ഔഷധഗുണമുള്ള കിളിഞാവൽ പറിച്ചു കളയല്ലേ...

HIGHLIGHTS
  • പച്ചനിറമുള്ള കായ്കൾ പഴുക്കുമ്പോൾ ചുവന്നു കറുക്കും
kilinjaval
SHARE

നട്ടുവളർത്തിയില്ലെങ്കിലും വീട്ടുവളപ്പിലും നാട്ടിൻപുറങ്ങളിലും വ്യാപകമായി കാണുന്ന ചെറിയ മരമാണ് കിളിഞാവൽ. കിളികൾക്ക് ഏറെ പ്രിയപ്പെട്ട പഴമാണ് ഇതിന്റേത്. Duke’s eye എന്നും Coral berry എന്നും ഇതിനു പേരുണ്ട്. ശാസ്ത്രീയ നാമം Ardisia elleptica. തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും തെക്കു കിഴക്കൻ ഏഷ്യയിലെ മലേഷ്യ, ഇന്തൊനീഷ്യ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലുമാ‌ണ് ഉത്ഭവം. കളയാണെന്നു കരുതി പലരും ഇതു പറിച്ചു കളയും. ഷുഗർ ഞാവൽ എന്നു നമ്മുടെ നാട്ടിൽ വിളിക്കാറുണ്ട്. തണലത്തു വളർന്നാലും നന്നായി കായ്ക്കുകയും വിളവു നൽകുകയും ചെയ്യും. ഒട്ടേറെ ശിഖരങ്ങളോടെ നാലു മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടി നല്ല സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലങ്ങളിലും നന്നായി വളരും. ഇലകൾക്ക് ഇളം പ്രായത്തിൽ ചുവന്ന നിറമായിരിക്കും. പൂക്കൾ കുലകളായിട്ടാണ് ഉണ്ടാകുന്നത്. ചെറിയ പൂക്കൾക്ക് വെള്ള കലർന്ന പിങ്ക് നിറമാണ്. പഴങ്ങൾ ഉരുണ്ടതും 5–9 മി.മീ. വലുപ്പമുള്ളതുമാണ്. പച്ചനിറമുള്ള കായ്കൾ പഴുക്കുമ്പോൾ ചുവന്നു കറുക്കും. അലങ്കാരച്ചെടിയായും ഇതിനെ വളർത്താം. കൊമ്പു കോതി ആകർഷകമാക്കണമെന്നു മാത്രം.

കൃഷിരീതി: വിത്തുകൾ വഴിയാണ് വംശവർധന. വീടിനു മുകളിൽ പ്ലാസ്റ്റിക് പാത്രങ്ങളിൽ പോട്ടിങ് മിശ്രിതം നിറച്ച് നട്ടുവളർത്താം. അല്ലെങ്കിൽ 2 x 2 x 2 അടി വലുപ്പത്തിൽ കുഴിയെടുത്ത് 2.5 മീറ്റർ അകലത്തിൽ നടാം. കുഴികളിൽ മേൽമണ്ണും വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും ട്രൈക്കോഡെർമ ചേർന്ന ചാണകവും നിറച്ച് തൈ നടുക. ഒരു വർഷത്തിനുള്ളിൽ കായ്ക്കും. സ്യൂഡോമോണാസ് രണ്ടാഴ്ചയിലൊരിക്കൽ 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക.

ഔഷധഗുണം: പ്രമേഹരോഗികൾ ഈ പഴം കഴിക്കുന്നതു നന്ന്. തായ്‌ലൻഡിലെ പാരമ്പര്യ വൈദ്യത്തിൽ ഇതിന്റെ കായ്കൾ പനിക്കും വയറിളക്കത്തിനും മരുന്നാണ്. പഴങ്ങൾ നേരിട്ടും വീഞ്ഞുണ്ടാക്കിയും കഴിക്കാം. കിളിഞാവൽ ഒരെണ്ണം പറമ്പിലുണ്ടെങ്കിൽ പഴങ്ങൾ തിന്നാൻ കിളികൾ കൂട്ടമായെത്തും. പറമ്പിലെ കീടശല്യം കുറയും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FLORICULTURE
SHOW MORE
FROM ONMANORAMA