ADVERTISEMENT

ലോകമെമ്പാടുമുള്ള പുഷ്പസ്നേഹികളുടെ ഹൃദയം കവർന്ന തെക്കേ അമേരിക്കൻ സുന്ദരിയാണ് ബൊ ഗേൻ വില്ല. കടുത്ത വേനലിൽപോലും സമൃദ്ധമായി പൂവിടുന്ന ഈ വിശ്വമോഹിനിയുടെ, കൊഴിയാൻ മടി ക്കുന്ന പൂക്കൾ, പേപ്പർ മടക്കി രൂപപ്പെടുത്തുന്ന പൂക്കൾക്കു സമാനമായതുകൊണ്ടാകാം ബൊഗേൻവില്ലയെ കടലാസു പൂച്ചെടിയെന്നും വിളിക്കുന്നത്. 

 

boca-villa-flower1

ഒതുങ്ങിയ പ്രകൃതമുള്ള കുറ്റിച്ചെടിയായി ചട്ടിയിലും വള്ളിച്ചെടിയായി മതിലിലും ട്രെല്ലിയിലുമെല്ലാം വളർത്താൻ യോജിച്ചതാണ് ഈ പൂച്ചെടി. ചുട്ടുപൊള്ളുന്ന വെയിലേൽക്കുന്ന ടെറസ്സിനു വർണച്ചാർത്തു നൽകാൻ ബൊഗേൻവില്ലയ്ക്കു പകരക്കാരനില്ല. പിങ്ക്, വെള്ള തുടങ്ങിയ നിറത്തിലുള്ള പൂക്കളും ഒപ്പം മുള്ളുകളുമുള്ള പരമ്പരാഗതയിനങ്ങൾക്കൊപ്പം നിറത്തിലും രൂപത്തിലും ഒട്ടേറെ വൈവിധ്യമുള്ള പൂക്കളും ഇലകളുമായി എണ്ണമറ്റ നവീന സങ്കരയിനങ്ങൾ നമുക്കു നട്ടുവളർത്താൻ ലഭ്യമാണ്. ഇവയിൽ ഒട്ടു മിക്കതിനും മുള്ളുകളില്ല എന്നതും സവിശേഷതയാണ്. മറ്റ് ഉദ്യാനച്ചെടികൾ വേനലിൽ വെള്ളത്തിനായി ദാഹിക്കുമ്പോൾ ബൊ ഗേൻ വില്ല കുറഞ്ഞ ജലലഭ്യതയിൽപോലും വളരുകയും സമൃദ്ധമായി പുഷ്പിക്കുകയും ചെയ്യുന്നു. ഇടക്കാലത്ത് ഉദ്യാനത്തിൽ അവഗണന നേരിടേണ്ടിവന്ന ബൊഗേൻവില്ല വീണ്ടും നാടെമ്പാടും സ്വീകാര്യതയും ജനപ്രീതിയുമുള്ള പൂച്ചെടിയായി മാറിക്കഴിഞ്ഞു.

 

boca-villa-flower2

ബൊഗേൻവില്ലയുടെ യഥാർഥ പൂക്കൾ തീരെ ചെറുതും അനാകർഷകവുമാണ്. ഇവയ്ക്കു ചുറ്റുമുള്ള വർണ ഇലകൾ (ബ്രാ ക്റ്റ്) ആണു പൂങ്കുലയുടെ ഭംഗി. പൂക്കൾ കൊഴിഞ്ഞുപോയാലും വർണ ഇലകൾ കുറേനാൾ കൂടി ആകർഷകമായി ചെടിയിൽ നില്‍ക്കും. ബൊഗേൻവില്ലയുടെ മിക്കയിനങ്ങളിലും ഒരു പൂവിനു ചുറ്റും മൂന്നു വർണ ഇലകളാണുള്ളത്. എന്നാൽ ‘മഹാറാ’ വർഗ ത്തിലെ ഇനങ്ങളുടെ പൂവിനു ചുറ്റും 20–30 വർണ ഇലകൾവരെ ഉണ്ടാകും. ബ്രാക്റ്റുകളുടെ മനോഹാരിത കൂടാതെ വെള്ള കലർന്ന പച്ച, മഞ്ഞയും പച്ചയും നിറത്തിൽ ഇടകലർന്നത്, ഇളം മഞ്ഞ തുടങ്ങി ഇലകളുടെ നിറത്തിലും വേറിട്ട ഇനങ്ങളും നട്ടുവളർത്താൻ ലഭ്യമാണ്.

 

boca-villa-flower3

കൃഷിരീതി: കമ്പ് മുറിച്ചു നട്ടും പതിവച്ചുമാണ് ബൊഗേൻവില്ല വളർത്തിയെടുക്കുക. പരമ്പരാഗത ഇനങ്ങൾ എല്ലാം കമ്പുമുറിച്ച് നട്ട് തൈകൾ ഉൽപാദിപ്പിക്കാം. പൂവിടാത്തതും ആരോഗ്യത്തോടെ വളരുന്നതുമായ കമ്പ് നടാനായി ഉപയോഗിക്കാം. കമ്പിന്റെ തലപ്പുഭാഗമാണ് തളിർപ്പ് ഉണ്ടായിവന്ന് വേഗത്തിൽ തുടർ വളർച്ച കാണിക്കുക. താഴേക്കുള്ള ഭാഗത്തിനു തളിർപ്പ് ഉൽ പാദിപ്പിക്കാനുള്ള ശേഷി കുറവായിരിക്കും. പക്ഷേ, തലപ്പ് നട്ടശേഷം നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ എളുപ്പത്തിൽ ഉണങ്ങിപ്പോകാൻ സാധ്യതയുണ്ട്. കൂമ്പും തളിരിലകളും നിർത്തി ബാക്കി ഇലകൾ മുഴുവനായി നീക്കം ചെയ്യണം. വേരുകൾ വേഗത്തിൽ ഉണ്ടാകാൻ ‘റൂട്ടെ ക്സ്’ ഹോർമോണിൽ മുറിഭാഗം മുക്കിയശേഷം നട്ടാൽ മതി. നഴ്സറി കവറിൽ ആറ്റുമണലും കൊക്കോപീറ്റും മണ്ണും ഒപ്പം സ്യൂഡോ മോണാസ് കുമിൾനാശിനിയും കലർത്തി കുതിർത്തെടുത്തതിൽ കമ്പ് ഒരിഞ്ച് ഇറക്കി ഉറപ്പിക്കാം. ആവശ്യത്തിനു സുഷിരങ്ങൾ ഇട്ട്, പ്ര കാശം കയറുന്ന പ്ലാസ്റ്റിക് കുപ്പിയോ കവറോ ഉപയോഗിച്ച് കമ്പും കവറും മുഴുവനായി മൂടി വയ്ക്കുന്നത് തളിർപ്പുണ്ടാകാൻ നല്ലതാണ്. കമ്പു നട്ട കവറുകൾ തണലത്തുവച്ച് സംരക്ഷിക്കുകയും മിശ്രിതം മാത്രം ആവശ്യാനുസരണം നനച്ചുകൊടുക്കുകയും വേണം.

 

beena-jackson
ബീന ജാക്സൺ ഉദ്യാനത്തിൽ

പല നവീന സങ്കരയിനങ്ങളും പതിവച്ചുമാത്രമേ വളർത്തിയെടുക്കാനാവുകയുള്ളൂ. പൂവിടാത്തവശങ്ങളിലേക്കു വളരുന്ന കമ്പാണ് ഇതിനു വേണ്ടത്. തണ്ടിന്റെ അഗ്രഭാഗത്തുനിന്ന് ഒരടി താഴ്ത്തി മൂർച്ചയുള്ള കത്തിയുപയോഗിച്ച് ഒരു സെ.മീ. നീളത്തിൽ തടിയിൽ തൊടുന്ന വിധത്തിൽ തൊലിയിൽ 2–3 മുറിവുകൾ ഉണ്ടാക്കണം. മുറിവുണ്ടാക്കിയ ഭാഗം കൊക്കോപീറ്റ് ഉപയോഗിച്ചു പൊതിയുക. ഇതിനു ചുറ്റും സുഷിരങ്ങൾ ഉള്ളതും പ്രകാശം കയറുന്നതുമായ പ്ലാസ്റ്റിക് ആവരണവും നൽകണം. പതിവച്ചഭാഗത്ത് ഈർപ്പം നിലനിർത്തുന്ന വിധത്തിൽ നനയ്ക്കണം. 3–4 ആഴ്ചയ്ക്കുള്ളിൽ പ്ലാസ്റ്റിക് ആവരണത്തിനുള്ളിൽ വേരുകൾ വളർന്നു വരുന്നതു കാണാം. ഈയവ സ്ഥയിൽ പതിവച്ച ഭാഗത്തിനു താഴെവച്ച് കമ്പു മുറിച്ചെടുത്ത് നഴ്സറി കവറിൽ നട്ടു വളർത്തിയെടുക്കാം. നടുന്നതിനു മുൻപ് പ്ലാസ്റ്റിക് ആവരണം നീക്കാൻ മറക്കരുത്.

 

ബൊഗേൻവില്ലയുടെ പരമ്പരാഗതയിനങ്ങളെല്ലാം നിലത്തു നട്ട് വള്ളിച്ചെടിയായോ അല്ലെങ്കിൽ ചട്ടിയിൽ നട്ട് കമ്പുകോതി കുറ്റിച്ചെടിയായോ വളർത്താനാകും. എന്നാൽ നവീന സങ്കരയിനങ്ങളെല്ലാം തന്നെ ചട്ടിയിൽ കുറ്റിച്ചെടിയായി വളർത്തുന്നതാണ് കൂടുതൽ ഭംഗി. ഉദ്യാനത്തിൽ 5–6 മണിക്കൂർ നേരിട്ടു നല്ല വെയിൽ കിട്ടുന്നിടത്താണ് ബൊഗേൻവില്ല സമൃദ്ധമായി പൂവിടുക. ഒരടിയെങ്കിലും വലുപ്പമുള്ള ചട്ടിയാണ് ബൊഗേൻവില്ല നടാൻ വേണ്ടത്. മിശ്രിതമായി ചുവന്ന മണ്ണും കൊക്കോപീറ്റും കലർത്തിയതിൽ വളമായി ഉണക്കിപ്പൊടിച്ച ആട്ടിൻകാഷ്ഠമോ ചാണകപ്പൊടിയോ ഉപയോഗിക്കാം. കവറിൽ വളർത്തിയെടുത്ത തൈ കവർ മാത്രം നീക്കിയശേഷം ചട്ടിയിലേക്കു നടാം. ചെടിയുടെ പ്രാരംഭദശയിലുള്ള വളർച്ചയ്ക്ക് നനയും വളപ്രയോഗവും ആവശ്യമാണ്. ചട്ടിയിൽ കുറ്റി ച്ചെടിയായി പരിപാലിക്കാൻ കമ്പുകോതി നിർത്തണം. അടുത്ത കാ ലവർഷത്തിനു മുൻപ് പെൻസിൽ വണ്ണത്തിൽ താഴെ വണ്ണമുള്ള ക മ്പുകൾ 4 – 5 ഇഞ്ച് നീളത്തിൽ നിർത്തി മുകൾഭാഗം നീക്കം ചെയ്യ ണം. മഴ കുറയുന്ന കാലാവസ്ഥയിൽ (ഒക്ടോബർ മാസം) ചെടി യിൽ പുതുതായി ഉണ്ടായിവന്ന ശിഖരങ്ങളുടെ താഴത്തെ 3–4 മു ട്ടുകൾ നിർത്തി കമ്പു കോതണം. കൂടാതെ കുത്തനെ മുകളിലേ ക്കു വളരുന്ന കമ്പുകൾ താഴെവച്ചുതന്നെ നീക്കം ചെയ്യണം. കമ്പു കോതിയ ചെടിക്കു വളമായി ആട്ടിൻകാഷ്ഠം, 19:19:19 രാസവളം ഇവയെല്ലാം ഉപയോഗിക്കാം. ഒരുപിടി രാസവളം ഒരു ബക്കറ്റ് വെ ള്ളത്തിൽ കലക്കി അതിൽനിന്നും ഒരു മഗ് ലായനി മിശ്രിതത്തിൽ ഒഴിച്ചു നൽകാം. ചെടി പൂവിടുന്നതുവരെ ഇളം ഇലകൾ വാടുന്ന അ വസ്ഥയിൽമാത്രം നന മതിയാകും. പൂക്കൾ ഉൽപാദിപ്പിച്ചു തുട ങ്ങിയാൽ ആവശ്യത്തിനു നന നൽകണം. ഇതു പൂക്കൾ ചെടിയിൽ കൂടുതൽ നാൾ കൊഴിയാതെ നിൽക്കാൻ സഹായിക്കും. പൂക്കൾ ക്ക് നല്ല നിറവും വലുപ്പവും കിട്ടാൻ കടലപ്പിണ്ണാക്കും വേപ്പിൻപിണ്ണാക്കും പുളിപ്പിച്ചെടുത്ത ലായനി നേർപ്പിച്ചത് ഉപകരിക്കും. നമ്മുടെ കാലാവസ്ഥയിൽ നവംബർ – മേയ് ആണ് ബൊഗേൻവില്ല യ്ക്ക് പൂക്കാലം. പൂക്കൾ 15 – 20 ദിവസം വരെ ചെടിയിൽ കൊഴിയാ തെ നിൽക്കും. പൂക്കൾ കൊഴിഞ്ഞാൽ ചെടി വീണ്ടും പൂവിടും. ഈ സമയത്ത് നന പരിമിതപ്പെടുത്തണം. പിണ്ണാക്കുലായനി വളമായി നൽകാം. 2–3 വർഷത്തെ വളർച്ചയായ ചെടി മഴക്കാലത്തിനു മുമ്പ് കമ്പു കോതുന്നതിനൊപ്പം ചട്ടിയിലെ മിശ്രിതം മാറ്റി പുതിയത് നിറച്ചുകൊടുക്കുകയും വേണം. ഇതിനായി മിശ്രിതം വെള്ളമൊഴിച്ച് നന്നായി കുതിർത്തെടുക്കുക. ചട്ടി ചെരിച്ചിട്ടശേഷം ചെടിയുടെ തായ്ത്തണ്ടിൽ പിടിച്ചുവലിച്ച് മിശ്രിതമുൾപ്പെടെ ശ്രദ്ധാപൂർവം പുറത്തേക്കു നീക്കണം. പഴകിയ വേരും മിശ്രിതവും മാറ്റിയശേഷം ചട്ടിയുടെ അടിഭാഗത്ത് ആട്ടിൻകാഷ്ഠമോ, എല്ലുപൊടിയോ സ്റ്റെറാമീലോ നന്നായി ചേർത്തത് നിറച്ചുകൊടുക്കാം. ഇതിനു മുകളിൽ ചെടി ഇറക്കിവച്ച് ഉറപ്പിക്കണം.

 

നിലത്തോ വലിയ ചട്ടിയിലോ വള്ളിച്ചെടിയായി ബൊഗേൻ വില്ല പ്രത്യേക ആകൃതി (ടോപിയറി)യിൽ പരിപാലിക്കാനാകും. 2–3 വ്യത്യസ്ത നിറങ്ങളിലുള്ളവ ഒരുമിച്ച് താങ്ങു നൽകി നടണം. ഇവയുടെ മുകളിലേക്ക് വളരുന്ന കമ്പുകൾമാത്രം നിലനിർത്തി വശങ്ങളിലേക്ക് ഉണ്ടായി വരുന്ന ശാഖകൾ ആവശ്യാനുസരണം മുറിച്ചു കളയണം. കമ്പുകൾ താങ്ങുവഴി ആവശ്യത്തിന് ഉയരത്തിൽ വളർന്നു കഴിഞ്ഞാൽമാത്രം തലപ്പത്ത് ശിഖരങ്ങൾ ഇടാനും കമ്പുകൾ കോതി പ്രത്യേക ആകൃതിയിലാകാനും അനുവദിക്കണം.

 

എന്നും എപ്പോഴും കടലാസുപൂക്കൾ

 

കടലാസുപൂക്കളുടെ അഖിലാണ്ഡ സമ്മേളനവേദി എന്നു വിശേഷിപ്പിക്കാം മൂവാറ്റു പുഴ താണിമറ്റത്തിൽ ബീനാ ജാക്സന്റെ വീട്. തനി നാടൻ ഇനങ്ങൾക്കൊപ്പം വിദേശികളും തോളുരുമ്മി ചിരിച്ചുല്ലസിച്ച് ഈ വീട്ടുമുറ്റത്ത് സഹവസിക്കുന്നു. ബീനയ്ക്കു ബൊഗേൻവില്ലയോടുള്ള കമ്പം ആരംഭിച്ചിട്ട് വർഷം 18 കഴിഞ്ഞു. ഈ കാലയളവിൽ പല ദേശങ്ങളിൽനിന്നു ശേഖരിച്ച ബൊഗേൻവില്ല ഇനങ്ങൾ നൂറിലേറെയുണ്ട്. പിങ്ക് നിറത്തിൽ പൂവുള്ള ഇനമുണ്ടോ എന്ന് ഈ വീട്ടമ്മയോടു ചോദിച്ചാൽ പിങ്കിന്റെ 20 നുമേൽ നിറഭേദങ്ങളിലുള്ളവ കാണിച്ചുതരും. വെള്ളയുടെ കാര്യത്തിലും ഇതുപോലെതന്നെ. 

 

ചെടികൾ പൂവിടാ‍ൻ ആരംഭിച്ചാൽ വാങ്ങാൻ ആളുകൾ എത്തുകയായി. നവീന സങ്കരയിനങ്ങളോടാണ് ഇപ്പോള്‍ കൂടുതൽ പ്രിയം. ബീനയുടെ അനുഭവത്തിൽ പുതിയ ഇനങ്ങളുടെ തൈകൾ ഉൽപാദിപ്പിക്കുക അത്ര എളുപ്പമല്ല. 10 കമ്പു നട്ടാൽ മൂന്നെണ്ണം പിടി ച്ചുകിട്ടിയാലായി. നടുന്നതിനു മുൻപ് കമ്പിന്റെ മുറിഭാഗം ചിരട്ടക്കരിയിൽ മുക്കുന്നത് വേഗത്തിൽ വേരുകൾ ഉണ്ടാകാൻ ഉപകരിക്കും. ബൊഗേൻവില്ല വളർത്തുന്ന മിശ്രിതത്തിൽ കരിയിലപ്പൊടി കലർത്തുന്നത് ചെടി കരുത്തോടെ വളരാൻ നല്ലതെന്ന് ബീന. ഇവർ ഇതിനായി തേക്കിന്റെ ഇലയാണ് ഉപയോഗിക്കുക. വെള്ളപ്പൂക്കള്‍ക്കാണ് ചെടിയിൽ കൂടുതൽ ആയുസ്സുള്ളത്. ബൊഗേൻവില്ലകൾക്കൊപ്പം അഡീനിയ ത്തിന്റെയും നല്ലൊരു ശേഖരമുണ്ട് ഈ വീട്ടമ്മയ്ക്ക്.

 

ഫോൺ (ബീനാ ജാക്സൺ) : 98464 42495

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com