കർഷകശ്രീയിലൂടെ മനസിൽ പൂക്കൾ വിരിഞ്ഞ യുവാവ്, കൈവശമുള്ളത് ഒട്ടേറെ ഇനങ്ങൾ

HIGHLIGHTS
  • പ്രളയത്തിൽ കനത്ത നഷ്ടം, ചെടികൾ നശിച്ചു
  • ആഴ്ചയിൽ ഒരിക്കൽ വളം ചെയ്യുന്നു
suhail-2
സുഹൈൽ തന്റെ ചെടികൾക്കൊപ്പം
SHARE

2009ൽ മലയാള മനോരമ കർഷകശ്രീ മാസികയിലെ പുതുപൂക്കൾ എന്ന പംക്തിയിലാണ് തന്റെ തന്നെ ജില്ലയിലെ ഉദ്യാന പരിപാലകരായ സാബിറ മൂസ - മുഹമ്മദ് മൂസ ദമ്പതികളുടെ വിജയഗാഥ വായിച്ച് 14 വയസുകാരൻ സുഹൈൽ എന്ന വിദ്യാർഥി ഓർക്കിഡുകളുടെ വർണപ്രപഞ്ചത്തിലേക്കു കടന്നുവരുന്നത്. എന്നാൽ, വർഷങ്ങൾക്കിപ്പുറം 1300ൽപ്പരം ഓർക്കിഡുകൾ യാതൊരു ഭാവവ്യത്യാസവും കൂടാതെ കരുവന്നൂർ പുഴയുടെ തീരത്തെ ഈ എംടെക് വിദ്യാർഥിയുടെ മണ്ണിൽ പൂവിട്ടു പരില്ലസിക്കുന്നു. 

സ്കൂൾ കാലഘട്ടം മുതൽ തന്നെ പൂക്കളോടും ചെടികളോടും സുഹൈലിന് പ്രത്യേക താൽപര്യമായിരുന്നു. ആദ്യ കാലത്തു ചെത്തി, റോസ്, പത്തുമണി തുടങ്ങി അന്ന് സുലഭമായി ലഭിച്ചിരുന്ന ചെടികളാണ് വളർത്തിയിരുന്നത്. ഓരോന്നിന്റെയും വ്യത്യസ്ത ഇനങ്ങൾ ശേഖരത്തിലുണ്ടായിരുന്നു. എന്നാൽ, ഒൻപതിൽ പഠിക്കുമ്പോൾ അവിചാരിതമായി വായിക്കാനിടയായ കർഷകശ്രീ മാസിക ആകർഷകത്തേക്കാൾ ഒരത്ഭുതമായി മനസിൽ പതിഞ്ഞു. തുടർന്നാണ് പെരിഞ്ഞനത്തുള്ള മൂസ-സാബിറ ദമ്പതികളെ നേരിൽ കണ്ട് ഓർക്കിഡ് വളർത്തലിനെക്കുറിച്ച് കൂടുതൽ മനസിലാക്കുന്നത്. 

പിന്നെ ഊണിലും ഉറക്കത്തിലുമെല്ലാം ഓർക്കിഡ് എന്ന ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. പുതിയ ഇനങ്ങളും മറ്റും പലയിടങ്ങളിൽ നിന്നായി സംഘടിപ്പിച്ചു. വിദ്യാർഥി എന്ന പരിഗണനയിൽ മൂസ-സാബിറ എന്നിവരുടെ പേൾ ഓർക്കിഡിൽനിന്നും സഹായ നിരക്കിലാണ് ചെടികൾ വാങ്ങിയിരുന്നത്. ആദ്യമാദ്യം വളരെ സുലഭവും കുറഞ്ഞ മുതൽമുടക്ക് ആവശ്യവുമുള്ള ഡെൻഡ്രോബിയം ഇനങ്ങളാണ് കൂടുതൽ വളർത്തിയിരുന്നത്. എന്നാൽ, പിന്നീട് അതുവരെ ആർജിച്ചെടുത്ത വിശ്വാസം കൈമുതലാക്കി ഫലനോപ്സിസ്, കാറ്റ്ലിയ, ഒൻസിഡിയം, മൊക്കാറ, വാൻഡ, സിംബിഡിയം, സ്‌പത്തൊഗ്ലോട്ടിസ്, കലാന്തേ, റിങ്കോസ്റ്റൈലിസ്, എപിഡെൻഡ്രം തുടങ്ങി ഒട്ടേറെ ഓർക്കിഡ് ഇനങ്ങൾ വളർത്താൻ തുടങ്ങി.

പ്ലസ് ടു ബയോളജി സയൻസ് എടുത്തതും ബോട്ടണി അധ്യാപിക ഡോ. ബിന്ദുവിന്റെ മാർഗ നിർദ്ദേശങ്ങളും വളരെ സഹായകമായിരുന്നു. പൂക്കൾക്ക് ആവശ്യമായതോടെ ഡെൻഡ്രോബിയം സോണിയ ഇനങ്ങളും പരമ്പരാഗത എമ്മ വൈറ്റ് ഇനവും കൂടുതൽ വളർത്തി. ഈ സമയം തന്നെ ആദ്യകാല ആന്തൂറിയം ചെടികൾ അവഗണിച്ചു പകരം ചെറിയ പൂക്കളും ഇലകളുമുള്ള ഇസ്രായേൽ ഇനങ്ങൾ വളർത്താൻ തുടങ്ങി. എന്നാൽ പൂക്കളേക്കാൾ ചെടികൾക്ക് ആവശ്യക്കാർ കൂടിയപ്പോൾ ചെറിയ തോതിൽ വിൽപനയും ആരംഭിച്ചു. 

suhail
സുഹൈലിന്റെ ഓർക്കിഡ് ശേഖരം

ഇതിനിടെ എൻജിനിയറിങ്ങിനു പഠിക്കാൻ ചേർന്നു. വീട്ടുകാരുടെ കാര്യമായ സഹകരണം ഇല്ലാത്തതിനാൽ വിൽപ്പന വൈകുന്നേരങ്ങളിലും ഞായറാഴ്ചകളിലും മാത്രമായി ചുരുക്കി. എന്നാൽ, സാമൂഹ മാധ്യമങ്ങളിൽനിന്നു കേട്ടറിഞ്ഞ് ആളുകൾ എത്തിയതോടെ ചെടികൾ കൊറിയർ അയയ്ക്കൽ ആരംഭിച്ചു. 

കാര്യങ്ങൾ വളരെ നന്നായി പോകുമ്പോഴാണ് കേരളത്തെ ഒന്നായി വിഴുങ്ങിയ ആദ്യ പ്രളയം. തികച്ചും അപ്രതീക്ഷിതം ആയിരുന്നതിനാൽ ഏറിയ പങ്ക് ചെടികളും നശിച്ചു. ശക്തമായ ഒഴുക്കിൽ കനം കുറഞ്ഞ പ്ലാസ്റ്റിക് ചട്ടികൾ കൂട്ടത്തോടെ ഒഴുകിപ്പോയി. ഓർക്കിഡുകൾ വെള്ളത്തിൽ മുങ്ങിക്കിടന്ന് അഴുകിപ്പോയി. പൂർണ വളർച്ചയെത്തി പുഷ്പിച്ച 50ൽപ്പരം ഫലനോപ്സിസ് ചെടികളാണ് അന്ന് നശിച്ചുപോയത്. എന്നാൽ, മനസു മടുത്ത ആ സമയത്തും ഫെയ്‌സ്ബുക് കൂട്ടായാമയായ ഉദ്യാനം കുടുംബവും ചേർപ്പ് കൃഷിഭവൻ തന്ന ആത്മ വിശ്വാസവും കൊണ്ടാണ് ഒരു മാസത്തിനകം വീണ്ടും പൂർവാധികം ശക്തിയോടെ തന്റെ സാമ്രാജ്യം തനിയെ കെട്ടിപ്പടുത്തത്. 

രണ്ടാം വരവിൽ കുറെ കൂടി ആവശ്യക്കാരുള്ള ബൊഗൈൻവില്ല അഥവാ കടലാസു പൂക്കൾ, എയർ പ്ലാന്റുകൾ, പുഷ്പ്പിക്കുന്ന കള്ളിച്ചെടികൾ മുതലായവയെയും കൂടെ കൂട്ടി. ഇതിനു പിന്നാലെയാണ് രണ്ടാം പ്രളയം. നാശനഷ്ടങ്ങൾ കുറവായിരുന്നുവെങ്കിലും അഡീനിയം ഇനത്തിൽപ്പെട്ട ബോൺസായ് ചെടികൾ ഒരുപാടെണ്ണം ചീഞ്ഞുപോകുകയും (മഴയിൽനിന്നും സംരക്ഷിച്ചിട്ടും) മോഷണം പോകുകയും ചെയ്തു. 

ഇന്ന്  ഓർക്കിഡിനങ്ങൾക്കു പുറമേ അനേകം കടലാസുപൂക്കൾ, ആഗ്ലോനിമകൾ, ഹോയകൾ, ബ്രോമില്ലിയർഡ് ഇനങ്ങൾ, മണി പ്ലാന്റുകൾ, പേപ്പറോമിയകൾ, കലാത്തിയകൾ, ഹാങ്ങിങ് പ്ലാന്റുകൾ, ബോൺസായ് ചെടികൾ, ബിഗോണിയ, കലേഡിയം, സിംഗോണിയം, ക്രിപ്റ്റന്ത്‌സ്, ചെമ്പരത്തികൾ, ലില്ലികൾ, ഫേണുകൾ എന്നിവ വളർത്തുന്നു.  

രാവിലെ 6 മണിക്കു മുന്നേ കുളിച്ച് പ്രാർഥന കഴിഞ്ഞാൽ സുഹൈൽ ചെടികൾക്കരികിലേക്ക്‌ ഇറങ്ങും. 2 മണിക്കൂർ വേണം മൊത്തമായി നനച്ചു തീരാൻ. നനയ്ക്കാനായി ഷവർ ആണ് ഉപയോഗിക്കുന്നത്. ദിവസത്തിൽ ഒരു തവണ നല്ലതുപോലെ നനയ്ക്കുമ്പോൾ ചെടിയുടെ എല്ലാ ഭാഗത്തേക്കും ശ്രദ്ധ കിട്ടുന്നു. നന കഴിഞ്ഞു നേരെ കോളേജിൽ പോകുന്നാണ് രീതി. തിരികെ വരുമ്പോഴും നേരെ ചെടികൾക്കിടയിലേക്ക്. കേടുപാടുകൾ തീർത്തും മറ്റും നടന്ന് വൈകീട്ടോടെ ട്യൂഷൻ കുട്ടികൾ എത്തും. പ്രളയത്തിനു ശേഷം ചെടികൾ വിൽക്കാറില്ല. സ്വകാര്യ ശേഖരം വിപുലീകരിക്കുകയാണ്‌. ട്യൂഷൻ എടുത്ത് കിട്ടുന്ന പൈസയും മറ്റു ചെറിയ വരുമാനവും കൊണ്ടാണ് എല്ലാ ചെടികളും വാങ്ങുന്നത്. 

വിപണിയിൽ പുതിയ ഒരിനം വന്നാൽ, അതിഷ്ടപെട്ടാൽ, എങ്ങനെയും അതു സ്വന്തമാക്കിയിരിക്കും. ആഴ്ചയിൽ ഒരിക്കൽ വളം ചെയ്യുന്നുണ്ട്. പൂർണമായും ജൈവവളം ആണ് കൊടുക്കുക. നൈട്രജനു വേണ്ടി ഗോമൂത്രവും കൊന്നയില പുളിപ്പിച്ച മിശ്രിതവും ഫോസ്ഫറസിനുവേണ്ടി വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും, പൊട്ടാസ്യമായി ചാരവും ആണ് ഉപയോഗിക്കുന്നത്. കേട്ടറിയുന്ന ഓരോ അറിവുകളും പ്രയോഗിച്ചു നോക്കി സ്വീകാര്യമായവ എടുത്തും അല്ലാത്തവ തള്ളിക്കളഞ്ഞുമാണ് ഇവിടെ സസ്യ പരിപാലനം. ഇതിനിടെ ഫെയ്സ്ബുക്ക് ഗ്രൂപ്പിനായി സസ്യ പരിചരണ പോസ്റ്റുകൾ തയാറാക്കി അവരുടെ സംശയം ദൂരീകരിച്ചു നൽകുകയും ചെയ്യുന്നുണ്ട്.

ഈ വർഷത്തെ പ്രളയം മുൻപിൽക്കണ്ട് ചെടികളെ തട്ടുകളിൽ ഉയർത്തി വയ്ക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. പ്ലസ്ടു വിദ്യാർഥികൾക്ക് ടിഷ്യു കൾച്ചർ, പ്ലാന്റ് ഹൈബ്രിഡൈസേഷൻ എന്നീ വിഷയങ്ങളിൽ ക്ലാസും എടുക്കാറുണ്ട്.

ഫോൺ: 8943525197

English summary: Plant Collection

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FLORICULTURE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA