഡിയൻ വർഗത്തിൽപ്പെടുന്നു. ഒന്നര – രണ്ട് ഇഞ്ച് വലുപ്പമുള്ള പൂക്കൾക്ക് ചെറിയ ഫെലനോപ്സിസ് പൂക്കളുടെ ആകൃതിയാണ്. ഇളം പിങ്ക്, മഞ്ഞ, തൂവെള്ള, വയലറ്റ്, കടും പിങ്ക് തുടങ്ങി മുപ്പതിലേറെ നിറങ്ങളിൽ പൂക്കളുള്ള സങ്കരയിനങ്ങൾ വിപണിയിൽ ലഭ്യമാണ്. ഫെലനോപ്‍സിസിൽനിന്നു വിഭിന്നമായി കുത്തനെ നിവർന്നു നിൽക്കുന്ന സ്വഭാവമാണ് ഈ  ഓർക്കിഡിന്റെ പൂങ്കുലയ്ക്ക്. 10 –30 പൂക്കൾവരെ ഒരു പൂങ്കുലയിൽ കാണാം. ഇലകൾ തടിച്ച്, പരന്ന് രണ്ടു വശങ്ങളിലേക്ക് കുറുകിയ തണ്ടിൽ അടുക്കായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.

ഇളം വെള്ള നിറത്തിലുള്ള വേരുകൾ ചെടിയുടെ ചുവട്ടിൽനിന്നും ഇലകളുടെ മുട്ടിൽനിന്നും നല്ല നീളത്തിൽ വളർ‌ന്നുവരും. ഇന്ത്യയുൾപ്പെടെ തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെല്ലാം ഡോറൈറ്റിന്റെ പ്രാകൃതയിനങ്ങൾ കാണപ്പെടുന്നു.ഉച്ചവരെ വെയിൽ കിട്ടുന്ന വീടിന്റെ ഭാഗങ്ങളിൽ ഈ അലങ്കാര ഓർക്കി‍ഡ് ഇനം നന്നായി വളരുകയും പൂവിടുകയും ചെയ്യും. ഫെലനോപ്സി‍സ് നട്ടുവളർ‌ത്താൻ ഉപയോഗിക്കുന്ന, ഓടിന്റെയും കരിയുടെയും കഷണങ്ങൾ കലർ‌ത്തിയ മിശ്രിതം മതി ഈ ഓർക്കിഡിനും. ഡോറൈറ്റി‍‍സ് വളർ‌ന്നു വരുമ്പോൾ ചെടി സ്വാഭാവികമായി ചുവട്ടിൽ തൈകൾ ഉൽപാദിപ്പിക്കും. ഒരു വർഷത്തിനുമേൽ വളർച്ചയെത്തിയ ചെടി വർഷത്തിൽ രണ്ടു മൂന്നു തവണ പൂവിടും. പൂക്കൾ‌ ചെടിയിൽ ഒരു മാസത്തിനുമേൽ കൊഴിയാതെ നിൽക്കും.

ഫോക്സ്ടെയിൽ‌  ഓർക്കിഡ്

റിൻകോസൈലി‍സ് എന്ന് ശാസ്ത്രനാമമുള്ള ഈ ഓർക്കിഡിന്റെ അലങ്കാരയിനങ്ങളും കേരളത്തിൽ ഉദ്യാനത്തിന്റെ ഭാഗമായി മാറുന്നു. ഒതുങ്ങിയ പ്രകൃതമുള്ള പൂക്കൾ പൂന്തണ്ടിൽ കുത്തിനിറച്ച് നരിവാലുപോലെ ഞാന്നുവളരുന്ന പൂങ്കുലകളുള്ള പ്രാകൃത ഇനങ്ങൾ നമ്മുടെ നാട്ടിൽ ഉൾപ്പെടെ പല ഏഷ്യൻ രാജ്യങ്ങളിലും സ്വാഭാവികമായി കാണപ്പെടുന്നു. ഫോക്സ്ടെയിൽ ഓർ‌ക്കി‍ഡ് അസം സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ്. ഈ ഓർക്കിഡിന് വാൻഡ ഓർക്കിഡിനോട് പല വിധത്തില്‍ സാമ്യമുണ്ട്. നല്ല നീളത്തിൽ നാടപോലുള്ള ഇലകൾ അത്ര ഉയരത്തിൽ വളരാത്ത തണ്ടിന്റെ ഇരുവശങ്ങളിലേക്കും അടുക്കായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.

വേരുകൾ തടിച്ച്, നല്ല നീളത്തിൽ താഴേക്കും വശങ്ങളിലേക്കും വളരുന്ന സ്വഭാവമാണ്. റിൻകോസ്റ്റൈലിസിന്റെ സെലസ്റ്റസ് ഇനത്തിൽ പൂങ്കുല കുത്തനെ നിവർന്നു നിൽക്കുന്നു. എ ന്നാൽ മറ്റിനങ്ങളായ ജൈജാൻഷിയ, റെട്ട്യൂസ എന്നിവയിൽ പൂങ്കുല ഞാന്നാണ് കിടക്കുന്നത്. മിക്ക ഇനങ്ങളുടെയും പൂക്കൾക്ക് വശ്യമായ സുഗന്ധമുണ്ട്. പീച്ച്, മജന്ത, പിങ്ക്, വെള്ള, പുള്ളികളോടുകൂടിയ പിങ്ക്, വെള്ള പൂക്കൾ ഉള്ള ഹൈബ്രിഡുകൾ വിപണിയിൽ ലഭ്യമാണ്. പൂങ്കുലകൾ ഇലകളുടെ മുട്ടുകളിൽനിന്നാണ് ഉണ്ടായി വരിക. ആരോഗ്യത്തോടെ വളരുന്ന ചെടി ഒരേ സമയത്ത് മൂന്നു നാലു പൂങ്കുലകൾ ഉൽപാദിപ്പിക്കും. റെട്ട്യൂസ, സെലസ്റ്റ‍സ് ഇനങ്ങൾ നമ്മുടെ നാട്ടിൽ മഴക്കാലത്താണ് പൂവിടുന്നതെങ്കിൽ ജൈജാൻഷിയ  ഇനം മഞ്ഞുകാലത്താണ് പുഷ്പിക്കുക. പൂക്കൾ രണ്ടു മൂന്ന് ആഴ്ചയോളം ചെടിയിൽ കൊഴിയാതെ നിൽക്കും. വാൻഡപോലെ ഈ ഓർക്കിഡും പാതിതണലുള്ളിടത്ത് മിശ്രിതമൊന്നുമില്ലാതെ നെറ്റ് ബാസ്കറ്റുകളിൽ  നന്നായി വളരും. വേരുകൾക്ക് നല്ല ഈർപ്പാവസ്ഥ എല്ലാ സമയത്തും നല്ലതാണ്. പൂർണ വളർച്ചയെത്തിയ മാതൃസസ്യം ചുവട്ടിൽനിന്നു തൈകൾ സ്വാഭാവികമായി ഉൽപാദിപ്പിക്കാറുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FLORICULTURE
SHOW MORE
FROM ONMANORAMA