വത്സമ്മയ്ക്ക് ആദായമേകുന്ന ഹോയയും ആമ്പലും

HIGHLIGHTS
  • ആമ്പലുകളിൽ ചുവപ്പ്, മഞ്ഞ, വയലറ്റ്, പിങ്ക് തുടങ്ങി ഒട്ടേറെ നിറ വൈവിധ്യങ്ങൾ
valsamma
SHARE

നക്ഷത്രഭംഗിയുള്ള പൂങ്കുലപ്പൂക്കൾ വിടർത്തുന്ന ഹോയയാണ് പൂച്ചെടികൾക്കിടയിലെ പുതിയ താരം. കര്‍ഷകശ്രീയുടെ 2015 നവംബര്‍ ലക്കത്തില്‍ ഹോയയെ പരിചയപ്പെടുത്തിയിരുന്നു. മെഴുകു പൂക്കൾ (wax plants) എന്നും പേര്. കുടയായി വിരിഞ്ഞ് മെഴുകിൽ മെനഞ്ഞതുപോലെ രൂപഭംഗിയുള്ള ഹോയയു‌ടെ ഇനങ്ങളും നിറങ്ങളും അത്രവേഗം എണ്ണിയെടുക്കാൻ കഴിയാത്തത്രയുണ്ട്. ഓരോന്നും ഒന്നിനൊന്നു സുന്ദരം. തായ്‌ലൻഡിലും മ്യാൻമറിലും നമ്മുടെ സിക്കിമിലുമെല്ലാം സ്വാഭാവികമായിക്കാണുന്ന ഈ വള്ളിച്ചെടി ഉദ്യാനസസ്യമെന്ന നിലയിൽ കേരളത്തിൽ പേരെടുത്തിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ. പൂക്കൾ പലതും സുഗന്ധവാഹികൾ. കട്ടിയുള്ള ഇലകളിൽ വെള്ളം സൂക്ഷിച്ചുവയ്ക്കുന്ന ഹോയയ്ക്ക് നനയും പരിപാലനവും മിതമായി മതി. പൂക്കള്‍ക്കു മാത്രമല്ല, ഹോയയുടെ ഇലയ്ക്കുമുണ്ട് ആരാധകർ. ‘ലവ്’ ചിഹ്നത്തിന്റെ ആകൃ തിയുള്ള ഹാർട്ട് ലീഫ് ഹോയ സ്നേഹസമ്മാനമായി കൈമാറുന്നവരുണ്ട്. തണ്ടു മുറിച്ചു നട്ടാണ് തൈകൾ ഉൽപാദിപ്പിക്കുന്നത്.

ആമ്പൽ പൂവേ...

രാത്രി വിടർന്ന് രാവിലെ കൂമ്പുന്ന ആമ്പലുകളായിരുന്നു മുമ്പു നമുക്കു പരിചിതം. എന്നാൽ അലങ്കാരപ്പൊയ്കകളിലെ ആമ്പലുകൾ കൊതിപ്പിക്കുന്ന വർണഭംഗിയോടെ പകലത്രയും വിടര്‍ന്നുനിൽക്കുന്നത്  ഇന്നു നാം കാണുന്നില്ലേ? നാടൻ ആമ്പലുകളല്ല ഇത്; ആള്‍ വിദേശിയാണ്. തായ്‌ലൻഡ് ഉൾപ്പെടെയുള്ള  ഏഷ്യൻ രാജ്യങ്ങളിൽനിന്നാണു വരവ്.  നമ്മുടെ കാലാവസ്ഥയിൽ നന്നായി വളർന്ന് നിത്യവുമെന്നോണം പൂവിടുന്ന ട്രോപ്പിക്കൽ ഇനങ്ങൾ. ഈ സങ്കരയിനം ആമ്പലുകളിൽ ചുവപ്പ്, മഞ്ഞ, വയലറ്റ്, പിങ്ക് തുടങ്ങി ഒട്ടേറെ നിറ വൈവിധ്യങ്ങളുണ്ട്. ചെറിയ മിനിയേച്ചർ പൂക്കൾ മുതൽ താമരപ്പൂക്കളോളം വലുപ്പമുള്ളവയുമുണ്ട്. സ്റ്റാർ ലൈറ്റ് ഫ്ലെയിം. മറോഡ ബേ, സെന്റ് ലൂയിസ്  തുടങ്ങി ഒട്ടേറെയിനങ്ങള്‍. ചിലതിനു സുഗന്ധവുമുണ്ടാവും. അലങ്കാരപ്പൊയ്കകളിലേക്ക് ഇന്നു മിക്കവരും തിരഞ്ഞെടുക്കുന്നതും ഈ സങ്കരയിനങ്ങൾതന്നെ. പൂക്കൾ കുറയുമെങ്കിലും മനോഹാരിതയിൽ മറ്റുള്ളവയെ വെല്ലുന്ന ഹാർഡി ഇനത്തിനും ആരാധകരുണ്ട്.

കൊല്ലം പുനലൂർ കരവാളൂർ പ്ലാമൂട്ടിൽ വത്സമ്മ സജി എന്ന വീട്ടമ്മ വാത്സല്യത്തോടെ പരിപാലിക്കുന്ന ചെടി യിനങ്ങളിൽ താരമൂല്യമുള്ളവയാണ് ആമ്പലും ഹോയയും. ദീർഘകാലം ഡൽഹിയിലും വിദേശത്തുമായിരു ന്നു വത്സമ്മയും കുടുംബവും. ജോലിയും പ്രവാസജീവിതവുമൊക്കെ വിട്ട് നാട്ടിൽ സ്ഥിരതാമസമായപ്പോൾ വത്സമ്മ പൂച്ചെടികളിലേക്കു തിരിഞ്ഞു. ഉത്തരേന്ത്യയിലെ ഉദ്യാനപ്രേമികളായ സുഹൃത്തുക്കൾക്കിടയിൽ സമീപകാലത്തു ഹരമായി മാറിയ ആമ്പലും ഹോയയുംതന്നെ തന്റെയും പ്രിയ ഇനങ്ങളെന്നു വത്സമ്മ. ഇനങ്ങളും നിറങ്ങളും വർധിച്ചതോടെ ഫെയ്സ്ബുക്കിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ തുടങ്ങി. വിവിധ സം സ്ഥാനങ്ങളിൽനിന്നായി ഇപ്പോൾ കൈ നിറയെ ഓർഡറുകൾ. കണ്ടാൽ കണ്ണെടുക്കാൻ തോന്നാത്തത്ര വർ ണവൈവിധ്യങ്ങളിലുള്ള ഹോയ, ആമ്പൽ ഇനങ്ങൾ നാട്ടിൽനിന്നും വിദേശത്തുനിന്നുമായി ശേഖരിക്കുന്നതു പക്ഷേ വിൽപന മാത്രം മുന്നിൽക്കണ്ടല്ല, അതിയായ ഇഷ്ടംകൊണ്ടുകൂടിയെന്നു വത്സമ്മ. ആമ്പൽ മാത്രമല്ല, വിവിധയിനം താമരകളും മെക്സിക്കൻ സ്വോർഡ്, ജപ്പോണിക്ക തുടങ്ങിയവയുമെല്ലാം ഈ വീട്ടമ്മയുടെ ജലസസ്യ ശേഖരത്തിലുണ്ട്.

ഫോൺ: 9847943459

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FLORICULTURE
SHOW MORE
FROM ONMANORAMA