ADVERTISEMENT

‘വീട്ടുമുറ്റത്തെ വിശാലമായ ഉദ്യാനത്തെക്കാൾ വീടിന്റെ ഉൾത്തളങ്ങളെ സുന്ദരമാക്കുന്ന ഉദ്യാനകലകളിലാണ് ഇന്നു മലയാളിക്കു കമ്പം. അവയിൽ ഏറെ പ്രിയവും കൗതുകവും ചില്ലുഭരണികളിൽ തീർക്കുന്ന ടെറേറിയങ്ങളോട്’, രണ്ടു വർഷത്തിനിടയിൽ ആയിരത്തിഅഞ്ഞൂറിലധികം ടെറേറിയങ്ങൾ ഉദ്യാനപ്രേമികള്‍ക്കു െകെമാറിയ അരുണിമയുടെ വാക്കുകൾ. കൊക്കഡാമയും ടേബിൾ ടോപ്പ് ഗാർഡനും ടെറേറിയവും ഇൻഡോർ വാട്ടർ ഗാർഡനുമെല്ലാം വിജയസംരംഭമാക്കിയ വനിതകളുടെ എണ്ണം കൂടുന്നത് അരുണിമയുടെ നിരീക്ഷണം ശരിവയ്ക്കുന്നു.

വയനാടു സ്വദേശിയും അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിൽ റിസർച്ച് അസിസ്റ്റന്റുമായ അരുണിമ, ടെറേറിയങ്ങളുടെ സൗന്ദര്യവും സാധ്യതയും സംരംഭമാക്കി മാറ്റിയിട്ട് ഏറെനാളായിട്ടില്ല. വിശാലമായ ഉദ്യാനം ഒരുക്കുന്നതിലേറെ കരുതലും കലാവിരുതും വേണം ശാസ്ത്രവും കലയും സമ്മേളിക്കുന്ന ഗ്ലാസ് പൂന്തോട്ടങ്ങൾ സൃഷ്ടിക്കാനെന്ന് അരുണിമ. ടെറേറിയത്തിനു ചേർന്ന ചെടികൾ തിരഞ്ഞെടുക്കുന്നതിലുൾപ്പെടെ ഒട്ടേറെ കാര്യങ്ങളിൽ ആഴത്തിലുള്ള അന്വേഷണങ്ളും നിരീക്ഷണങ്ങളും ആവശ്യം. ടെറേറിയത്തിന് അനുയോജ്യമായ നടീൽമിശ്രിതങ്ങൾ കണ്ടെത്തുന്നതിലും ട്രൈക്കോഡെർമപോലുള്ള െജെവനിയന്ത്രണോപാധികള്‍ പരീക്ഷിക്കുന്നതിലും മൈക്രോബയോളജിയിലെ ബിരുദാനന്തരബിരുദ പഠനം ഗുണം ചെയ്തെന്ന് അരുണിമ.

ചില്ലുകൂട്ടിലെ ലാൻഡ്സ്കേപ്പിങ് ആവട്ടെ, ക്ഷമയും സൂക്ഷ്മതയുംകൊണ്ട് തീർക്കേണ്ട വിസ്മയമാണ്. മഴക്കാടും മരുഭൂമിയും കടലോരവുമെല്ലാം ഭാവതീക്ഷ്ണത ഒട്ടും ചോരാതെ ഇത്തിരിപ്പോന്ന ചില്ലുഭരണിയിൽ പുനഃസൃഷ്ടിക്കുക എളുപ്പമല്ല. വിശ്വപ്രകൃതിയെ മഞ്ഞുതുള്ളിയിൽ പ്രതിഫലിപ്പിക്കുന്ന കലാവൈഭവം. ഇത്തരം തീംഗാർഡനുകളാണ് കോർപറേറ്റ് ഒാഫിസുകളും റിസോർട്ടുകളുമെല്ലാം ആവശ്യപ്പെടുന്നതെന്നും അരുണിമ. ടെറേറിയങ്ങൾ മാത്രമല്ല, ഉൾത്തള ഉദ്യാനങ്ങളുടെ ചാരുത കൂട്ടുന്ന പ്ലാന്റ് ബോക്സുകളുടെ നിർമാണവും അരുണിമയുടെ ഇഷ്ട വിനോദം.

പരിശീലനം, ധനസഹായം

ആസ്കി വഴി സൗജന്യ പരിശീലനം

കർഷകർക്ക്, വിശേഷിച്ച് വനിതകൾക്ക്, ഒട്ടേറെ മേഖലകളിൽ സൗജന്യ കൃഷിപരിശീലനം നേടാൻ അഗ്രികൾച്ചറൽ സ്കിൽ കൗൺസിൽ ഒാഫ് ഇന്ത്യ(ASCI– ആസ്കി) അവസരമൊരുക്കുന്നു. മൃഗസംരക്ഷണം, ക്ഷീര വികസനം, തേനീച്ചവളർത്തൽ, കൂൺ കൃഷി, പഴം–പച്ചക്കറി സംസ്കരണം, കമ്പോസ്റ്റ് നിർമാണം എന്നിങ്ങനെ ഭിന്നമേഖലകളിൽ പരിശീലനം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരത്തെ കൃഷിവകുപ്പ് സ്ഥാപനമായ സമേതിയുമായി ബന്ധപ്പെടാം. ഫോൺ: 8943391968 (സ്റ്റേറ്റ് കോർഡിനേറ്റർ).

വായ്പാസഹായം

കേന്ദ്ര സർക്കാരിന്റെ സൂക്ഷ്മ–ചെറുകിട–ഇടത്തരം വ്യവസായ മന്ത്രാലയം നടപ്പാക്കി വരുന്ന വായ്പാ പദ്ധതിയാണ് പിഎംഇജിപി. പുതുസംരംഭകരെ ലക്ഷ്യമിടുന്ന ഈ പദ്ധതിപ്രകാരം നിർമാണസ്ഥാപനങ്ങൾക്കും സേവനസ്ഥാപനങ്ങൾക്കും സാധാരണ ബാങ്കു പലിശയിൽ വായ്പ ലഭ്യമാകും. സംരംഭം വിജയകരമായി മൂന്നു വർഷം പിന്നിടുന്നതോടെ വായ്പയുടെ 35 ശതമാനം തുക സബ്സിഡി ലഭിക്കും. നിലവിലുള്ള പിഎംഇജിപി യൂണിറ്റുകൾ വിപുലീകരിക്കുന്നതിന് 15 ശതമാനം സബ്സിഡിയോടെ വായ്പയും നേടാം. കേരളത്തിൽ പദ്ധതി നടത്തിപ്പിന്റെ മുഖ്യ ചുമതലക്കാർ തിരുവനന്തപുരത്തുള്ള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനാണ്. ഫോൺ: 0471 2331625

മുദ്ര വായ്പ: കാർഷിക മേഖലയിൽ സൂക്ഷ്മ–ചെറുകിട സംരംഭങ്ങൾ ആഗ്രഹിക്കുന്ന വർക്ക് കേന്ദ്രസർക്കാരിന്റെ മുദ്ര വായ്പ പ്രയോജനപ്പെടുത്താം. ശിശു, കിശോർ, തരുൺ എന്നിങ്ങനെ മൂന്നു തട്ടുകളിലായാണ് വായ്പ ക്രമീകരിച്ചിരിക്കുന്നത്. പൊതുമേഖലാ ബാങ്കുശാഖയുമായി ബന്ധപ്പെട്ടാൽ വിശദവിവരങ്ങൾ ലഭിക്കും.

മൂല്യവർധനയ്ക്ക് ധനസഹായം: കാർഷികോൽപന്നങ്ങളുടെ മൂല്യവർധന പ്രോൽ സാഹിപ്പിക്കാനുള്ള വിവിധ വായ്പാ പദ്ധതികൾ സ്മോൾ ഫാർമേഴ്സ് അഗ്രി ബിസി നസ് കൺസോർഷ്യം (എസ്എഫ്സി) നടപ്പാക്കുന്നു. ഫോൺ: 0471 2742110 / 2742113

ടെറേറിയം
അരുണിമ സി. രാജൻ
അമ്പലവയൽ
വയനാട്
ഫോൺ: 7909169194

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com