ഉദ്യാനത്തിലേക്ക് അഞ്ച് ഇഞ്ചിയിനങ്ങൾ

Red_Button_Ginger_(Costus_woodsonii)_5-(1)
SHARE

പൂക്കള്‍ക്കു വിപണിയിലും ഡിമാന്‍ഡ്

പൂച്ചെടികളുടെ ഗണത്തിലേക്ക് ഇഞ്ചിയും. ഉദ്യാനത്തിലേക്കു നവാഗതരെ എന്നും സ്വാഗതം ചെയ്യുന്നവരാണ് മലയാളികള്‍. ഓർക്കിഡും അഡീനിയവും മാൻഡവില്ലയുമെല്ലാം നമ്മൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ച പൂച്ചെടികളാണ്. അതുപോെല,   കൗതുകമുണർത്തുന്ന പൂക്കളുമായി അലങ്കാര ഇഞ്ചിയിനങ്ങളും  ഉദ്യാനത്തിൽ സ്ഥാനം പിടിക്കുകയാണ്. ആകർ‌ഷകമായ ആകൃതിയിലുള്ള പൂങ്കുല നിറം മങ്ങാതെ, കൊഴിയാതെ മൂന്നു നാല് ആഴ്ച ചെടിയിൽ നിൽക്കും. നിറപ്പകിട്ടാര്‍ന്ന ഇലകളാണ് പൂങ്കുലയുടെ മനോഹാരിത. നിത്യഹരിതപ്രകൃതമുള്ള ഇഞ്ചിയിനങ്ങൾക്കെല്ലാം മണ്ണിനടിയിൽ പടർന്നുവളരുന്ന കിഴങ്ങ് സവിശേഷതയാണ്. പൂപ്പാത്രം അലങ്കരിക്കാൻ യോജ്യമായ പൂക്കൾക്ക് വിപണിയിലും  നല്ല ഡിമാൻഡ് ഉണ്ട്. പാതി തണലുള്ളിടത്തും നേരിട്ട് വെയിൽ കിട്ടുന്നിടത്തും ഇവ നന്നായി വളർന്ന് പൂവിടും. ഉദ്യാനത്തിൽ മതിലിനോടു ചേർന്ന് നിരയായോ അനാകർഷകമായ മൂലകളിൽ കൂട്ടമായോ ഒക്കെ നട്ടുവളർത്താൻ യോജിച്ചതാണ് അലങ്കാര ഇഞ്ചിയിനങ്ങൾ. പൂക്കൾക്ക് നല്ല നിറവും ചെടിക്കു കൂടുതൽ ആയുസ്സുമുണ്ടാകാൻ കാലിവളം, മണ്ണിരവളം എന്നിവയാണു പറ്റിയത്.

റെഡ് ബട്ടൺ ജിൻജർ

വർഷം മുഴുവൻ പൂവിടുന്ന പ്രകൃതമുള്ള ഈ ഇഞ്ചിയിനം കോസ്റ്റസ് ജനുസ്സിൽപ്പെടുന്നു. തിളക്കമാർന്ന ചുവപ്പുനിറമുള്ള ഇലകൾ അടുക്കായി ആകർഷകമായാണ് പൂങ്കുലയിൽ ക്രമീകരിച്ചിരിക്കുന്നത്. തണ്ടിന്റെ അറ്റത്തുനിന്നാണ് പൂങ്കുല ഉണ്ടായിവരിക. രണ്ടാഴ്ച വളർച്ചയെത്തിയ പൂങ്കുലയിൽ ഇളം മഞ്ഞനിറത്തിലുള്ള പൂക്കൾ ഇലകൾക്കിടയിൽനിന്നു പുറത്തേക്ക് തള്ളിവരും. പൂക്കൾ കൊഴിഞ്ഞശേഷം പൂങ്കുല ചെടിയിൽ രണ്ടുമൂന്ന് ആഴ്ച കൊഴിയാതെ നിൽക്കും. പൂങ്കുല കൊഴിയുന്നതിനു മുൻപുതന്നെ ചെടിച്ചുവട്ടിൽ തൈകൾ ഉണ്ടാകാം. കമ്പ് മുറിച്ചുനട്ടാണ് റെഡ്ബട്ടൺ ജിൻജർ സാധാരണയായി വളർത്തിയെടുക്കുക. ഇലകൾ നീക്കം ചെയ്ത അരയടി നീളമുള്ള കമ്പ് മതി. നഴ്സറി കവറിൽ നട്ട കമ്പ് ഒരു മാസത്തിനുള്ളിൽതന്നെ തളിരിടും. ആവശ്യത്തിന് വളർച്ചയായാൽ നിലത്തേക്ക് മാറ്റിനടാം. കൂട്ടമായി നടുമ്പോൾ ഒരു ചതുരശ്ര അടിയിൽ ഒന്ന് മതി. പൂങ്കുലയിൽ ഉണ്ടായിവരുന്ന തൈകളും നല്ല നടീൽവസ്തുവാണ്. 

Cigar-ginger-1

സിഗാർ ജിൻജർ

കാലാത്തിയ വിഭാഗത്തിൽപെട്ട ഈയിനം ക്യൂബൻ സിഗാർ ചെടിയെന്നും അറിയപ്പെടുന്നു. ആറേഴ് അടി ഉയരത്തിൽ വളരും. നീണ്ട പിടിയുള്ള പങ്കായത്തിന്റെ ആകൃതിയുള്ള ഇലകളുടെ അടിഭാഗം വെള്ളിനിറമാണ്. ഇലകൾക്ക്  ഒന്ന്–ഒന്നര മീറ്റർ നീളമുണ്ടാകും. കൂട്ടമായി നടുമ്പോൾ ഇലകളുടെ സവിശേഷ ആകൃതിയും നിറവും ചെടിക്കു വേറിട്ട ഭംഗി നൽകും. മണ്ണിനടിയിൽ പടർന്നുവളരുന്ന കിഴങ്ങിൽനിന്നാണ് മുകളിലേക്ക് തണ്ടും ഇലയും പൂങ്കുലയുമെല്ലാം ഉണ്ടായിവരിക. ചുരുട്ടിന്റെ ആകൃതിയിൽ‌ കടുംതവിട്ടു നിറത്തിലുള്ള പൂങ്കുലകൾ നീളമുള്ള പൂന്തണ്ടിൽ കൂട്ടമായാണ് ചെടിയിൽ കാണപ്പെടുന്നത്. ഇലമുട്ടുകളിൽ ഉണ്ടായിവരുന്ന ഒരു പൂന്തണ്ടിൽ ആറ് മുതല്‍ എട്ടുവരെ ശിഖരങ്ങളിലാണ് പൂങ്കുലകൾ ക്രമീകരിച്ചിരിക്കുന്നത്. തണ്ടുൾപ്പെടെയുള്ള കിഴങ്ങാണ് നടാൻ ഉപയോഗിക്കുക. കവറിൽ കിഴങ്ങു നട്ടു വളർത്തി  വലുതാക്കിയ ചെടികളാണ് ഉദ്യാനത്തിൽ വളർ‌ത്താൻ യോജിച്ചത്. വേഗത്തിൽ വളർന്ന് കൂട്ടമായി മാറുന്ന സിഗാർ ജിൻജർ‌ ഒന്നരയടി അകലത്തിൽ നിലത്ത് നട്ടാൽ മതി. പാതിതണൽ കിട്ടുന്ന വരാന്തയില്‍ വലിയ ചട്ടിയിലും പരിപാലിക്കാം. 

റെഡ് ജിൻജർ

ചുവപ്പുനിറത്തിലുള്ള ധാരാളം വർണ ഇലകളുമായി വലിയ പൂങ്കുലയാണ് ഈയിനത്തിന്റെ ആകർഷണം. ആൽപീനിയ വർഗത്തിൽപ്പെടുന്ന റെഡ് ജിൻജർ മലേഷ്യൻ സ്വദേശിയാണ്. പിങ്ക് പൂങ്കുലയുള്ള ഇനവും വിപണിയിൽ ലഭ്യമാണ്. മറ്റ് അലങ്കാരഇഞ്ചിയിനങ്ങളെ അപേക്ഷിച്ച് വേഗത്തിൽ വളർന്ന് കൂട്ടമായിത്തീരുന്ന ഈയിനം പൂന്തോട്ടത്തിൽ വിസ്താരമുള്ളിടത്ത് വളർത്താൻ നന്ന്. പൂങ്കുലകൾ‍ ഒരു മാസത്തോളം ചെടിയിൽ കൊഴിയാതെ നിൽക്കും. പ്രായമെത്തിയ പൂങ്കുലയിൽനിന്ന് സ്വാഭാവികമായി തൈകൾ ഉണ്ടായിവരും. അഞ്ചാറ് അടി ഉയരത്തിൽ വളരുന്ന ഈ ചെടി വർഷം മുഴുവൻ പൂക്കൾ ഉൽപാദിപ്പിക്കും. തണ്ടിന്റെ അഗ്രഭാഗത്ത് ഉണ്ടാകുന്ന പൂങ്കുല വളർന്നു വലുതാകുമ്പോൾ വർണഇലകൾ അകന്ന് കൂടുതൽ മനോഹരമാകും. തണ്ടുൾപ്പെടെയുള്ള കിഴങ്ങാണ് റെ‍ഡ് ജിൻജറിന്റെ നടീൽവസ്തുവായി സാധാരണ ഉപയോഗിക്കുക. പൂങ്കുലയിൽ‍ ഉൽപാദിപ്പിക്കുന്ന തൈകൾ  സാവധാനമേ വളർന്നു വലുതാകുകയുള്ളൂ.

ബാംബൂ ജിൻജർ

കോസ്റ്റസ് ജനുസ്സിൽപ്പെടുന്ന ഈ അലങ്കാരയിനത്തിന്റെ പൂങ്കുലകൾക്കൊപ്പം ആകർഷകമായ തണ്ടും പുഷ്പാലങ്കാരത്തിൽ ഉപയോഗമുണ്ട്. 10–15 അടി ഉയരം വയ്ക്കുന്ന ഈ ചെടിയുടെ തണ്ടുകളുടെ അറ്റത്താണ് ഇലകൾ അധികമായി കാണപ്പെടുക. ആവശ്യത്തിനു വളർച്ചയെത്തിയാൽ മുളംതണ്ടുപോലെ മുട്ടുകളോടു കൂടിയതാകും. മുട്ടുഭാഗത്തിന് തവിട്ടുനിറവും ബാക്കി ഭാഗത്തിന് മങ്ങിയ ചാരനിറവുമായിരിക്കും. മണ്ണിനടിയിൽ‌ വളരുന്ന കിഴങ്ങിൽനിന്നു മുകളിലേക്ക് വെവ്വേറെയായാണ് പൂങ്കുലകളും തണ്ടുകളും ഉണ്ടായിവരിക. പൂങ്കുലയ്ക്ക് കടും ചുവപ്പ് നിറമാണ്. വർണ ഇലകൾ അടുക്കായാണ് പൂങ്കുലയിൽ ക്രമീകരിച്ചിരിക്കുന്ന ത്. നല്ല നീളമുള്ള ഇലകൾ നാടപോലെ നേർത്തതും ഇളം പ്രായത്തിൽ സ്പ്രിങ് പോലെ വളഞ്ഞുപുളഞ്ഞ ആകൃതിയുമാണ്. ഉദ്യാനത്തിൽ അതിർവേലിയുണ്ടാക്കാൻ യോജിച്ച ചെടിയാണ് ബാംബൂ ജിൻജർ. തണ്ടുകളാണ് ഈ  ഇഞ്ചിയിനത്തിന്റെ നടീൽവസ്തു. മൂന്നുനാലു മുട്ടുകളോടുകൂടിയ തണ്ട് മിശ്രിതത്തിൽ കിടത്തിയിട്ട് നട്ടാൽ മിക്ക മുട്ടുകളിൽനിന്നും തളിർപ്പ് ഉണ്ടായിവരും. ഇത്തരം തൈകൾ നിലത്ത് നേരിട്ടു നടാം. കടുത്ത മഴക്കാലം കഴിഞ്ഞുള്ള കാലാവസ്ഥയിലാണ് ഈ അലങ്കാരച്ചെടി നന്നായി പൂവിടുന്നത്. 

01

ടോർച്ച് ജിൻജർ

നിത്യഹരിത സ്വഭാവം, വീതി കുറഞ്ഞ് നീളമുള്ള ഇലകൾ, 20 അടിയോളം ഉയരം വയ്ക്കുന്ന പ്രകൃതം, മണ്ണിനടിയിൽ വളരുന്ന കിഴങ്ങിൽനിന്നു നേരിട്ട് ഉണ്ടായിവരുന്ന പൂങ്കുലകൾ എല്ലാം ടോർച്ച് ജിൻജർ‌ ചെടിയുടെ സവിശേഷതകളാണ്. നീളമുള്ള പൂന്തണ്ടിന്റെ അറ്റത്ത് ടോർച്ചിന്റെയോ കാബേജിന്റെയോ ആകൃതിയിലാണ് പൂങ്കുല കാണപ്പെടുക. ഇളംപിങ്ക്, കടുംചുവപ്പ്, വെള്ള നിറങ്ങളിൽ പൂങ്കുലയുള്ള ഇനങ്ങൾ ഉദ്യാനത്തിൽ പരിപാലിക്കാൻ ലഭിക്കും. മഴക്കാലത്താണ് ഈ ഇനം നന്നായി പൂവിടുക. കടും ചുവപ്പു പൂങ്കുല ഉള്ളവയ്ക്ക് മറ്റിനങ്ങളെ അപേക്ഷിച്ച് പൂവിടൽ കുറവാണ്. എന്നാല്‍ പൂങ്കുല ചെടിയിൽ ഒരു മാസം നില്‍ക്കും. വിസ്താരമുള്ള ലാൻഡ് സ്കേപ്പിങ്ങിൽ വലിയ കൂട്ടമായി പരിപാലിക്കാൻ യോജിച്ച ചെടിയാണ് ടോർച്ച് ജിൻജർ‌. ചെടിയു‍ടെ കമ്പുകളിൽ അടി മുതൽ തലപ്പുവരെ നിറയെ ഇലകൾ കാണാം. ഇലകളുടെ അരികിന് വളഞ്ഞുപുളഞ്ഞ ആകൃതിയാണ്. ടോർച്ച് ജിൻജറിന്റെ തണ്ടോടുകൂടിയ കിഴങ്ങാണ് നടീൽവസ്തുവായി ഉപയോഗിക്കുക. മൂന്നു നാല്  മുട്ടുകളോടുകൂടിയ കിഴങ്ങുഭാഗം ചെടിയുടെ കടയിൽ‌നിന്നു വേർ‌പെടുത്തിയെടുത്ത് രണ്ടു മൂന്നു  ദിവസം തണലത്തിട്ട് ജലാംശം കുറയ്ക്കണം. നഴ്സറി കവറിൽ നിറച്ച മിശ്രിതത്തിൽ കിഴങ്ങ് നട്ടുവളർത്തി തൈകൾ ഉണ്ടാക്കാം. ഇഞ്ചിയിനങ്ങൾ മറ്റ് അലങ്കാരച്ചെടികളിൽനിന്നു വിഭിന്നമായി ലളിതമായ പരിചരണത്തിൽ നന്നായി വളരുകയും പൂവിടുകയും ചെയ്യും. രോഗ, കീടബാധ ഒട്ടും ബാധിക്കാതെ എന്നും ആരോഗ്യത്തോടെയുള്ള പ്രകൃതമാണ് ഇവയ്ക്കുള്ളത്.‌  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FLORICULTURE
SHOW MORE
FROM ONMANORAMA